Saturday, 29 April 2017

എന്റെ ചാച്ചൻ (കവിത )



പൊതികെട്ടുമായി
വരുന്നൊരെൻചാച്ചനെ
നോക്കിയുറങ്ങിയ
നിറമുള്ള രാത്രികൾ

കുലുക്കി വിളിച്ചെന്റെ
കണ്ണും മനസും
നിറച്ചുകൊണ്ടെൻ ചാച്ചൻ
വാരിപ്പുണരുന്നതിപ്പോഴുമോർക്കുന്നു

ചാച്ചനൊരു  മണമുണ്ട്
അത്തറിൽ മുക്കിയ
വാസനപ്പൊടിയുടെ
മനം മയക്കും മണം

ചാച്ചനൊരു ബാഗുണ്ട്
ചില്ലറകൾ കുലുങ്ങുന്ന
കുറിപ്പടികളാൽ നിറയുന്ന
ഞങ്ങളുടെ ആദ്യത്തെ ബാങ്ക്

മുന്നേ നടന്നില്ല ചാച്ചൻ
പിൻപേ ഗമിച്ചില്ല ചാച്ചൻ
നടക്കാതിരുന്നില്ല ചാച്ചൻ
കൂടെ നടന്നെന്റെ
കൈയ്യും പിടിച്ചെന്റെ ചാച്ചൻ


ഒരു പാടു കുറവുള്ള
ഏറ്റവും വലുതായ ചാച്ചൻ
ചാച്ചനൊരു ഗുരുവാണ്
ചാച്ചനൊരു സുഹൃത്താണ്

ഇപ്പോൾ ഞാനറിയുന്നു
ഞാനാണ് ചാച്ചൻ
ചാച്ചൻ എന്തായിരുന്നവോ
അതൊക്കെ ഞാനുമാണ് .

No comments: