ഇമ്മാനുവൽ ആ രാത്രി ഉറങ്ങിയില്ല ,നാളെയാണ് ആ ദിവസം അപ്പുറത്തെ വീട്ടിൽ പുതിയ വാടകക്കാർ വരുന്നു പട്ടാളക്കാരനും കുടുംബവുമാണത്രെ താമസിക്കാൻ വരുന്നത് .ഇമ്മാനുവൽ ഇതുവരെ ഒരു പട്ടാളക്കാരനെ നേരിട്ടു കണ്ടിട്ടില്ല എന്നാൽ ഒരുപാടു കേട്ടിട്ടുണ്ട് .ഇമ്മാനുവൽ ചോറുണ്ണാതിരുന്നാൽ ,കുസൃതികാട്ടിയാൽ ,അനുസരണയില്ലാത്ത പെരുമാറിയാൽ ഒക്കെ ആശമ്മ ആ പട്ടാളക്കാരനെപ്പറ്റി പറയും കപ്പടാ മീശയും വെച്ചു വരുന്ന ആജാനുബാഹുവായ തോക്കു ധാരി .അയാൾ വരുന്നത് കുരുത്തം കെട്ട കുട്ടികളെ പിടിക്കനാണ്.പിടിച്ചു കൊണ്ടു പോയി അതിർത്തിയയിൽ എവിടെയോ ഉള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ ഇരുട്ടുമുറിയിൽ അടച്ചിടും എന്നിട്ടു കൈയ്യിലുള്ള തോക്കു കൊണ്ടു തലങ്ങും വിലങ്ങും വെടി വെക്കും . ആശമ്മയ്ക്കു തുണയായി ഇമ്മാനുവൽ മാത്രം ഉള്ളതു കൊണ്ടാണിതുവരെ പട്ടാളക്കാരൻ വാതിൽക്കൽ വരെ വന്നിട്ടും അകത്തു കയറാതെ തിരികെ പോയത് .ഇനി ഒരു പക്ഷെ ഇത്ര അടുത്തു വന്നു താമസിക്കുമ്പോൾ തന്നെ പിടിച്ചു കൊണ്ടു പോകാനും എളുപ്പമാകും .
ആശമ്മ ഉറക്കമാണ് ഇറങ്ങി എങ്ങോട്ടെങ്കിലും പോയാലോ ! അല്ലെങ്കിൽ വേണ്ട താൻ പോയാൽ ആശമ്മ തനിച്ചാകും പപ്പാ ഗൾഫിൽ നിന്നും വരുന്നതു അടുത്ത മെയ്യിലാണ് അതുവരെ ആശമ്മ എങ്ങനെ തനിച്ചു ജീവിക്കും .തന്നെ കാണാതായാൽ അശമ്മ കരഞ്ഞു നിലവിളിക്കും എന്നെ അത്ര കണ്ടു ജീവനാണ് ആശമ്മയ്ക്ക് .പട്ടാളക്കാരൻ വരട്ടെ ഇനി കുസൃതിയും കുന്നായ്മയുമൊന്നും കാട്ടാതിരുന്നാൽ പോരെ അയാൾ അയാളുടെ പാട്ടിനു പൊയ്ക്കോളും .ഇമ്മാനുവൽ ഈ രാത്രി മുതൽ ആശമ്മ ആഗ്രഹിക്കുന്നതു പോലെ നല്ല കുട്ടിയാകുകയാണ് .
വീട്ടു സമാനങ്ങൾ ഇറക്കാൻ വന്ന ലോറിയാണ് ആദ്യം വന്നത് .ഇമ്മാനുവൽ ടെറസ്സിൽ നിന്നും താഴേയ്ക്കു നോക്കിയിരുന്നു .അതിലെവിടെയെങ്കിലും പട്ടാളക്കാരന്റെ തോക്കുണ്ടാവുമെന്നവനറിയാം . കസേര ,കട്ടിൽ ,തീൻ മേശ എന്ന് വേണ്ട ഒരു വീട്ടിലേയ്ക്കു വേണ്ട എല്ലാ സാധനങ്ങളും ഇറക്കി കഴിഞ്ഞിട്ടും ഇമ്മാനുവൽ കാത്തിരുന്ന സാധനം മാത്രം കണ്ടില്ല . ഇമ്മാനുവലിനുമുണ്ടായിരുന്നു ഒരു തോക്ക്. കഴിഞ്ഞ തവണ പപ്പാ ലീവിനു വന്നപ്പോൾ കൊണ്ടു വന്ന എ കെ 47 ന്റെ ഈച്ചക്കോപ്പി .അന്ന് പപ്പാ പറഞ്ഞതോർക്കുന്നു സോവിയറ്റ് യൂണിയനു വേണ്ടി മിഖായേൽ കലാഷ്‌നിക്കോവ് എന്നയാൾ ഉണ്ടാക്കിയതാണത്രേ ഈ തോക്ക് . ഇന്ന് ലോകമെമ്പാടും ഏറ്റവും കൂടുതൽ വിറ്റഴിയുന്നതും ഏറ്റവും കൂടുതൽ സൈന്യ സൈന്യേതര ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നതും ഈ മോഡൽ തോക്കാണത്രെ . അശാമ്മയുടെ വിളികേട്ടാണ് ഇമ്മാനുവൽ താഴേയ്ക്ക് വന്നത് .ശകാരത്തിന്റെ അകമ്പടിയോടെയാണ് ആശാമ്മ അവനെ വരവേറ്റത് .നാലാം ക്ളാസിലേക്ക് കയറിയതു മുതൽ ആശമ്മയ്ക്ക് കൂടുതൽ നിഷ്ഠകളാണ് എപ്പോഴും പഠിക്കണം പഠിക്കണം എന്നൊരു പിന്നാലെ കൂടിയുള്ള പറച്ചിൽ മാത്രം.
കഷ്ട്ടം !!! കുടുംബത്തിൽ വരായ്കയൊന്നുമില്ലാത്ത പെങ്കൊച്ചായിരിക്കണം . ജാനുവേടത്തി ആശമ്മയോടതു പറയുമ്പോൾ ഇമ്മാനുവൽ കാതു കൂർപ്പിച്ചിരുന്നു.
അല്ലെങ്കിൽ ഈ കിളവനാരാ കിളിപോലിരിക്കുന്ന ഈ പൊങ്കൊച്ചിനെ പിടിച്ചു കൊടുക്കുന്നെ !
പട്ടാളക്കാരൻ കിളവനാകുമോ? ആശമ്മ പറഞ്ഞ കഥകളിലെ പട്ടാളക്കാരൻ ആരോഗ്യ ദൃഢഗാത്രനും പത്തു പേരെ ഒരുമിച്ചു കീഴ്പെടുത്തുന്നവനുമായ സൂപ്പർമാനാണ് . അങ്ങനെ ഉള്ളവരെയെ പട്ടാളത്തിൽ എടുക്കു അല്ലെങ്കിലും പാകിസ്ഥാൻ പട്ടാളം യുദ്ധത്തിനു വരുമ്പോൾ പേടിച്ചു തൂറി ഓടുന്ന കിളവന്മാരെ ആരാണ് പട്ടാളത്തിൽ എടുക്കുക . കഴിഞ്ഞ തവണ ലീവിനു വന്നപ്പോഴും പാപ്പയോടു പറഞ്ഞതാ ഞാൻ പപ്പയെപ്പോലെ ഗൾഫിലേയ്ക്കൊന്നും പോവില്ല .വലുതായാൽ പട്ടാളക്കാരനാവുമെന്ന് , രാജ്യം കാക്കുന്ന ധീരനായ പട്ടാളക്കാരൻ .
ഇമ്മാനുവൽ ടെറസ്സിൽ കയറി അയലത്തെ വീടിനെ വലം വെച്ചു നോക്കി പുതിയ താമസക്കാർ വന്നിട്ടു ആഴ്‌ച ഒന്നു കഴിയുന്നു . ഇന്നുവരെ ഒരാളുടെ മുഖവും കണ്ടിട്ടില്ല കാത്തു കാത്തിരുന്ന പട്ടാളക്കാരനെ ഒരു നോക്കു കാണാൻ ഇമ്മാനുവൽ ഒരുപാടു കൊതിച്ചു .ജാനുവേച്ചി പട്ടാളക്കാരന്റെ വീട്ടിലും ജോലിക്കു പോയി തുടങ്ങിയതു മുതൽ അവിടുത്തെ വാർത്തകൾ കൃത്യമായി വീട്ടിലുമെത്തി തുടങ്ങി . പട്ടാളക്കാരന്റെ രണ്ടാം വിവാഹമാണത്രെ ഇപ്പോഴത്തേത് .ആദ്യത്തെ ഭാര്യ മരിച്ചു കുട്ടികൾ നോക്കാതെ ആയപ്പോൾ എങ്ങു നിന്നോ പോയി ധർമ്മ കല്യാണം കഴിച്ചു കൂടെ കൂട്ടിയതാണത്രേ ഇപ്പോഴത്തെ ഭാര്യയെ .
അങ്ങോരുടെ മോളാകാൻ പോലും പ്രായമില്ല കണ്ടിട്ടു കഷ്ട്ടം വരുന്നു ആശേ !
ജാനേച്ചീ പൊടിപ്പും തൊങ്ങലും വെച്ചു പറഞ്ഞപ്പോൾ ആശമ്മയ്ക്കും ഇമ്മാനുവേലിനും ആ പെൺകൊച്ചിനോടു എന്തെന്നില്ലാത്ത സഹതാപം തോന്നി .
ചേച്ചിയേ അഴ കെട്ടാൻ കുറച്ചു കയറു കിട്ടുമോ ?
മതിലിനിപ്പുറത്തു നിന്നും അന്നാദ്യമായി ഇമ്മാനുവൽ ആ സ്ത്രീയെ കണ്ടു . മണ്ണഞ്ചേരിയിലുള്ള അപ്പാപ്പന്റെ മകൾ ജെൻസിയെപ്പോലെയുണ്ട് അല്ല അതിലും സുന്ദരിയാണ് . ആദ്യമായി സഹായം ചോദിച്ചു വന്ന അയൽക്കാരിയെ ആശമ്മ വട്ടം പിടികൂടി .അല്ലെങ്കിലും ആശാമ്മ അങ്ങനെയാണ് ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടൂല്ല മാത്രമല്ല ജാനുവേച്ചി പറഞ്ഞു ഒരുപാടു സഹതാപം അയലത്തെ ചേച്ചിയോടുണ്ടും താനും .ആശമ്മ അവരുടെ മുടിയിഴകളിൽ തഴുകി, എന്റെ പൊന്നുമോളെ എന്നു ചേർത്തു പിടിച്ചു സഹതപിച്ചു . ആശമ്മയുമായി സംസാരിച്ചു നിൽക്കെ അങ്ങേ വീടിനകത്തു നിന്നും ഗാംഭീര്യമുള്ള ആ സ്വരം ഉയർന്നു പൊന്തി .
എടിയേ ,എടിയേ നീയിതെവിടെ അവരാതിക്കുവാൻ പോയിരിക്കുവാ ....
പിന്നെ പറഞ്ഞതൊരു മുട്ടൻ ചീത്തയായിരുന്നു . ഇമ്മാനുവൽ മുൻപൊരിക്കലും അങ്ങനെയൊരു ചീത്ത കേട്ടിട്ടുപോലുമില്ല . വിളി കേട്ടതും വെകളി പിടിച്ചതു പോലാ ചേച്ചി ഓടി വീടിനകത്തേയ്ക്കു കയറി .
ദുഷ്ടനാ ആശേ , പരമ ദുഷ്ടൻ ,വയസാം കാലത്തു പെണ്ണു കെട്ടിയിട്ടു ആ പെണ്ണിനെ തൂറാനും മുള്ളാനും വിടില്ല .എവിടെ തിരിഞ്ഞാലും സംശയം തന്നെ സംശയം .വേറൊരു ഗതിയില്ലാത്തതു കൊണ്ടാ പാവം ആ വീട്ടിൽ കഴിയുന്നത് .ഇതിപ്പോൾ പതിനാറാമത്തെ വീട്ടിലേക്കാണത്രെ അയാൾ ഈ കൊച്ചുമായി മാറി താമസിക്കുന്നത് എങ്ങോട്ടു തിരിഞ്ഞു നോക്കിയാലും സംശയം മാത്രം . എനിക്കും വളർന്നു വരുന്നു രണ്ടെണ്ണം ഞാനതുങ്ങളോടു ഒന്നേ പറയുന്നുള്ളു വല്ല വീട്ടുജോലി എടുക്കാൻ പഠിച്ചാലും എവത്തുങ്ങളുടെ കൂടെയൊന്നും ജീവിക്കരുത് .
ജാനേച്ചി രോഷം കൊണ്ടു തിളയ്ക്കുകയായിരുന്നു .ആശമ്മ മൂക്കത്തു വിരൽവെച്ചിരിക്കുന്നതു കണ്ടു ഈ സംശയം അത്ര വലിയ കാര്യമാണോയെന്നു ഇമ്മാനുവൽ ശങ്കിച്ചു നിന്നു .
രാത്രികളിൽ അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ കരച്ചിൽ കേൾക്കുന്നതൊരു പതിവായിരിക്കുന്നു .പട്ടാളക്കാരൻ മാതൃക പുരുഷനാണ് എന്ന ഇമ്മാനുവലിന്റെ സങ്കൽപ്പത്തിനു കുറേശ്ശേയായി കോട്ടം തട്ടിയിരിക്കുന്നു . ഇന്നുവരെ അപ്പുറത്തു വീട്ടിൽ താമസിക്കുന്ന പട്ടാളക്കാരനെ ഇമ്മാനുവേലിനു കാണാൻ കഴിഞ്ഞിട്ടില്ല അയാൾ പുറത്തിറങ്ങുന്നതെപ്പോഴാണെന്നു നോക്കി പലവട്ടം ഇരുന്നിട്ടുണ്ടെങ്കിലും അപ്പോഴൊന്നും അയാളെ കണ്ടിട്ടില്ല .പതിവില്ലാതെ അന്നയാൾ പുറത്തേയ്ക്കു പോയി ,പുറത്തേയ്ക്കിറങ്ങി കഴിഞ്ഞാണ് ഇമ്മാനുവൽ അയാളെ കാണുന്നത് മുഖം കാണാൻ കഴിയുന്നില്ല എങ്കിലും മനസ്സിൽ ഉണ്ടായിരുന്ന പട്ടാള ക്കാരന്റെ രൂപമേയല്ല .പൊക്കം കുറഞ്ഞു കുറുകിയ ഒരു മനുഷ്യൻ .ആശമ്മ പറഞ്ഞ കഥകളിലെ നായകനു വേണ്ട ഒരു ഗുണവും ഇല്ലാത്തയാൾ .അയാൾ കണ്ണിൽ നിന്നും മറയുന്നതു വരെ ഇമ്മാനുവൽ പുറത്തേയ്ക്കു നോക്കിയിരുന്നു .
പിറ്റേന്നു രാവിലെ സാധാരണമല്ലാത്ത ഒരു പട്ടി കുര കേട്ടാണ് ഇമ്മാനുവൽ ഉണർന്നത് . നാട്ടിലുള്ള ചാവാലിപ്പട്ടികൾ കുരയ്ക്കുന്നതിന്റെ നാലിരട്ടി ശബ്ദമുണ്ട് ഈ കുര ശബ്ദത്തിന് . പേടിച്ചെഴുന്നേറ്റു പുറത്തേയ്ക്കു നോക്കി അപ്പുറത്തെ വീട്ടിൽ വലിയ ആൾക്കൂട്ടം .പോലീസുകാരും പട്ടിയും ഒക്കെ ഇമ്മാനുവേൽ പേടിച്ചു അകത്തേയ്ക്കു കയറി .
എന്നാലും ആ പാവം കൊച്ചിനെ , പട്ടാളത്തോക്കുകൊണ്ടു തലയ്ക്കടിച്ചാണത്രെ കൊലപ്പെടുത്തിയത് എന്നെ ചോദ്യം ചെയ്യുമ്പോൾ ഞാൻ എല്ലാം പറയും ആ ദുഷ്ടൻ ഇനി ജീവിതകാലം പുറത്തിറങ്ങരുത് .
ജാനുവേച്ചി അര പ്രൈസിന്റെ കോന്തലയിൽ ഒറ്റ ചന്തിയമിർത്തി അപ്പുറത്തു നടക്കുന്ന സംഭവങ്ങൾ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു .
ഇമ്മാനുവൽ പുറത്തേക്കിറങ്ങിയപ്പോൾ ആശമ്മ വിലക്കി അങ്ങോട്ടു പോകണ്ട . കുട്ടികൾ കാണാനുള്ള കാഴ്ചയല്ലത് .ആശമ്മയുടെ മൊബൈലിൽ പപ്പാ ഗൾഫിൽ നിന്നും സ്കൈപ്പിൽ വിളിച്ചു .ആശമ്മ ഫോണുമായി അകത്തേയ്ക്കു കയറിപ്പോയി. ഇമ്മാനുവൽ സിറ്റ് ഔട്ടിൽ തന്നെ നിന്നു. പോലീസ് കൊലയ്ക്കുപയോഗിച്ച തോക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോൾ ഇമ്മാനുവൽ അര പ്രൈസിനു മുകളിൽ കയറി പെരുവിരലിലൂന്നി എത്തി നോക്കി .അന്നാദ്യമായാണ് അവനൊരു എ കെ 47 നേരിൽ കാണുന്നത് .
എന്തിനാ ജാനുവേച്ചി പട്ടാളക്കാരൻ ചേച്ചിയെ തച്ചു കൊന്നത് ?
ഇമ്മാനുവലിന്റെ അങ്കുശമില്ലാത്ത ചോദ്യത്തിനെന്തു മറുപടി പറയുമെന്നറിയാതെ കുഴങ്ങിയ ജാനുവേടത്തി ഒന്നു പരുങ്ങി നിന്ന ശേഷം പറഞ്ഞു .
സംശയം , പെരുത്ത സംശയം അത്ര തന്നെ !
ഒരാൾക്കൊരാളെ സംശയം തോന്നിയാൽ ഉടൻ കൊല്ലുമോ ?
ആശമ്മയുടെ ചൂടുപറ്റിയിരുന്ന ഇമ്മാനുവൽ പുറത്തേയ്ക്കു പോയപ്പോൾ ആശമ്മ ആ ചോദ്യം ഇമ്മാനുവലിന്റെ പാപ്പയോടു ചോദിച്ചു .
ഞാനിവിടെ തനിച്ചു കഴിഞ്ഞിട്ടും തനിക്കെന്നെ സംശയം ഒന്നുമില്ലെടോ ??
ആ ചോദ്യം കേട്ട ഇമ്മാനുവലിന്റെ പപ്പാ പൊട്ടി പൊട്ടി ചിരിച്ചു .കല്യാണം കഴിഞ്ഞിട്ടിതുവരെ ആശമ്മയും ഇമ്മാനുവലും കാണാത്തത്ര മനോഹരമായ ചിരി .
No comments:
Post a Comment