Sunday 9 April 2017

ഞാൻ അറാറത്ത് നാഹൂം...


അറാറത്ത് നാഹൂം അങ്ങനെയൊരു പേരു ഞാൻ ജീവിതത്തിലാദ്യമായാണ് കേൾക്കുന്നത് . പ്രളയത്തിനു ശേഷം ദൈവം നോഹയുടെ പേടകം നങ്കൂരമിട്ടു ഉറപ്പിച്ച പർവ്വതത്തിന്റെ പേരാണത് . അങ്ങനെ ഒരു പേരിൽ ഒരു മനുഷ്യൻ ഉണ്ടാവുമോ ?
ഉവ്വല്ലോ അയാളല്ലേ മുന്നിൽ നിൽക്കുന്നത് ,
എന്റെ മനോഗതം മനസിലാക്കിയിട്ടെന്നോണം പാഴ്സി കലർന്ന ഇംഗ്ളീഷിൽ അയാളെന്നോടു സംസാരിച്ചു .
കഴിഞ്ഞ നാലു ദിവസം മുൻപ് കബയാൻ എന്നു പരിചയപ്പെടുത്തി ഒരു ശീമപ്പന്നി മോറാൻ ഔദാര്യം പോലെ വെച്ചു നീട്ടിയ ഏത്തപ്പഴം കഴിച്ചതിനു ശേഷം ഖര രൂപത്തിലുള്ള ഒന്നും അകത്തോട്ടു പോയിട്ടില്ല . വയർ വിളിക്കുമ്പോഴൊക്കെ ഇറാൻ സർക്കാർ പാവങ്ങളിൽ പാവങ്ങളായ ഗ്രാമവാസികൾക്കു വേണ്ടി പണിതുണ്ടാക്കിയ പൈപ്പു വെള്ളം വയറു നിറയുവോളം കുടിക്കുമായിരുന്നു . വിശക്കുമ്പോൾ ലഭ്യമാകുന്നതെന്താണോ അതാണ് ദൈവം എന്ന പാഠം ഞാൻ പഠിച്ചു തുടങ്ങുന്നത് ആ കൊച്ചു ദ്വീപിലെ മൂന്നു മാസം നീണ്ട ദുരിത വാസത്തിനിടയിലാണ് . എന്നോളമോ എന്നെക്കാളോ ദുരിത പർവ്വം താണ്ടുന്നവരും അവിടെയൊക്കെ ജീവിക്കുന്നു എന്നതായിരുന്നു എന്നെ അസ്വസ്ഥനാക്കാതിരുന്ന ഏക സത്യം .
കിഷിലെത്തി മൂന്നുദിവസത്തിനുള്ളിൽ വിസ എന്ന കമ്പനിയുടെ വാഗ്ദാനം വിശ്വസിച്ചാണ് ഇങ്ങോട്ടു വിമാനം കയറിയത് .സാധരണ എല്ലാ കമ്പനികളും ചെയ്യുന്ന ഒരു വിസ മാറൽ ചടങ്ങു പോലെ തീർത്തും സാഹസികമല്ലാത്ത ഒരു കൃത്യം എന്ന നിലയിലാണ് അങ്ങനെയൊരു തീരുമാനത്തിനു മുന്നിൽ ഞാൻ ശിരസു കുനിച്ചു കൊടുത്തതും. വിശ്വസിച്ചു കൂടെ ഇറങ്ങി വന്ന പെണ്ണിനെ അന്തസായി നോക്കാൻ ഒരു തൊഴിൽ കൂടിയേ തീരു എന്ന പിടിവാശിയാണ് ദുബായിലേയ്ക്കൊരു വിസിറ്റ് വിസ എന്ന കൈവിട്ട കളിക്കു മുതിരാൻ എന്നെ പ്രേരിപ്പിച്ചത് . തൊഴിലന്വേഷകരുടെ പറുദീസയാണവിടമെന്നും അവിടെ എത്തിയാൽ മരുഭൂമിയുടെ നടുവിലുള്ള വൃക്ഷം നല്ലതു പോലെ ഉലർത്തണമെന്നും അത് കഴിഞ്ഞു അന്തസായി നാട്ടിൽ ജീവിക്കാമെന്നും എല്ലാവരെയും പോലെ ശരിക്കും കനവു കണ്ടതുമാണ് . ആദ്യ വിസിറ്റിനു ദിവസങ്ങൾ തീരാൻ ബാക്കിയുള്ളപ്പോഴാണ് ഒരു കമ്പനി ജോലി വാഗ്ദാനം ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ വിസ അയച്ചുതരാം എന്ന വാഗ്ദാനത്തോടെ കിഷിലേയ്ക്ക് കയറ്റി വിടുന്നത് .
നാളെ ,നാളെ കേട്ടു മടുത്തിരിക്കുന്നു ഒരു നേരം ഭക്ഷിച്ചും പച്ചവെള്ളം കുടിച്ചും മരബെഞ്ചിലുറങ്ങിയും ജീവിതത്തോടുള്ള പ്രതീക്ഷ തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. പേർഷ്യൻ ഗൾഫിലെ സുഖവാസ ദ്വീപാണ് കിഷ് .ഒട്ടും സുഖമില്ലാതെ വസിക്കുന്ന തന്നെപ്പോലെയുള്ള തൊഴിലന്വേഷകരുടെ കൂടിയാണീ നാടെന്നു ജീവിതം പഠിപ്പിച്ചിരിക്കുന്നു . വിശപ്പിനിപ്പോൾ വിസയെക്കാൾ വിലയുണ്ടെന്നു തോന്നുന്നു .ഇനിയും വിശന്നാൽ എന്തെങ്കിലും അതിക്രമത്തിനോ കൊള്ളയ്ക്കോ ഞാൻ മുതിർന്നേക്കുമെന്നു തോന്നുന്നു . പിടികൂടിയാൽ ജയിൽ, അവിടെ ഒരുനേരമെങ്കിലും എന്തെങ്കിലും തിന്നാൻ തരും അതുമതി .
അറാറത്ത് നാഹൂം വശ്യ സുന്ദരമായി ചിരിക്കുകയാണ് , വയറ്റിൽ വിശപ്പിന്റെ ചൂളം വിളിച്ചോതുന്ന കൽക്കരി വണ്ടികളുടെ പെരുക്കം കേട്ടിട്ടെന്നോണം അയാൾ എന്നോടു ചേർന്നിരുന്നു അയാളുടെ തുണി സഞ്ചി തുറന്നു ഒരു അപ്പ കഷണം പുറത്തെടുത്തു എനിക്കു നേരെ നീട്ടി . ഒരു പരുന്തിന്റെ നഖങ്ങൾ പോലെ എന്റെ കൈ ആ അപ്പക്കഷണത്തെ അയാളിൽ നിന്നും റാഞ്ചിയെടുത്തു . വിശപ്പ് ഒരിക്കലും രുചി അന്വേഷിക്കാറില്ല എങ്കിലും ഈ അപ്പം പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാളുകളിൽ അപ്പച്ചൻ വീട്ടിൽ മുറിക്കുന്ന അപ്പത്തിന്റെ ഓർമ്മകളെ തലച്ചോറിലേയ്ക്കു തരംഗങ്ങളെ അയച്ചു വിളിച്ചുണർത്തുന്നു .
നിങ്ങളാരാണ് ?
ഞാൻ അറാറത്ത് നാഹൂം ! വശ്യ സുന്ദരമായ പാൽ പുഞ്ചിരി ആ ചുണ്ടിലൂടെ ഒഴുകി വന്നു .
ഇരുന്നിരുന്ന കൽത്തൂണിൽ നിന്നും അയാൾ എഴുന്നേറ്റു തിരിഞ്ഞു നടന്നു . "ഒരപ്പം" ഒരായുസ്സിന്റെ വിശപ്പിനെ കൊടുത്താൻ പര്യാപ്തമാണതെന്നു എനിക്കു തോന്നി . ഒരു നിമിഷം അയാൾ തിരിഞ്ഞു നിന്നു കീറിയ തുണിസഞ്ചിയിൽ നിന്നൊരു കടലാസു കഷണം എനിക്ക് നേരെ നീട്ടി . ഞാനതു വാങ്ങി തിരിച്ചും മറിച്ചും നോക്കി .ഒരു കഷണ്ടി തലയന്റെ ചിത്രമുള്ള നൂറു ഡോളർ നോട്ട് . നീ വിശ്വസിക്കുന്ന ദൈവത്തിന്റെ നാമത്തിൽ എന്ന പിൻ വായന പൂർത്തിയാക്കിയതും അയാൾ മുന്നോട്ടു പോയിരുന്നു . വാഗ്ദത്ത ഭൂമിയിലെത്തും മുൻപ് മണ്മറഞ്ഞു പോകേണ്ടി വന്ന മോശയുടെ പിൻ തലമുറക്കാരനാണ് ഞാൻ .ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള വിമാനത്തിന്റെ ജാലക വാതിലിനരികിൽ നിന്നും ഞാൻ താഴേയ്ക്കു നോക്കി .എല്ലാ പ്രളയങ്ങൾക്കും ഒരവസാനമുണ്ട് ഏതെങ്കിലും ഒരു അറാറത്ത് പർവ്വത മുകളിൽ നാം നങ്കൂരമിടപ്പെടും .
അറാറത്ത് നാഹൂം എന്ന പാഴ്സി നീയാരായിരുന്നു ?? അയയ്ക്കപ്പെട്ടവനോ അതോ നീ തന്നെയോ ???

No comments: