Monday, 8 May 2017

കുത്തുന്ന മുള്ളുകളുള്ള റോസാ പുഷ്പങ്ങൾ (ചെറുകഥ)



ഗോവിന്ദൻ എഴുന്നേറ്റിരുന്നു ചുറ്റും നോക്കി , മുകളിലും താഴെയുമായി മൂന്നുപേർ കൂർക്കം വലിച്ചുറങ്ങുന്നു
വാതിൽ തുറന്നു അകത്തു കയറാതെ അവർ അകത്തേയ്ക്കു കൈയ്യിട്ടു  കൊണ്ടവൾ കൈകാട്ടി വിളിച്ചു വാ ഗോവിന്ദാ വാ  . പാതിരാത്രി കഴിഞ്ഞിരിക്കുന്നു ഇനി വല്ല സ്വപ്നവുമാണോ ഗോവിന്ദൻ   വലത്തെ കൈത്തണ്ടയ്ക്കു മുകളിലായി നുള്ളി നോക്കി. ഇല്ല കണ്ണുകളെ അവിശ്വസിക്കാൻ കഴിയുന്നില്ല . പെണ്ണിന്റെ മണമോ സ്പർശമോ ഏറ്റിട്ടു  കൊല്ലം രണ്ടായിരിക്കുന്നു ഗോവിന്ദൻ ഒന്നു  കൂടി സൂക്ഷിച്ചു നോക്കി, നിറ  കുംഭം പോലെ വിടർന്നു നിൽക്കുന്ന മാറിടങ്ങൾ . ഫിലിപൈനീ അല്ല റഷ്യൻ അവർക്കാണ് വെള്ള മുടിയുള്ളത് അവരാണിവിടെ കൂടുതൽ കച്ചവടത്തിനായി വരുന്നവരും  തിരക്കുള്ള നഗരത്തിനു ഒരാത്തൊരു കുടുസ്സുമുറിയിൽ താമസിക്കുന്നതിന്റെ ഗുണവും ദോഷവുമിതാണ് .ഇത്തരം പ്രലോഭനങ്ങൾ ഒരു പാടു തരണം ചെയ്തിട്ടാണ് ഈ നഗരത്തിലെ ഒരു ദിവസം കഴിച്ചു കൂട്ടുന്നതു തന്നെ ആരാണെങ്കിലും വന്ന വഴി പൊക്കോട്ടെ . വീണ്ടു കട്ടിലിലേയ്ക്ക് മറിയുന്നതിനു മുൻപു മുകൾത്തട്ടിൽ കിടന്നു കൊണ്ടു താഴെ ഉറങ്ങുന്ന സഹമുറിയന്മാരെ നോക്കി . ഉറക്കത്തിന്റെ ഏഴാം യാമത്തിനും അപ്പുറമെവിടെയോ ആണു മൂവരും .  രാവന്തിയോളം വെയിലിൽ വാടി തളരുന്നവർക്കു അന്നന്നേപ്പത്തിനായി അലയുന്നവർക്കും ഇതാണൊരു ആകെയുള്ള സമാധാനം. കട്ടിലു  കാണണ്ട താമസം ഉറക്കം ഓട്ടോറിക്ഷപിടിച്ചു വരുമെന്നാണ് സഹമുറിയൻ ഗഫൂർ തമാശയായി പറയുന്നത് .

കണ്ണുകൾ ഇറുക്കിയടച്ചു മുത്തശ്ശി ചെറുപ്പത്തിൽ പഠിപ്പിച്ച അർജുനൻ ഭാർഗവൻ പാർത്ഥൻ ... മനസ്സിൽ ചൊല്ലിക്കൊണ്ടു  പുതപ്പു തലയിലേയ്ക്കു വലിച്ചിട്ടു . മയക്കം ക്ഷണിക്കപ്പെട്ടു വന്ന അതിഥിയെപ്പോലെ കൺപോളകളെ ആലസ്യത്തിലേയ്ക്കു വഴുതി മാറ്റിയതും ആരോ മുഖത്തെ മൂടിയ പുതപ്പു വലിച്ചു താഴേയ്‌ക്കെറിഞ്ഞു . രണ്ടു തട്ടുള്ള കട്ടിലിലെ മുകൾത്തട്ടിലെ വാസം സർക്കസിലെ ട്രിപ്പീസു കളിക്കാരന്റെതിനു തുല്യമാണ് .ഒന്നിടറിയാൽ മൂക്കും കുത്തി താഴേയ്ക്കു  വീഴും അങ്ങനെ ഒന്നു  രണ്ടു തവണ വീണിട്ടുമുണ്ട് . ഗോവിന്ദൻ വീണ്ടും കണ്ണു  തുറന്നു നോക്കി ആ സ്ത്രീ  അവിടത്തന്നെ നിൽപ്പുണ്ട് . താൻ  കാണുന്നു എന്നറിഞ്ഞ നിമിഷം അവൾ വീണ്ടുമായാളെ  നോക്കി കൈ വീശി  താഴേയ്ക്കു ക്ഷണിച്ചു .

ഇതെന്തു പാടാണിത് ! രാത്രി ഒരു മണി കഴിഞ്ഞിരിക്കുന്നു എന്നിട്ടും തേടി വരുന്നവരെ സ്വീകരിക്കാതെ
 റൂമിൽ കിടന്നുറങ്ങുന്ന ആവശ്യമില്ലാത്തവരെ പ്രലോഭിപ്പിക്കുന്നു . കർശനമായ നിയമങ്ങളുള്ള ഈ നാട്ടിൽ ഇതെന്തൊരാഭാസമാണ് . ഗോവിന്ദൻ സ്റ്റീൽ കട്ടിലിന്റെ കിറു കിറെ ശബ്ദം കേൾപ്പിക്കാതെ കോണിപ്പടി പതിയെ ചവിട്ടി താഴെ ഇറങ്ങി വാതിലിനടുത്തേയ്ക്കു  നീങ്ങി . വെള്ളാരം കണ്ണുള്ള സുന്ദരി പുറത്തെ ഭിത്തിയോടു ഉടലമർത്തി ഗോവിന്ദൻ  പുറത്തു  വരുന്നതും നോക്കി നിന്നു . പുറത്തു ഹാലജൻ ബൾബുകൾ പകൽ പ്രഭവിതറി നിൽക്കുന്നു . മുട്ടറ്റമെത്തുന്ന ചുവന്ന ഗൗണണിഞ്ഞ വെള്ളാരം കണ്ണുള്ളവൾ  സുന്ദരിയും ഏതൊരാണിനെയും പ്രലോഭിപ്പിക്കാൻ പോന്ന ശരീര വടിവുമുള്ളവളാണ്. സുന്ദരി അന്ന നട ചവിട്ടി   മുന്നോട്ടു നടന്നു ഗോവിന്ദൻ ഒരു കുഞ്ഞാടിനെപ്പോലെ പിന്നാലെയും .

കരിങ്കല്ലിൽ തീർത്ത ബെഞ്ചുകളിൽ ഒന്നിൽ അവളിരുന്നു . എന്തെങ്കിലും അങ്ങോട്ടു ചോദിക്കും മുൻപവൾ ഇരിക്കാൻ ആവശ്യപ്പെട്ടു കൊണ്ടു ആംഗ്യം കാട്ടി .
ഗോവിന്ദൻ എന്നെ അറിയുമോ ? അവളുടെ ചോദ്യം കേട്ടയാൾ അമ്പരന്നു . ജോലി ചെയ്യുന്ന ഹോട്ടലിന്റെ ഡെലിവറിയുമായി ഒരു പാടു വീടുകൾ കയറി ഇറങ്ങുന്നുണ്ട് പക്ഷെ ഇങ്ങനെ ഒരു മുഖം എവിടെയും കണ്ടതായി ഓർക്കുന്നില്ല . ഓർമ്മകളിലേക്ക് ചികഞ്ഞിറങ്ങിയ അയാളെ അവൾ തന്നെ അവിടെ നിന്നും മടക്കി കൊണ്ടു  വന്നു .

നിങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്ന കനാൽക്കരയിലെ ആഡംബര വില്ലയിലെ അന്തേവാസിയായിരുന്നു ഞാൻ ! ഒരിക്കലും ഉറങ്ങാത്ത നഗരമാണിത് കാശുള്ളവന്റെ പറുദീസാ, തലങ്ങും വിലങ്ങും ചീറിപ്പായുന്ന കാറുകളിലേയ്ക്കു  നോക്കിയവൾ സംസാരിച്ചു തുടങ്ങിയപ്പോൾ ഗോവിന്ദന്റെ  ശ്വാസമിടിപ്പിന്റെ വേഗത കൂടി . ആ വില്ല അയാൾക്കൊരു സമസ്യയായിരുന്നു . മുന്തിയ ഇനം ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും അതാരാണ് കഴിക്കുന്നതെന്നോ ആർക്കു വേണ്ടിയാണ് വാങ്ങുന്നതെന്നോ ഗോവിന്ദനജ്ഞാതമായിരുന്നു. ഏതോ വലിയ വ്യക്തികൾ താമസിക്കുന്നയിടം എന്നതിൽ കവിഞ്ഞൊന്നും അയാൾ അറിയാനും ശ്രമിച്ചില്ല . കഴിഞ്ഞ ആറു മാസമായി വെള്ളാരം കണ്ണുള്ള താത്യാന എന്ന  അസർബൈജാൻകാരി ഏതോ വലിയ പെൺ മാംസ കച്ചവടക്കാരുടെ തടവിലായിരുന്നു .
സ്ത്രീയേ എനിക്കും നിനക്കും തമ്മിലെന്ത് ? ഒരു പാവപ്പെട്ട ഹോട്ടൽ തൊഴിലാളിയായ ഗോവിന്ദൻ എന്ന ഞാനും നക്ഷത്ര വേശ്യാലയങ്ങളിൽ അകപ്പെട്ടു പോയ നീയുമായി...... ഗോവിന്ദൻ ശങ്കിച്ചു നിന്നു .

അസർ ബൈജാനിലെ ആരും തുണയില്ലാത്ത വൃദ്ധ മാതാപിതാക്കൾക്കു തുണയാകുമെന്നു കരുതിയാണ് . ഹോട്ടലിലെ  പരിചാരിക എന്നു  കേട്ടതും ചാടി പുറപ്പെട്ടത് . വന്നിട്ടിന്നോളം അങ്ങനെ ഒരു തൊഴിൽ ചെയ്തിട്ടില്ല ആരുടെയൊക്കയോ അത്തറു പൂശിയ ഉടലുകൾക്കു സുഖം പകരാൻ ഇന്നേ വരെ അവർ എന്നെ ഉപയോഗിക്കുകയായിരുന്നു . ഞങ്ങൾ ബാൽക്കൺ രാജ്യത്തെ പെണ്ണുങ്ങളെല്ലാം കാശിനു വേണ്ടി മാനം വിൽക്കുന്നവരാണെന്നാണ്  എല്ലാവരുടെയും വിചാരം എന്നാൽ അങ്ങനെ അല്ലാത്തവരും ഉണ്ട് .ജീവിക്കാനാണെങ്കിൽ ക്കൂടി  ഇനിയെനിക്കാ തൊഴിൽ വയ്യ എനിക്കു രക്ഷപ്പെടണം രക്ഷപെട്ടേ മതിയാകൂ .

ഗോവിന്ദനിപ്പോഴും വെള്ളാരം കണ്ണുള്ള സുന്ദരിയുടെ ആഗമനോദ്ദേശം എന്താണെന്നു മനസ്സിലായിട്ടില്ല . നാട്ടിലേയ്ക്ക് രക്ഷപെടാനോ എംമ്പസിയിൽ എത്തിക്കാനോ എന്തിനു പത്തു ദിർഹം കൊടുത്തു സഹായിക്കാനോ നിവർത്തിയില്ലാത്ത തന്റെ മുന്നിൽ  ഇതൊക്കെ പറഞ്ഞിട്ടു ഒന്നും ലഭിക്കാൻ പോകുന്നില്ല എന്നിട്ടുമവൾ എന്തിനെന്നെത്തേടിയെത്തി എന്നതായിരുന്നു അയാളുടെ സംശയം .

നിങ്ങളുടെ നാട്ടുകാരണവിടെ കൂടുതൽ ! ഒരു ഇന്ദിരയെ നീ അറിയും , നിങ്ങൾ ഒരുമിച്ചു കളിച്ചു വളർന്നവരാണ്, അവൾ പറഞ്ഞാണ് എനിക്കു നിന്നെ അറിയാവുന്നത് , അവൾ അവിടെയുണ്ട് നിനക്കവളെ രക്ഷിക്കാൻ കഴിയും അല്ലെങ്കിൽ, അവളുടെ വാക്കുകൾ തൊണ്ടയിൽ  കുടുങ്ങി .സംസാരിച്ചിരുന്നു സമയം വളരെ വൈകിയിരിക്കുന്നു സുബഹി വിളിക്കും മുൻപ്  ഹോട്ടലിൽ കയറണം. ഇന്ദിര ആ വില്ലയിൽ ഉണ്ടെങ്കിൽ തീർച്ചയായും അവരെ രക്ഷിക്കണം ചിന്തകളുടെ ലോകത്തു നിന്നും ഇറങ്ങിയപ്പോൾ കൽബെഞ്ചിലിരുന്ന അസർബൈജാനി സുന്ദരി താത്യാന എങ്ങോട്ടോ പോയിരിക്കുന്നു.

മരോട്ടി പറമ്പിലെ തഹസിൽദാരുടെ  മകൾ ഇന്ദിര എങ്ങിനെയായിരിക്കും പെൺവാണിഭ  സംഘത്തിൽ ഉൾപെട്ടിട്ടുണ്ടാവുക  ? നല്ലോണം പഠിച്ച കുട്ടിയായിരുന്നല്ലോ അവൾ! പണ്ടൊക്കെ പഠിക്കാത്ത പെണ്ണുങ്ങളെ ചതിയിൽപ്പെടുത്തി  കൊണ്ടു  വന്നു എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോൾ അതും മാറിയിരിക്കുന്നു .
ഹോട്ടലിൽ  വരുത്തുന്ന ഇംഗ്ളീഷ്  പത്രത്തിലെ  യുവതിയുടെ മൃതദേഹത്തിന്റെ മുഖം കണ്ടതും  ഗോവിന്ദൻ ഞെട്ടി പിറകോട്ടിരുന്നു . ഇന്നലെ വെളുക്കും വരെ തന്നോടു സംസാരിച്ചിരുന്ന തത്യാന എന്ന അസർബൈജാനി സുന്ദരി കഴിഞ്ഞ രണ്ടു ദിവസമായി  ദുബായ് പോലീസ് മോർച്ചറിയിൽ വിറച്ചു വിറങ്ങലിച്ചു അവകാശികളെ തേടി  ഇരിക്കുകയാണത്രെ .

ഗോവിന്ദൻ ഹോട്ടലിനു പുറത്തിറങ്ങി മുന്നോട്ടു  നടന്നു , വെള്ളാരം കണ്ണുള്ള ഒരു കൊച്ചു പെൺകുട്ടി   അയാൾക്ക്‌ പിന്നാലെ  വന്നൊരു കാട്ടു  റോസാ തണ്ടോടു കൂടി ഗോവിന്ദനു നേരെ നീട്ടി .അതു  വാങ്ങി ഇടത്തെ നെഞ്ചോട് ചേർത്തശേഷം അയാൾ അതി വേഗം മുന്നോട്ടു നടന്നു ...........

No comments: