Tuesday, 16 May 2017

കെണി (ചെറുകഥ )




ഇന്നു വാങ്ങുമോ ?
ഞാൻ പുറത്തേക്കിറങ്ങുമ്പോൾ അവൻ ഓടി പിറകെ വന്നു ചോദിച്ചു .
വാങ്ങണോ ?
വാങ്ങണം നഷ്ടപ്പെട്ടതു എനിക്കാണ് ?
അവന്റെ കണ്ണുകളിൽ പകയുടെ കനലെരിയുന്നതെനിക്കു കാണാമായിരുന്നു .
പാവമല്ലേടാ വിശന്നിട്ടാവുമെടാ ,ഒരു തവണ കൂടി നമുക്കു ക്ഷമിക്കാം ,
ഞാൻ അവനെ സ്വാന്തനിപ്പിക്കാൻ ശ്രമിച്ചു .
ഇന്നും കൂടി നീ അതു വാങ്ങിയില്ലെങ്കിൽ ഞാൻ ഈ മുറി വിട്ടു പോകും, എനിക്കിനി വയ്യ!
അന്ത്യശാസനം നൽകിയവൻ അകത്തേയ്ക്കു കയറുമ്പോൾ ഇത്തവണയെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങണമെന്നു എനിക്കു തോന്നി . പാവം കുറെയായി പിറകെ നടക്കുന്നു , എനിക്കൊരാളെ ദ്രോഹിക്കുന്നതിനോടു പണ്ടേ താല്പര്യമില്ലാത്തതിനാൽ പരമാവധി ഒഴിവാക്കി നോക്കി .പക്ഷെ ഇക്കുറി അവൻ കലിപ്പിലാണ് അവന്റെ പ്രധാനപ്പെട്ട പലതും നഷ്ടപ്പെട്ടിരിക്കുന്നു .ഇനിയും അതു വാങ്ങിയില്ലെങ്കിൽ അവനും എനിക്കും കൂടുതൽ നഷ്ടപ്പെടാൻ സാധ്യതയുമുണ്ട് .

വൈകുന്നേരം എന്റെ കാറിന്റെ ശബ്ദം കേട്ടതും അവൻ ചാടി  വെളിയിലിറങ്ങി  അടുത്തേയ്ക്കു വന്നു ചോദിച്ചു .

വാങ്ങിയോ ? കാറിന്റെ ചില്ലു ജാലകത്തിനു വെളിയിലൂടെ തല അകത്തേയ്ക്കിട്ടു എല്ലാ സീറ്റുകളിലേയ്ക്കും  മാറി മാറി നോക്കി . ഒന്നിൽ പോലും അവൻ പ്രതീക്ഷിച്ച സാധനം കാണാത്തതിനാൽ നിരാശനായി  അകത്തേയ്ക്കു കയറിപ്പോയി .

റൂമിൽ ഐ പി എൽ തകൃതിയായി നടക്കുന്നു .സഞ്ജു സാംസൺ ലോങ്ങ് ഓഫിലേയ്ക്ക് ഉയർത്തിയടിച്ച സിക്സറിൽ ആഹ്ലാദിച്ചവൻ നിൽക്കെ ഞാൻ ആ സാധനം പുറത്തേയ്‌ക്കെടുത്തു.

വിലയൽപ്പം കൂടുതലാ മാർക്കറ്റു മുഴുവൻ കറങ്ങി എന്നിട്ടാ ഒന്നു തരമായെ !
ഞാനതു ഡൈനിങ്ങ് ടേബിളിൽ അതു വെച്ചതും അവൻ ചാടിയെഴുന്നേറ്റു  തുള്ളി . ശത്രു സംഹാരത്തിനു ബ്രഹ്മാസ്ത്രം കിട്ടിയവനെപ്പോലെ ഉച്ചത്തിലവൻ അട്ടഹസിച്ചു .

എവിടെ വെക്കുമിത്  ??

വാങ്ങുന്നതു വരെയേ നിനക്കു ജോലി ഉണ്ടായിരുന്നുള്ളു ബാക്കി ഞാൻ നോക്കിക്കൊള്ളം . എന്നെ വകഞ്ഞു മാറ്റിയതുമായവൻ അകത്തേയ്ക്കു നടന്നു .

രാത്രിയുടെ മൂന്നാം യാമം , കട്ട പിടിച്ച ഇരുട്ട് ! ഇന്നു  രാത്രിയോടെ അവന്റെ അന്ത്യമുണ്ടാവും .

കർത്താവെ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല ആഗ്രഹിക്കാത്ത തിന്മയാണ് പലപ്പോഴും ചെയ്തു പോകുന്നത് . അറിയാതെയെങ്കിലും  ഉത്തിരിപ്പു കടമുള്ള പാപങ്ങളിൽ ചെന്നു ചാടുകയാണ് ,നീ പൊറുക്കണേ കർത്താവേ !

ടപ്പ്‌ !!!!

കുടുങ്ങിയെടാ കുടുങ്ങി , ഞാൻ ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .

നീയൊന്നു മിണ്ടാണ്ട് കിടന്നുറങ്ങെടാ ,നാളെ രാവിലെ വരെ അതവിടെ കിടക്കട്ടെ , അവൻ ഉറക്കച്ചടവിൽ അപ്പുറത്തെ കട്ടിലിൽ കിടന്നവൻ  വിളിച്ചു പറഞ്ഞു .

പാപമാണീ കാട്ടികൂട്ടുന്നതൊക്കെ ,ഒരു മനസാക്ഷിക്കുത്തു പോലുമില്ലാതെ എങ്ങനെ എനിക്കുറങ്ങാൻ കഴിയുന്നു . ഞാൻ പതിയെ കട്ടിലിൽ എഴുന്നേറ്റിരുന്നു . ഒരു കരച്ചിൽ , ഒരു ദയനീയ നിലവിളി ഇതൊക്കെ എന്റെ  കാതുകളിലിപ്പോൾ മുഴങ്ങി കേൾക്കുന്നു .

വലിയ സന്തോഷത്തോടെയാണ് അവൻ ഉണർന്നത് , ഉണർന്നതും അടുക്കളയിലേയ്ക്കോടി അതുമായി തിരികെ വന്നു . വലിയ വിളവു നൽകി അനുഗ്രഹിച്ചപ്പോൾ യാക്കോബിന്റെ മക്കൾ ആനന്ദ നൃത്തം ചവിട്ടിയപോലെ ആ എലിപ്പെട്ടി  തലയിലേറ്റി അവൻ ആനന്ദ നൃത്തം ചവിട്ടി . അതിനുള്ളിൽ തലേന്നു  മുതൽ രക്ഷപെടാൻ ഉപായം ആലോചിച്ചു തളർന്ന ഒരു പെരുത്ത മൂഷികൻ കമ്പികൾക്കിടയിലൂടെ പുറത്തേയ്ക്കു മുഖമിട്ടു ദേഷ്യത്തിൽ  തലയിട്ടുരച്ചു .

അവനൊരു കുടുക്കുണ്ടാക്കി പെട്ടിക്കിടയിലൂടെ മൂഷികന്റെ കഴുത്തിൽ കുരുക്കി വലിച്ചു . വിധി നടപ്പാക്കുമ്പോൾ അവന്റെ മുഖം പ്രതികാര ദാഹത്താൽ തിളയ്ക്കുന്നുണ്ടായിരുന്നു .മരണ ദണ്ഡന ഏറ്റു വാങ്ങിയ മൂഷികന്റെ മൃത ശരീരം ഏതെങ്കിലും മുനിസിപ്പാലിറ്റി വീപ്പയിലേയ്ക്കു എറിയാൻ ഞാൻ തുനിഞ്ഞപ്പോൾ അവൻ തടഞ്ഞു .

അകത്തു പോയി യശഃ ശരീരനായ ഈ പെരുച്ചാഴി കടിച്ചു മുറിച്ച അവന്റെ ഒരു ഡസനോളം  അടിവസ്ത്രങ്ങൾ എടുത്തു കൊണ്ട് വന്നവൻ നിലത്തു വിരിച്ചു. അതിനു മുകളിൽ മൂഷികനെ കിടത്തി പെട്രോൾ ഒഴിച്ചു കത്തിച്ചു . ഉയർന്നു പൊന്തിയ തീനാളങ്ങൾക്കിടയിൽ നിന്നും മൂഷികരുടെ രാജാവ് ഉയർത്തെഴുന്നേറ്റു വന്നു ശേഷം അവിടെ അവശേഷിച്ചിരുന്ന അവന്റെ അടിവസ്ത്രങ്ങളുമായി പുഴക്കരയിലേയ്ക്കൂ നടന്നു ..................

No comments: