Thursday 14 July 2016

മങ്ങിയൊരന്തി വെളിച്ചത്തിൽ


മങ്ങിയൊരന്തി വെളിച്ചത്തിൽ ചെന്തീ പോലൊരു മാലാഖാ വിണ്ണിൽ നിന്നെൻ മരണത്തിൻ സന്ദേശവുമായ് വന്നരുകിൽ ......തോമാച്ചായൻ ഇരു കൈകളും കൊണ്ടു ചെവി പൊത്തി പിടിച്ചു കിടന്നു .ജീവിച്ചിരിക്കുമ്പോഴേ തോമാച്ചായന്‌ ആ പാട്ടു കേൾക്കുന്നതും ഐസു പെട്ടിയിൽ കിടത്തുന്നതും പേടിയാരുന്നു അനുജനായ കുഞ്ചെറിയായോട് ഇതൊന്നും വേണ്ടാന്നു പ്രത്യേകം ശട്ടം കെട്ടിയിരുന്നതുമാണ് എന്നിട്ടും ,
ജീവൻ ഉണ്ടായിരുന്നേൽ നേരെ എഴുന്നേറ്റു ശവക്കല്ലറയിലേയ്ക്ക് നടന്നേനേ , മൂന്നു ദിവസമായി ഈ പാട്ടും കേട്ടു കുളിരും സഹിച്ചു കിടക്കുന്നു . ആളൊഴിഞ്ഞ തക്കം നോക്കി കുഞ്ചെറിയായെ തോണ്ടി വിളിച്ചു താൻ എന്നാ പണിയാ ഈ കാണിച്ചേ ഇതൊന്നും വേണ്ടാന്നു ഞാൻ മരിക്കും മുൻപേ പറഞ്ഞിരുന്നതല്ലേ ,താൻ എനിക്കു സ്നേഹിതൻ മാത്രമല്ലല്ലോ എന്റെ അനുജൻ കൂടിയല്ലേ എന്നിട്ടും ..
അതു പിന്നെ ന്യൂസിലാണ്ടിൽ നിന്നും ടോമിച്ചൻ വരുന്നു,അവനു അപ്പനെ അവസാനമായി ഒന്നു കാണണം എന്നു പറഞ്ഞപ്പോൾ ഞാൻ എതിർക്കാൻ പോയില്ല ചേട്ടായി, കുഞ്ചെറിയാ വികാരാധീനനായി
ഇന്നോ നാളെയോ ഏന്നും പറഞ്ഞു കിടന്നതു മൂന്നു മാസമാ അപ്പോഴൊന്നും അപ്പനു ഒടുക്കലത്തെ ഒപ്രിശുമാ കൊടുത്തോന്നു പോലും ചോദിക്കാത്തവനാ അവസാനമായി കാണണമത്രേ പിറുപിറുത്തുകൊണ്ടയാൾ കണ്ണാടി കൂടിനുള്ളിലേയ്ക്ക് നടന്നു കയറി.
ഏലിക്കുട്ടി കാത്തിരിക്കുകയാണ് അഞ്ചു കൊല്ലം മുൻപവൾ പോയപ്പോൾ കൊണ്ടു പോയതാണെന്റെ സന്തോഷം അതു തിരിച്ചു കിട്ടിയെന്നോർത്തു സന്തോഷിച്ചതാണ് എന്നിട്ടിപ്പോൾ ദാ മൂന്നു ദിവസമായി ഈ മഞ്ഞു കൂടാരത്തിൽ അനിഷ്ടങ്ങളുടെ തടവറയിൽ
ടോമിച്ചൻ വന്നതും കൂടാരം തുറന്നു തോമാച്ചായനെ പുറത്തെടുത്തു ആകെയൽപ്പ നേരം മാത്രം ഈയുടുപ്പു മാറ്റുവാൻ ചരമ പ്രസംഗം കഴിഞ്ഞു ബാൻഡ് മുഴങ്ങി പള്ളി സിമിത്തേരിയെത്തും വരെ തോമാച്ചായൻ കണ്ണു തുറന്നു കിടന്നു കണ്ടു ഒരു തുള്ളി കണ്ണു നീരു പോലും തനിക്കായി പൊഴിക്കാൻ ആരുമില്ല കുഞ്ചെറിയായ്ക്കു ഉള്ളിൽ ദുഖമുണ്ട് എന്നാൽ ആ ദുഃഖം മറികടക്കാൻ പോന്ന എന്തോ ഒന്നു അവന്റെ വയറിലും സിരകളിലുമായി തുള്ളി മറിയുന്നതിനാൽ അവനും കണ്ണീരില്ല.
അന്ത്യ ചുംബന നേരത്തു ന്യൂസിലാൻഡ് കാണാതെ അപ്പൻ പോകുവാണോ അപ്പാ എന്നലറികൊണ്ടു ടോമിച്ചൻ അപ്പനെ പൂണ്ടടക്കം പിടിച്ചു . ആ പിടുത്തത്തിന്റെ ഞെരുക്കത്തിൽ മരണപ്പെട്ടുപോയ തോമ വീണ്ടും മരിച്ചു .ഇതെല്ലാം കണ്ടു നിശബ്ദം ഏലികുട്ടി തോമാച്ചായനെ നെഞ്ചോടു ചേർത്തു ....