Thursday, 28 July 2016

വിലക്കപ്പെട്ട കനി വിശുദ്ധർ ഭക്ഷിക്കുമ്പോൾ

നന്മ നിറഞ്ഞ മറിയമേ നിനക്ക് സ്വസ്തി ... പ്രാർത്ഥന തീരാറായതും വാതിലിൽ ശക്ത്തമായ മുട്ട് കേട്ടു . ഇതൊന്നു ചൊല്ലി തീർക്കട്ടെടാ പിശാചേ ശാലോമിഅമ്മച്ചി ഉച്ചത്തിൽ അലമുറയിട്ടു .ടക് ,ടക് ടക് വീണ്ടും വാതിലിൽ മുട്ടുന്നത് കേട്ടു മണവാട്ടിയെപ്പോലെ തല കുമ്പിട്ടിരുന്നു കൊന്തയെത്തിച്ചിരുന്ന അപ്പച്ചൻ ചാടിയെഴുന്നേറ്റു .ഏതു തന്തയില്ലാത്തവനാടാ കൊന്ത എത്തിക്കുമ്പോൾ തൊന്തരവുണ്ടാക്കുന്നേ എന്നലറിക്കൊണ്ടപ്പച്ചൻ വാതിൽ തുറന്നു . വാതിൽ തുറന്നതും വരിക്ക ചക്ക വെട്ടിയിട്ടപോലെ അപ്പച്ചന്റെ കാൽക്കലേയ്ക്കൊരാൾ കമിഴ്ന്നു വീണു .ചാരായത്തിന്റെ മണം അന്തരീക്ഷത്തിൽ തുള്ളിക്കളിച്ചു അപ്പച്ചൻ അടിച്ച ചാരായമാണോ താഴെ വീണു കിടക്കുന്ന ഘടാ ഘടിയന്റെ ആമാശയത്തിൽ കെട്ടികിടക്കുന്ന മലിന ജലത്തിന്റേതാണോ എന്നറിയാതെ പരസ്പരം നോക്കി നിന്ന മോളിക്കുട്ടിയെയും ശാലോമിഅമ്മച്ചിയേയും അപ്പച്ചൻ കിച്ചണിലേയ്ക്ക് പറപ്പിച്ചു . വന്നു പിടിയെടാ എന്റെ മുഖത്തു നോക്കി അപ്പൻ അലറി മൂന്നാം വർഗ്ഗ ഉത്തോലകം വെച്ചുയർത്തേണ്ട അഡാറു സാധനത്തെ അപ്പനും ഞാനും ആഞ്ഞു പിടിച്ചു മലർത്തിയിട്ടു .
മലർന്നു വീണതും ഗുണ്ടർട്ട് സായിപ്പ് നിഘണ്ടുവിൽ ചേർക്കാൻ മറന്നു പോയ പദ പ്രയോഗങ്ങൾ നാവിനും ചുണ്ടിനും ഇടയിലൂടെ പുറത്തേക്കൊഴുകി .പ്രായപൂർത്തിയായ പെങ്കോച്ചുള്ള വീടാ എങ്ങു നിന്നോ കയറി വന്നൊരു കുടിയൻ അപ്പച്ചൻ കോപം കൊണ്ട് ജ്വലിച്ചു .കോപം കൊണ്ട് ജ്വലിക്കാൻ മാത്രമേ അപ്പന് കഴിയുമായിരുന്നുള്ളൂ കാരണം അപ്പനെകൊണ്ടു അയാളെ ഒന്ന് നീക്കികിടത്താൻ പോലുമുള്ള ആരോഗ്യം ഉണ്ടായിരുന്നില്ല.
അപ്പച്ചൻ കടവിലേക്കിറങ്ങി നോക്കി കടത്തുകാരൻ ഭദ്രൻ കരുത്താനാണ് അവനെ കൂട്ട് വിളിച്ചാലോ , പൂ ഹോയ് അപ്പച്ചൻ നീട്ടി വിളിച്ചു അർക്കൻ ഷെഡിൽ കയറേണ്ട താമസം ഭദ്രൻ കിട്ടിയതൊക്കെ തൂക്കിപെറുക്കി പത്തു മുറി ഷാപ്പിലേയ്ക്ക് വെച്ച് പിടിക്കും അപ്പച്ചനും ഭദ്രനും കൂടിയാണ് കുറച്ചു മുൻപ് അന്തി മോന്തിയത് എന്നിട്ടിപ്പോൾ ഭദ്രനെ വിളിച്ചാൽ എവിടെ കാണാനാ .കടവിൽ നിന്നപ്പൻ തിരികെ വീട്ടിൽ എത്തി ചീക്ക പോത്ത് പോലെ ബോധമില്ലാതെ കിടക്കുന്ന അപരിചിതന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി .
അപ്പച്ചാ ഇത് ഞങ്ങടെ വേദപാഠം സാർ ഡാനി വടക്കേടമാ ? അപ്പച്ചൻ കെട്ടിറങ്ങാത്തതു പോലെ എന്നെ നോക്കി കള്ളു കുടിയന്മാർക്ക് നിത്യ നരകാഗ്നിയാണെന്നു പള്ളിയിൽ പറയുന്ന വെള്ള പാറ്റയോ ? അടുക്കളയിൽ നിന്നും ശാലോമിയമ്മയും മോളികുട്ടിയും ഇറങ്ങി വന്നു .അതെ അപ്പച്ചാ ഇത് ഞങ്ങളുടെ ഡാനി സാർ തന്നെ ,മര്യാദക്കാരനും ദൈവ സിംഹാസനത്തിനു അടുത്തു നിൽക്കുന്നവനുമാണീ മദ്യപിച്ചു മദോന്മമത്തനായി തുണിയും മണിയും വേണ്ടാതെ കിടക്കുന്നതെന്ന തിരിച്ചറിവു ഉത്തമ കത്തോലിക്കാനായ അപ്പച്ചനെ ഇതി കർത്തവ്യഥാ മൂഡനാക്കി .
ശാലോമിയമ്മ നൽകിയ തിളപ്പിച്ചാറ്റിയ മധുരമില്ലാത്ത കട്ടൻ വലിച്ചു കുടിക്കുമ്പോൾ ഡാനി സാറിന്റെ മുഖത്തൊരു ജാള്യം ഉണ്ടായിരുന്നു .കരിക്കും പുന്നെല്ലും ഇട്ടു വാറ്റിയ സോമരസം ദേവന്മാർ പോലും ഭുജിച്ചിട്ടുണ്ടത്രെ എന്തിനേറെ നമ്മുടെ കർത്താവീശോ മിശിഹാ കാനായിലെ കല്യാണത്തിന് കൊടുത്തതെന്താ ? ഇത്രയും കാലം ഈയുള്ളവൻ രണ്ടു ഗ്ലാസ് ചെത്തു കള്ളു കുടിച്ചിട്ട് വരുമ്പോൾ അത്താഴ പട്ടിണിക്കിടുന്ന താടകേ വിവരമുള്ളവർ പറയുന്നത് കേൾക്കൂ എന്ന മുഖ ഭാവത്തിൽ അപ്പച്ചൻ അമ്മച്ചിയെ നോക്കി. വീട് വിട്ടിറങ്ങും മുൻപു ഡാനി സാർ ഒരു ബോംബു കൂടി പൊട്ടിച്ചു നമ്മുടെ വികാരി വേങ്ങോലിയച്ചൻ രാത്രി കിടക്കുന്നതിനു മുൻപ് രണ്ടെണ്ണം വീശുമെത്രെ അച്ചനു സാധനം വാങ്ങാൻ വന്ന വഴിയാണത്രെ ഡാനി സാറിനു ബോധം പോയത് .
മദ്യപാനം ഉത്തിരിപ്പു കടങ്ങളിൽ പെട്ടതാണെന്ന് കഴിഞ്ഞയാഴ്ച ഉച്ചകുർബ്ബാനക്കു പോലും പറഞ്ഞ വേങ്ങോലിയച്ചൻ ......അപ്പച്ചൻ ക്രൂശിതനായ കർത്താവിനെ നോക്കി കുരിശിൽ കിടന്ന കർത്താവു അപ്പച്ചനെ നോക്കി ഒരു കണ്ണിറുക്കി .ഇണ്ട് ഇമ്മാതിരി ചില വീക്നെസ് ഒക്കെ എല്ലാർക്കും ഉണ്ടപ്പച്ചാ നീ പാപം ആണെന്ന് വിചാരിച്ചാ അവിടാ തീർന്നൂ . പിറ്റേന്നു കൈക്കോട്ടുമായി പാടത്തേയ്‌ക്കിറങ്ങിയ അപ്പച്ചന് ഒരു നവോന്മേഷം ഉണ്ടായി പാപ രഹിതമായ വൈകുന്നേരങ്ങളാണല്ലോ തന്നെ കാത്തിരിക്കുന്നതെന്ന തോന്നലിൽ അയാളുടെ കൈ കോട്ട് ചെളി പുരണ്ട പാടത്തേയ്ക്കു ആഴ്ന്നിറങ്ങി .....................
Post a Comment