Saturday, 2 July 2016

ഒരു കാള രാത്രിയുടെ തിരുശേഷിപ്പുകൾ


പാതിരാവിൻറെ മൂന്നാം യാമം കട്ട പിടിച്ച ഇരുട്ടിൽ പതുങ്ങിയിരുന്നു ആ മാംസളമായ തുടകളിൽ അവൻ ആഞ്ഞു കുത്തി . ടപ്പേന്നൊരു അടി കൈകളിൽ ചോര പടർന്നു കയറി ചോരയുടെ ഗന്ധം മനം പിരട്ടൽ ഉണ്ടാക്കിയപ്പോൾ മെല്ലെ ഇഴഞ്ഞു നീങ്ങി സ്വിച്ച്‌ ബോർഡിൽ കൈയ്യെത്തിച്ചു വിളക്കു തെളിച്ചു .വെളുത്ത കിടക്കവിരി മുഴുവൻ ചോര . ഇത്രയും ചോര ബ്ലഡ് ബാങ്കിൽ കൊടുത്തിരുന്നെങ്കിൽ മിനിമം രണ്ടു പേരുടെയെങ്കിലും ജീവൻ രക്ഷിക്കാമായിരുന്നു . 
അപ്പുറത്തെ ബെഡിൽ ഉറങ്ങിയിരുന്ന ദൊരൈസ്വാമി ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഉച്ചയിട്ടു ആരെടാ പാവി ലൈറ്റിട്ടേ ? വേഗം ലൈറ്റണച്ചു വീണ്ടും കിടന്നു ഇനി ഇതു വകവെച്ചു കൊടുക്കാൻ പോകുന്നില്ല കുറെയായി സഹിക്കുന്നു . മൊബൈൽ ഫോൺ എടുത്തു തലയണക്കടിയിൽ തിരുകി ഇനി വന്നാൽ അവനെ ജീവനോടെ പിടി കൂടി ചുട്ടെരിക്കണം. ഉറക്കം കണ്ണുകളെ വലിച്ചടക്കുന്നു മെല്ലെ ചരിഞ്ഞു കിടന്നതും വടക്കേ കട്ടിലിൽ കിടന്ന അച്ചായൻ വലിയ ശബ്ദത്തിൽ ഒരു വളിയടിച്ചു. ഒരു ഗ്യാസ് ഏജൻസി നടത്താനുള്ള ഗ്യാസുമായിട്ടാണ് അച്ചായൻ കിടക്കുന്നത് ശവം .
തുടയിടുക്കിലൂടെ അവൻ വീണ്ടും നുഴഞ്ഞു കയറുന്നു പതിയെ മൊബൈൽ ടോർച്ചു തെളിച്ചു പിടിച്ചു എഴുന്നേറ്റു ഇരുന്നു .വെട്ടം മുഖത്തടിച്ചതും അവൻ സഡൻ ബ്രേക്ക് ഇട്ട പോലെ നിന്നു എന്നെ കണ്ടതും വലിയ ജാള്യത്തിൽ അവൻ പിന്നോട്ടു വലിയുന്നു .ഇല്ലെടാ വിടില്ല നിന്നെ ഞാൻ, കഴിഞ്ഞ ഒരാഴ്ചയായി നീ എന്റെ ചോര ചില്ലറയല്ല കുടിച്ചു വറ്റിച്ചിരിക്കുന്നത് ,കണ്ടില്ലേ എന്റെ ചോരയായാണ് നീ ഇഡ്ഡലി വലിപ്പത്തിൽ ചുവന്നു തുടുത്തു നടക്കുന്നതിന്റെ കാരണം .കഴിഞ്ഞ തവണ പെസ്റ്റ് കൺട്രോൾ കഴിഞ്ഞതിൽ പിന്നെ ഇന്നാണ് നിന്നെ ജീവനോടെ കിട്ടുന്നത് നാളെ നിന്നെ പൊതു ജനസമക്ഷം ചുട്ടെരിക്കും.രോമ കൂപങ്ങൾക്കിടയിൽ പേടിച്ചരണ്ടു പാത്തിരിക്കുന്ന അവനെ പതിയെ എടുത്തു ഒരു പ്ലാസ്റ്റിക്ക് കൂടയിൽ നിക്ഷേപിച്ചു .
പിറ്റേന്നു പ്രഭാതമായതും ഞാൻ പ്ലാസ്റ്റിക്ക് കൂടയിൽ പരതി ,അവൻ രക്ഷപ്പെട്ടിരിക്കുന്നു അതി സമർത്ഥമായി അവൻ എവിടേയ്ക്കോ ഓടി പോയിരിക്കുന്നു നീ വരും വരാതെ ഇവിടെ പോകാൻ . അണ്ണാ മുട്ടൈ പൂച്ചിയെ പിടിച്ചാലുടൻ ഞെരിച്ചിടേണം ഇന്ത മാതിരി മരണ ദണ്ഡനൈക്കു നേരം കാക്കതെല്ലാം വേസ്റ്റ് തമിഴൻ ബുദ്ധനായി . അച്ചായാൻ കുടവയർ കുലുക്കി ചിരിച്ചു കൊണ്ടു കുളിക്കാൻ പോയി . ഇനിയൊരു തുള്ളി രക്തം പോലും ആ മൂട്ടയെ കൊണ്ടു കുടിപ്പിക്കില്ലെന്ന വാശിയിൽ കിടക്കയും വിരിയും ഒരുമിച്ചു വാരി വെളിയിലിട്ടു ഞാൻ തീ കൊടുത്തു. നരകാഗ്നിയിൽ അവന്റെ ആത്മാവു പിടയുന്നതു കണ്ടു ഞാൻ പൊട്ടി പൊട്ടി ചിരിച്ചൂ .....
Post a Comment