Saturday 30 July 2016

പത്രോസേ നീയെന്നെ ശിക്ഷിക്കുമോ ?


വാവേ നീ കേൾക്കുന്നുണ്ടോ ? വാവ കണ്ണുകൾ ഇറുക്കിയടച്ചു രണ്ടു കൈയും കൊണ്ടു ചെവി പൊത്തി .നരകാലാഗ്നിയിലേയ്ക്ക് എടുത്തെറിയപ്പെടാൻ പോകും മുൻപ് ഒരു മനസ്താപം അതു ചെയ്യാൻ നീ ഒരുക്കമാണോ ? വാവ താഴേയ്ക്കു നോക്കി ചാവാത്ത പുഴുക്കളും വിശന്നലയുന്ന വന്യ ജീവികളും വറ ചട്ടിയിൽ തിളച്ചു മറിയുന്ന എണ്ണയും ഒക്കെയായി നരകം പ്രഷുബ്ധമാണ് . പത്രോസ് ഒന്ന് കൂടി ഉറക്കെ ചോദിച്ചു വാവ തെറ്റ് ഏറ്റു പറഞ്ഞു മനസ്തപിക്കുന്നുവോ അതോ നിത്യ നരകം തിരഞ്ഞെടുക്കുന്നുവോ ?
പത്രോസ് ഉറക്കെ വിളിച്ചു നായർ..... നിമിഷ നേരം കൊണ്ടു ഗോവിന്ദൻ നായർ പത്രോസിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു .വാവ അയാളെ സൂക്ഷിച്ചു നോക്കി 42 കൊല്ലം മുൻപത്തെ ഒരു പകൽ അയാളുടെ ഓർമ്മയിലേക്ക് ഇരമ്പിയെത്തി .വിപ്ലവം തലയ്ക്കു പിടിച്ച യുവത്വത്തിന്റെ നാളുകളിൽ ചാരു മജ്ജുൻദാറിന്റെ ഉന്മൂലന സിദ്ധാന്തം സിരകളിൽ അഗ്നി പടർത്തിയ പാർട്ടി ക്ളാസുകളിൽ ഒന്നിൽ ഏൽപ്പിക്കപ്പെട്ട കൃത്യം സധൈര്യം നിർവഹിക്കുക മാത്രമാണ് താൻ ചെയ്തത് .മുൻപൊരിക്കലും ഒരു തവണ പോലും നേരിൽ കാണാത്ത സംസാരിക്കാത്ത ഗോവിന്ദൻ നായരുടെ തല ഒറ്റ വെട്ടിൽ നിലത്തിടുമ്പോൾ പ്രസ്ഥാനം തന്ന കരുത്തു മാത്രമായിരുന്നു പിൻ ബലം.കള്ള പ്രമാണിമാർക്കും ബൂർഷ്വാസികൾക്കും എതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ട ഒരു ചെറു മരം. ദയവായി എന്റെ വിശ്വാസങ്ങൾ തെറ്റായിരുന്നു എന്നു സ്ഥാപിക്കാതിരിക്കുക നിങ്ങൾക്കെന്നെ നരകാഗ്നിയിലേയ്ക്ക് തള്ളിയിടാം പക്ഷെ, വാവ മുഷ്ടി ചുരുട്ടി ആകാശത്തേയ്ക്ക് കൈകളുയർത്തി .
പത്രോസ് സദാ കാണപ്പെടാറുള്ള പുഞ്ചിരിയോടെ വാവയുടെ വിധി വാചകത്തിനു കീഴിൽ ഒപ്പു ചാർത്തി രണ്ടു മാലാഖമാർ വാവയ്ക്കിരുവശവും വന്നു നിന്നു അവനെ സ്സ്വർണ്ണ രഥത്തിലേയ്ക്ക് കൈ പിടിച്ചാനയിച്ചു . ആയിരം കുതിര ശക്തിയുടെ കരുത്തിൽ ആ രഥം മുന്നോട്ടോടി അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും ആ രഥത്തിന്റെ യാത്ര നരകത്തിന്റെ അഗാധതയിലേയ്ക്കാണെന്നു വാവയ്ക്കു മനസ്സിലായി വാവ പെട്ടന്നു കണ്ണ് തുറന്നു .
കവിൾ പടർന്നൊഴുകുന്ന കണ്ണുനീരിന്റെ ഉപ്പു രസം അയാളുടെ പ്രാർത്ഥനയ്ക്കു ഭംഗം വരുത്തി. പുറത്തു കാത്തു നിന്നു മുഷിഞ്ഞ മകൻ അകത്തുകയറി വാവയെ കൈ പിടിച്ചു ഉയർത്തി .വീട്ടിലേയ്ക്കു പോകും മുൻപ് രൂപക്കൂടിനു കീഴെ കത്തി നിന്ന മെഴുകു തിരികൾ അയാൾ ഊതി കെടുത്തി പൂർവാശ്രമത്തിൽ പാപം ചെയ്യാത്തവരാരും വെറുതെ നീറി ജീവിക്കേണ്ടന്നയാൾ കർത്താവിനോടു പയ്യാരം പറഞ്ഞു

No comments: