Saturday 9 July 2016

മാലിക്കിൽ നിന്നും ഫക്കീറിലേയ്ക്കുള്ള ദൂരം


സ്റ്റേഡിയത്തിനു പുറത്തു കൂടി മറ്റെന്തോ കാര്യത്തിന് നടക്കുന്നതിനിടയിൽ ഒരാൾ കൈകാട്ടി വിളിച്ചു ചോദിച്ചു കളി കാണാൻ വന്നതാണോ ? ഹേയ് കളിയോ അല്ലാ മറ്റൊരുപാട് ജോലിയുണ്ട് ,ഞങ്ങൾ മുന്നോട്ടു നടന്നു. അയാൾ പിന്നാലെ ഓടി വന്നു മുന്നിൽ നിന്നു ,ദയവായി നിങ്ങൾ ഒരു ഒന്നര മണിക്കൂർ ഞങ്ങൾക്ക് വേണ്ടി ചിലവഴിക്കുമോ ,ഞങ്ങളുടെ ക്ലബ്ബിന്റെ സപ്പോർട്ടർ ആയി ഇവിടെ ആരും ഇല്ല . ഈ കളി ഞങ്ങളുടെ അഭിമാന മത്സരമാണ് അയാൾ കൂടയിൽ കരുതിയ ടീ ഷർട്ടുകളിൽ ഓരോന്നു വീതം ഞങ്ങൾക്കു നേരെ നീട്ടി .
ഞങ്ങൾ ഈ കളി ജയിച്ചാൽ നിങ്ങൾക്കു ഇനിയും സമ്മാനം തന്നേ വിടൂ വരു കയറി ഇരുന്നു ഞങ്ങളെ സപ്പോർട്ട് ചെയ്യൂ. പള പളാ മിന്നുന്ന കുപ്പായത്തിന്റെ പ്രലോഭനത്തിൽ ഞങ്ങൾ വീണു ശുഷ്ക്കമായ സ്റ്റേഡിയത്തിന്റെ ഒരു മൂലയിൽ ഞങ്ങളെപ്പോലെ വഴിയിൽ നിന്നു പിടിച്ചു കൊണ്ടിരുത്തിയ അൻപതിൽ താഴെ വരുന്ന കാണികൾ മാത്രം കളി തുടങ്ങി ഞങ്ങൾ വാടക കാണികൾ ഞങ്ങളുടെ ക്ളബ്ബിന്റ കളിക്കാരെ അറിഞ്ഞു സപ്പോർട്ട് ചെയ്യുകയാണ്.
കളി തുടരുന്നതിനിടയിൽ ഒരു യെമനി തലപ്പാവ് ധരിച്ചൊരു കന്തൂറക്കാരൻ പെപ്സിയും പോപ്‌കോണുമായി എത്തി .ഞാനാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി നല്ല പരിചയം എനിക്കു വെളിപ്പെടാതെ അയാൾ മുന്നോട്ടു നടന്നു പോയി . അഹമ്മദ് ,,,, ഞാൻ ഉറക്കെ വിളിച്ചു അയാൾ തിരിഞ്ഞു നിന്നു .പന്ത്രണ്ടു കൊല്ലം മുൻപാണ് ഞാൻ അയാളെ അവസാനമായി കണ്ടത് അന്നയാൾ മുനിസിപ്പാലിറ്റി ഓഫീസിൽ ഗസറ്റഡ് റാങ്കുള്ള ജീവനക്കാരൻ ആയിരുന്നു . രണ്ടു ഭാര്യമാരും പത്തോളം കുട്ടികളുമായി രാജാവിനെപ്പോലെ ആയിരുന്നു അയാൾ അന്ന് ജീവിച്ചിരുന്നത് .ഓഫീസിൽ എത്തുന്ന എല്ലാവരോടും സ്നേഹമായും ചിരിച്ച മുഖത്തോടുമല്ലാതെ അയാൾ ഇടപെട്ടിരുന്നില്ല. അതു കൊണ്ടു തന്നെ ഒരു വ്യാഴവട്ടത്തിനു ശേഷവും ആ മുഖം എനിക്കു ഓർത്തെടുക്കാനായതും.
കളി ഇഞ്ചോടിഞ്ചു പോരാട്ടം നടക്കുകയാണ് ,ഞങ്ങൾ സപ്പോർട്ട് ചെയ്യുന്ന ടീമാണ് മുന്നേറുന്നതിൽ അധികവും ഒരു ഗോൾ വലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി ഞങ്ങൾ ചാടിയെഴുന്നേറ്റു അലറി അടുത്ത നിമിഷം കോർണർ കിക്കിൽ നിന്നെടുത്ത ബോൾ ഒരു കളിക്കാരൻ ഹെഡ് ചെയ്തു ഗോളാക്കിയിരിക്കുന്നു . കളി കഴിഞ്ഞു ഞങ്ങൾ സപ്പോർട്ട് ചെയ്ത ടീം കപ്പ് നേടിയിരിക്കുന്നു. നിറഞ്ഞ പുഞ്ചിരിയോടെ ഞങ്ങളെ ക്ഷണിച്ചു അകത്തു കയറ്റിയ മനുഷ്യൻ പോക്കറ്റിൽ നിന്നും ഒരു കെട്ടു പുത്തെൻ നൂറിന്റെ നോട്ടെടുത്തു ഓരോ ആൾക്കും നൂറു വീതം നൽകി .
അഹമ്മദും ഞങ്ങളുടെ കൂടെ നിന്നു നൂറു ദിർഹം കൈ നീട്ടി വാങ്ങി . എനിക്കതൊരു ഞെട്ടിക്കുന്ന കാഴ്ച ആയിരുന്നു .ഞാൻ കരുതിയത് ആ ക്ലബിന്റെ മാനേജരോ ഭാരവാഹിയോ ആണ് അഹമ്മദ് എന്നായിരുന്നു .
പുറത്തേക്കിറങ്ങിയപ്പോൾ ഞാൻ അഹമ്മദിനെ തടഞ്ഞു നിർത്തി എന്താണ് നിനക്കു സംഭവിച്ചത് ?
അയാൾ ചിരിച്ചു കൊണ്ടെന്റെ കൈ പിടിച്ചു പറഞ്ഞു അള്ളാഹു രാജാവായി ജീവിക്കാൻ പറഞ്ഞപ്പോൾ ഞാൻ രാജാവായി ഇപ്പോൾ ഫക്കീർ ആകാനാണ് അവനെ തീരുമാനം . സ്വദേശി വൽക്കരണം വന്നപ്പോൾ ആദ്യം പോയത് അഹമ്മദിന്റെ ജോലിയാണ് ഭാര്യമാരെയും മക്കളെയും നാട്ടിലേയ്ക്ക് അയച്ചു ഇവിടെ ചില ബിസിനസ് നടത്തി നോക്കി പക്ഷെ അതും പൊളിഞ്ഞു .ഇപ്പോൾ യെമനിലെ അവസ്ഥ വളരെ പരിതാപകരമാണ് അങ്ങോട്ടു മടങ്ങി പോകുക അസാദ്ധ്യമാണ് അതുകൊണ്ടു ജോലി ചെയ്യാനുള്ള ആരോഗ്യം ഇല്ലാഞ്ഞിട്ടും ഇങ്ങനെ ചിലർ വിളിക്കുമ്പോൾ ഞാൻ വരും .മായാത്ത പുഞ്ചിരിയുള്ള മുഖവുമായി അയാൾ മുന്നോട്ടു നടന്നു എനിക്കു കിട്ടിയ നൂറിന്റെ നോട്ട് കൈവെള്ളയിൽ ഒതുങ്ങത്തക്ക വണ്ണം ചുരുട്ടി ഞാൻ അയാളുടെ കൈ പിടിച്ചു കുലുക്കി .നിറഞ്ഞ സന്തോഷത്തോടെ അതുമായി അഹമ്മദ് നടന്നകന്നു . മനസിൽ അഹങ്കാരം കൂടു കെട്ടുന്ന വേളയിൽ ഏതെങ്കിലും ഒരു അഹമ്മദുമാർ എന്റെ മുന്നിൽ പ്രത്യക്ഷപ്പെടും നൽകപ്പെടുന്നതെല്ലാം നന്മയ്ക്കായാണ് നാളെ അതു നഷ്ടപ്പെട്ടാലും അങ്ങനെ തന്നെ ആയിരിക്കട്ടെ ..........................

No comments: