Tuesday, 26 July 2016

ഐ പുട്ട് യു പുട്ട് അരി പുട്ട് ഗോതമ്പു പുട്ട്


പണ്ട് പണ്ടെന്നു പറഞ്ഞാൽ കെട്ടുപ്രായമെത്തിയെന്നു എനിക്കു ബോധ്യം വന്ന പകലുകളിൽ ഒന്നിൽ ഞാനമ്മച്ചിയോടാ സത്യം തുറന്നു പറഞ്ഞു . ഇനിയിങ്ങനെ എന്നെ അമ്പല കാളയെ പോലെ അഴിച്ചു വിടരുത് ,വിട്ടാൽ ചിലപ്പോൾ ഞാൻ കൈവിട്ടു പോകും എന്നെ പള്ളിയറിഞ്ഞു കെട്ടിക്കണമെന്നുണ്ടേൽ വേഗം എനിക്കു വേണ്ടി നിങ്ങളൊരാളെ കണ്ടെത്തണം . അമ്മച്ചി കൂലങ്കഷമായ ആലോചന യുദ്ധകാല അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചു . നിനക്കു വല്ല പെണ്ണുങ്ങളേം കെട്ടണമെന്നു തോന്നിയിട്ടുണ്ടോ ? അമ്മച്ചിയുടെ ചോദ്യം ഇടിത്തീ പോലാണ് ഹൃദയത്തിലേക്ക് വീണത് അങ്ങനെ ചോദിച്ചാൽ മീശ മുളച്ചു തുടങ്ങിയപ്പോൾ മുതൽ കാക്കത്തൊള്ളായിരം പെണ്ണുങ്ങളെ കാണുമ്പോൾ ഇവളെന്റെതായിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ട് എന്നാൽ ഒരാളോടും ഈ നേരം വരെ അതു തുറന്നു പറയാൻ ഉള്ള കൾസ് ഉണ്ടായിട്ടില്ല.
അമ്മച്ചി എന്നതാ ഈ ചോദിക്കുന്നേ തുമ്പപ്പൂ പോലെ നിർമ്മലനായ എനിക്ക് പ്രേമമോ അങ്ങനെ വല്ലോം ഉണ്ടങ്കിൽ ഇക്കാര്യത്തിൽ അമ്മച്ചിയുടെ സഹായം തേടുമോ ?
എന്നാ കേട്ടോ മറിയാമ്മാമായി ഒരു ആലോചന കൊണ്ട് വന്നിട്ടുണ്ട് പെൺകൊച്ചു മിടുക്കിയാ നമുക്ക് ചേരും പക്ഷെ, എന്തോന്നാ ഈ പക്ഷെ എന്റെ ക്ഷമയെ പരീക്ഷിക്കുന്നത് അമ്മച്ചിക്കു പണ്ടേയുള്ള ശീലമാ ,പറയമ്മച്ചി .. എടാ അത് , ആ പെങ്കൊച്ചിന്റെ അമ്മാവൻ ഷാർജയിൽ ഉണ്ട് അയാൾക്ക് നിന്നെ കണ്ടു ബോധിക്കണമത്രേ .
വേണ്ടാന്നു പറയാൻ പാടില്ലാരുന്നോ അമ്മച്ചിക്ക്, ഇത്തരം ചീപ്പു പരിപാടിക്കൊന്നും എന്നെ കിട്ടത്തില്ല അമ്മച്ചി വേറെ പെണ്ണിനെ നോക്കിക്കോ !
അങ്ങനെ പറയല്ലേടാ ചക്കരേ അയാളൊരു പാവമാ പണ്ടു നാടു വിട്ടു പോയ ശൗരിയാരു മാപ്പിളയെ അറിയില്ലേ ഇപ്പോളയാൾ ഒരു കൊച്ചു കമ്പനിയുടെ മാനേജരാ ,പെങ്കൊച്ചും വീട്ടുകാരും അതിനേക്കാൾ പാവങ്ങളാ ഈ അമ്മാവൻ അവർക്കു വലിയ സഹായമാണത്രെ നീ ഒന്നു പോയി കാണൂ .
അമ്മച്ചി ഒന്നു മനസ്സിലാക്കണം ഒരു പുരുഷനു ആറു സ്ത്രീ ആണ് കേരളത്തിലെ ഇപ്പോഴത്തെ കണക്ക് .ഇവൾക്ക് വേണ്ടി ഞാൻ എന്നെ പണയം വെക്കണമെന്നാണോ അമ്മച്ചി പറയുന്നത് ? അമ്മച്ചി മിണ്ടിയില്ല ആ കാര്യം ഞങ്ങൾ രണ്ടാളും മറന്നു.
ഒരാഴ്ചക്ക് ശേഷം വീട്ടിൽ നിന്നും വന്ന കത്തിൽ ഒരു പെങ്കൊച്ചിന്റെ ഫോട്ടോ മഞ്ജു വാര്യർ മുടിയഴിച്ചു നിൽക്കുന്നതാണോ ദേവി വിഗ്രഹമാണോ എന്ന സംശയം തീർക്കാനാണ് ഞാൻ അമ്മച്ചിയെ വിളിച്ചത് . അമ്മച്ചി അമ്പിനും വില്ലിനും അടുക്കുന്നില്ല നീ അമ്മാവനെ കാണാൻ പോകുന്നില്ലല്ലോ അത് കൊണ്ട് അവർ ഒന്നും പറഞ്ഞില്ല ആ പെങ്കൊച്ചിനെ നിനക്കു പിടിച്ചെങ്കിൽ നീ പോയി അയാളെ കാണൂ അമ്മച്ചി നിഷ്ക്കരുണം ഫോൺ വെച്ചു .
ഏതൊരു ഉടമ്പടിയിലും ചില ചില്ലറ വിട്ടു വീഴ്ചകൾ ഒക്കെ ആവാം ഞാൻ അമ്മാവനെ കാണാൻ തന്നെ തീരുമാനിച്ചു .അമ്മച്ചി തന്ന നമ്പറിൽ അമ്മാവനെ വിളിച്ചു അപ്പോയ്ന്റ്മെന്റ് ഫിക്സ് ചെയ്തു . സുന്ദരിയായ ഒരു പെണ്ണിന് വേണ്ടിയുള്ള അഭിമുഖ പരീക്ഷക്കാണ് ഞാൻ പോകുന്നത് സകല കളരി പരമ്പര ദൈവങ്ങളെ ഇതെന്റെ നടാടെയുള്ള അനുഭവമാണ് കാപ്പത്തുങ്ക കടവുളേ ....
ബെല്ലടിച്ചതും അര ഇഞ്ചു കനത്തിൽ പുട്ടിയടിച്ച മുഖവുമായി സൊസൈറ്റി ലേഡി എന്നു തോന്നിക്കുന്ന ഒരു അമ്മായി വന്നു വാതിൽ തുറന്നു ഡൈനിങ്ങ് റൂമിലെ ചാരൂ കസാലയിൽ കൂളിംഗ് ഗ്ലാസ്സും വെച്ച് കൊണ്ടൊരാൾ ടി വി കാണുന്നു . ചൂട് സമയമാണ്, ചെങ്കണ്ണവാണം ഞാൻ മനസിൽ കരുതി. വെൽക്കം വെൽക്കം ജന്റിൽ മാൻ അയാൾ എഴുന്നേറ്റു നിന്നെനിക്കു കൈ തന്നു .മുതലകുഞ്ഞുങ്ങൾക്കു തീറ്റ കൊടുക്കാൻ നിൽക്കുന്ന ഫെർണാണ്ടസ് പെരേരയെ പോലെ അയാൾ കടിച്ചാൽ പൊട്ടാത്ത ഇഗ്ളീഷ് എനിക്ക് നേരെ വാരി വിതറി .
ഐ പൂട്ട് യു പുട്ട് അരി പുട്ട് ഗോതമ്പ് പുട്ട് അതിനു ശേഷം എന്റെ ഇംഗ്ളീഷ് മുട്ടി മുട്ടി നിന്നപ്പോൾ ഞാൻ ചോദിച്ചു അമ്മാവനു മലയാളം അറിയാമോ ?
ഡാർലിംഗ് ഇത്തരം കൺട്രി ഫെല്ലോസിനാണോ നമ്മുടെ ചിന്നുക്കുട്ടിയെ കെട്ടിച്ചു കൊടുക്കുന്നേ ? സൊസൈറ്റി ലേഡി ദയാ ദാക്ഷിണ്യമേതുമേ അമ്മാവനോട് തട്ടിക്കയറി , ഇന്റർവ്യൂ എട്ടു നിലയിൽ പരാജയപ്പെട്ടിരിക്കുന്നു മഞ്ജു വാര്ര്യരുടെ മുഖശ്ചായയുള്ള നാടൻ പെണ്ണിനു എങ്ങനെ ഈ പരട്ട സായിപ്പ് അമ്മാവനായി എന്ന ആശയകുഴപ്പത്തോടെ ഞാൻ ആ പടി വിട്ടിറങ്ങിയതും അമ്മച്ചി മൊബൈലിൽ വിളിച്ചു.
മോനെ നീ അമ്മാവനെ കണ്ടോടാ അമ്മച്ചി ആയതു കൊണ്ട് മാത്രം വായിൽ നിന്നും പുറത്തേയ്ക്കു വന്ന പുളിച്ച തെറിയെ അകത്തേയ്ക്കു വിഴുങ്ങി.
അമ്മച്ചീയറിഞ്ഞോ അയാളെന്നെ ഇഗ്ളീഷിൽ തെറി പറഞ്ഞു .
പത്താം ക്ലാസ് പാസാകാതെ നാട് വിട്ടു പോയ ശൗരിയാര് മാപ്പിള പോളിടെക്ക്നിക്കും യന്ത്രങ്ങളുടെ പ്രവർത്തനവും പഠിച്ച സ്വന്തം പുത്രനെ തെറി പറഞ്ഞ വിഷമത്തിൽ അമ്മച്ചിയന്നു ചോറുണ്ടില്ല .
വെള്ളമടിച്ചു കോൺതെറ്റി പാതിരായ്ക്ക് വീട്ടിൽ വന്നു കേറുമ്പോൾ ചുമ്മാ കാലുമടക്കി തൊഴിക്കാനും ,തുലാ വർഷ രാത്രികളിൽ ഒരു പുതപ്പിനടിയിൽ സ്നേഹിക്കാനും ,എന്റെ കുഞ്ഞുങ്ങളെ പെറ്റു പോറ്റാനും ഇനിയെപ്പോഴെങ്കിലും ആ അമ്മാവനെ കാണുമ്പോൾ താൻ നാരായണൻ അല്ലെടോ കൂരായണൻ ആണെന്ന് ഇംഗ്ളീഷിൽ മുഖത്തു നോക്കി മൊഴിയുവാനും മണി മണി പോലെ ഇഗ്ളീഷ് പറയുന്ന ഒരു പെണ്ണിനെ തേടി ഞാൻ കാത്തിരുന്നു ധനു മാസ രാവിലെ ആ തിരുവാതിര നാളു വരെ...
Post a Comment