Wednesday 6 July 2016

അജപാലകനല്ലാത്ത നല്ല കള്ളൻ


പത്തു മണിക്ക് ഉത്ഘാടനം ചെയ്യേണ്ട ചിക്കൻ സ്റ്റാളിന്റെ ചില്ലറ അറേഞ്ചുമെന്റുകൾക്കാണ്‌ പപ്പനാവാൻ കൊച്ചു വെളുപ്പിനെ എഴുന്നേറ്റു കടയിലേക്കോടിയത് .ഭാസ്‌ക്കരൻ താമസിച്ചുണരുന്നതിനാൽ വീഥിയിലെല്ലാം ഇരുട്ടു കട്ട പിടിച്ചു കിടക്കുന്നു .കൈയ്യിലിരുന്ന ടോർച്ചു മുന്നോട്ടടിച്ചു മന്ദം മന്ദം മുന്നേറി കടയെത്തിയതും കാലിൽ എന്തോ തടഞ്ഞു വെളിച്ചം ആ വസ്തുവിലേയ്ക്ക് കേന്ദ്രീകരിക്കപ്പെട്ടു. അയ്യോ എന്നുറക്കെ നിലവിളിച്ചു കൊണ്ടു പപ്പനാവാൻ പിന്നോട്ടാഞ്ഞു ശേഷം മെല്ലെ കുനിഞ്ഞു ആ വസ്തുവിനെ എടുത്തുയർത്തി.
ഒരു ചുവന്നു പടർന്ന പെരുങ്കായ സഞ്ചിയിൽ ചേമ്പിലയിൽ പൊതിഞ്ഞ എന്തോ ഒന്ന് !
ഇതു കൂടോത്രം തന്നെ തന്റെ പുതിയ സംരഭം പൊളിക്കാൻ ആരോ കരുതിക്കൂട്ടി ചെയ്ത പാതകം . പപ്പനാവാൻ കടത്തിണ്ണയിൽ കുത്തിയിരുന്നു കായ സഞ്ചി തുറന്നു.ഉള്ളിൽ ചോരയിറ്റു വീഴുന്ന ഒരാട്ടിൻ തല ,അതിന്റെ നീണ്ട ചെവിയിൽ നിറയെ അവ്യക്തങ്ങളായ പുള്ളിക്കുത്തുകൾ . സാധാരണ കൂടോത്രങ്ങൾ മുട്ടയിലും കോഴിത്തലയിലുമാണ് എന്നാൽ ഇത്രയും കാശു മുടക്കി ആട്ടിൻ തലയിൽ തന്നെ കൂടോത്രം ചെയ്തവൻ നിസ്സാരക്കാരൻ അല്ല ,എന്റെ പുകയാണ് അവന്റെ ലക്ഷ്യം പപ്പനാവാൻ ടോർച്ചടിച്ചു പരിസരമാകെ വീക്ഷിച്ചു കടയെക്കെതിർ വശമുള്ള മാവിന്റെ ചില്ലയിൽ താഴ്ന്നു തൂങ്ങിയാടുന്ന രണ്ടു കാലുകൾ വെളിച്ചം മേലേയ്ക്ക് ചെല്ലുംതോറും പപ്പനാവാൻ ആകെ വിയർത്തു വിവശനായി.
പരിചിതമല്ലാത്ത ഒരു മുഖത്തിനുടമയാണ് മാവിൽ തൂങ്ങിയാടുന്നത് .പാപി ചെല്ലുന്നിടം പാതാളം എന്നു കേട്ടിട്ടേ ഉള്ളു ഇതിപ്പോൾ എന്തിനായിരിക്കും ഒരാൾ തീർത്തും അപരിചിതമായ സ്ഥലത്തു വന്നു ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത് .എന്തിനാണയാൾ ആത്മഹത്യ ചെയ്യാൻ പോകും മുൻപ് ആട്ടിൻ തല ഒരു പരിചയവുമില്ലാത്ത തന്റെ കടയുടെ അരികിൽ കൊണ്ടു വെച്ചത് . സൂര്യൻ കിഴക്കു നിന്നും തല നീട്ടി വെളിയിലേക്കു വരുന്നു മാവിൻ ചില്ലകളിലൂടെ അരിച്ചിറങ്ങിയ പ്രകാശം തൂങ്ങി നിൽക്കുന്ന മനുഷ്യന്റെ മുഖത്തെ ഹിമകണങ്ങളിൽ തട്ടി പ്രതിഫലിച്ചു കൊണ്ടേ ഇരുന്നു 

.ആർ ബ്ലോക്കിലേയ്ക്ക് പോകാൻ ഇറങ്ങിയ പെണ്ണുങ്ങൾ കടയുടെ വാതിൽക്കൽ മൃങ്ങസ്യാ കുത്തിയിരിക്കുന്ന പപ്പനാവനെ നോക്കി കമന്റ് പാസാക്കി, തുടങ്ങാൻ പോകുന്ന കോഴിക്കടയിലെ കോഴികൾക്ക് കൂട്ടിരുന്നു ഉറങ്ങിയോ പപ്പനാവേട്ടാ എന്ന അമ്മിണിയുടെ കിളിമൊഴിയാണ് പപ്പനാവനെ ഈ ലോകത്തേയ്ക്ക് തിരികെ കൊണ്ടു വരുന്നത് . ഞെട്ടിയുണർന്ന പപ്പനാവാൻ പെണ്ണുങ്ങളുടെ മുഖത്തു നോക്കി കൊണ്ടു മാങ്കൊമ്പിലേയ്‌ക്ക്‌  വിരൽ  ചൂണ്ടി . ചക്കുളത്തമ്മേ !!!!!!!!! എന്ന അലർച്ചയോടെ  പെണ്ണുങ്ങൾ പാട വരമ്പ് ലക്ഷ്യമാക്കി ഓടി.  ഓടിയവരിൽ ഒരാൾ തിരികെ ഓടി വന്നു ചോദിച്ചു ,പപ്പനാവണ്ണാ ആരാ ഈ ചതി ചെയ്തേ ??അറിയില്ല എന്ന മട്ടിൽ പപ്പനാവാൻ രണ്ടു കൈയ്യും മലർത്തി പിറകോട്ടിരുന്നു പെൺ കൂട്ടം തിരിഞ്ഞു നിന്നു വീണ്ടും വീണ്ടും രണ്ടു മൂന്നാവർത്തി ആ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി . നാടായ നാടു മുഴുവൻ മീൻ വിറ്റു  നടന്ന ശാന്ത പോലും ആളെ അറിയില്ലെന്നു പറഞ്ഞതോടെ പെൺ കൂട്ടം ചത്തവന് മുതു കഴപ്പായിരുന്നെന്നു  ഉച്ചത്തിൽ പറഞ്ഞു കൊണ്ടാ  പാട വരമ്പത്തേയ്‌ക്ക്‌ നടന്നിറങ്ങി.

കാതുകളിൽ നിന്നും കാതുകളിലേയ്ക്കാ വാർത്ത കാട്ടു തീ  പോലെ പടർന്നു കയറി . ഇരുപതു കൊല്ലം മുൻപ് ഒരാൾ വിഷം കഴിച്ചു മരിച്ചതിനു ശേഷം തങ്ങളുടെ ഗ്രാമത്തിൽ ആദ്യമായാണ് ഒരു ദുർമരണം സംഭവിക്കുന്നത് അതും തൂങ്ങി മരണം കണ്ടവർ കാണാത്തവരോട് പൊടിപ്പും തൊങ്ങലും വെച്ചു കഥകൾ മെനഞ്ഞാ മരണത്തെ ആഘോഷിച്ചു . കൂടി നിന്നവരിൽ ആർക്കും മരിച്ചയാളെപ്പറ്റി ഒരു വിവരവും  ഇല്ല. പട്ടണത്തിൽ നിന്നും പോലീസ് വരുന്നതും കാത്തു ജനക്കൂട്ടം അക്ഷമരായി  നിന്നു . പത്തു മണിക്ക് നടക്കേണ്ട പപ്പനാവേട്ടന്റെ  ചിക്കൻ സ്റ്റാൾ ഉൽഘാടനം അനിശ്ചിതമായി നീണ്ടു . ആയുസ്സു നീട്ടിക്കിട്ടിയ ആശ്വാസത്തിൽ സ്റ്റാളിലെ കൂട്ടിൽ കിടന്ന മുപ്പതു പൂവൻ കോഴികൾ അക്കരെ മരത്തിൽ തൂങ്ങിയാടുന്ന അജ്ഞാതനു ഈണത്തിൽ കൊക്കരക്കോ ചൊല്ലി അന്ത്യാഞ്ജലിയർപ്പിച്ചു .

ആട്ടിൻ തല അടക്കം ചെയ്ത പെരുങ്കായ സഞ്ചി പപ്പനാവാൻ ആരും കാണാതെ സ്റ്റാളിനുള്ളിലെ കോഴിക്കൂടുകൾക്കിടയിലേയ്ക്ക് തള്ളിയൊതുക്കി . പട്ടണത്തിൽ നിന്നു വന്ന ആരോ ആ മുഖം കണ്ടതും ഉച്ചത്തിൽ അയ്യോ ഇയാൾ കള്ളൻ ഭാസ്‌ക്കരൻ അല്ലേ എന്നുച്ചയിട്ടു കൂവി .ഗ്രാമവാസികൾ ഒന്നടങ്കം പട്ടണവാസിയുടെ ചുറ്റും കൂടി, ഭാസ്‌ക്കരൻ എന്ന പെരും കള്ളന്റെ ലീലാ വിലാസങ്ങൾ പൊടിപ്പും തൊങ്ങലും വെച്ചാ പട്ടണവാസി തട്ടി വിട്ടു. മൂക്കത്തു വിരൽവെച്ചു കേട്ടിരുന്ന ജനക്കൂട്ടം ഒന്നടങ്കം ചോദിച്ചു പിന്നിയിവൻ തൂങ്ങിയതെന്തിന് ?? അതിനുത്തരം അറിയാത്തവനെപ്പോലെ പട്ടണവാസി മാവിൻ കൊമ്പിലെ ചത്തു മലച്ചു കിടന്ന ഭാസ്‌കരന്റെ മുഖത്തേയ്ക്കു നോക്കി .

പോലീസ് വന്നു മൃതദേഹം താഴെ ഇറക്കിയാലേ ഇൻകൊസ്റ്റ് തയ്യാറാക്കാൻ കഴിയൂ ,ആർക്കാണീ ബോഡി താഴെ ഇറക്കാൻ കഴിയുക ? പോലീസ് ജനക്കൂട്ടത്തിലെ ആരോഗ്യ ദൃഢ ഗാത്രരായ ചെറുപ്പക്കാരെ നോക്കി ചോദ്യമെറിഞ്ഞു . മരം വെട്ടുകാരൻ തമ്പിയത്  കേൾക്കേണ്ട താമസം ചാടി മാവിന്റെ മണ്ടയിലേയ്ക്ക് വലിഞ്ഞു കയറി . കരിവീട്ടി കടഞ്ഞ പോലെ കിടന്ന കള്ളൻ ഭാസ്‌കരന്റെ ബോഡി നിഷ്പ്രയാസം തമ്പി താഴെ ഇറക്കി. ആർക്കെങ്കിലും  ഇയാളെ അറിയുമോ??  പോലീസ് ചോദ്യത്തിന് മുൻപ് വീമ്പിളക്കിയ പട്ടണവാസി പോലും അതി വിദഗ്ദമായി മൗനം പാലിച്ചു . പോലീസ് നടപടികൾ പൂർത്തിയാക്കി  ആർക്കും അറിയാത്ത അജ്ഞാതനായി തന്നെ കള്ളൻ ഭാസ്‌ക്കരൻ മോർച്ചറിയിലേയ്ക്ക് എടുക്കപ്പെട്ടു.
ഉത്ഘാടനം കൂടാതെ തുറന്ന ചിക്കൻ സ്റ്റാളിൽ പപ്പനാവാൻ വൈകും വരെ കുത്തിയിരുന്നു .കോഴികളുടെ കലപില ശബ്ദം അലസമാക്കിയ പകൽ കഴിയും  വരെ അയാൾക്കിതായിരുന്നു ചിന്ത എന്തിനായിരിക്കും ഇയാൾ ആത്മഹത്യ ചെയ്തിട്ടുണ്ടാവുക . അഥവാ അതിനു തുനിഞ്ഞു ഇറങ്ങിയ ആളാണെങ്കിൽ എന്തിനായിരുന്നു ഈ ആട്ടിൻ തല കയ്യിൽ കരുതിയത് ഒന്നിനും ഒരു എത്തും പിടിയും കിട്ടുന്നില്ല .
ഒരു ചിക്കൻ പോലും വിൽക്കാനാവാതെ കടപൂട്ടി പുറത്തേക്കിറങ്ങുമ്പോൾ പപ്പനാവാന് നിരാശയല്ലായിരുന്നു മറിച്ചു മനസ്സു നിറയെ ചോദ്യങ്ങൾ ആയിരുന്നു . എന്തിനാണ് കള്ളൻ ഭാസ്‌ക്കരൻ അറിയപ്പെടാത്ത നാട്ടിൽ വന്നു തൂങ്ങി മരിച്ചത് ???

രാത്രിയുടെ രണ്ടാം യാമത്തിൽ ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്ന പപ്പനാവനെ ആരോ തോണ്ടി വിളിച്ചു .അടഞ്ഞു പോകുന്ന കൺപോളകളെ വലിച്ചു തുറന്നു പപ്പനാവാൻ അയാളെ നോക്കി അവ്യക്തമായ കാഴ്ചയിലും പരിചിതമായ ഒരു മുഖം .
പപ്പനാവാ എനിക്കിച്ചിരെ ആട്ടിൻ സൂപ്പ് തരുമോ ?
ആട്ടിൻ സൂപ്പോ ?
അതെ ആട്ടിൻ സൂപ്പ് , രാവിലെ ഞാനൊരു ആട്ടിൻ തല തന്നില്ലായിരുന്നുവോ അതിന്റെ സൂപ്പ് !
പപ്പനാവാൻ മെല്ലെ എഴുന്നേറ്റു അടുക്കളയിലേയ്ക്ക് നടന്നു പിന്നാലെ ആയാളും
ആഗ്രഹങ്ങൾ തീരാതെ പിന്നെയെന്തിനാ തൂങ്ങിയേ ?
തൂങ്ങിയെന്നോ ഞാനോ എന്നെയവർ കൊന്നതല്ലേ !
ആര് ? എന്തിന് ?പപ്പനാവാൻ ഉൽക്കണ്ഠാകുലനായി
എന്നെയഴിച്ചു കൊണ്ടു പോയ പോലീസുകാർ തന്നെ !
ആട്ടിൻ തലയുടെ സൂപ്പ് കഴിക്കണം എന്നു തോന്നുമ്പോൾ ഞാൻ ഒരാടിന്റെ തല അറുത്തെടുക്കും അതാണ് ഞാൻ ചെയ്യുന്ന മോഷണം . ആട്ടിൻ തലയല്ലാതെ ഞാനൊന്നും ഏറ്റുമാനൂരപ്പനാണേൽ മോഷ്ടിച്ചിട്ടില്ല

 തോലു കളഞ്ഞ ആട്ടിൻ തല കിടന്ന വെള്ളം തിളച്ചു തിളച്ചു സൂപ്പായി മാറുന്നു . പോലീസുകാർ എന്തിനാണ് നിന്നെ തച്ചു കൊന്നത് ??
വെങ്കി എന്നു കേട്ടിട്ടുണ്ടോ വെങ്കി പോലീസ് വലിയ മുൻ കോപിയാണ് ഒന്നു പറഞ്ഞു രണ്ടിനു അടി  നാവിക്കിട്ടെ ചവിട്ടൂ. ഈ ആടിനെ തലയറുത്തു വരും വഴി വെങ്കി പോലീസിന്റെ കൈയ്യിൽ പെട്ടു .ഒരു ചവിട്ടേ കിട്ടിയുള്ളൂ അവർ തന്നെയാണ് ആ മാവിൽ കൊണ്ടു കെട്ടി തുക്കിയതും .

വറ്റി കുറുക്കുപോലായ ആട്ടിൻ സൂപ്പിനെ കോപ്പയിൽ നിന്നും ആവി പാറ്റി കുടിക്കുമ്പോൾ കള്ളൻ ഭാസ്‌ക്കരൻ പപ്പനാവനോട് ഒരു രഹസ്യം കൂടി  പറഞ്ഞു . വെങ്കി പോലീസ് ചവിട്ടി കൊല്ലുന്ന  24 മത്തെ ആളാണ് താൻ .നാളെ അയാൾ ചവിട്ടി കൊലയിൽ രജതം പൂർത്തിയാക്കുകയാണ് .

സൂപ്പു  കോപ്പയിലെ അവസാനത്തെ വറ്റും ആഞ്ഞു വലിച്ചു കൊണ്ടു കള്ളൻ ഭാസ്‌ക്കരൻ ഒന്നു കൂടി പറഞ്ഞു വെങ്കി പോലീസിന്റെ ഇരുപത്തി അഞ്ചാമത്തെ ഇര പപ്പനാവാൻ ആണത്രേ . ഒരു ദുസ്വപ്നത്തിൽ എന്ന പോലെ പപ്പനാവാൻ ഞെട്ടി ഉണർന്നു വേഗം ഉടുത്തിരുന്ന മുണ്ടുരിഞ്ഞു തലവഴി മൂടി ഉറക്കത്തിന്റെ മൂന്നാം യാമത്തിലേയ്ക്കു വഴുതി വീണൂ ...

No comments: