Wednesday 20 July 2016

തിരകൾ കടന്നൊരു തിരോധാനം


ലീവ് കഴിഞ്ഞെത്തിയ കല്യാണ സുന്ദരം കുംഭകോണത്തു നിന്നും ഒരു സ്‌പെഷ്യൽ സാധനം കൊണ്ടു വന്നു . എങ്ങനെ അതു കൊണ്ടു വന്നെന്നോ എഴുതാനും വായിക്കാനും അറിയാത്ത ആശാരിയായ കല്യാണ സുന്ദരം ഏതു ഭാഷയിൽ ഉദ്യോഗസ്ഥരോട് സംസാരിച്ചെന്നതോ ഒക്കെ എല്ലാവർക്കും ഒരത്ഭുതമായിരുന്നു. സാധാരണ അമുദാക്ക റൂമിലുള്ള എല്ലാവർക്കും ഉണ്ടാക്കി കൊടുത്തു വിടുന്ന പലഹാര പെട്ടിയുടെ കൂടെ മനോഹരമായ വേറൊരു പെട്ടി കൂടി. അതു തുറന്നപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടവൻ പുറത്തു ചാടി .
പടയപ്പാ ഇങ്ക വാടാ ..കല്യാണ സുന്ദരത്തിന്റെ നീട്ടി വിളിയിൽ അവൻ ഓടി ആ കൈകളുടെ ചൂടിലേക്ക് പറ്റി നിന്നു . ഒരത്ഭുത വസ്തുവിനെ കണ്ടപോലെ റൂമിലുള്ളവർ പടയപ്പയുടെയും കല്യാണ സുന്ദരത്തിന്റെയും മുഖത്തു മാറി മാറി നോക്കി. കല്യാണ സുന്ദരം കുംഭ കോണത്തു നിന്നും കൊണ്ടു വന്ന അത്ഭുത സാധനത്തിനെപ്പറ്റി ലേബർ ക്യാമ്പ് മുഴുവൻ വാർത്ത കാട്ടുതീ പോലെ പടർന്നു. കേട്ടവർ കേട്ടവർ കല്യാണ സുന്ദരത്തിന്റെ റൂമിലേയ്ക്ക് ഇരമ്പിയെത്തി. ബംഗ്ലാദേശി ബിലാൽ ഈ അത്ഭുത സാധാനത്തിനെ കണ്ടതും ഇതാണോ ഇത്ര വലിയ അത്ഭുതമെന്ന പുശ്ചത്തിൽ ചിറി കോട്ടി ചിരിച്ചു. ബംഗ്ളാദേശിലെ ഓരോ തെരുവിലും ആയിരക്കണക്കിന് പടയപ്പമാർ ഉണ്ടത്രേ, മാത്രവുമല്ല മത നിയമ പ്രകാരം ഇതവർക്കു അകറ്റിനിർത്തേണ്ട ഒന്നാണത്രെ . പക്ഷെ പാകിസ്ഥാനി സൽമാന് തികച്ചും വ്യത്യസ്ത അഭിപ്രായമായിരുന്നു റൂമിലെത്തിയ ഉടൻ പടയപ്പയെ അയാൾ കൈയ്യിലെടുത്തു താലോലിച്ചു .ചോക്ലേറ്റ് പ്രിയനായ സൽമാൻ പോക്കറ്റിൽ കരുതിയിരുന്ന ചോക്ക്ലേറ്റ് ബാറുകളിൽ ഒന്നെടുത്തു തൊലിയുരിച്ചു പടയപ്പയ്ക്കു കൊടുത്തു പടയപ്പ മുഴുവനും ആർത്തിയോടെ കഴിച്ച ശേഷം സൽമാന്റെ കൈകളിൽ നക്കി തുടച്ചു വാലാട്ടി . ലേബർ ക്യാമ്പിലെ സകല തൊഴിലാളികളുടെ സ്നേഹവും പരിചരണവും ഏറ്റു വാങ്ങി പടയപ്പ രണ്ടു മാസം കൊണ്ടു തന്നെ തക്കിടു മുണ്ടനായി .
കല്യാണ സുന്ദരം കഴിച്ചില്ലെങ്കിലും പടയപ്പയെ കഴിപ്പിക്കും .പരുക്കനും അധികം ആരോടും സംസാരിക്കാത്തവനുമായിരുന്ന കല്യാണ സുന്ദരം പടയപ്പ കൂടെ കൂടിയതിൽ പിന്നെ ആളാകെ മാറി പടയപ്പയെ സ്നേഹിക്കുന്നവരെല്ലാം തന്നെയും സ്നേഹിക്കുന്നുണ്ടെന്നയാൾ ധരിച്ചു വശായി.
ക്രിസ്തുമസ് ആഘോഷങ്ങളുടെ തിരക്കു തുടങ്ങിയതിൽ പിന്നെ പടയപ്പയ്ക്ക് കോളാണ് .വാങ്ങുന്ന ഓരോ പൊതിയിലും എന്തെങ്കിലുമൊക്കെ പടയപ്പയ്ക്കായി മാറ്റി വെയ്ക്കപ്പെട്ടു. കല്യാണ സുന്ദരം ക്രിസ്തുമസ് ആഘോഷങ്ങളുടെ ലഹരിയിൽ മയങ്ങി ഉണർന്നത് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് . പടയപ്പയെ കാണാനില്ല ?????
ഇന്നലെ രാത്രി കൂടി കല്യാണ സുന്ദരം തഴുകി ഉറക്കിയ പടയപ്പ എവിടെ പോയി ? കഴുത്തിൽ ബന്ദിച്ചിരുന്ന ഇരുമ്പു ചങ്ങലയും ബെൽറ്റും മാറ്റി വെച്ചിട്ടു ആരോ കടത്തി കൊണ്ടു പോയിരിക്കുന്നു .പുറത്തു നിന്നൊരാൾ വന്നു പടയപ്പയെ കൊണ്ടു പോകില്ല കല്യാണ സുന്ദരം അലറി വിളിച്ചു ആരാണെങ്കിലും 24 മണിക്കൂറിനുള്ളിൽ പടയപ്പയെ തിരികെയെത്തിക്കുക അല്ലാത്ത പക്ഷം ..അല്ലാത്ത പക്ഷം
ക്രിസ്തുമസ് കഴിഞ്ഞു ന്യൂ ഇയർ ഈവ് വരെ കല്യാണ സുന്ദരം പണിക്കിറങ്ങിയില്ല . വില കുറഞ്ഞ സ്കോച്ചിന്റെ ലഹരി ഇറങ്ങുമ്പോൾ കല്യാണ സുന്ദരം ഉച്ചത്തിൽ പടയപ്പയെ വിളിക്കും.
ചെല്ലം പടയപ്പാ നീങ്ക എങ്കേ ഇരുക്കെടാ.........
ന്യൂ ഇയർ ആഘോഷങ്ങൾ പൊടി പൊടിക്കുന്നതിനിടയിൽ സൽമാൻ ഓടി കിതച്ചു കല്യാണ സുന്ദരത്തിന്റെ കിടക്കയിൽ വന്നിരുന്നു ആരും കേൾക്കാതെ കാതിൽ ഒരു സ്വകാര്യം പറഞ്ഞു . കേട്ട പാതി കേൾക്കാത്ത പാതി സുന്ദരം ഇറങ്ങി പുറത്തേക്കോടി . പതിമൂന്നാം നമ്പർ ബ്ലോക്കിന്റെ വാതിലിൽ ആഞ്ഞു മുട്ടി ആഘോഷങ്ങളുടെ ഇരമ്പിയാർക്കലുകളിൽ ആരും ആ മുട്ടു കേട്ടില്ല കല്യാണ സുന്ദരം സർവ്വ ശക്തിയും ഉപയോഗിച്ചാ വാതിലിൽ ആഞ്ഞു ചവിട്ടി .
വൂ ദ ഫക്ക് യൂ ആർ എന്നലറി കൊണ്ടൊരു ഫിലിപ്പിനോ വാതിൽ തുറന്നു
കല്യാണ സുന്ദരം അകത്തേയ്ക്കു കയറിയതും കനത്ത നിശബ്ദത
എവിടെ എന്റെ പടയപ്പ ? കെന്നി വിലോൻസയെന്ന മുപ്പതുകാരന്റെ കോളറിൽ ചുരുട്ടി പിടിച്ചു കല്യാണ സുന്ദരം അലറി . അകത്തെ അടുക്കളയുടെ ഇടനാഴിയിൽ നിന്നും പടയപ്പയുടെ തേങ്ങലുകൾ പോലെ എന്തോ ഒന്ന് , പടയപ്പയുടെ ഇളം മേനി പകാമാകുന്ന ചൂളയുടെ അസഹനീയമാകുന്ന ചൂടിൽ നിന്നും രക്ഷപ്പെടാൻ കല്യാണ സുന്ദരം പുറത്തേക്കിറങ്ങിയോടി .അപ്പോൾ ആകാശത്തു വർണ്ണം വിതറി കൊണ്ടൊരു പുതു വർഷം പിറവിയെടുക്കുകയായിരുന്നു .............

No comments: