Wednesday 20 July 2016

ആനന്ദ് നീ ഭീരുവായിരുന്നു


ലിപ്ടൺ, ലിപ്ടൺ, സുഡാനി  മുല്ലാ  വിളിച്ചു കൂവി  ഓടുന്നത് കണ്ടാണ് ഞാൻ ഓഫീസിൽ നിന്നും താഴേയ്ക്ക് ഇറങ്ങിയത്.  രണ്ടു പറമ്പപ്പുറം വേപ്പു മരത്തിന്റെ ബലമുള്ള കമ്പിൽ ഒരാൾ തൂങ്ങി നിൽക്കുന്നു .അടുത്തു ചെന്നു ഒന്നു  സൂക്ഷിച്ചു  നോക്കി ആനന്ദ് ! എന്തവിവേകമാണിവൻ കാണിച്ചത് എന്തായിരിക്കാം ഈ പകൽ സൂര്യൻ തിളച്ചു നിൽക്കുമ്പോൾ മരത്തിൽ കയറി ജീവിതം അവസാനിപ്പിക്കാം എന്നിവനെ കൊണ്ടു ചിന്തിപ്പിച്ചത്. കൂടി നിന്നിരുന്നവർ അപസർപ്പക കഥകൾ ഭാവനയിൽ മെനയാൻ തുടങ്ങും മുൻപു ഞാൻ പിന്നിലേയ്ക്ക് വലിഞ്ഞു .മരിച്ച മുഖങ്ങൾ കാണുന്നത്  പണ്ടേ പേടിയാണ് ദുർമരണങ്ങളെ പ്രത്യേകിച്ചും, തിരികെ ഓഫീസിൽ എത്തുമ്പോൾ മനസ്സു പല ചിന്തകളിൽ അസ്വസ്ഥമായിരുന്നു  എന്തിനായിരിക്കും അയാൾ ജീവിതം ഉപേക്ഷിക്കാം എന്നു തീരുമാനിച്ചത് ,ഞാൻ അറിഞ്ഞിടത്തോളം ആനന്ദ് മാന്യനും സൽസ്വഭാവിയുമാണ് .കഴിഞ്ഞ അഞ്ചു കൊല്ലമായി  അയാളെ കാണാറുണ്ട് അത്യാവശ്യം സംസാരിക്കാറുമുണ്ട് അപ്പോഴൊന്നും എന്തെങ്കിലും നീറുന്ന പ്രശ്നമുള്ളയാളാണയാൾ എന്നെനിക്കു തോന്നിയിട്ടില്ല . മനസുകൾ എങ്ങനെയൊക്കെയാണ് ചിന്തിക്കുന്നതെന്ന് ആർക്കറിയാം ഒരു നിമിഷത്തെ അശുഭ ചിന്ത അതു മതി ഒരു ജീവൻ അപഹരിക്കാൻ ഞാൻ എന്റെ ജോലിയിൽ വ്യാപൃതനായി .

പ്രേമ നൈരാശ്യം മുതൽ കമ്പനിയിൽ നിന്നും പിരിച്ചു വിടാൻ നോട്ടീസ് കിട്ടിയതിലുള്ള മനോ വിഷമം വരെ ആ മരണത്തെ ചുറ്റിപറ്റി കിംവദന്തികൾ പ്രചരിച്ചു.ആത്മഹത്യയെന്ന്‌ സ്ഥിരീകരണം വന്നു ബോഡി എംബാം ചെയ്തു നാട്ടിൽ കയറ്റുന്നതിനു മുൻപ്‌ ഒരിക്കൽ കൂടി ഞാനയാളെ  കാണാൻ പോയി പതിവു പുഞ്ചിരിയോടെ ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ ഉറങ്ങുന്നു എന്നാണെനിക്കു തോന്നിയത് .മൃത പേടകത്തിന് കൂട്ടായി ചേട്ടനുമുണ്ട് ഞാൻ അയാളോടും കാര്യം തിരക്കി എന്തായിരിക്കാം ഈ മരണ കാരണം. മരിക്കുന്നതിന്റെ  അന്ന് രാവിലെ കൂടി സന്തോഷവാനായി ഫോണിൽ സംസാരിച്ചവനാണ് ശേഷം എന്താണ് സംഭവിച്ചത് എന്നറിയില്ല എന്നു പറഞ്ഞയാൾ കൈമലർത്തി .
ആനന്ദ് മരിച്ചു ഒരു മാസം തികയും മുമ്പേ ഓഫീസ് സെക്രട്ടറി ജോവാൻ രാജിക്കപേക്ഷിച്ചു. ജോവാൻ പല വിചിത്രമായ കാരണങ്ങളും പറഞ്ഞു പിൻവാങ്ങുന്നതിലുള്ള ദുരൂഹത ചോദ്യം ചെയ്ത ജി എമ്മിനു മുന്നിൽ അവൾ പൊട്ടിക്കരഞ്ഞു . ആനന്ദിന്റെ ജീവൻ അവളുടെ ഉദരത്തിൽ വളരുന്നുണ്ടത്രേ അതറിഞ്ഞ പകലിലാണയാൾ ഒരു മുഴം കയറിൽ എല്ലാം അവസാനിപ്പിച്ചു മടങ്ങിയത് .
ജോവാൻ ഫിലിപ്പിൻസിലേയ്ക്ക് മടങ്ങും മുൻപു ആ വേപ്പു  മരത്തിന്റെ തണലിൽ വന്നിത്തിരി നേരമിരുന്നു. തന്റെ ഉള്ളിൽ നാമ്പിടുന്ന ഒരു ഭീരുവിന്റെ ജീവനു വിമാനം മനിലയിലെത്തുന്ന നേരം വരെ മാത്രമാണ് ആയുസ്സെന്ന് അവളാ മരത്തിനോട് ചേർന്നു നിന്നു മന്ത്രിച്ചു.പഴുത്തു കിടന്ന മരുഭൂമി പെട്ടന്ന് തണുത്തു രണ്ടു ജീവനുകളുമായി ആ വിമാനമുയരുവോളം മരുഭൂമിക്കൊരേ  തണുപ്പായിരുന്നു ആനന്ദിന്റെ മൃതദേഹം മരത്തിൽ നിന്നിറക്കിയപ്പോൾ ഉണ്ടായിരുന്ന പോലത്തെ വിറങ്ങലിച്ച തണുപ്പ് ........

No comments: