Saturday, 13 February 2016

പൂക്കാത്ത മരങ്ങൾ


നാളെ വിധിയാണ് ജീവനെപ്പോലെ സ്നേഹിച്ച ടോണി എന്നെന്നേയ്ക്കുമായി എനിക്കാരുമല്ലാതാകും എന്തായിരുന്നു ഞാൻ ചെയ്ത മഹാപരാധം. ഓർക്കുമ്പോൾ ഭയമാണ് ഒന്നര കൊല്ലം അവനില്ലാതെ ഞാൻ പൂർത്തിയാക്കിയിരിക്കുന്നു ഇനിയങ്ങോട്ടും അവൻ ഉണ്ടാവില്ല. ഷീന എന്ന വിദ്യാ സമ്പന്നയായ ഞാൻ ലോകത്തിൽ ഇത്രമേൽ വേറൊരാളെ സ്നേഹിച്ചിട്ടില്ല എന്നിട്ടും എന്തു കൊണ്ടിങ്ങനെ ? ഷീന ടോണി എന്ന ലേബലിൽ കഴിഞ്ഞ ആ ആറു വർഷം അത് മതി എനിക്ക് ജീവിത കാലം മുഴുവൻ ഓർക്കാൻ, ആ ഓർമകളിൽ ശിഷ്ട്ട കാലം എനിക്ക് ജീവിക്കണം. നിന്റെ ഭാവിക്കു ഞാൻ ഒരു വിലങ്ങു തടി ആകേണ്ട എന്ന തോന്നലാണ് എന്നെ പരസ്പര സമ്മതത്തോടെ ഒരു വിവാഹ മോചനത്തിന് വേണ്ടി അനുവാദം മൂളിച്ചത് തന്നെ , പ്രാണൻ പറിചെറിയുന്ന വേദനയിൽ ഞാൻ ഉഴലുകയാണ് എങ്കിലും ടോണി നീ അറിയാതെ പോയില്ലേ നിന്നെ ഞാൻ എത്രമേൽ സ്നേഹിച്ചിരുന്നു എന്ന്.
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് എനിക്കും ടോണിക്കും ഇടയിലാണെന്ന് വിശ്വസിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. സ്നേഹം പൂത്തുലഞ്ഞു നൂറും അറുപതും മേനി വിളവു നൽകിയിരുന്ന പുഷ്കല കാലം ഒരു ദിവസം പോലും വേർപിരിയാൻ ആകാത്ത വിധം ഞങ്ങൾ അടുത്തിരുന്ന ആ ദിവസങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞകന്നത്. എന്തായിരിക്കാം അവൻ എന്നെ വെറുക്കാൻ ഉണ്ടായ കാരണം ടോണി നീ ഒരു പാവമായിരുന്നില്ലേ എന്നിട്ടും ,അൻവർ എന്റെ പിന്നാലെയുണ്ടെന്നു ആരോ പറയുന്നത് കേട്ട് എന്നോട് ഒന്ന് ചോദിക്കുക പോലുംചെയ്യാതെ എന്നെ ഒഴിവാക്കിയത് എന്തിനായിരുന്നു .. ശരിയായിരുന്നു അൻവർ ഒരിക്കൽ എനിക്ക് വേണ്ടപെട്ടവനായിരുന്നു പക്ഷെ നിന്നെ മിന്നു കെട്ടിയ അന്ന് മുതൽ നീ മാത്രമായിരുന്നില്ലേ എന്റെ എല്ലാം. എത്ര തവണ പറഞ്ഞും പറയിപ്പിച്ചും നിന്നെ ഞാൻ വിശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നിട്ടും നീയെന്തേ ഒടുവിൽ അതെ കാരണത്താൽ എന്നെ കൈയൊഴിയുന്നു. അക്കാരണത്താൽ മാത്രമല്ല ഞാനറിയാൻ പാടില്ലാത്ത മറ്റെന്തോ കാരണം കൊണ്ട് കൂടിയാണ് നീ എന്നിൽ നിന്നകലുന്നത് , അത് നീ എന്നോട് തുറന്നു പറഞ്ഞിട്ട് പിരിഞ്ഞിരുന്നെങ്കിൽ എനിക്കെന്തു സന്തോഷമായേനെ, ഒരിക്കലും നിന്റെ വഴികളിൽ വിലങ്ങു തടിയാകാൻ ഞാൻ വരുമായിരുന്നില്ലല്ലോ . ഇപ്പോഴും എന്റെ ഒരു നോ എന്നൊരു വാക്കിനാൽ എനിക്ക് നിന്നെ ചുവപ്പ് നാടകളിൽ തളച്ചിടാം പക്ഷെ ഞാൻ അത് ചെയ്യാത്തത് എനിക്ക് നിന്നോടുള്ള അഗാധ സ്നേഹത്താൽ മാത്രമാണ് നാളെ കോടതിയിൽ വെച്ച് കണ്ടു പിരിയുമ്പോൾ നിനക്ക് നൽകാൻ ഞാനൊരു സമ്മാനം കൊണ്ട് വരുന്നുണ്ട്. എന്റെ പ്രാണനോളം സ്നേഹിച്ച ഒരു സമ്മാനം അത് വാങ്ങി നീ പുതിയ ജീവിതത്തിലേയ്ക്ക് പോയ്‌കൊള്ളൂക.
കോടതി മുറിയിൽ രണ്ടു ധ്രുവങ്ങളിൽ നിന്നെത്തിയവരെ പോലെ മാറിനിന്ന ടോണിക്കും ഷീനയ്ക്കും ഉള്ളിൽ എരിയുന്ന അഗ്നി പർവതമുണ്ടായിരുന്നിരിക്കണം. ലാവാ പ്രവാഹത്തിന്റെ ചൂടിൽ ചിന്തകളും സ്വപ്നങ്ങളും വാടി കരിഞ്ഞിട്ടുണ്ടാവണം. ഷീനയ്ക്കു എന്തെങ്കിലും പറയണം എന്നുണ്ട് പക്ഷെ വാക്കുകൾ മിഴിനീർ തുള്ളികളായെങ്കിൽ എന്നവൾ ഭയക്കുന്നു. സ്വയം സൃഷ്ട്ടിച്ച ഇരുമ്പുവലയത്തിനുള്ളിൽ ബന്ധനസ്ഥയായ വാനമ്പാടിയെ പോലെ അവൾ മൂകം തേങ്ങി. പരസ്പര ധാരണകളിൽ ഒരുമിച്ചു പോകാനാവാത്ത വിധം അകന്ന ദമ്പതികളെ നിയമം മൂലം വേർപെടുത്തുന്ന ആരാച്ചാരുടെ അന്തിമ വിധി വന്നു കഴിഞ്ഞു. കോടതി വിധി കേട്ട് പുറത്തിറങ്ങിയ ടോണിയുടെ മുൻപിൽ ഇരു കൈകളും കൂപ്പി അവൾ മുട്ടിൻ മേൽ നിന്നു. ടോണി കുനിഞ്ഞു അവളുടെ ചുമലിൽ പിടിച്ചുയർത്തി ടോണിച്ചായാ ഇനി ഒരിക്കലും ബുദ്ധി മുട്ടിക്കാൻ ഈ വഴികളിൽ ഞാൻ ഉണ്ടാവില്ലന്നു തേങ്ങി കൊണ്ടവൾ ആ ചുമലിലേയ്ക്ക് വീണു.ഷീന പ്രിയതമനു കാത്തു വെച്ച അവസാന സമ്മാനവും ചുമലിലേറ്റി ടോണി നിന്നു പിരിക്കാനാവത്ത ഓർമകളുടെ തുളസീ ഗന്ധം പേറുന്ന അവളുടെ മുടിയിഴകളിൽ ചുംബിച്ച്.

1 comment:

ajith said...

കഥ വായിച്ചു
ആശംസകൾ