Thursday, 16 June 2016

അപ്പോൾ ഡി ജി പി മദ്യപിക്കുകയായിരുന്നു

മദ്യ മേഖലാ ഡി ജി പി വന്നതും ഒറ്റക്കണ്ണന്റെ പിടലിക്ക് പിടിച്ചു തിരിച്ചു .കൊടിയ വേദനയിൽ ട്രക്ക് എന്നൊരു സ്വരമുണ്ടാക്കി അവൻ കഴുത്തിൽ നിന്നും തെന്നി മാറി , വടക്കൻ കാറ്റു വന്നൊരു വാട തോമ്മാച്ചന്റെ മൂക്കിലെയ്ക്ക് ഇടിച്ചു കയറി, ഊത്തെടാ ഊത്ത് ,ഡി ഐജി യുടെ മുന്നിലേയ്ക്കയാൾ ഗ്ലാസു നീട്ടി. ബാറിലെ അളവ് ഗ്ലാസ്സു തോൽക്കുന്ന സൂക്ഷ്മതയിൽ അയ്യാൾ തൊണ്ണൂറു വീതം ഗ്ലാസ്സിലേയ്ക്ക്‌ പകർത്തി
വരാൽ വെള്ളമെടുക്കും പോലെ തോമാച്ചൻ ഗ്ലപ്പന്നൊരു കമത്തു കമത്തി. ഗ്ലാസ്സിലൊഴിച്ച മൃതസഞ്ജീവനി എങ്ങോട്ട് പോയെന്നു നോക്കിയിരുന്ന രാജേന്ദ്രന്റെ അടിനാവിക്കിട്ടൊരു കുത്ത് കുത്തി ഡി ജി പി അമറി
എടുത്തു കേറ്റഡാ കവിട്ടേ ! ഡി ജി പിയുടെ ഉഗ്ര ശാസന കേൾക്കേണ്ട താമസം പേടിച്ചു മുള്ളികൊണ്ടയാൾ ഗ്ലാസ്സു കാലിയാക്കി , കാലാച്ചന്റെ കടയിലെ പോട്ടി വരട്ടിയതും കപ്പയും തുറന്നതു പത്തു കണ്ണൻ അതിലേയ്ക്ക് അഞ്ചു വിരലിറക്കി തൂമ്പാ പണിക്കാരൻ അനിരുദ്ധന്റെ വേഗതയിലവൻ പോട്ടി തിരഞ്ഞു തോണ്ടിയകത്താക്കി . ഒരു റൌണ്ട് വെടി പൊട്ടിതീർന്നു .കാവാലം കുട്ടപ്പൻ കവിത പാടി തുടങ്ങാൻ സമയമായോ എന്ന് ശങ്കിച്ചു നിൽക്കുമ്പോൾ രാജേന്ദ്രൻ ആ വെടി പൊട്ടിച്ചു. എന്നാ പോക്ക്രിത്തരമാ ഡി ജി പീ നിങ്ങടെ പോലിസ് കാണിക്കുന്നേ ?
ഡൊമനിക് ജോസഫ്‌ പാലത്തിങ്കൽ എന്ന സാദാ സിവിൽ പോലീസുകാരൻ കള്ള് കുടി സഭയിൽ എത്തിയാൽ ഡി ജി പി യാണ്. കാര്യം പിടികിട്ടാതെ അയാൾ കവിട്ടു രാജേന്ദ്രനെ സൂക്ഷിച്ചു നോക്കി
അല്ലാ ആ പെരുമ്പാവൂരെ കൊച്ചിനെ കൊന്നിട്ടിപ്പം എത്രയായി , ഇത് വരെ എന്തേലും തുമ്പുണ്ടായോ ? കവിത പാടി തുടങ്ങാനുള്ള ത്വരയിൽ കുട്ടപ്പൻ അടുത്ത തൊണ്ണൂറു ഗ്ലാസ്സിലേയ്ക്ക്‌ പകർത്തി. ആവി പറക്കുന്ന കപ്പക്കൊഴ ഒന്ന് തോണ്ടി നാക്കിന്റെ കേന്ദ്ര സ്ഥാനത്തു വെച്ചിട്ടു ഡി ജി പി അകത്തോട്ടു വലിച്ചു. മൂന്നണ്ണം അകത്തു ചെന്നു കഴിഞ്ഞാൽ പിന്നെ തോമാച്ചൻ ബോയിലറൂ കുറ്റി തുറന്നു വിടും , കോർപ്പറേഷൻ വീപ്പയുടെ അടുത്തു പോയാലും ആസ്വദിക്കാൻ കഴിയാത്ത അസാധ്യ വെടക്ക് നാറ്റമാണ് അത് കൊണ്ടു തന്നെ രണ്ടു പെഗ് കഴിയുമ്പോൾ തോമാച്ചനു ചങ്ങല വലിച്ചു നിർത്തും .
തോമാച്ചൻ ഇടപെട്ടു സ്കോട്ട്ലാൻഡ്യാർഡ്‌ എന്ന് കേട്ടിട്ടുണ്ടോ നിങ്ങൾ ലോകത്തിലെ മികച്ച പോലിസ് അവരാണെന്ന വെയ്പ്പ് എന്നാൽ മ്മുട പുലികുട്ട്യോൾ ഉണ്ടല്ലോ അതിലും മെകച്ചതാ .. ആാ ...
വരിയൊടക്കുന്നതാ ........................ മോന്മാർ എന്തേലും ഉണ്ടായാൽ ഉടൻ കോണാത്തീന്നു വിളി വരും ഓൻ നമ്മടാളാ വിട്ടേക്കെന്നും പറഞ്ഞു തോമാച്ചന്റെ രക്തം തിളച്ചു കയറി.
തീറ്റിയിലും കുടിയിലും രതിയിലും മാത്രം അടയിരിക്കുന്ന പത്തൂ കണ്ണൻ മെല്ലെ തലപൊക്കി
ഇതേതോ കഴപ്പൻമാരാന്നേ , കുറെയുണ്ടല്ലോ അന്യ സംസ്ഥാനത്തു നിന്നും വന്നു കുളിക്കാതെയും നനയ്ക്കാതെയും നടക്കുന്നോന്മാർ അവരിൽ ഏതോ മൂത്ത കഴപ്പനായിരിക്കും പ്രതി.
ചർച്ച ഒരു പരിസമാപ്തിയിൽ എത്തിയിട്ട് വേണം കുട്ടപ്പനു കാവാലത്തിന്റെ ആലായാൽ തറ വേണം പാടാൻ കുട്ടപ്പൻ ഡി ജി പിയെ ആഞ്ഞു തള്ളി നിങ്ങളു പറ ആ പെങ്കൊച്ചിനു നീതി കിട്ടുവോ ??
ആഡ്രീനാലിനിലേയ്ക്ക് കയറി കഴിഞ്ഞ ആൽക്കഹോളിന്റെ ആനന്ദത്തിൽ നിന്നും മുക്തനാകാത്ത ഡി ജി പി ഒറ്റകണ്ണൻ കുപ്പി എടുത്തു മേളോട്ടു ഉയർത്തി, കണ്ടില്ലേ ഇവൻ ഒറ്റ കണ്ണനാ കാണേണ്ടത് മാത്രമേ കാണൂ ,കാണണ്ടാത്ത കാഴ്ചകൾ വരുമ്പോൾ ഞങ്ങൾ കണ്ണ് മാറ്റിയടക്കും ചില കാഴ്ചകൾ കണ്ടാൽ ഞങ്ങളുടെ ഉള്ള കാഴ്ച കൂടി നഷ്ടമാകും അത് കൊണ്ടു പരിമിതമായ കാഴ്ചയിൽ ഞങ്ങൾ രംഗം ആസ്വദിക്കുകയാണ്.
അവസാന റൌണ്ട് വെടിയൊച്ച കേട്ടതും വളിയടിക്കില്ലന്ന ഉറപ്പുമായി തോമാച്ചനും ഗ്ലാസ്സുമായി എത്തി മനുഷ്യനെ മൃതനാക്കുന്ന മൃതസഞ്ജീവനി നാലു ഗ്ലാസ്സിലേയ്ക്കും സമാസമം ഒഴുകിയിറങ്ങി.
കുട്ടപ്പൻ വലിയ തൊള്ള തുറന്നാ കാവാലം കവിത ഈണത്തിൽ പാടി
ആലായാൽ തറ വേണം അടുത്തൊരമ്പലം വേണം
ആലിനു ചേർന്നൊരു കുളവും വേണം
കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം .................
Post a Comment