Monday, 20 June 2016

നരകത്തിലെ കോഴി മൂന്നാം പ്രാവശ്യവും കൂവി


വ്യാഴാഴ്ച സൂര്യൻ അസ്തമിക്കുന്നതിനായി പടിഞ്ഞാറോട്ടു നീങ്ങി തുടങ്ങിയതും മയിൽ വാഹനം ഷാർജാ ദുബൈ ബോർഡർ കടന്നു ലുലുവിന്റെ പൈതൃക ഗ്രാമത്തിന്റെ പാർക്കിങ്ങിലേയ്ക്ക് ഇടിച്ചു കയറി. സാധരണ വ്യാഴ കളമൈ റെഡി മെയ്‌ഡ്‌ ഭക്ഷണമാണ്. ആറു ദിവസം ജോലി ചെയ്തിട്ടു കർത്താവ് തമ്പുരാൻ പോലും ഒരു ദിവസം ചുട്ടിയെടുത്തു. അതു വെച്ചു നോക്കുമ്പോൾ നുമ്മ വെറും ഒരു നേരം അതും നട്ടരിയാണി വെയിലിൽ വാടി തളർന്നു പണിയെടുത്തതിന് ശേഷം ഒരു നരകത്തിലെ കോഴിയും കുപ്പൂസും കഴിക്കുന്നത് ഒട്ടും ആഡംബരമല്ല .
നരകത്തിലെ ചൂടിൽ ലൂസിഫറിന്റെ കൊട്ടാരത്തിൽ വെന്തുരുകുന്ന പൂവൻ കോഴികളെ നിങ്ങളോ നിങ്ങളുടെ പൂർവീകരോ ചെയ്ത പാപ ഫലമാണോ ഈ പരിഹാരബലി.കൊന്നാൽ പാപം തിന്നാൽ തീരും എന്നാണ് അഭിജ്ഞാന ശാകുന്തളത്തിൽ കണ്ണ മഹർഷി പറഞ്ഞിരിക്കുന്നത് മുഴുത്ത ഒന്നിനെ ചൂണ്ടിക്കാട്ടി ഫിലിപിനോ സെയിൽസ്മാനോട് അവനെ പാക്ക് ചെയ്യാൻ ഉത്തരവിറക്കി.
സോറി സാർ കുറച്ചു നേരം വെയിറ്റ് ചെയ്യേണ്ടി വരും ഇവൻ കോലിൽ കയറിയിട്ട് രണ്ടു മിനിറ്റു പോലുമായില്ല മിനിമം പതിനഞ്ചു മിനിറ്റു കഴിഞ്ഞാലേ ഇവൻ പാകമാകു . ഒരു കാര്യം ചെയ്യൂ സാർ ഒന്നു കറങ്ങിയിട്ടു വാ അപ്പോളേയ്ക്ക് ഇതു റെഡിയാകും ,അല്ലെങ്കിൽ ഇവിടെ നിന്നോളൂ എനിക്കൊരു കമ്പനി താ തത്തമ്മ ചുണ്ടൻ ഫിലിപ്പിനോ എന്നെ നോക്കി കണ്ണിറുക്കി.
മാസാവസാനമായതിനാലും ജന്മനാ ദുർബല ഹൃദയനും വരുമാനം കുറഞ്ഞവനുമാകയാൽ തത്തമ്മ ചുണ്ടൻ ഫിലിപൈനിയുടെ ശൃഗാരത്തിനു തലവെക്കാൻ തീരുമാനിച്ചു. സാറിനറിയുമോ ഈ കോഴികൾക്കൊക്കെ ആത്മാവുണ്ട് ദിവസവും ഈ കോലിൽ കയറ്റും മുൻപ് ഞാൻ ഇവയെ ഒന്നു നോക്കും അവരെന്നെ നോക്കി ദയനീയതയോടെ ഉച്ചത്തിൽ കൂവും . മരിക്കുന്നതിന് മുൻപ് ഇതിന്റെ എല്ലാം ഫലം അനുഭവിക്കാതെ ഞാൻ പോകില്ല ബ്രോ ... തത്തമ്മ ചുണ്ടൻ വികാരാധീനനായി . ആറു മാസം മുൻപ് ബ്രസീലിലെ ഏതോ പോൾട്രി ഫാമിൽ കൊല ചെയ്യപ്പെട്ടു വിറച്ചു വികാരമില്ലാത്തവനായി ഇരുന്നു വിമാനം കയറിയ കോഴി ഫിലിപ്പീനിയെ നോക്കി കൂവിയെന്ന് ബ്ലഡി ഫുൾ ചുമ്മാതല്ല നീ നരകത്തിലെ കോഴിയുടെ കാവൽക്കാരനായത്.
വലിയ കമ്പി കഷണം ഒന്നെടുത്തു കറങ്ങുന്ന കോഴികളിൽ ഒന്നിനെ ആ ഫിലിപ്പീനി കുത്തി നോക്കി ,രക്തവും വെള്ളവും ഒഴുകുന്നില്ലന്നും മാംസം ഭഷ്യ യോഗ്യമായെന്നും ഉറപ്പു വന്ന ശേഷം അയാൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞു ആ നരക കോഴിയെ എനിക്കു നൽകി .
സൂര്യൻ പടിഞ്ഞാറസ്തമിച്ചു വില കുറഞ്ഞ സ്കോച്ച് രണ്ടെണ്ണം വീശിയിട്ടാണാ ചിക്കൻ പാർസൽ തുറന്നത് , തുറന്നതും കൊക്കരക്കോ എന്നു കുറച്ചു കൊണ്ടൊരു പൂവൻ കുതിച്ചു മുന്നിലോട്ടു ചാടി , ഡൈനിങ് ടേബിളിന്റെ മധ്യത്തിൽ നിന്നവൻ എന്തൊക്കയോ പയ്യാരം പറഞ്ഞു ശേഷം മെല്ലെ പാത്രത്തിന്റെ മദ്ധ്യത്തിൽ വന്നിരുന്നു ഇങ്ങനെ ചോദിച്ചു മരിക്കുന്നതിന് മുൻപ് നീ ഇതിന്റെ ഫലം അനുഭവിക്കുമോ ??
അന്തം വിട്ടു കുന്തം വിഴുങ്ങി നിന്ന ഞാൻ തത്തമ്മ ചുണ്ടൻ ഫിലിപ്പിനോയെ ഓർത്തു അപ്പോൾ കോഴി മൂന്നാം പ്രാവശ്യവും കൂവി . മസാല പിരണ്ട മാംസങ്ങളും കിഴക്കൻ സ്കോട്ട്ലാൻഡിൽ വാറ്റിയ സ്കോച്ച് വിസ്ക്കിയും തമ്മിൽ യുദ്ധം നടത്തുമ്പോൾ സ്വർഗ്ഗ നരകങ്ങളെ നിങ്ങൾ എനിക്കു വിളിപ്പാടകലെയായിരുന്നു.... ....

No comments: