Thursday, 9 June 2016

സ്ത്രീയേ നീ വരുവോളം ....


മുട്ടോളമെത്തുന്ന നീണ്ട പോക്കറ്റുള്ള കാക്കി നിക്കറിൽ നിന്നും പുറത്തെടുക്കുന്ന പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ മുറുക്കി ചാവാലി പട്ടികളെ കൊല്ലുന്ന പുരുഷൻ പട്ടികളുടെ പേടി സ്വപ്നമായിരുന്നു. ഒരു നാൾ ആ കാക്കി നിക്കറിന്റെ പോക്കട്ടിനുള്ളിലെ കയറിൽ കഴുത്തു ഞെരിച്ചേക്കപ്പെടാം എന്ന ഭയം മൂലം പുരുഷന്റെ നിഴൽവെട്ടത്തിൽ പോലും വരാൻ പട്ടികൾ മടിച്ചു.
പുരുഷനു നായ്ക്കളെ കൊല്ലുന്നത് ഒരാനന്ദമായിരുന്നു , മുനിസിപ്പാലിറ്റി നൽകുന്ന മാസ ശമ്പളം പ്ലാസ്റ്റിക് കവറിൽ വരുന്ന പട്ട വാങ്ങാൻ കൂടി തികയുമായിരുന്നില്ലങ്കിലും പുരുഷൻ രാവിലെ തന്നെ കുളിച്ചൊരുങ്ങി മുനിസിപ്പാലിറ്റിയുടെ ട്രാക്ടറിൽ കയറി നാട് ചുറ്റൽ ആരംഭിക്കും. തെരുവോരങ്ങളിൽ അലയുന്ന പട്ടികൾക്കു പുരുഷന്റെ ഗന്ധം മരണത്തോളം ഭയാനകമായിരുന്നു .ആറാമിന്ദ്രിയം പ്രവർത്തിക്കുന്നവനെപ്പോലെ പുരുഷൻ പട്ടികൾക്ക് പിന്നാലെ എപ്പോഴുമുണ്ടായിരുന്നു ഒരിക്കൽ മാർക്കറ്റിലെ ചവറൂ കൂനയിൽ പെറ്റു കിടന്ന ഒരു പെൺ പട്ടിയെ പുരുഷൻ പിടി കൂടി കൊന്നു . കൊന്നതിനു ശേഷമാണ് കണ്ണു തുറക്കാത്ത ആറൂ ആൺ പട്ടി കുഞ്ഞുങ്ങളെ പുരുഷൻ കാണുന്നത് . കുറ്റബോധം തോന്നി തുടങ്ങിയ പുരുഷൻ യാന്ത്രികമായി അവയെ പെറുക്കി കൂട്ടി കുട്ടികളുണ്ടാകത്തതിനു പുരുഷനോട് എന്നും കലഹിച്ചിരുന്ന ഭാര്യ രമണിയെ ഏൽപ്പിച്ചു. രമണിയവരെ മക്കളെപ്പോലെ നോക്കി വളർത്തി എൺപതുകളിലെ പ്രതികാര ദാഹിയായ മക്കൾ കഥ പറയുന്ന ഐവി ശശിയുടെയും ജോഷിയുടെയും സിനിമകൾ കാണാത്ത പട്ടികുട്ടികൾ മിടുക്കരായി വളർന്നു.
തങ്ങളുടെ പരമ്പരയെ ഉന്മൂലനം ചെയ്യാൻ ഭീഷ്മ ശപഥം എടുത്ത പുരുഷൻ അവർക്കു പിതാവും സംരക്ഷകനുമായി .രക്തത്തെ ഒറ്റു കൊടുത്തിട്ടാണ് തങ്ങൾ രാജാക്കന്മാരായി പുരുഷനോടൊപ്പം കഴിയുന്നതെന്ന ചിന്ത ആറു ആൺ ചാവാലി പ്പട്ടികൾക്കും ആറു മാസം വരെ ഉണ്ടായിരുന്നേ ഇല്ല .എന്നാൽ ഏഴാം മാസം പെൺ മണം തുടങ്ങിയ നാളുകളിൽ ഒന്നിൽ നഗരത്തിൽ നിന്നും വന്ന സുന്ദരിക്കുട്ടിയാ ഞെട്ടിക്കുന്ന സത്യം ആറു തക്കിടുമുണ്ടൻ ചാവാലികളുടെയും ചെവിയിൽ അടക്കം പോലെ പറഞ്ഞു.
പിറ്റേന്നു രാവിലെ ബേബി ഫുഡും കൊണ്ട് മക്കളെ കാണാനെത്തിയ പുരുഷനെ കൂട്ടം കൂടി നിന്നു തക്കിടുമുണ്ടൻ ചവാലികൾ കടിച്ചു കീറി , ബാലൻ കെ നായരെ ചവിട്ടി തേയ്ക്കുന്ന നസീറിന്റെ ആർജ്ജവത്തോടെ അവരാ പ്രതികാര കഥ ശശികുമാർ സിനിമകളെക്കാൾ ഭംഗിയാക്കി . പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി ഇനി കാണാൻ ഇരിക്കുന്നതേയുള്ളൂ കാരണം ആറു ചാവാലികൾക്ക് ഇടയിലേയ്ക്ക് ഒരു സുന്ദരി എത്തിയിട്ടേ ഉള്ളു ഇനിയാണ് നീണ്ട കഥയുടെ ആരംഭം..........................

No comments: