Friday, 28 October 2016

സ്നേഹപൂർവ്വം,വെസ്സൽ ജോഹാൻസ് ഹാൻസി ക്രോണിയ


ഞാൻ ചെയ്ത തെറ്റിന് ഒരു ന്യായീകരണവും പകരമാവില്ലെന്നെനിക്കറിയാം ,രാജ്യവും രാജ്യത്തെ ക്രിക്കറ്റ് പ്രേമികളായ ആയിരക്കണ ക്കിനു ചെറുപ്പക്കാരോടും ,എന്നെ സ്നേഹിച്ച എന്റെ കുടുംബക്കാരോടും എന്നോട് തന്നെയുമാണ് ഞാൻ അവിശ്വസ്തത കാട്ടിയത് . മുപ്പതു വെള്ളിക്കാശിനു വേണ്ടി യേശുവിനെ ഒറ്റു കൊടുത്ത യൂദാസിന്റെ ഗണത്തിലാവും ചരിത്രം എന്നെ വിലയിരുത്തുക . നാളെ ഞാൻ അകാലത്തിൽ കൊല്ലപ്പെട്ടേക്കാം കാരണം ചില ദുർമ്മേദസ്സുകളുടെ മേൽ ഡെമോക്ലീസിന്റെ വാളു പോലെ തൂങ്ങിയാടുന്ന ഒരഗ്നി പർവ്വതമുണ്ടെന്റെ ഉള്ളിൽ ഏതു നിമിഷവും പൊട്ടി തെറിക്കാവുന്ന അനേകം അധികാര ദുർഗ്ഗങ്ങൾ ഒലിച്ചു പോയേക്കാവുന്ന ആ ലാവാ പ്രവാഹത്തെ അവർ പേടിക്കുന്നു . അവരെന്റെ പിന്നാലെയുണ്ട് എന്റെ ചലനങ്ങൾ അന്വേഷിച്ചു എനിക്ക് പിന്നാലെ ആയിരം ചാരകണ്ണുകൾ അലയുന്നതെനിക്കു കാണാം . ഇതൊന്നും എന്റെ തെറ്റിനെ ന്യായികരിക്കാൻ ഞാൻ പറയുന്ന തടസ്സവാദങ്ങളോ ക്ഷമാപണമോ അല്ല .അപ്പൻ എവിയും 'അമ്മ സാൻ മരിയയും പഠിപ്പിച്ച പാഠങ്ങളിൽ നിന്നും പണം കണ്ടുമനമിടറിയതിനുള്ള ശിക്ഷയാണ് ഞാൻ ഇപ്പോൾ കടന്നു പോകുന്ന എരിതീ ജ്വലനം .
വിലക്കിൽ നിന്നും മോചിതരായി കെപ്ലർ വെസ്സൽസിന്റെ ടീമിൽ സൗത്ത് ആഫ്രിക്കയ്‌ക്ക്‌ വേണ്ടി ഇറങ്ങുമ്പോൾ എന്തഭിമാനമായിരുന്നു എനിക്ക് . ഞാൻ ആഗ്രഹിച്ച സ്വപ്നം കണ്ട പതാകയുടെ കീഴിൽ ഞങ്ങളൊന്നായി ആണി നിരന്നപ്പോൾ 22 വർഷം ക്രിക്കറ്റ് കളിക്കാതിരുന്ന ഒരു രാജ്യമാണോ ഇതെന്നു മൂക്കത്തു വിരൽ വെച്ച് ചോദിച്ച ക്രിക്കറ്റ് പണ്ഡിതരെ നിങ്ങൾക്ക് ഞാൻ സമ്മാനിച്ചത് അപമാനത്തിന്റെ കയ്പ് നീർ മാത്രമായിരുന്നോ ? അല്ല, ബാലാരിഷ്ടതയിൽ നിന്നുമൊരു ടീമിനെ കൈ പിടിച്ചു നടത്താൻ ഞാൻ നൽകിയ സംഭാവനകൾ നിങ്ങൾക്കറിയാവുന്നതല്ലേ . ഒരിക്കലും ഞാനൊരു വഞ്ചകനായിരുന്നില്ല ശക്തമായ ഒഴുക്കുള്ള പുഴയിൽ ഒഴുക്കിനൊത്തു വഞ്ചി ചലിപ്പിക്കാൻ ശ്രമിച്ച നിസ്സഹായനായ കപ്പിത്താൻ മാത്രമായിരുന്നു ഞാൻ . ചേരയെ തിന്നുന്ന നാട്ടിൽ ചെന്നു അത് രുചിച്ചു നോക്കി പോയതാണെന്റെ വലിയ പിഴ .
അന്ന് പിടിക്കപ്പെട്ട മത്സരത്തിൽ പോലും പരമ്പര രാജ്യത്തിന് ഉറപ്പു വരുത്തിയ ശേഷമാണ് എന്തെങ്കിലും ചെറിയ ഒരു ഒത്തു കളിക്ക് ഞാൻ മൗനാനുവാദം നൽകിയതു തന്നെ .ഇതൊക്കെ ക്രിക്കറ്റിൽ സർവ്വ സാധാരണമെന്ന പ്രലോഭനങ്ങളിൽ ഒരു നിമിഷം ഞാൻ ആടിയുലഞ്ഞതോ സാത്താൻ വിലക്കപ്പെട്ട കനി കാട്ടി എന്നെ പരീക്ഷിച്ചതോ, എന്തോ എനിക്കറിയില്ല . നിങ്ങളോർക്കുന്നില്ലേ 1996 ലെ ഉപേക്ഷിക്കപ്പെട്ട ഇന്ത്യാ ശ്രീലങ്കാ സെമി ഫൈനൽ . ആ കളി കണ്ട ക്രിക്കറ്റിനെ സ്നേഹിക്കുന്ന ആർക്കെങ്കിലും പറയാതിരിക്കാൻ കഴിയുമായിരുന്നോ അതൊരു ഒത്തുകളി അല്ലെന്ന് . ധർമസേനയുടെ തീർത്തും നിരുപദ്രവമായ പന്തിൽ റിട്ടേൺക്യാച്ചും നൽകി തല കുമ്പിട്ടു പോയ അസറുദ്ധീൻ ചെയ്തതിലും വലിയ പാതകം ഒന്നും വെസ്സൽ ജൊഹാൻ ഹാൻസി ക്രോണിയ എന്ന ഞാൻ ചെയ്‌തെന്നു എനിക്കിപ്പോഴും തോന്നിയിട്ടില്ല . തീർത്തും അപ്രസക്തമായ ചില മത്സരങ്ങളിൽ മാത്രമാണ് ഞാൻ ചില്ലറ നീക്കി പോക്കുകൾക്കു നിന്നു കൊടുത്തിട്ടുള്ളത് എന്നിട്ടും ചരിത്രം എന്നെ കള്ളനെന്നു വിളിക്കുന്നു .
ഒന്നുറപ്പാണ് നാളെ ഞാൻ കൊല്ലപ്പെട്ടേക്കും കാരണം എന്നെ ഭയപ്പെടുന്നവർ ശക്ത്തരാണ് . അവർക്കാരെയും വിലയ്ക്ക് വാങ്ങാം ആരെയും തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ അവസാനിപ്പിച്ച് കടന്നു കളയാം . ജീവൻ അവശേഷിക്കുമെങ്കിൽ ഞാൻ എല്ലാം വിശദമായി തന്നെ എഴുതാം ഇപ്പോൾ തൽക്കാലം നിർത്തുന്നു . ഒരപേക്ഷ കളങ്കപ്പെട്ടവരുടെ ചരിത്രത്തിൽ എന്റെ പേരും വായിക്കപ്പെടുമ്പോൾ നിങ്ങളൊന്നോർക്കുക ഒരു നിഷേധക്കുറിപ്പിൽ ഞാനും പാപ രഹിതനായേനെ എല്ലാവരെയുംപോലെ അതു ചെയാൻ കഴിയാതിരുന്ന മനസ്സിന്റെ നൈർമല്യത്തെ ഞാനിപ്പോഴും ഭയപ്പെടുന്നു നാളെ അതെന്നെ തന്നെ ഇല്ലാതാക്കിയേക്കാം .
സ്നേഹപൂർവ്വം  ,
വെസ്സൽ ജോഹാൻസ് ഹാൻസി ക്രോണിയ .
ഹാൻസി ക്രോണിയയുടെ വാക്കുകളിലെ പ്രവചനം ഫലിച്ചു 2002 ജൂൺ ഒന്നാം തിയതിയിലെ തണുത്ത പ്രഭാതത്തിൽ ഔട്ടെനിക്ക്വ മലനിരകളിൽ ഒരു ഹെലികോപ്റ്റർ അപകടത്തിൽ ആ നാവുകൾ നിശ്ചലമാക്കപ്പെട്ടു . കളിയുടെ കണക്കു പുസ്തകം കമ്പ്യുട്ടർ വൽക്കരിക്കാൻ ഹാൻസിയുടെ ഗുരുവായിരുന്ന ബോബ് വൂമറും ദുരൂഹ സാഹചര്യത്തിൽ മരിച്ചതോടെ ചില അധ്യായങ്ങൾ എന്നന്നേയ്ക്കുമായി അവസാനിച്ചു . കുന്നു കൂടുന്ന പണത്തിനു മുകളിൽ നിന്നും ക്രിക്കറ്റ് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തു വരുന്ന നാളിൽ ഹാൻസി ക്രോണിയ എന്ന അപരാധിയാകാൻ വിധിക്കപ്പെട്ട പ്രതിഭയ്ക്ക് മോചനമുണ്ടായേക്കും . ഹാൻസി നീ മരിച്ചിട്ടില്ല ക്രിക്കറ്റ് ഒരു വികാരമായിരുന്ന ഒരു തലമുറ നിന്നെ ഇപ്പോഴും നെഞ്ചിലേറ്റുന്നു .

Wednesday, 26 October 2016

കടലുകളില്ലാത്ത നഗരം



മോംബാസയിലെ കടൽ തീരത്തിരുന്നപ്പോൾ വീട് കാവൽക്കാരനായ കിളവൻ ഉഹ്‌റൂ  വന്നു ഒന്നു  കൂടി ഓർമ്മിപ്പിച്ചു നിങ്ങൾ ഈ സമയത്ത് ഇവിടെ ഇരിക്കുന്നത് അത്ര ശരിയല്ല ഇതു കെനിയയാണ്  പട്ടാപ്പകൽ പോലും കൊള്ളക്കാരും പിടിച്ചു പറിക്കാരും വിഹരിക്കുന്ന നാട് . ആരെങ്കിലും നിങ്ങളെ ആക്രമിച്ചാൽ നിസ്സഹായനായി നോക്കി നിൽക്കാനേ ഈ വൃദ്ധനു കഴിയൂ . എഴുപത്തി നാലു വർഷം ഈ നാട്ടിൽ ജീവിച്ചതിന്റെ വെളിച്ചത്തിലാണയാൾ ഇതൊക്കെ പറയുന്നത് . ഒരു ക്യാമറ അല്ലാതെ വിലപിടിപ്പുള്ള ഒന്നും പരദേശിയായ എന്റെ കൈയ്യിൽ ഇല്ല . കാണാൻ ആണെങ്കിൽ കെനിയക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത നിറവും, ഇവരെന്നെ എന്തിനാണ് ആക്രമിക്കുന്നത് .ഞാൻ ഒരു വിദേശി ആണെന്ന് തിരിച്ചറിയത്തക്ക ഒരു ലക്ഷണങ്ങളും പുറമെ കാണുന്നുമില്ല ഇനി ആരെങ്കിലും എന്നോട് കിസ്വാഹിലിയിൽ സംസാരിച്ചാൽ ഞാൻ കുടുങ്ങും .അതിനാരു സംസാരിക്കാൻ പോകുന്നു കടൽ ആഴങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ ചൂണ്ടയുടെ അഗ്രത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് കണ്ടു എഴുന്നേറ്റു ചെന്നു ചൂണ്ട വലിച്ചു കരയ്ക്കടുപ്പിച്ചു സാമാന്യം തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഒരു തിരുത മൽസ്യം ചൂണ്ടയിൽ കുടുങ്ങിയിരിക്കുന്നു ഞാൻ അത്യാഹ്ലാദത്തിൽ ചൂണ്ടയിൽ നിന്നും അതിന്റെ ചുണ്ടുകൾ വിടുവിച്ചു .മൊമ്പാസയിൽ വന്നിട്ടു മൂന്നു ദിവസമായെങ്കിലും ആദ്യമായാണ് ചൂണ്ടയിൽ ഒരു മൽസ്യം കുടുങ്ങുന്നത് . ഉഹ്‌റൂ ,ഉഹ്‌റൂ എന്റെ ഉച്ചത്തിലുള്ള വിളി കേട്ടു കിളവൻ പുറത്തേയ്ക്കിറങ്ങി വന്നു . കിളവൻ പുറത്തു തന്നെ തീ കൂട്ടി ആ തിരുതമീനിനെ ചുട്ടെടുത്തു .കടൽക്കാറ്റു തണുപ്പ് നിറച്ചു കരയിലേയ്ക്ക് വീശി കയറുകയാണ് ഉഹ്‌റൂ മീനിനെ ചുടാൻ കൂട്ടിയ തീക്കൂനയ്ക്കരികിൽ  ഇരുകൈകളും കൂട്ടിയുരസി ഞാൻ ഇരുന്നു . വേവിച്ച കാട്ടു  കിഴങ്ങുകളും ചുട്ട തിരുത മൽസ്യവുമായി കെനിയയിലെ നാലാമത്തെ അസ്തമയവും കടന്നു പോകുകയാണ് .

മൊസാമ്പാ ഒരു കടലോര നഗരമാണ് ,ഞാൻ സഞ്ചരിച്ചിട്ടുള്ള അവികസിതമായ ഏതൊരു രാജ്യത്തെ നഗരത്തെക്കാൾ വൃത്തിഹീനവും അരക്ഷിതവുമാണീ നഗരം എന്നെനിക്കു തോന്നി . കിളവൻ ഉഹ്‌റൂ ഓരോ മണിക്കൂറിനുള്ളിലും  കള്ളൻമാരെയും പിടിച്ചു പറിക്കാരെയും സൂക്ഷിക്കണം എന്നൊരു മുന്നറിയിപ്പ് തരുന്നതിനാൽ ഞാൻ സാദാ  ജാഗരൂകനാണ്  .മോംബാസയിൽ മാത്രം ഉൽപ്പാദിപ്പിക്കുന്ന മൻസായി എന്ന പനങ്കള്ളുമായി ഉഹ്‌റു കിടക്കറയിലേയ്ക്ക് കയറി വന്നു . നമ്മുടെ പനങ്കള്ളിന്റെ രുചിയേ  അല്ല ഒരു തരം ചവർപ്പും പുളിയും, പക്ഷെ വീര്യം നമ്മുടെ നാടൻ വാറ്റിനെക്കാളേറെ മുന്നിലാണ് . അരുചി വകവെക്കാതെ ഞാൻ  ഉഹ്‌റു കൊണ്ട് വന്ന മൂന്നാലു മുളങ്കുറ്റി മൻസായി അകത്താക്കിയിരിക്കുന്നു . ബോധം പോയേക്കുമെന്നു തോന്നിപ്പിച്ചപ്പോൾ  ഉഹ്‌റു മുളം കുറ്റികളുമായി അകത്തേയ്ക്ക് പോയി . എന്തോ ഒരു നിഗൂഢത ഉള്ളിൽ ഒളിപ്പിക്കുന്നവനാണ് ഉഹ്‌റൂ  ഒന്നും വിട്ടു പറയാത്ത പ്രകൃതം അല്ലെങ്കിൽ പരദേശികളുമായി ആരാണ്  ജീവ രഹസ്യം പങ്കു വെയ്ക്കുന്നത് . മത്സ്യ ബന്ധനത്തിനു പോയ ബോട്ടുകൾ തിരികെ വരുന്നത്  രാതി വൈകിയോ വെളുപ്പിനോ ആണ് അപ്പോഴേ കടൽക്കര ഒന്നനങ്ങൂ .മൻസായി കള്ളിന്റെ ലഹരി പതിയെ പതിയെ കണ്ണുകളെ വലിച്ചടയ്ക്കുന്നു . ഞാൻ ഇപ്പോൾ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതോ സുഖവാസ കേന്ദ്രത്തിലാണ് ഇവിടെ എനിക്ക് കടലിരമ്പം കെട്ടുറങ്ങാൻ സാധിക്കുന്നു ഇപ്പോൾ എനിക്കു  പരമാനന്ദമാണ് . ഈ ആനന്ദം തേടിയാണ് ഞാൻ പരദേശിയായത് .

പുറത്തു  നിന്നും ഓടാമ്പലുകൾ ഇറുക്കിയിടുന്ന ശബ്ദമാണെന്നെ ഉണർത്തിയത് , പുറത്തു ഒന്നിലധികം പേരുടെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം .ആരോ കൊള്ളക്കാർ വന്നിരിക്കുന്നു അവരിൽ നിന്നും എന്നെ രക്ഷിക്കാനാണ് ഉഹ്‌റൂ എന്ന കിളവന്റെ പരിശ്രമം മുഴുവൻ കിസ്വാഹിലിയിൽ വളരെ ഉയർന്ന ശബ്ദത്തിൽ അവരാ   കിളവനോട് കയർത്തു സംസാരിക്കുകയാണ് .കൊള്ളയടിക്കപ്പെടാൻ എന്റെ കൈയ്യിൽ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ല. ഉഹ്‌റൂ ഉഹ്‌റൂ ഞാൻ ഉറക്കെ വിളിച്ചു . പൂട്ടിയ ഓടാമ്പലുകൾ വിടർത്തി വാതിൽ മലർക്കെ തുറന്നു .പുറത്തു രണ്ടു മീശ മുളയ്ക്കാത്ത  കൗമാരക്കാർ മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം .എന്നെ കണ്ടതും അവരുടെ ഭാഷയിൽ എന്തോ  പറഞ്ഞു കൊണ്ടെന്നോടു തട്ടി കയറി . കൊള്ളക്കാരോ പിടിച്ചു പറിക്കാറോ അല്ല അവരെന്നെനിക്കുറപ്പായിരിക്കുന്നു. എന്റെ ടേബിളിലെ ക്യാമറ കണ്ടതും അവർക്കു കൗതുകമായി  ജനിച്ചിട്ടിന്നോണം ക്യാമറ കാണാത്ത അവർ അതൊരു അത്ഭുത വസ്തുവിനെപ്പോലെ എടുത്തു തിരിച്ചും മറിച്ചും നോക്കി . അകത്തു കയറിപ്പോയ ഉഹ്‌റൂ മുള കൊമ്പിൽ നിറച്ചു വെച്ചിരുന്ന കൻസായി മദ്യവുമായി പുറത്തേയ്ക്കിറങ്ങി വന്നു , അയാളുടെ പേരക്കുട്ടികളായിരുന്നു വന്ന കൗമാരക്കാർ . ആരെങ്കിലും അതിഥികൾ വീട്ടിൽ എത്തിയാൽ പങ്കു വാങ്ങാൻ വരുന്ന ഈ കുട്ടി പട്ടാളത്തെ പേടിച്ചിട്ടാണ് ഉഹ്‌റൂ എന്നെ നാഴിക തോറും കൊള്ളക്കാരുടെ പേരു  പറഞ്ഞു വിരട്ടിയിരുന്നത് .കൗമാരക്കാരിൽ ഒരാൾ  കൻസായി മുളയിൽ താളം കൊട്ടിപ്പാടി ,വളരെ കുറച്ചു നേരം കൊണ്ടവർ എന്റെ ചങ്ങാതിമാരായിരിക്കുന്നു .

കടലിരമ്പം അവർക്കു പേടിയാണ് ,കാരണം ഇതുപോലെ ഒരു ഇരമ്പലിന്റെ ശബ്ദം കനത്ത രാത്രിയിലാണ് അവർക്കു സ്വന്തമായി ഇഹ്‌റൂ എന്ന കടൽക്കിഴവനെ മാത്രം ബാക്കിയാക്കി  കടൽ അഴിഞ്ഞാടിയത് . ഒരു തിരയിളക്കത്തിൽ അവർക്കു നഷ്ടമായത്  അന്ന് വരെ നേടിയ എല്ലാമെല്ലാമായിരുന്നു . ഉഹ്‌റു ഇപ്പോഴും കടലിനെ സ്നേഹിക്കുന്നു അതാണ് കൗമാരക്കാർക്ക് അപ്പൂപ്പനോടുള്ള ഏക വിരോധവും .

ഇന്ത്യയിൽ കടലുണ്ടോ ? മൂത്ത കൗമാരക്കാരന്റെ ചോദ്യം എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി .മോംബാസയിൽ ആഞ്ഞടിച്ച കടൽ അതെ സമയം തന്നെ തന്റെ പ്രിയപ്പെട്ടവരെയും വിഴുങ്ങിയെന്നും അന്നു  മുതലാണ് കടലുകൾ മാത്രമുള്ള  നഗരങ്ങൾ തേടി തന്റെ തീർത്ഥയാത്ര തുടങ്ങിയതെന്നും ഞാൻ അവരോടു പറഞ്ഞില്ല . കടലുകളില്ലാത്ത നഗരം തേടി നടക്കുന്ന കൗമാരക്കാർ എന്റെ ഇരു പാർശ്വങ്ങളിലുമായി എന്നെ അനുഗമിക്കുകയാണ് കടലുകൾ ഇല്ലാത്ത നഗരത്തിലേയ്ക്ക് ഞാനവരെ കൈ പിടിച്ചു നടത്തുമെന്നോർത്ത് . ഞാനോ ഓരോ കടലിരമ്പത്തിനു പിന്നാലെയും പ്രിയപ്പെട്ടവരെ തേടുന്ന നാടോടി .ചില വിജാതിയ ധ്രുവങ്ങൾ ഇങ്ങനെയാണ്  വിരുദ്ധ ശക്തിയിലും  അവ ആകർഷിക്കപ്പെട്ടു കൊണ്ടേ ഇരിക്കും. 

Sunday, 23 October 2016

വരുന്നു ...തബ്ബാറയുടെ കഥകൾ


അത്യന്തം ക്ഷുഭിതനായാണ് ജമാലുദ്ധീൻ തബ്ബറെയെന്ന ലെബനോനി മുതലാളി ഓഫീസിലേയ്ക്ക് കയറി വന്നത് .  ഓഫീസിലേയ്ക്ക് കയറിയതും ആനയമറുന്ന ശബ്ദത്തിൽ അലറി വിളിച്ചു എന്നെ അദ്ദേഹത്തിന്റെ  ഓഫീസിലേയ്ക്ക് വിളിപ്പിച്ചു  .കഴിഞ്ഞ പതിനെട്ടു കൊല്ലമായി ഞാൻ കാണുന്നതും കേൾക്കുന്നതുമാണീ ശുണ്ഠിയും ശകാരവും പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമില്ലാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേയ്ക്ക് കയറി ചെന്നു .നൂറായിരം കാര്യങ്ങളാണ് ആ തലയിലൂടെ കയറിയിറങ്ങുന്നത് അതിൽ ഏതെങ്കിലും ടെൻഷൻ രണ്ടു ചീത്ത പറഞ്ഞാലേ തീരു എന്നായാൾക്കറിയാം,കുറെയൊക്കെ എനിക്കാണ് കിട്ടാറുള്ളതും അത് പോലെ എന്തെങ്കിലും ആവും എന്നു പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഒരു നിമിഷം അയാൾ മൗനമായിരുന്നു .

നീ കഥ എഴുതാറുണ്ടോ ?

തികച്ചും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായ ചോദ്യം കേട്ട ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് നോട്ടമെറിഞ്ഞു കൊണ്ട് പുഞ്ചിരിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .

നീ കഥ എഴുതാറുണ്ടോ ? ഇക്കുറി അയാളുടെ ചോദ്യത്തിന് ഒരു ഭീഷിണിയുടെ സ്വരവും ഉത്തരം കിട്ടിയേ അടങ്ങൂ എന്ന  സൂചനയുമുണ്ടായിരുന്നു .
ഉവ്വ് സാർ ഞാൻ എഴുതാറുണ്ട് ,കഥ എന്നതിനെ വിളിക്കാമോ എന്നെനിക്കറിയില്ല

നീയെന്താണ് എഴുതാറുള്ളത് ? ഒരു സി ബി ഐ ഉദ്യോഗസ്ഥന്റെ ഭാവത്തിൽ എന്നെ കൂടയാൻ തന്നെ തീരുമാനിച്ചുറപ്പിച്ചിട്ടാണ്  ജമാലുദ്ധീൻ തബ്ബാറ ഇന്നെത്തിയിരിക്കുന്നത് .

ജീവിതങ്ങൾ, എനിക്കു ചുറ്റുമുള്ള ജീവിതങ്ങൾ .ഞാൻ കാണുന്ന പരിസരങ്ങൾ നമ്മുടെ തൊഴിലാളികൾ എല്ലാവരെയുംക്കുറിച്ചു  ഞാൻ എഴുതാറുണ്ട് !

നീയെന്നെക്കുറിച്ചു എന്തെങ്കിലും എഴുതിയിട്ടുണ്ടോ ? തികച്ചും അസാധാരണമായിരുന്നു ആ ചോദ്യം പലവുരു ഞാൻ പേപ്പറും പേനയുമെടുത്തു ഇരുന്നിട്ടുള്ളതാണ് എന്നിട്ടും ഒന്നും ഇത് വരെ ഇയാളെക്കുറിച്ചു എഴുതാൻ സാധിക്കാത്തതെന്താണെന്നു വെച്ചാൽ പ്രതിപക്ഷ ബഹുമാനം  .ചോറ് തരുന്ന കൈകളെ കഥയുടെ കള്ള കമ്മട്ടത്തിലേയ്ക്ക് കയറ്റേണ്ട എന്ന ഉറച്ച തീരുമാനം അത് മാത്രമായിരുന്നു തബ്ബാറയുടെ കഥകൾ എഴുതുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ച ഏക സത്യം .

ഇല്ല സാർ, ഇതുവരെ എന്തെങ്കിലും എഴുതാൻ തക്ക കഥയുള്ള ആളാണ് സാറെന്നു എനിക്കു തോന്നിയിട്ടില്ല ഞാൻ വെറുതെ തട്ടി വിട്ടു .
എന്റെ നാലു ഭാര്യമാർ എന്നെ ഉപേക്ഷിച്ചു പോയതിൽ ഒരു കഥയുമില്ല ?എസ്റ്റോണിയാക്കാരി ഇവാ ടെസ്കാ എന്നെ വഞ്ചിച്ചു കടന്നു പോയതിൽ ഒരു കഥയുണ്ടായിരുന്നില്ല ?നൈജീരിയൻ കൊള്ളക്കാർ എന്നെ അബൂജയിൽ വെച്ചു തട്ടി കൊണ്ടു പോയി പണം പിടുങ്ങിയതിൽ ഒരു കഥയില്ലേ !ജമാലുദ്ധീൻ തബ്ബാറ സ്വയം എന്റെ മുന്നിലേയ്ക്ക് ത്രെഡുകൾ എറിഞ്ഞു തരുകയാണ് . അടുത്ത അക്കാദമി അവാർഡ് എനിക്കു  വാങ്ങി തരാൻ പോന്ന അസംഖ്യം കഥകളുമായി നടക്കുന്നയാളാണ് എന്റെ മുതലാളി എന്ന് എനിക്ക് തോന്നി .

എഴുതാം ഇനി അങ്ങയെപ്പറ്റി ഒരു നോവൽ തന്നെ എഴുതാം എന്ന ഉറപ്പു നൽകി പുറത്തിറങ്ങിയ ശേഷം  ഞാൻ തലപുകഞ്ഞാലോചിച്ചു  ആരായിരിക്കാം മലയാളത്തിൽ ഞാൻ എഴുതുന്ന വിവരം തബ്ബാറയുടെ ചെവികളിലേയ്ക്ക്  എത്തിച്ചു കൊടുത്തത് . ഇവാ ടെസ്കാ വെള്ളാരം കണ്ണുള്ള സുന്ദരിയായിരുന്നു  അവൾ  ബോസ്സിന്റെ  കാമുകിയും വെപ്പാട്ടിയും ആയിരുന്നിട്ടും  അയാളെ സുന്ദരമായി വഞ്ചിച്ചു പണവുമായി കടന്നു കളഞ്ഞവളാണ് . അവളെപ്പറ്റി എഴുതിയാൽ വായനക്കാർക്ക് കൂടുതൽ ഇഷ്ടമാകും. പക്ഷെ, ഇനിയെന്തു പക്ഷെ ഞാൻ ഒരു കഥാകാരൻ കൂടിയാണെന്ന്  മുതലാളിയോട് പറഞ്ഞു കൊടുത്ത അജ്ഞാത സുഹൃത്തേ നിങ്ങൾ എനിക്കു പേറ്റന്റ് എടുത്തു തന്നിരിക്കുന്നത് .കഥകളുടെ അക്ഷയ ഖനികളിലേയ്ക്ക് സഞ്ചിയും തൂക്കി നടന്നു കയറാനുള്ള സൗജന്യ അനുവാദമാണ് .....

Saturday, 22 October 2016

മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി


വൈശ്യൻ ദേവസി മരണപ്പെട്ടത്തിന്റെ മൂപ്പതാം പക്കം ഭാര്യ ഷേർളി ദേവസ്സി പറമ്പിലെ കക്കൂസിൽ വെച്ചു ബീഡി വലിച്ചിരിക്കുന്ന ദേവസ്സിയെ കണ്ടു മോഹാലസ്യപ്പെട്ടു വീണു. കാജാ ബീഡിയുടെ മൂടറ്റം വരെ വലിച്ചു കേറ്റിയിരുന്ന വൈശ്യൻ ദേവസി ചേലമ്മയെ നോക്കി പുഞ്ചിരിച്ചു . ഷേർളിയെ ദേവസ്സി വിളിച്ചിരുന്ന ഓമനപ്പേരായിരുന്നു ചേലമ്മ .കൂടുതൽ ഇഷ്ട്ടമുള്ള കൂടുതൽ അടുപ്പമുണ്ടായിരുന്ന ഷേർളിയുടെ തോന്നലാണതെന്ന് മക്കളും മരുമക്കളും ഇടവക പള്ളി വികാരി പോലും തറപ്പിച്ചു പറഞ്ഞപ്പോൾ ഷേർളിക്കും കണ്ടതൊക്കെ തന്റെ വെറും തോന്നൽ മാത്രമായിരിക്കുമെന്നു തോന്നി . നാല്പതടിയന്തിരം കഴിഞ്ഞു മന്ത്ര ചൊല്ലി ഉച്ഛാടനം ചെയ്യും വരെ ഇങ്ങനെ ചിലതൊക്കെ കാണുമെന്നു പൊടി മന്ത്രവാദി കൂടിയായ വികാരി സൂചിപ്പിച്ചതോടെ ഷേർലി വികല്പങ്ങളിൽ നിന്നും വിടുതൽ നേടി . അല്ലെങ്കിലും ദേവസ്സി തന്നെ ഉപദ്രവിക്കുമെന്നൊരു പേടിയൊന്നും ചേലമ്മയ്ക്കില്ലായിരുന്നു ,മരണപ്പെട്ടു എന്നത് തന്നെ വിശ്വസിക്കാൻ പ്രയാസപ്പെട്ടിരുന്ന ഷേർളി ദേവസ്സി നാല് കൊന്ത ഒരുമിച്ചു ചൊല്ലി മരിച്ചാത്മാക്കൾക്കു മോക്ഷപ്രാപ്തിയുണ്ടാകാൻ തമ്പുരാനോടപേക്ഷിച്ചു .
അംബാല കന്റോണ്മെന്റിലെ പട്ടാള ബാരക്കിൽ ഉറങ്ങാൻ കിടന്ന ലാൻസ് നായിക്ക് റെജി ദേവസി അപരിചിതനായ ആരെയോ കണ്ടാണ് പുറത്തേക്കിറങ്ങിയത് . അടുത്തു ചെല്ലും തോറും അവ്യക്തമാകുന്ന ആ രൂപത്തിന് രണ്ടു മാസം മുൻപ് മരണപ്പെട്ടു പോയ അപ്പൻ വൈശ്യൻ ദേവസ്സിയുടെ മുഖമാണെന്ന് അയാൾക്ക് തോന്നി . അസാമാന്യ ധൈര്യം ഉണ്ടായിരുന്ന റെജി ആ രൂപത്തിനു പിന്നാലെ ഒരു പാടു ദൂരം മുന്നോട്ടോടിയെങ്കിലും വെറുകൈയ്യോടെ മടങ്ങി . ബാരക്കിൽ തിരിച്ചെത്തിയ റെജിയെ വരവേറ്റത് പട്ടാളക്കാരുടെ പരിഹാസമായിരുന്നു ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന മനുഷ്യർ കാണാൻ പാടില്ലാത്ത കാഴ്ച കണ്ടവനെപ്പോലെ റെജി ദേവസ്സി കരിമ്പടത്തിനുള്ളിൽ കിടന്നു വിറച്ചു വിറങ്ങലിച്ചു .
സെക്കൻഡ് ഷോ കഴിഞ്ഞു തീയേറ്ററും പൂട്ടി പുറത്തേക്കിറങ്ങുമ്പോഴാണ് രാമുവണ്ണൻ തീയേറ്ററിനുള്ളിൽ നിന്നും ഒരു മൊബൈൽ അടിക്കുന്ന ശബ്ദം കേട്ടു തിരികെ കയറിയത് . ഇരുളിന്റെ മറ പറ്റി ആരോ ഒരാൾ കസാരകളിൽ ഒന്നിൽ ഗാഢ നിദ്രയിലാണ് . കൈയിലുണ്ടായിരുന്ന ടോർച്ചിന്റെ വെട്ടം മുഖത്തേയ്ക്കടിച്ചു രാമുവണ്ണൻ അയാളെ കുലുക്കി വിളിച്ചു.തിരിഞ്ഞയാളുടെ മുഖം കണ്ട രാമുവണ്ണൻ അലറി വിളിച്ചു കൊണ്ടു പുറത്തേയ്‌ക്കോടി . പിറ്റേന്ന് രാവിലെ മുതൽ അയാൾ ആരുടെയും മുഖത്തേയ്ക്കു നോക്കാൻ കഴിയാത്തവനെ മുറിയിൽ തന്നെ അടച്ചിരുന്നു .അയാൾ കണ്ടത് നാല് മാസം മുൻപ് മരിച്ചു പോയ വൈശ്യൻ ദേവസ്സിയെ ആണെന്ന് നാട്ടിലൊക്കെ വാർത്ത പരന്നു .
വരിക്കപ്പറമ്പിൽ അച്ചൻ പ്രേതോച്ഛാടനത്തിൽ നൈപുണ്യം നേടിയ വൈദീകനാണ് . കുരിശു കാട്ടി ഏതു മറുതയെയും നിലയ്ക്കു നിർത്താൻ കഴിയുന്ന മഹാ പ്രഭാവമുള്ള സന്യാസി . സഭയ്ക്കുള്ളിൽ തന്നെ അച്ചന്റെ പ്രവർത്തികളോട് വെറുപ്പും അവജ്ഞയും ഉള്ളവർ ധാരാളമുണ്ട് . നാട്ടു വൈദ്യം പഠിച്ച അച്ചൻ നല്ലൊരു വിഷ ഹാരി കൂടിയാണ് .വിഷമിറക്കാൻ എന്ന വ്യാജേനയാണ് പ്രേതോച്ഛാടനത്തിനായി ആളുകൾ വരിയ്ക്കാപ്പറമ്പിൽ അച്ചനെ വന്നു കണ്ടിരുന്നത് .
കപ്യാർ കുഞ്ഞപ്പൻചേട്ടൻ അച്ചനോടൊരു സ്വകാര്യം പറഞ്ഞു . വൈശ്യൻ ദേവസ്സിയുടെ കുഴിമാടത്തിനു അരികിൽ നിന്നും കുന്തിരിക്കത്തിന്റെ സുഗന്ധം പരക്കുന്നത്രെ . ഒന്നല്ല രണ്ടല്ല കഴിഞ്ഞ ആറു മാസമായി കുഞ്ഞപ്പനിതു ശ്രദ്ധിക്കുന്നു .പള്ളി കർമ്മങ്ങൾക്കു കുന്തിരിക്കം പുകയ്ക്കുന്ന തന്നിൽ നിന്ന് തന്നെ ആണു ആ മണം വരുന്നതെന്നാണ് കുഞ്ഞപ്പൻ കരുതിയിരുന്നത് . എന്നാൽ ഇന്നത് ഉറപ്പായിരുന്നു വൈശ്യൻ ദേവസ്സിയുടെ കുഴുമാടത്തിനരികെ മാത്രമാണീ സൗരഭ്യം . വരിക്കാപ്പറമ്പിൽ അച്ചൻ വെള്ള താടി തടവി കുരിശെടുത്തു പ്രാർത്ഥിച്ചു .വേഗം കപ്യാരെ പറഞ്ഞു ഷേർളി ദേവസ്സിയെ വിളിപ്പിച്ചു .
അമ്പാലയിൽ നിന്നും മകനും ബഹറൈനിലുള്ള മകളും മരുമകനും വന്നാൽ മാത്രമേ കല്ലറ തുറക്കാൻ കഴിയൂ എന്നു ഷേർളി ദേവസ്സി കട്ടായം പറഞ്ഞു . തന്റെ പ്രിയതമൻ വിശുദ്ധനോ അശുദ്ധനോ ആവില്ല എന്നു ഷേർളി ദേവസ്സി ഉറപ്പിച്ചു പറഞ്ഞു . അമ്പാലയിൽ നിന്നും റെജി ദേവസിയും ബഹറിനിൽ നിന്നും സുജി ചാക്കോയും കെട്ടിയോനും വന്നതിനു ശേഷം പ്രാർത്ഥനകളോടെ വരിക്കപറമ്പിലച്ചൻ കല്ലറയുടെ മൂടി മാറ്റാൻ ആവശ്യപ്പെട്ടു .
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരുനാമത്തിനു സ്തുതി , പ്രാർത്ഥന ചൊല്ലി കഴിഞ്ഞതും ഒരു ദിവ്യ പ്രകാശം കല്ലറയിൽ നിന്നും പുറത്തേയ്ക്കു വന്നു. മരിച്ചപ്പോൾ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെ ഇരു കൈയും കൂപ്പിയതാ വൈശ്യൻ ദേവസ്സി കുഴിയിൽ കിടക്കുന്നു . കപ്പ്യാർ കുഞ്ഞപ്പൻ ചേട്ടൻ വിറച്ചു കൈയ്യിൽ പിടിച്ചിരുന്ന ഹാനാൻ വെള്ളത്തിന്റെ കുപ്പി താഴേയ്ക്ക് വീണിരിക്കുന്നു . ഷേർളി ദേവസ്സി തന്റെ പ്രിയതമനെ ഒന്ന് കൂടി നോക്കി .മകനും മരുമകനും തല ചുറ്റി വീണ മകൾ സുജി ചാക്കോയുമായി സിമിത്തേരിക്കു പുറത്തേയ്ക്കു പോയി . വരിക്കാപ്പറമ്പിലച്ചൻ കല്ലറ മൂടാൻ ആജ്ഞാപിച്ച ശേഷം ശവക്കോട്ടയിലെ ദേവാലയത്തിനുള്ളിലേയ്ക്ക് കയറിപ്പോയി .
അടുത്ത വ്യാഴാഴ്ച മരിച്ചവരുടെ തിരുനാളാണ് അതിനു ശേഷം അഴുകാത്ത ശരീരങ്ങളെ പ്രത്യേക പേടകത്തിലാക്കി കല്ല് കെട്ടി കടലിൽ താഴ്ത്തുമത്രേ . തന്റെ പ്രിയതമൻ പ്രേതമല്ല മറിച്ചു ജീവിച്ചിരിക്കുമ്പോൾ ചെയ്ത നന്മകളുടെ ബലത്തിലാണ് അഴുക്കാതിരിക്കുന്നതെന്നു ഷേർളി ദേവസ്സിയും മക്കളും വിശ്വസിച്ചു . ബഹറിനിൽ നിന്നും മകൾ വരാനെടുത്ത നാലു ദിവസത്തിനു വേണ്ടി എംബാം ചെയ്തു സൂക്ഷിച്ചതിനാലാണ് ദേവസ്സി അഴുകാത്തതെന്നു ശാസ്ത്ര സ്നേഹികളായ യുക്തി വാദികൾ പറയുന്നു .
എന്തായാലും വ്യാഴാഴ്ച്ച വൈകിട്ടു വൈശ്യൻ ദേവസ്സിയുടെ വീട്ടു മുറ്റത്താകെ കുന്തിരിക്കത്തിന്റെ മണം പരന്നു . വൈശ്യൻ ദേവസ്സി വെള്ളമൊഴിച്ചു വളർത്തിയ വരിക്ക പ്ലാവ് കാറ്റും മഴയും ഇല്ലാതിരുന്നിട്ടും കടയോടെ കടപുഴകി വീണു . കല്ലു കെട്ടിയ പ്രേത പേടകം കടലിന്റെ ആഴങ്ങളിൽ മുങ്ങി താഴുമ്പോൾ വരിക്കാപ്പറമ്പിൽ അച്ചൻ ഉച്ചത്തിൽ പ്രാർത്ഥിച്ചു .
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി
മരിച്ചവരെ ഉയിർപ്പിക്കുന്നവനെ നിന്റെ തിരു നാമത്തിനു സ്തുതി 

Wednesday, 19 October 2016

സ്വർണ്ണ ചേന കിട്ടിയ ചോമൻ കൊച്ചേട്ടൻ



ഇരവികുട്ടി പിള്ള  മുതലാളീയുടെ പറമ്പു കിളയ്ക്കുന്നതിനിടെ ചോമൻ കൊച്ചേട്ടന് സ്വർണ്ണ ചേന കിട്ടി ! ചേന കിട്ടിയ വിവരം നാട് മുഴുക്കെ അറിഞ്ഞിട്ടും ചോമൻ കൊച്ചേട്ടൻ  ആ വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ നിൽക്കാതെ കൈക്കോട്ടും തൂക്കി വീണ്ടും പറമ്പിലേക്കിറങ്ങി . വിശേഷമറിഞ്ഞു കൊച്ചേട്ടനെ തള്ളിപ്പറഞ്ഞ സകലമാന ബന്ധുക്കളും  ഇല്ലാ  കാരണങ്ങൾ ഉണ്ടാക്കി ചൊമനോട് അടുത്തു കൂടാൻ തിരക്കുണ്ടാക്കി . സ്വർണ്ണ ചേന ഭൂമിയിൽ എങ്ങനെ ഉണ്ടാകുന്നു എന്നതിനെ പറ്റി അരവിന്ദന്റെ ചായക്കടയിൽ വലിയൊരു ചർച്ച തന്നെ നടന്നു .പലരും പലവിധ അഭിപ്രായങ്ങളും പറഞ്ഞെങ്കിലും തട്ടാൻ ദാസൻചേട്ടനാണു അതിനെപ്പറ്റി ആധികാരികമായി ഒരു അഭിപ്രായം പറയുന്നത് .

നമ്മുടെ ഭൂമിക്കടിയിൽ കോടിക്കണക്കിനു ഉറുപ്പികയുടെ സ്വർണ്ണം ഉണ്ടത്രേ ! അതു ചിലയിടങ്ങളിൽ അധികമായി കാണപ്പെടുന്നു അവയിൽ ചിലതു ഉരുണ്ടു കൂടിയാണത്രെ സ്വർണ്ണ ചേന ഉണ്ടാകുന്നത് !
കുറഞ്ഞ പക്ഷം പത്തു കിലോയോളം തൂക്കം വരുന്ന സ്വർണ്ണക്കട്ടികളെ ആണത്രേ സ്വർണ്ണ ചേന എന്ന് വിളിക്കുന്നത് .
ആവി പറക്കുന്ന ചായ ഗ്ലപ്പെന്നകത്താക്കി റൗഡി അന്ത്രുമാൻ റബ്ബേ എന്നുച്ചത്തിൽ വിളിച്ചു . ചോമൻ കൊച്ചേട്ടന് നേരം ഇരുട്ടി വെളുത്തപ്പോൾ കിട്ടിയ സൗഭാഗ്യത്തിൽ ചായക്കടയിൽ കൂടിയ ഭൂരിപക്ഷത്തിനും കണ്ണു  കടിയായിരുന്നു  . രാമൻ നായർ കുടിച്ച ചായ പകുതി വെച്ചിട്ടു കേറീച്ചിട്ടെന്നോണം കണ്ട പറയനും പുലയനുമൊക്കെ കാശു വരുമ്പോൾ  തള്ളിപ്പു കൂടുമെന്നു പരസ്യമായി പറഞ്ഞു കൊണ്ടു എഴുന്നേറ്റു പുറത്തേയ്ക്കു പോയി

സ്വർണ്ണ ചേനയും അത് കിട്ടിയ ചോമൻ കൊച്ചേട്ടനുമാണ് നാലഞ്ചു ദിവസമായി  നാലാളു കൂടുന്നിടത്തെ സംസാര വിഷയം . പറമ്പിൽ നിന്നും കിട്ടിയ സാധനം തോർത്തു മുണ്ടിൽ പൊതിഞ്ഞു വീട്ടിൽ കൊണ്ടു പോകുന്നത് കണ്ടവർ നിരവധിയാണ് . പറമ്പിൽ നിന്നും കിട്ടുന്ന നിധി സാധാരണ സർക്കാരിലേയ്ക്ക് കണ്ടു കെട്ടാറാണ് പതിവ്, തനിക്കു നിധി കിട്ടിയ വിവരം സമ്മതിക്കാൻ കൂട്ടാക്കാത്ത ചോമൻ കൊച്ചേട്ടനെതിരെ പുരാവസ്തു വകുപ്പിൽ  പരാതിപ്പെടാൻ നാട്ടിലെ ചില അസൂയ മൂത്ത പ്രമാണിമാർ  ശ്രമം ആരംഭിച്ചു തുടങ്ങി .

ഇരവികുട്ടിപ്പിള്ള  മുതലാളി പരമ്പരാഗതമായി ഭൂ സ്വത്തുള്ള ജന്മിയാണ് , പിള്ളയുടെ  അപ്പനും അപ്പൂപ്പനും ഒക്കെ  നാട്ടിലെ അറിയപ്പെടുന്ന ജന്മിമാരും ഒരു കാലത്തു നാടു ഭരിച്ചിരിന്നുവരും ഒക്കെ ആയിരുന്നു .അവരുടെ  കാലത്തു ഭൂമിയിൽ കുഴിച്ചിട്ട നിക്ഷേപങ്ങൾ ആണ് ചോമൻ കൊച്ചേട്ടന് കിട്ടിയ സ്വർണ്ണ ചേനയെന്ന  വാദവുമായി ഇരവിക്കുട്ടി രംഗത്തു വന്നതോടെയാണ് സ്വർണ്ണ ചേനയുടെ അവകാശ തർക്കം ആരംഭിക്കുന്നത്  .

സ്വർണ്ണ ചേന കിട്ടി നാലാഴ്ച കഴിഞ്ഞിട്ടും അതു വിറ്റു കാശാക്കാൻ ശ്രമിക്കാത്ത ചൊമനോട് സ്വന്തം ഭാര്യ പൈമി പെണ്ണിന് പോലും അലോഹ്യമുണ്ടായി . തോർത്തിൽ പൊതിഞ്ഞു ട്രങ്ക് പെട്ടിയിൽ അടച്ചു വെച്ച സ്വർണ്ണ ചേനയെ ചൊല്ലി  പൈമി പെണ്ണും ചോമൻ കൊച്ചേട്ടനോട് മുഖം കറുപ്പിച്ചു  . എന്തെങ്കിലും പൊട്ടും പൊടിയുമെങ്കിലും കിട്ടുമെന്നു കരുതി കൂടെ കൂടിയ ബന്ധു ജനങ്ങൾ അകലെ  മാറിയിരുന്നു പല്ലു കടിച്ചു പൂച്ചം പൂച്ചം  കൊച്ചേട്ടനെ പള്ളു പറഞ്ഞതറിഞ്ഞിട്ടും  കൊച്ചേട്ടൻ ട്രങ്ക് പെട്ടിയിൽ അടച്ചു വെച്ചിരുന്ന സ്വർണ്ണ ചേന എടുക്കാനോ വിൽക്കാനോ കൂട്ടാക്കിയില്ല .

പാരമ്പര്യ സ്വത്ത് അപഹരിച്ചു കൊണ്ട് പോയ ചോമൻ കൊച്ചേട്ടനെതിരെ ജില്ലാ കളക്ക്ട്ടർ മുഖേന പരാതി  ബോധിപ്പിക്കാൻ  ഇരവിക്കുട്ടിപ്പിള്ള തീരുമാനിച്ചു .ഭൂമിയിൽ കിടന്നു കിട്ടുന്നതിന്റെ അവകാശം തീരുമാനിക്കുന്നത്  ജില്ലാ വരണാധികാരിയും പുരാവസ്തു വകുപ്പും ആണത്രേ  .പാരമ്പര്യ സ്വത്താണെന്നു തെളിയിക്കുന്ന പക്ഷം സർക്കാരിലേക്കുള്ള  നികുതി കുറച്ചു ബാക്കി ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കു മെന്നുമുള്ള  നിയമ നിർദേശം കിട്ടിയതു കൊണ്ടാണ് ഇരവിക്കുട്ടി പിള്ള ഇങ്ങനെ ഒരു നീക്കം നടത്തിയത് . നാടുവാഴിയായ മുത്തച്ഛന്റെ  സമ്പാദ്യങ്ങളാലാണ് അതെന്നു എളുപ്പം സ്ഥാപിച്ചെടുക്കാമെന്നു ഇരവിക്കുട്ടി പിള്ള വ്യാമോഹിച്ചു .

അരവിന്ദന്റെ ചായക്കടയിൽ ചർച്ചകൾ നിലയ്ക്കുന്നുണ്ടായിരുന്നില്ല , അടുപ്പിൽ തിളയ്ക്കുന്ന പോത്തിറച്ചിയുടെ  മസാല മണം തോറ്റു  പോകുന്ന  പുതിയ പുതിയ മസാലകഥകൾ സ്വർണ്ണ ചേനയെപ്പറ്റി വെന്തു കൊണ്ടേയിരുന്നു.  അതിലൊന്നിങ്ങനെ ആയിരുന്നു സ്വർണ്ണ ചേന കൊച്ചേട്ടൻ ആർക്കോ കൊടുത്തു  കഴിഞ്ഞു ഇനി കളക്ക്റ്റർ അല്ല ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടർ  വന്നാൽ പോലും അതു പിടിച്ചെടുക്കുക അസാധ്യം  . റൗഡിത്തരം നിർത്തി മോഷണത്തിലേയ്ക്ക് തിരിയാൻ സമയം നോക്കിയിരുന്ന അന്ത്രുമാൻ റൗഡി ആ വാർത്ത കേട്ടു നിരാശനായി . ചോമൻ കൊച്ചേട്ടൻ ആരോടും ഒന്നും മിണ്ടിയില്ല പൈമി പെണ്ണ്  ഇനിയും  ചേന പുറത്തെടുത്തില്ലെങ്കിൽ കൊച്ചുങ്ങളെയും കൊണ്ടു ആങ്ങളയുടെ വീട്ടിലേയ്ക്കു താമസം മാറുമെന്ന്  ഭീക്ഷിണി പ്പെടുത്തി നോക്കിയിട്ടു പോലും ചോമൻ കൊച്ചേട്ടൻ കഴഞ്ചിട മുന്നോട്ടു പോയില്ല .

ജില്ലാ കളക്ക്റ്റർ വന്നു , പുരാവസ്തു വകുപ്പ് വന്നു ,പോലീസ് വന്നു , ഇരവിക്കുട്ടിപ്പിള്ള സന്തത സഹചാരിയായ മുറുക്കാൻ ചെല്ലവും കോളാമ്പിയുമായി വന്നു , അരവിന്ദന്റെ ചായക്കടയിലെ ചർച്ചക്കാർ വന്നു ,അട്ടപ്പള്ളം കോളനി ആകെ ഇളകി വന്നു  . എല്ലാവർക്കും ഒരേ ഒരാവശ്യം മാത്രം ചോമൻ കൊച്ചേട്ടന് പറമ്പിൽ നിന്നും കിട്ടിയ  സ്വർണ്ണ ചേന കാണണം.  ചോമൻ കൊച്ചേട്ടൻ പതിവ് ചിരി ചിരിച്ചു അവർക്കിടയിൽ ചാണകം മെഴുകിയ തറയിൽ ഇരുന്നു . വെറുതെ കിട്ടിയ സ്വർണ്ണ ചേന പോലീസും പട്ടാളവും വന്നു കൊണ്ട് പോകുന്നത്  സഹിക്കാൻ വയ്യാതെ പൈമി പെണ്ണ് അടുക്കളയിലേയ്ക്ക് പോയി  കണ്ണീരിനൊപ്പം വന്ന മൂക്കളയെ പിഴിഞ്ഞു അടുപ്പിലേക്കൊഴിച്ചു .

സ്വർണ്ണ ചേന പുറത്തെടുക്കാതെ നിവർത്തിയില്ല ,ഒരു മാസം നാട്ടുകാരെ മുഴുവൻ മുൾമുനയിൽ നിർത്തിയ  പലരുടെയും ഉറക്കം കളഞ്ഞ സ്വർണ്ണ ചേന അടങ്ങിയ ട്രങ്ക് പെട്ടിയുമായി ചോമൻ  കൊച്ചേട്ടൻ ചിരിച്ചു കൊണ്ടു  പുറത്തേയ്ക്കു വന്നു . ക്ഷണിക്കപ്പെടാതെ എത്തിയ അഥിതികൾക്കു മുന്നിൽ പെട്ടി വെച്ചതും പുറകിൽ നിന്നൊരു നിലവിളി കേട്ടു. സ്വർണ്ണ ചേന  വ്യക്തമായി കാണാൻ മരത്തിന്റെ മുകളിൽ കയറിയിരുന്ന ആരോ ഒരാൾ ചില്ലയൊടിഞ്ഞു നിലത്തു വീണിരിക്കുന്നു . ഇത്രയും ആളുകൾ അട്ടപ്പള്ളം താലൂക്കിൽ ഉണ്ടോ എന്ന സംശയമായിരുന്നു അവിടെ തടിച്ചു കൂടിയവരിൽ പലർക്കും  ,അത്രയേറെ പ്രചാരം സ്വർണ്ണ ചേനക്കു നാട്ടിൽ ലഭിച്ചിരുന്നു . ചോമൻ കൊച്ചേട്ടൻ കൈയ്യിൽ കരുതിയ പിച്ചള താക്കോലിട്ടു ആദ്യത്തെ പൂട്ടു തുറന്നു . സൂചി വീണാൽ  കേൾക്കാൻ കഴിയുന്ന നിശബ്ദത ,ആയിരം ഹൃദയങ്ങൾ ഒരേ മിടിപ്പിലാണ് ഇപ്പോൾ അവരുടെ സിരകളിൽ പമ്പു  ചെയ്യപ്പെടുന്ന രക്തം തുറന്നു വിട്ടാൽ അതു സുനാമിയെക്കാൾ വലിയ ദുരന്തമായേക്കാം . ചോമൻ കൊച്ചേട്ടൻ ട്രങ്ക് പെട്ടി തുറന്നു തോർത്തിൽ പൊതിഞ്ഞ സ്വർണ്ണച്ചേന  പുറത്തെടുത്തു .

ജീവിതത്തിൽ ആദ്യമായി ഒരു സ്വർണ്ണച്ചേന കാണാൻ പോകുന്നതിന്റെ വെപ്രാളത്തിൽ തട്ടാൻ ദാസൻ ചേട്ടന് അടിവയറ്റിൽ നിന്നും ഗ്യാസ്  ഉരുണ്ടു മേളോട്ടു കയറി. ചോമൻ കൊച്ചേട്ടൻ തോർത്തു മുണ്ടു മാറ്റിയതും കളക്ക്റ്ററും പോലീസും ഇരവിക്കുട്ടിപ്പിള്ളയും അണ്ഡകടാഹം നിറഞ്ഞു തുളുമ്പിയ ജനങ്ങളും എന്തിനേറെ ചോമൻ  കൊച്ചേട്ടന്റെ നാല് കുഞ്ഞുങ്ങളെ പ്രസവിച്ച പൈമി പെണ്ണു  പോലും അയ്യോ എന്നുറക്കെ വിളിച്ചു കൊണ്ടു പിന്നോക്കം മലന്നു .

ചോമൻ കൊച്ചേട്ടൻ തോർത്തിനുള്ളിൽ നിന്നും ആ വസ്തുവിനെ കൈ കൊണ്ട് മേലോട്ടുയർത്തി ഉറക്കെ പറഞ്ഞു . ഇതെന്റെ കാണാതെ പോയ അപ്പൻ കറുമ്പൻ വാസുവിന്റെ തലയോടാണ് .കറുമ്പൻ വാസു  നാട് വിട്ടു പോയി എന്ന് നാട് നീളെ പ്രചരിപ്പിച്ച  ഇരവിക്കുട്ടിപ്പിള്ള  പത്മ വ്യൂഹത്തിൽ അകപെട്ടവനെപ്പോലെ ഞെളിപിരി കൊണ്ടു . സ്വർണ്ണ ചേന പ്രതീക്ഷിച്ചെത്തിയ ജനക്കൂട്ടം തലയോട് കണ്ടു പുതിയ കഥകളുടെ പിന്നാമ്പുറങ്ങളിലേയ്ക്ക്  ചികഞ്ഞു ചികഞ്ഞു പോയി .

നോർത്ത് പോലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 2014 കറുമ്പൻ വാസു കൊലക്കേസാണ് ,സൂപ്പർ ഇമ്പോസിഷനിൽ അത് വാസുവിന്റെ തലയോടാണെന്നു  തെളിഞ്ഞതും കിട്ടിയ തലയോടിൽ ശക്തമായ അടിയേറ്റതിന്റെ  പാടും ഇതൊരു കൊലപാതകമാണെന്ന വസ്‌തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . ചോമൻ കൊച്ചേട്ടൻ കേസിന്റെ പുറകെ പോയില്ല  കൈകോട്ടും തൂക്കി റോഡരികിലൂടെ ചോമൻ കൊച്ചേട്ടൻ നടക്കുമ്പോൾ  അട്ടപ്പള്ളം നിവാസികൾക്ക്‌ അയാളെ പണ്ടെന്നില്ലാത്ത ബഹുമാനമാണ് .സ്വർണ്ണ ചേന കിട്ടി പണക്കാരനായാൽ തോന്നാവുന്നതിലുമൊക്കെ ഒരു പാടേറെ ............

Tuesday, 18 October 2016

ബദൂ ബുദ്ധനാകുന്നു അഥവാ ബുദ്ധൻ ബദുവാകുന്നു


വഴിവിളക്കുകൾ അവസാനിക്കുന്ന മരുഭൂമിയുടെ പാതയോരത്തെ ഇരുട്ടിലേയ്ക്ക് കയറിയതും ചാമില വഴി തെറ്റിയല്ലോ എന്ന സംശയ ഭാവത്തിൽ എന്നെ നോക്കി .വണ്ടി മുന്നോട്ടു പോകുകയാണ് പെട്രോൾ ടാങ്കിന്റെ സൂചിക കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ശക്തിയായി മിടിക്കുന്നു കൂടി പോയാൽ ഒരു കിലോമീറ്റർ അതിനുള്ളിൽ വാഹനം എവിടെയെങ്കിലും നിൽക്കും .അവിടെ തീരും ഞങ്ങളുടെ യാത്രയും, മരുഭൂമിയിലെ ഇരുട്ടിനു ഒരു പ്രത്യേകതയുണ്ട്, മാനത്തു നിലാവുള്ള രാത്രിയിൽ മരുഭൂമിക്ക് ചുവപ്പു നിറമാണ്. വത്ബയ്ക്കും അൽ ഖർജിനുമിടയിലുള്ള ഏതോ വിശാലമായ മരുഭൂമിയിലാണ് ചാമിലയും ഞാനും വല്ലപ്പോഴും മാത്രം വാഹനങ്ങൾ പോകുന്ന ഒരിട റോഡിലേയ്ക്ക് ദിശ അറിയാതെ കയറിയതു കൊണ്ടു സംഭവിച്ചതാണിതെല്ലാം .
അൽപ പ്രാണിയും ദുർബലനുമായ എന്നെ ഭയം കീഴടക്കുമ്പോഴും ചാമില കൂടെ ഉണ്ടെന്നുള്ള ആശ്വാസമാണെനിക്ക് അയാൾക്കു തരിമ്പും പേടിയില്ല .കടലോളം പരന്നു കിടക്കുന്ന മരുഭൂമിയാണത് നേരം വെളുക്കാതെ ഒരു പ്രതീക്ഷയുമില്ല ഞങ്ങൾ വാഹനം നിർത്തി പുറത്തേയ്ക്കിറങ്ങി .
നിലാവു പടർന്നു ചുമന്നു കിടന്ന മരുഭൂമിയിലെ മൊട്ട കുന്നിലേയ്ക്കു നടന്നു കയറുമ്പോൾ വിദൂരതയിലെവിടെയെങ്കിലും ഒരു വെളിച്ചമുണ്ടോ എന്നു തിരയുകയായിരുന്നു ഞങ്ങൾ . ചാമില ഈ വഴിയിലെ സ്ഥിരം യാത്രക്കാരനാണ് എന്നിട്ടും, ഇനിയും മുന്നോട്ടു നടക്കുന്നതപകടമാണെന്ന ചാമിലയുടെ മുന്നറിയിപ്പിനെ തുടർന്നെന്നോണം ഞങ്ങൾ അവിടെ നിലത്തിരുന്നു .
നിലാവിനു പുഴയെക്കാളേറെ മരുഭൂമിയോടാണ് പ്രണയം എന്നു തോന്നിപ്പിക്കും വിധം അതിന്റെ നിമ്ന്നോതികളിലേയ്ക്ക് ആഴ്ന്നിറങ്ങുകയാണ്. മുകളിൽ തിളങ്ങുന്ന നക്ഷത്രങ്ങൾ പഞ്ചാര മണലിൽ മുഖം നോക്കുന്ന സുന്ദരിയെപ്പോലെ നുണക്കുഴി കവിളിൽ പുഞ്ചിരി വിടർത്തി നിൽക്കുന്നു . പകലത്തെ ചൂടിൽ നിന്നും വിടുതൽ പ്രാപിച്ചു വരുന്ന മണൽ തരികളിൽ തല ചായ്ച്ചു കിടന്നതും ചാമില ഉറക്കത്തിന്റെ ഒന്നാം യാമത്തിലേയ്ക്ക് വീണു . ഈ രാത്രിയൊന്നും കഴിഞ്ഞിരുന്നെങ്കിൽ, ഭയം എന്റെ ഹൃദയ തന്ത്രികളിൽ അപശബ്ദങ്ങൾ മുഴക്കാൻ തുടങ്ങിയിരിക്കുന്നു . കണ്ണടച്ചതും മുഖത്ത്‌ എന്തോ ഇഴയുന്നു ഞാൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി മരുഭൂമിയിൽ സാധാരണവും എനിക്കസാധാരണവുമായ പല്ലിയെപ്പോലൊരു ജീവി ദൂരേയ്ക്ക് ഓടി മാറി, എന്റെ അലർച്ച കേട്ടു ചാമില ഉണർന്നിരിക്കുന്നു . ദേഹത്തു കയറിയ ജീവിയെപ്പറ്റി ഞാൻ അവനോടു പറഞ്ഞു, സിംഹളയിൽ എന്തോ പേര് പറഞ്ഞു അതു കാര്യമാക്കേണ്ടന്നു പറഞ്ഞു വീണ്ടും ഉറക്കത്തിലേയ്ക്ക് ചാഞ്ഞു .
ഇത്തവണ ആരോ അടുത്തു നിൽക്കുന്നത് വ്യക്തമായി കണ്ടിട്ടാണ് ഞാൻ എഴുന്നേൽക്കുന്നത് .അയാൾക്കരികിൽ ഒരു കഴുതയുമുണ്ട് മരുഭൂമിയിൽ ജീവിക്കുന്ന ബദുക്കളെപ്പറ്റി കേട്ടിട്ടുണ്ട് ഒരു പക്ഷെ ഇയാൾ ഒരു ബദു ആണെങ്കിലോ ? അവരാണ് ശരിക്കും മരുഭൂമികളുടെ അവകാശികൾ, മനുഷ്യ ബന്ധമില്ലാതെ ഒട്ടകത്തിനെയും പോറ്റി മരുഭൂമിയുടെ ഉള്ളറകളിൽ ജീവിക്കുന്ന ഇവർ അപകടകാരികളാണ് പുറത്തു നിന്നും വരുന്നവരെ ഇവർ അക്രമിച്ചേക്കാം ഒരു പക്ഷെ കൊന്നു ഭക്ഷണവും ആക്കിയേക്കാം എന്റെ തൊണ്ട വറ്റി വരളുന്നു. വാക്കുകൾ തൊണ്ടയിൽ മുറിയുന്നു ,ഭാവഭേദമില്ലാതെ അയാൾ കഴുതയുടെ കഴുത്തിലെ ചരടിൽ മുറുക്കി പിടിച്ചു നിവർന്നു നിൽക്കുകയാണ് .വലതു കരം ഉയർത്തി ഞാൻ ചാമിലയെ തോണ്ടി ഉറക്കച്ചടവിൽ അയാൾ തിരിഞ്ഞു കിടന്നു . ബദൂ ഭാവവ്യത്യാസമില്ലാതെ നിന്നനിൽപ്പിൽ നിന്നും ചലിക്കാതെ അവിടെ തന്നെ നിൽക്കുകയാണ് എന്റെ ഹൃദയം പേടി കൊണ്ട് നിലച്ചു പോയേക്കുമെന്നു എനിക്ക് തോന്നി, സർവ്വ ശക്തിയുമെടുത്തു ഞാൻ ചാമിലയെ കുലുക്കി വിളിച്ചു .
ഉണർന്നതും ചിര പരിചിതനെ കണ്ട പോലെ ചാമില എഴുന്നേറ്റു ചെന്നു ബദുവിന്റെ കഴുതപ്പുറത്ത് കയറി ഇരുന്നു . ഇതെല്ലാം കണ്ടു അന്തം വിട്ടു നിന്ന എന്നെ ചാമില സിംഹളയിൽ ചീത്ത വിളിച്ചു കൊണ്ട് വേഗം ചെന്ന് അയാൾക്ക് പിറകിലിരിക്കാൻ ആവശ്യപ്പെട്ടു . മനസില്ലാ മനസോടെ ഞാനും ആ അപരിചിതൻ കൊണ്ട് വന്ന കഴുതപ്പുറത്തു കയറി ഇരുന്നു . അനുസരണയുള്ള തൊഴിലാളിയെപ്പോലെ ബദൂവിനു പിന്നാലെ
കഴുത നടന്നു തുടങ്ങി .അയാളൊരിക്കലും പിൻ തിരിഞ്ഞു നോക്കിയില്ല. ചാമില ഉറക്കം തീരാത്തവനെപ്പോലെ കഴുതപ്പുറത്തേയ്‌ക്ക്‌ കമിഴ്ന്നു കിടന്നുറങ്ങി . ഇതെങ്ങോട്ടാണീ ബദു കഴുതയെയും ഞങ്ങളെയും കൊണ്ടു പോകുന്നതെന്നറിയാതെ ഞാൻ കഴുതപ്പുറത്തിരുന്നു വിയർത്തു വിവശനായി .
നീ ബുദ്ധനിൽ വിശ്വസിക്കുന്നുവോ ? ചാമിലയുടെ ചോദ്യം കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത് .
ബുദ്ധനോ ? ഹേയ് ഇല്ല ,അതൊരു യോഗി അല്ലായിരുന്നുവോ ?
ചാമില കണ്ണടച്ചു ചിരിച്ചു ,ബുദ്ധൻ ഞങ്ങൾക്ക് ഭഗവാനാണ് .ഇന്നലെ ആ മരുഭൂമിയിൽ നമ്മൾ കണ്ട ബദു ആരായിരുന്നു എന്നാണ് നീ പറയുന്നത് ?
അപ്പോൾ അതെന്റെ സ്വപ്നമല്ലായിരുന്നോ ? ശരിക്കും നമ്മൾ ഇന്നലെ മരുഭൂമിയിൽ അകപ്പെട്ടു !
അതെ ബുദ്ധൻ ! വിഘ്‌നങ്ങളിൽ ദിശാ ബോധം നൽകുന്നവൻ ഇന്നലെ രാത്രി മുഴുവൻ നമ്മൾ ബുദ്ധന്റെ കൂടെയായിരുന്നു .
വിശ്വാസം വരാത്തവനെപ്പോലെ ഞാൻ ചാമിലയെ സൂക്ഷിച്ചു നോക്കി ,അപ്പോഴേയ്ക്കും കാർ മല തുരന്നുണ്ടാക്കിയ ഒരു ചുരത്തിലേയ്ക്ക് കയറി. ചുരമിറങ്ങുന്നതു അതിർത്തി ഗ്രാമത്തിലേക്കാണ് ചെക്ക് പോസ്റ്റിനിപ്പുറം വണ്ടി നിർത്തിയതും പിന്നിൽ നിന്നും ഒരാൾ പുറത്തേയ്ക്കിറങ്ങി ,ഞാൻ അയാളെ സൂക്ഷിച്ചു നോക്കി ഇന്നലെ കഴുതപ്പുറത്തേറ്റി ഞങ്ങളെ നടത്തിയ അതേ ബദു . ചാമില പറഞ്ഞ രക്ഷകൻ ബുദ്ധൻ !
വണ്ടി നിറുത്തിയതും അയാൾ ധൃതിയിൽ എങ്ങോട്ടോ ഓടി മറഞ്ഞു. സംഭവിച്ചതൊന്നും ആകസ്മികമായിരുന്നില്ല എല്ലാം ചാമിലയുടെ മുൻ പദ്ധതി പ്രകാരം വിസ ഇല്ലാത്തവരെ അതിർത്തിക്കടുത്തെത്തിക്കാൻ വേണ്ടി മാത്രം ഉള്ള നാടകമായിരുന്നു . വഞ്ചിക്കപ്പെട്ടവനെപ്പോലെ ഞാൻ ചാമിലയെ നോക്കി എന്റെ നോട്ടത്തെ ശമിപ്പിക്കുന്ന തീഷ്ണമായ പതിവു ചിരി ചിരിച്ചു കൊണ്ടയാൾ പതിഞ്ഞ ശബ്ദത്തിൽ പാടി .
ബുദ്ധൻ ശരണം ഗശ്ചാമി , ധർമ്മം ശരണം ഗശ്ചാമി , അഹിംസ ശരണം ഗശ്ചാമി.....

Monday, 17 October 2016

അനധികൃതമായ അതിരു വേലികൾ


ജില്ലാ പ്രസിഡന്റ് മീശാൻ മാപ്പിള പറഞ്ഞ ജോലിക്കാര്യത്തെക്കുറിച്ചറിയാനാണ് ഞാൻ ആ വീട്ടിൽ ആദ്യം പോകുന്നത് .അത്രയൊന്നും പഴയതല്ലാത്ത ഒറ്റനിലയുള്ള വാർത്ത കെട്ടിടം. വാതിൽക്കൽ ഒരു പടു വൃദ്ധൻ സെക്കൂരിറ്റി കസേരയിൽ ഇരുന്നു ഉറങ്ങുന്നുണ്ട് .വെള്ളി വീഴാത്ത ഒറ്റ രോമം പോലും അയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നില്ല കയ്യിൽ നീട്ടി പിടിച്ചിരുന്ന ലാത്തി പോലെ നീണ്ട കമ്പ് ഭൂമിയിൽ ഊന്നി അതിന്റെ ബലത്തിലാണയാൾ സുഖ ശയനത്തിൽ ഏർപ്പെട്ടിരിക്കുന്നത് . ഞാൻ മെല്ലെ തട്ടി വിളിച്ചതും അയാൾ ചാടിയെഴുന്നേറ്റു സല്യൂട്ട് ചെയ്തു . എനിക്കയാളോട് സഹതാപം തോന്നി വീട്ടിൽ വിശ്രമ ജീവിതം നയിക്കേണ്ട ഈ ജീവിത സായന്തനത്തിലും അയാൾക്ക് ജോലി ചെയ്തു ജീവിക്കേണ്ടി വരുന്നത് കഷ്ടമാണ് .
സാർ ഇല്ലല്ലോ പുറത്തു പോയിരിക്കുവാ ! ദുർബലമായ ശരീരത്തിൽ നിന്നും അതി ദുർബലമെന്നു തോന്നിയ ശബ്ദവീചികൾ പുറത്തേയ്ക്കു വന്നു . ഞാൻ എന്തെങ്കിലും പറയാൻ തുടങ്ങും മുൻപ് വടി നിലത്തു കുത്തി കസേരയിൽ ഇരുന്നു അയാൾ വീണ്ടും ഉറക്കത്തിലേക്കു വീണു .
വൈകുന്നേരമായപ്പോൾ എനിക്കു വീണ്ടും പോകേണ്ടി വന്നു ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ് . വൈകുന്നേരം ചെല്ലുമ്പോൾ വാതിൽക്കൽ ആ കിളവൻ സെക്കൂരിറ്റി ഉണ്ടായിരുന്നില്ല .വണ്ടി ഒരെണ്ണം മുറ്റത്തെ കാർ ഷെഡിൽ നിർത്തിയിട്ടുണ്ട് അതിനർത്ഥം സാർ അകത്തുണ്ടെന്നാണ് . ഞാൻ വരാന്തയിൽ തൂക്കിയിട്ടിരുന്ന ഒട്ടു മണിയുടെ ചരടിൽ നീട്ടി വലിച്ചു . ഒരു മണി നാദം മുഴക്കേണ്ട ഒട്ടു മണിയുടെ പെൻഡുലം അങ്ങോട്ടും ഇങ്ങോട്ടും ആടി മറിഞ്ഞു രണ്ടു മൂന്നു മണികൾ ഒന്നിച്ചു മുഴക്കി .രാവിലെ വാതിൽക്കൽ കണ്ട സെക്കൂരിറ്റിക്കാരൻ കിളവൻ തന്നെയാണ് വന്നു വാതിൽ തുറന്നത് എന്നാൽ ഇപ്പോൾ അയാൾക്ക് ഒരു കാര്യസ്ഥന്റെ വേഷമായിരുന്നു . എന്നെ കണ്ടതും പരിചിത ഭാവത്തിൽ ഒന്നു പുഞ്ചിരിച്ചിട്ടു അയാൾ അകത്തേയ്ക്കു പോയി .
പൂമുഖത്തെ ചൂരൽ കസേരയിൽ ഇരുന്നു ടീപ്പോയിൽ കിടന്ന ആഴ്ചപ്പതിപ്പുകളിൽ മറിച്ചു നോക്കുന്നതിനിടയിൽ അയാൾ പുറത്തേയ്ക്കു വന്നു .
മീശാൻ മാപ്പിള എല്ലാം പറഞ്ഞിട്ടുണ്ടല്ലോ അല്ലേ ? അയാൾ ഗൗരവം വിടാത്ത ഭാവത്തിൽ എന്നെ ഒളികണ്ണിട്ടു നോക്കി . ഞാൻ കയ്യിൽ കരുതിയിരുന്ന ബാഗ് അയാൾക്ക് നേരെ നീട്ടി . രണ്ടു കൈ കൊണ്ടും വാങ്ങി അയാൾ സിപ്പ് തുറന്നു നോക്കി സംഗതി അകത്തുണ്ടെന്നു ഉറപ്പു വന്നതിനു ശേഷം അയാൾ അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു.
വല്യച്ചാ വല്യച്ചാ .....
തനിക്കു കുക്കിങ് അറിയുമോ ?
ഇല്ല ഞാൻ നിഷേധാർത്ഥത്തിൽ തലകുലുക്കി
തോട്ടപ്പണിയോ ?
ഞാൻ ഒന്നും മിണ്ടിയില്ല , വാതിൽ തുറന്നു പുറത്തു വന്ന കിളവൻ അറിയാമെന്നു പറഞ്ഞോ എന്ന ആംഗ്യത്തിൽ എന്നെ നോക്കി കണ്ണിറുക്കി. ഇത്തവണ എന്റെ തലയാട്ടാൽ അറിയാമെന്ന ദിശയിലേയ്ക്കായിരുന്നു . നാളെ മുതൽ ബഹുമാനപ്പെട്ട ഭഷ്യ വിഭവ വകുപ്പ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ഞാനും ഉൾപ്പെടാൻ പോകുന്നു . പുറത്തേക്കിറങ്ങുമ്പോൾ ഞാൻ നാളെ മുതൽ ജോലി ചെയ്യേണ്ട തോട്ടം എവിടെയാണെന്ന് ഭൂത കണ്ണാടി വെച്ച് നോക്കി . കുറച്ചു അക്കേഷ്യാ മരങ്ങൾ എന്നെ നോക്കി നാണിച്ചു ഇലകൾ പൊഴിച്ചു .
ഇന്നലെ ട്രെഷറിയിൽ പെൻഷൻ വാങ്ങാൻ പോയപ്പോൾ അവിചാരിതമായി ഞാൻ വല്യച്ചനെ കണ്ടു .വല്യച്ഛൻ എന്നെ ദൂരേയ്ക്ക് മാറ്റി അടുത്തു നിർത്തി ഒരു സ്വകാര്യം പറഞ്ഞു . കഴിഞ്ഞ സർക്കാരിന്റെ കാലത്തായതു കൊണ്ടു നമ്മൾ രക്ഷപെട്ടു ഇപ്പോഴെങ്ങാനും ആയിരുന്നെങ്കിൽ എന്തായേനേ പുകിൽ ശിവ ശിവ . ഷെയർ ഇട്ടു വാങ്ങിയ ജവാൻ നാലെണ്ണം ഉള്ളിൽ ചെന്നപ്പോൾ അത് വരെ കാത്തു സൂക്ഷിച്ച രഹസ്യം വല്യച്ഛൻ പുറത്തു വിട്ടു . വനം വകുപ്പ് മന്ത്രിയുടെ ശരിക്കും വല്യച്ഛനാണത്രെ ഈ വല്യച്ഛൻ . വനം വകുപ്പ് ഭക്ഷ്യ വകുപ്പിലേയ്ക്കും ഭക്ഷ്യ വകുപ്പ് വനം വകുപ്പിലേയ്ക്കും നടത്തിയ പരകായ പ്രവേശങ്ങൾ ആയിരുന്നത്രേ എല്ലാ നിയമനങ്ങളും . അടുത്ത ബന്ധുക്കൾ ആരും മന്ത്രിമാർ അല്ലാതിരുന്നതിനാൽ 25 ലക്ഷം കൊടുത്ത് കയറിപ്പറ്റിയവന്റെ വേദന കടിച്ചമർത്താൻ ജവാന്റെ ഒരു തൊണ്ണൂറ് തൊണ്ടയിലേയ്ക്ക് കമിഴ്ത്തി ഞാൻ ആർത്തിയോടെ അച്ചാറിലേയ്ക്ക് വിരലുകളൂന്നി ............................

ആത്മമിത്രം മടങ്ങുമ്പോൾ


താഴെപീടികയിൽ അഷറഫ് മയ്യത്തായി !ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ ദൈവത്തിൽ നിന്നും വന്നവനെ നിനക്ക് അവന്റെ അടുത്തേയ്ക് തിരികെ പോയേ മതിയാവു എന്നർത്ഥം വരുന്ന പ്രാർത്ഥന ഷഫീക്ക് ചൊല്ലി കൊണ്ട് തുടർന്നു, ഇന്നലെ രാത്രി ഉറങ്ങാൻ കിടന്നതാ രാവിലെ ഉണർന്നില്ല സുഖ മരണം ഷഫീക്ക് പറഞ്ഞതപ്പടി ഹൃദയം പൊട്ടുന്ന വേദനയോടാണ് ഞാൻ കേട്ടത് . തലയണ തലപ്പിൽ മുഖമമർത്തി ഞാൻ അടക്കം കരഞ്ഞു നിയന്ത്രിക്കാൻ ഏറെ ശ്രമിച്ചിട്ടും ആ വാർത്ത നൽകിയ ആഘാതം ഒരു പെരുമഴയിൽ നിറഞ്ഞൊഴുകുന്ന ജലസരണി പോലെൻറെ നയനങ്ങളെ സജലമാക്കികൊണ്ടിരുന്നു . അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു അഷറഫ് എനിക്ക് ,ഒരു ഉമ്മയുടെ വയറ്റിൽ പിറക്കാതെ പോയതെന്നൊക്കെ ഭംഗി വാക്കു പറയുമെങ്കിലും അതിനുമേറെ അപ്പുറമായിരുന്നു എനിക്കവൻ .
എനിക്കു മുകളിൽ അവൻ കിടന്നിരുന്ന ബെർത്തിൽ നിന്നും തല പുറത്തേയ്ക്കിട്ടു ചായ ഉണ്ടാക്കെടാ ഓസേപ്പേ എന്ന വിളി ഇനി ഉണ്ടാവില്ല . കന്യാകുമാരിക്കാരൻ ഔസേപ്പ് ചാക്കോ എന്ന ഞാനും കാസർഗോഡ് നിന്നും വന്ന അഷ്‌റഫ് എന്ന അച്ചപ്പൂവും എങ്ങെനെ ഇത്രമേൽ ആത്മ മിത്രങ്ങളായി .പ്രവാസം എന്ന മൂന്നക്ഷരം മാത്രാമണത്തിനുത്തരം അല്ല അതിനും മേലെ അവൻ എന്നിലേക്കെത്തപ്പെടേണ്ടവനായിരുന്നു .പരിചയപ്പെട്ട ആദ്യ ദിനം മുതൽ എനിക്കാരോ ആയിരുന്നു അവൻ .അഷറഫിന്റെ കൈയ്യൊപ്പോടു കൂടിയ ബിരിയാണിയാണവനെ എന്റെ ഹൃദയത്തിലേക്ക് വലിച്ചടുപ്പിക്കുന്നത് .ഉദരത്തിലൂടെ അവൻ എന്റെ ഹൃദയത്തിലേയ്ക്കൊരു കോണി വെച്ചു കയറുകയായിരുന്നു . അവനുള്ളപ്പോൾ ഒരു വെള്ളിയാഴ്ച്ച പോലും അവന്റെ ബിരിയാണിയില്ലാതെ കടന്നു പോയിട്ടില്ല .
നല്ല മനുഷ്യമ്മാരെ പടച്ചോൻ അധികകാലം ഈ ഭൂമിയിൽ വെച്ചോണ്ടിരിക്കില്ല ഓൻ നല്ലവൻ മാത്രമല്ലായിരുന്നു അതിനും മേലെയായിരുന്നു അതോണ്ടാവും, കബീറിക്കാ കട്ടിലിൽ വന്നിരുന്നെന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു .
ഔസേപ്പങ്കിളേ എന്റെ ഉപ്പാ .. കുഞ്ഞു സൈഫാൻ എന്നെ നോക്കി കരയുകയാണ് എന്റെ മകൻ തൊമ്മിയുടെ പ്രായമാണവന് .അഷ്റഫും ഞാനും ഒരുമിച്ചാണ് നിക്കാഹിനു നാട്ടിലെത്തിയതും ഞങ്ങൾക്കൊരുമിച്ചാണ് മക്കൾ ഉണ്ടായതും കാസർഗോഡിനും കന്യാകുമാരിക്കും ഇടയിലുള്ള ദൂരം ഞങ്ങളൊരുമിച്ചു ഒരു പാട് തവണ മറികടന്നിട്ടുണ്ട് എന്നിട്ടിപ്പോൾ അവന്റെ അവസാന യാത്രയ്ക്ക് ഞാൻ ഇവിടെ ഏഴാം കടലിനിക്കരെ തനിച്ചായതു പോലെ ,
ഷഫീക്കും കബീറിക്കയും മയ്യത്ത് നമസ്‌കാരത്തിനായി പോകാൻ ഒരുങ്ങിയപ്പോൾ ഒരു തോന്നൽ വെറുതെ അവരെ അനുഗമിക്കണമെന്ന് . പരേതന്റെ ആത്മാവ് സ്വർഗത്തിൽ ആയിരിക്കാൻ ഹൃദയം നിറഞ്ഞ പ്രാർത്ഥനകളുമായി അവർക്കരികിൽ ഞാൻ നിൽക്കെ ഒരു ബിരിയാണിയുടെ സുഗന്ധം അന്തരീക്ഷത്തിൽ ഒഴുകി വന്നു . അതവന്റെ മണമായിരുന്നു അവന്റെ ആത്മാവിന്റെ കൈയ്യൊപ്പുള്ള മസാലക്കൂട്ടുകളുടെ ഹൃദയ ഹാരിയായ സുഗന്ധം . ഒരു ഉൾവിളി പോലെ രാവിലെ ഷഫീക് പ്രാർത്ഥിച്ച ആ പ്രാർത്ഥന എന്റെ ചുണ്ടിൽ നിന്നും പുറത്തേയ്ക്കൊഴുകി .
ദൈവത്തിൽ നിന്നും വന്നവർക്കു അവന്റെ അടുത്തേയ്ക്കു മടങ്ങിപ്പോയെ മതിയാകൂ
ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ, ഇന്ന ലില്ലാഹി വാ ഇന്ന ഇലാഹി രജ യൂൻ

Thursday, 13 October 2016

മരുഭൂമിയിൽ വിടരുന്ന മനുഷ്യ പുഷ്പങ്ങൾ


പാകിസ്ഥാനി രൂപയുടെ കെട്ടു വിടർത്തി കട്ടിലിലേയ്ക്ക് വിടർത്തിയിട്ടു യാസിൻ രാക്ഷസനെപോലെ ചിരിച്ചു . അരികിലെ കട്ടിലിൽ ഉറക്കത്തിന്റെ മൂന്നാം യാമത്തിലായിരുന്ന ഉഗാണ്ടക്കാരൻ കറുമ്പൻ ചാടിയെഴുന്നേറ്റു . പാകിസ്ഥാനിയുടെ കൂടെ ആണ് താമസം എന്നു അറിഞ്ഞപ്പോഴേ അയാൾക്കു ഉള്ളിൽ ഭയമായിരുന്നു ,ഏതു നിമിഷവും ത്രീവ്ര മുഖം പ്രകടമാക്കുന്ന വിചിത്ര ജീവികളാണ് പാകിസ്ഥാനികൾ എന്നയാളെ ആരോ ഗുരുതരമായി തെറ്റിദ്ധരിപ്പിച്ചിരുന്നു .
ഞെട്ടിയുണർന്നതും ഉഗാണ്ടക്കാരൻ കറുമ്പൻ തലയണക്കടിയിൽ ഒളിപ്പിച്ചു വെച്ചിരുന്ന വേട്ട കത്തി എടുത്തു വായുവിൽ ചുഴറ്റി . ഇരുട്ടു മൂടിക്കെട്ടിയ മുറിയിൽ വെളിച്ചം ക്ഷണിക്കപ്പെടാത്ത അഥിതിയെപ്പോലെ വിരുന്നു വന്നു . യാസിൻ വീണ്ടും ഉറക്കെ ചിരിച്ചു അയാളുടെ കിടക്ക മൂടിയ നോട്ടുകൾ നോക്കി ഉഗാണ്ടക്കാരൻ കറുമ്പൻ മൂക്കത്തു വിരൽവെച്ചിരുന്നു. ഒന്നുകിൽ ഇയാളുടെ സമനില തെറ്റി അല്ലെങ്കിൽ ഇത്രയും പണം ഇയാൾ എവിടെ നിന്നെങ്കിലും മോഷ്ട്ടിച്ചിരിക്കണം രണ്ടായാലും ഒരു അപായ സൂചന ഉഗാണ്ടക്കാരൻ കറുമ്പന്റെ ഹൃദയത്തിലൂടെ കടന്നു പോയി .
ഏഴടി പൊക്കവും അതിനൊത്ത തൂക്കവും മാത്രമായിരുന്നു അവർക്കു വേണ്ടിയിരുന്ന യോഗ്യത ,അല്ലെങ്കിൽ പണപ്പെട്ടിയുടെ കാവൽക്കാരൻ ആകാൻ അതിൽ കൂടുതൽ എന്തു യോഗ്യതയാണ് വേണ്ടത് ? ആദ്യത്തെ അഭിമുഖ പരീക്ഷയിൽ തന്നെ തിരഞ്ഞെടുക്കപ്പെട്ടു വന്നവരാണ് ഡെറാ ഗാസി ഖാനിൽ നിന്നും വരുന്ന യാസിനും കമ്പാലയിൽ നിന്നും വരുന്ന ജിബ്‌റോൺ എന്ന കറുമ്പനും . ഡെറാ ഗാസി ഖാൻ കുപ്രസിദ്ധമാണ് പാകിസ്താനിലെ സിന്ധ് താഴ്വരയിലെ കറുപ്പ് വ്യാപാരികളിൽ അധികവും ഡെറാ ഗാസി ഖാനിൽ നിന്നുള്ളവരാണ് . ആട് മേയ്ക്കലും കൃഷിയുമായി കഴിയുന്ന ഒരു കൂട്ടം അപരിഷ്കൃതരായ ജനങ്ങളുടെ ഇടയിൽ നിന്നും ആദ്യമായാണൊരാൾ നാട് കടക്കുന്നത് .യാസിൻ ചിരി നിർത്താൻ ഭാവമില്ലാതെ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു നടന്നു .
കറുമ്പൻ കത്തി തലയിണക്കടിയിലേയ്ക്ക് തള്ളി വെച്ച ശേഷം യാസിനെ വിളിച്ചു . യാസിൻ ബെഡിൽ വിതറിയ നൂറിന്റെ നോട്ടുകളിൽ ഒരു കുത്തെടുത്തു കറുമ്പനെ മണപ്പിച്ചു . ശേഷം ഫ്രിഡ്ജിൽ നിന്നും തണുത്ത പെപ്‌സിയെടുത്തു കറുമ്പനു നേരെ നീട്ടി . വന്നിട്ട് ഒരു മാസം തികഞ്ഞതേ ഉള്ളു ആശയ വിനിമയത്തിന് ആംഗ്യ ചലനങ്ങൾ അല്ലാതെ വേറൊരു മാർഗവും ഇല്ല .ആഫ്രിക്കയിൽ നിന്നും കൊണ്ട് വന്ന പൊകല നാക്കിൽ തിരുകിയിരുന്നതിനാൽ കറുമ്പൻ അത് വാങ്ങിയില്ല . യാസിൻ കട്ടിലിന്റെ കോണിൽ കുത്തിയിരുന്നു ഉസ്താദ് നുസ്രത്ത് ഫത്തേ അലി ഖാന്റെ ഖവാലി പാടി . പാതിരാവിന്റെ മൂന്നാംയാമം കഴിയാറാകുന്ന വേളയിൽ ലോകത്തിന്റെ മറ്റൊരു വൻകരയിൽ നിന്നും കപ്പലിറങ്ങിയ ജിബ്‌റോൺ എന്ന ഉഗാണ്ടക്കാരൻ തലയിൽ കൈ കൊടുത്ത് യാസിന്റെ ഖവാലിയും കേട്ടിരുന്നു മയങ്ങി പോയി .
ഡെറാ ഗാസി ഖാനിലെ ആട്ടിടയനായ യാസിൻ ആദ്യമായാണ് അത്രയും രൂപാ ഒരുമിച്ചു കാണുന്നത് , അതിന്റെ സന്തോഷത്തിൽ ഉണ്ടായ വൈദ്യുത പ്രവാഹത്തിൽ യാസിന്റെ ഏതോ ലൈൻ അടിച്ചു പോയിരിക്കുന്നു അല്ലെങ്കിൽ ശമ്പളം കിട്ടിയ ദിർഹം മുഴുവൻ പാകിസ്ഥാനി രൂപയാക്കി മാറ്റി കട്ടിലിൽ വിതറുമോ ? പാതിരാത്രിയിൽ എഴുന്നേറ്റിരുന്നു ഖവാലി പാടുമോ ? കറുമ്പൻ ഉഗാണ്ടക്കാരൻ പിറ്റേന്ന് തന്നെ മുറി മാറി പോയി യാസിൻ ആ മുറിയിൽ തനിച്ചായി എങ്കിലും ഇപ്പോഴും രാത്രികളുടെ മൂന്നാം യാമം ആയാൾ എഴുന്നേറ്റിരുന്നു പാടും .
ഡെറാ ഗാസി ഖാനിലെ പുൽത്തകിടിയിൽ മേയാൻ വിട്ട ആട്ടിൻ കൂട്ടങ്ങളെ നഷ്ട്ടപ്പെട്ടവനെ പോലെ അയാൾ ഉണർന്നിരുന്നു പാടി . കൈ വിട്ടു പോയ അജഗണങ്ങൾക്കുകൂട്ടായി തിരികെ ആ പുൽമേടുകളിലേയ്ക്ക് എത്തും വരെ ഖവാലി മാത്രമേ ആ ചുണ്ടുകൾക്കിയിൽ നിന്നും പുറത്തേയ്ക്കു വന്നുള്ളൂ. ചില ഹൃദയങ്ങൾ അങ്ങനെയാണ് അവരുടെ ആത്മാവ് കുടി കൊള്ളുന്ന പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലേ അവർക്കു നിലനിൽക്കാനാവൂ അല്ലാത്തപ്പോഴെല്ലാം അവർ കരയിൽ പിടിച്ചിട്ട മീനിനെപ്പോലെ ചെകിള പൊളിച്ചു തലയടിച്ചു കൊണ്ടേയിരിക്കും .ആ മുറിയിൽ ഇപ്പോഴും നേർത്തൊരു ഖവാലി സംഗീതം കേൾക്കാം പുതിയ യാസിൻമാർ വന്നു കൊണ്ടേ ഇരിക്കുകയാണ് ഹൃദയത്തിൽ കൂടു കെട്ടിയ വേർപാടിന്റെ ഖവാലി സംഗീതവും പൊഴിച്ചു കൊണ്ട്, അതിങ്ങനെ അനുസ്യൂതം തുടരും ചിലതു തളിർക്കും ചിലതു വാടും ചിലതു പൂവിടും ഒരോർമ്മ പോലും അവശേഷിപ്പിക്കാതെ ചിലതു മണ്ണടിയും .........

ചുടു രക്ത്തത്താൽ ഉറയ്ക്കപ്പെട്ട മനുഷ്യ വാഹിനികൾ


പാതിരാപ്പടം കഴിഞ്ഞു വന്നു അഡ്‌വൈസർ തൂറാനിരുന്നപ്പോഴാണ് ദേവിയുടെ എഴുന്നള്ളത്തുണ്ടായത് സഹോദരിമാരായ ദേവിമാരുടെ എഴുന്നള്ളത്ത് സമയത്തു രാത്രിയിൽ ആരും കാണാൻ പാടില്ല എന്ന അലിഖിത നിയമമാണ് നാസ്തികനും നക്സലുമായ അഡ്‌വൈസർ കുഞ്ഞച്ചൻ കാറ്റിൽ പറത്തിയത് . അഡ്‌വൈസർ ഒന്നേ നോക്കിയുള്ളൂ ദ്രംഷ്ട്ട നീട്ടിയ കാളി സ്വരൂപം അഡ്‌വൈസറെ മലർത്തിയടിച്ചു . കള്ളിച്ചെല്ലമ്മ കണ്ടു മടങ്ങുന്ന വഴിയായിരുന്നു ആ പാതകം അരങ്ങേറിയത് . അത്രാം കണ്ണ് മുതലാളിയുടെ സ്നേഹം കാണാതെ കുഞ്ഞച്ചൻ എന്ന വരത്തന്റെ പിറകെ പോയ ചെല്ലമ്മ ഒടുവിൽ ഒതളങ്ങാ കഴിച്ചു തൂറിയും ശർദിച്ചും മരിക്കുന്നതു കണ്ടു പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളു നമ്മുടെ അഡ്‌വൈസർ കുഞ്ഞച്ചൻ .
പാടത്ത്‌ പണിക്കു പോയ കറുമ്പനും ചോതിയുമാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അഡ്‌വൈസറെ ആദ്യം കാണുന്നത് ആദ്യം കരുതിയത് ചത്തു മലച്ചാണ് കിടക്കുന്നതെന്ന്, പിന്നീട് അടുത്തു ചെന്ന് നോക്കുമ്പോൾ അഡ്‌വൈസർക്കു ജീവനുണ്ട് . കാളിയെ കണ്ടു പുറത്തു ചാടിയ അർശ്ശസ്സിൽ കോഴി കൊത്തി പൊട്ടിച്ചതാണ് അഡ്‌വൈസറുടെ മുണ്ടിൽ പുരണ്ട രക്തക്കറ മുഴുവൻ . ചേമ്പിലയിൽ വെള്ളമെടുത്തു വന്ന ചോതി അഡ്‌വൈസറുടെ മുഖത്തേയ്ക്കൊഴിച്ചു . കണ്ണ് തുറന്നതും കരിംഭൂതം പോലെ കറുമ്പനെ മുന്നിൽ കണ്ടതും അഡ്‌വൈസർ നിലവിളിച്ചു കൊണ്ടു വീട്ടിലേയ്ക്കോടി . കറുമ്പനും ചോതിയും എന്തോ പിറുപിറുത്തു കൊണ്ടവരുടെ ജോലിയിലേയ്ക്ക് കൈക്കോട്ടും തൂക്കി നടന്നു പോയി .
ഷെവലിയാർ പട്ടം കിട്ടിയ പോത്തൻ പുന്നൂസിന്റെ മൂത്ത മകൻ തന്നെ നാസ്തികനും കമ്മ്യുണിസ്റ്റുമായതിൽ പരിതപിച്ചു കഴിഞ്ഞിരുന്ന പോത്താനും പട്ടക്കാർക്കും കിട്ടിയ വജ്രായുധമായിരുന്നു അഡ്‌വൈസർ കുഞ്ഞച്ചന്റെ ദേവി ദർശനവും തുടർന്നുള്ള സംഭവങ്ങളും . കൊറ്റംകുളങ്ങര 'അമ്മ നൽകിയ അനുഗ്രഹത്തെ മൊത്തമായും ചില്ലറയായും വാങ്ങിയെടുത്ത തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന കണ്ണിയിൽ പെട്ട കത്തോലിക്കാരായിരുന്നു കുഞ്ഞച്ചന്റെ താവഴി മുഴുവൻ .
ലില്ലിക്കുട്ടി പെമ്പ്രന്നോരു കരഞ്ഞു നിലവിളിച്ചു പോകാത്ത പള്ളിയോ അമ്പലമോ മന്ത്ര വാദികളോ ഇല്ല .ദേവിയെ കണ്ട അന്ന് മുതൽ കുഞ്ഞച്ചൻ ഉന്മാദിയാണ് , ഒന്നേൽ തൊടാത്ത വർത്തമാനങ്ങൾ, ദേവി കീർത്തനങ്ങൾ എന്ന് വേണ്ട ജനിച്ചിട്ടിന്നോണം അഡ്‌വൈസർ കുഞ്ഞച്ചൻ തള്ളി പറഞ്ഞ വിശ്വാസങ്ങളെയെല്ലാം തൊണ്ട നനയ്ക്കാതെ പുകഴ്ത്തുകയാണയാൾ . പള്ളീം പട്ടക്കാരിയുമായി നടക്കുന്ന ലിലിക്കുട്ടിക്ക് പോലും അറിയാത്ത കർത്താവിന്റെ പുത്തൻ പാന അഡ്‌വൈസർ കുഞ്ഞച്ചൻ പച്ച വെള്ളം പോലെ പാടി നടന്നു .
തോക്കിൻ കുഴലിലൂടെ മാത്രമേ വിപ്ലവം സാധ്യമാകു എന്നു പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്ന അഡ്‌വൈസർ കുഞ്ഞച്ചൻ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ വിശ്വാസിയും ഉന്മാദിയും ആയതു കണ്ടു കൊടി കെട്ടിയ പാർട്ടിക്കാരിൽ ചിലർ പാർട്ടി ക്ലാസിൽ പോകാതെയായി .ഷെവലിയാർ പോത്തൻ മകന് സംഭവിച്ച ദുര്യോഗത്തിൽ സങ്കടപ്പെടുന്നതിനു പകരം സന്തോഷിക്കുകയാണ് ചെയ്തത് കാരണം മനോരോഗി ആയപ്പോഴെങ്കിലും അവൻ കമ്മ്യുണിസം ഉപേക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു പള്ളിയുടെ സാമന്ത പുത്രനായ പോത്തൻ പുന്നൂസിന് .
ഇംഗ്ലണ്ടിൽ നിന്നും എഞ്ചിനീയറിംഗ് പാസായി വന്ന വില്യം സായിപ്പ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നാട്ടിലെ പാലം പണിക്കുള്ള കുമ്മായ മിശ്രിതം ഉറയ്ക്കുന്നില്ല . അറിയാവുന്ന പണികളെല്ലാം പയറ്റിയിട്ടും പാലം പണി മുന്നോട്ടു പോകാത്തതിൽ നിരാശനായി വില്യം സായിപ്പ് ഇംഗ്ലണ്ടിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അഡ്‌വൈസർ കുഞ്ഞച്ചന് ദേവിയുടെ വെളിപാടുണ്ടാകുന്നത് ." നരബലി നടത്തി ഇളം രക്തം ചേർത്ത മിശ്രിതം കൂട്ടിയാൽ കുമ്മായം ഉറയ്ക്കുമത്രേ !
പല പ്രാന്തുകളൂം ദിവസേന കേൾക്കുന്ന ലില്ലിക്കുട്ടി അതിനെ ചിരിച്ചു തള്ളി . അടിക്കടി ദേവി കടാക്ഷമുണ്ടാകുന്ന അഡ്‌വൈസർ കുഞ്ഞച്ചന്റെ വാക്കുകൾ കാട്ടു തീ പോലെ പടർന്നു വില്യം സായിപ്പിന്റെ കാതുകളിലുമെത്തി .
ദേവിയാണ് കുഞ്ഞച്ചനിലൂടെ സംസാരിക്കുന്നതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാം ക്ലാസ് ബിരുദദാരിക്ക് തോന്നിയാൽ പിന്നെ അക്ഷര വെളിച്ചമേൽക്കാത്ത ഗ്രാമീണരെ എങ്ങനെ കുറ്റം പറയും . പതിനാലു തികയാത്ത ബാലന്റെ ഇളം രക്തം ദേവിക്ക് അണിയിച്ച മാല്യത്തിൽ മുക്കി കുമ്മായത്തിൽ ചേർക്കുക ദേവി കുഞ്ഞച്ചനിലൂടെ സംസാരിച്ചു . വില്യം സായിപ്പ് പഞ്ച പുശ്ചമടക്കി ദേവിയെ കേട്ടു .
അന്നേയ്ക്കു പതിനാലാം നാൾ എങ്ങു നിന്നോ ഒരു നാടോടി ബാലനെത്തി അല്ല വില്യം സായിപ്പ് വരുത്തിച്ചു . പനങ്കള്ളും ശർക്കരയും കഴിച്ചു ഉന്മാദിയായ ബാലനെ മരപ്പലകയിൽ വെച്ചു ശിരച്ഛേദം നടത്തി ,ഇളം രക്തം കുമ്മായത്തിലേയ്ക്ക് പടർന്നിറങ്ങി തൂണുകൾ ബലിഷ്ടമായി, കുഴഞ്ഞു മറിയുന്ന കുമ്മായക്കൂട്ടത്തിലേയ്ക്ക് നാടോടി ബാലന്റെ കബന്ധത്തെ എറിഞ്ഞിട്ടു വില്യം സായിപ്പ് പൊട്ടിച്ചിരിച്ചു .അഡ്‌വൈസർ കുഞ്ഞച്ചന്റെ വീടിനു മുന്നിൽ നിന്ന ആൽമരം അന്ന് രാത്രി വേരോടെ മറിഞ്ഞു .കുഞ്ഞച്ചന്റെ തലയ്ക്കു മുകളിൽ ഒരു ദിവ്യ പ്രകാശം പ്രത്യക്ഷപ്പെട്ടു .
പാലം കടന്നു പോകുന്ന ഓരോ വണ്ടിയിൽ നിന്നും അഡ്‌വൈസർ കുഞ്ഞച്ചന്റെ പ്രതിഷ്‌ഠയിലേയ്ക്ക് നാണയത്തുട്ടുകൾ ഏറിയും .രാത്രിയിൽ പാലത്തിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് ഒരു കരച്ചിൽ കേൾക്കാമത്രേ ,പാലത്തിന്റെ ബലത്തിനായി കുരുതി കൊടുത്ത ബാലന്റെ നിസ്സഹായമായ നിലവിളിയാണെന്നു ചിലർ പറയുന്നു മറ്റു ചിലർ പറയുന്നു അഡ്‌വൈസർ കുഞ്ഞച്ചൻ ദേവീസ്തുതികൾ പാടി കൊണ്ട് പള്ളിയുറക്കത്തിന് പോകുന്നതാണത്രേ , കാലമേറെ കഴിഞ്ഞിട്ടും പാലം ഇപ്പോഴും ബലിഷ്ടമാണ് ദേവി കടാക്ഷമെന്നല്ലാതെ എന്തു പറയാൻ ..................

Thursday, 6 October 2016

ഭൂമിയിൽ ലഭ്യമാകുന്ന വിനാഗരികൾ


തിരുനെല്ലിയിൽ നിന്നും നീലച്ചടയൻ വാങ്ങി വരുന്ന വഴി വിനാഗരിക്കാരൻ യൂജിൻ പെരേര സായിപ്പൊരു കാഴ്ച കണ്ടു . മസ്തിഷ്ക്കത്തെ മഥിക്കുന്ന ലഹരിയുടെ ലാഘവത്വത്തിൽ യൂജിൻ സായിപ്പ് ഒന്നും സംഭവിക്കാത്തവനെപ്പോലെ മുന്നോട്ടു നടന്നു . കട്ട പിടിച്ച ഇരുട്ടിൽ ഡച്ചു സ്‌ക്വയറിൽ നിന്നും മുപ്പാലം വരെയുള്ള യാത്രയിൽ യൂജിൻ സായിപ്പിനോട് വിശേഷം തിരക്കിയയാൾ മുന്നോട്ടു നടന്നു . വിനാഗിരി കച്ചവടത്തിനായി ഭൂമി മലയാളം മുഴുവൻ സഞ്ചരിച്ചിട്ടുള്ള യൂജിൻ സായിപ്പ് ജീവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു അയാൾ . രണ്ടാൾ പൊക്കമുള്ള, മെലിഞ്ഞു നീണ്ട വെള്ള താടിയുള്ള , ചെമ്പൻ കണ്ണുകളുള്ള, ഒരു സായിപ്പാണാ അത്ഭുത മനുഷ്യൻ എന്ന് യൂജിൻ പെരേരക്കു തോന്നി . മിന്നാമിനുങ്ങുകളും ചീവിടുകളും മാത്രമുള്ള വീഥിയിലൂടെ അത്ഭുത മനുഷ്യൻ നീലച്ചടയന്റെ ലഹരിയിലായിരുന്ന യൂജിൻ സായിപ്പിനെ അത്ഭുതങ്ങൾ നിറഞ്ഞൊരു ലോകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി . ആലപ്പുഴ മാർക്കറ്റിലേയ്ക്ക് പച്ചക്കറിയുമായി വന്ന പാണ്ടി ലോറിയിൽ ഒരെണ്ണത്തിന്റെ ഡ്രൈവർ അത്ഭുത മനുഷ്യനെ കണ്ടു പേടിച്ചിട്ടെന്നോണം വണ്ടി പാതയോരത്തുള്ള കനാലിലേയ്ക്കു നിയന്ത്രണം വിട്ടിടിച്ചിറക്കി . ഒരു നിമിഷം അത്ഭുത മനുഷ്യൻ തിരിഞ്ഞു നിന്നു .കനാലിലെ വെള്ളം കൂടിയ ഭാഗത്തേയ്ക്ക് മറിഞ്ഞ പാണ്ടി ലോറി മുങ്ങി താഴുന്നത് നോക്കി നിന്നു .യൂജിൻ സായിപ്പ് അപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നു . അവിടെ സംഭവിച്ചതൊന്നും അറിയാതെ അയാൾ നക്ഷത്രങ്ങളെ നോക്കി മുന്നോട്ടു നടന്നു .
ഒന്നാം കുർബാനയ്ക്കു മൌണ്ട് കാർമൽ കത്തീഡ്രലിലേയ്ക്കു പോയ ജൂലിയറ്റ് ഫെർണാണ്ടസും ആ അത്ഭുത മനുഷ്യനെ കണ്ടു . രണ്ടു പതിറ്റാണ്ടു മുൻപ് ലണ്ടനിലേയ്ക്ക് പോയ മകൻ പീറ്റർ ഫെർണാണ്ടസ് അയച്ച ഫോട്ടോയിലും ഉണ്ടായിരുന്നു ഇതുപോലെ നീണ്ടു മെലിഞ്ഞു വെളുത്തൊരു സായിപ്പു കുട്ടി. ഒരു പക്ഷെ മകൻ സമ്മാനങ്ങളുമായി മമ്മയെ കാണാൻ ലണ്ടനിൽ നിന്നും പറഞ്ഞു വിട്ടതാണെങ്കിലോ ? അത്ഭുത മനുഷ്യൻ ജൂലിയറ്റ് ഫെർണാണ്ടസിനോട് ഇഗ്ളീഷ് കലർന്ന മലയാളത്തിൽ സംസാരിച്ചു കൊണ്ട് മുന്നോട്ടു നടന്നു . മഞ്ഞു പെയ്തു തുടങ്ങിയിരിക്കുന്നു ,ശവക്കോട്ട പാലത്തിന്റെ കീഴെ പാല മരത്തിന്റെ ചുവട്ടിൽ എത്തിയതും പൂത്തു നിന്ന പാല മരങ്ങളിൽ നിന്നും പുഷ്പ്പ വൃഷ്ടിയുണ്ടായി . പാലപ്പൂവിന്റെ ഗന്ധം ശ്വസിച്ച ജൂലിയറ്റ് ഫെർണാണ്ടസിന് താൻ ഏതോ ഗന്ധർവ ലോകത്തകപ്പെട്ടപോലെ തോന്നി. ഒന്നാം മണിയടിച്ചതും കൊന്ത എത്തിക്കാനുള്ള ഒരു സംഘം പള്ളിയിലേയ്ക്കെത്തി ,അത്ഭുത മനുഷ്യനെ കണ്ട യാതൊരു ലാഞ്ചനയും ഇല്ലാതെ അവരിൽ പ്രധാനിയായി ജൂലിയറ്റ് ഫെർണാണ്ടസും പള്ളിയങ്കണത്തിലേയ്ക്ക് കയറിപ്പോയി .
ബൈക്ക് ആക്സിഡന്റിൽ മരിച്ച വിൻസെന്റ് അന്തോണിയുടെ മുപ്പതടിയന്തിരമായിരുന്നു അന്നു രാവിലെ നടക്കേണ്ടിയിരുന്ന പ്രധാന സംഭവം . കർമ്മലമാതാ എഞ്ചിനീറിംഗ്‌ കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും സകല കലാ വല്ലഭനുമായ വിൻസെന്റ് അന്തോണിയുടെ മരണം നാടിനെ ഞെട്ടിച്ച ദുരന്തം തന്നെയായിരുന്നു . നിയന്ത്രണം തെറ്റി വന്ന പാണ്ടി ലോറി ഇടിച്ചാണ് വിൻസെന്റ് അന്തോണി അകാല ചരമമടഞ്ഞത് . രാവിലെ കുഴി അലങ്കരിക്കാനെത്തിയ അലക്സ് കൊച്ചീക്കാരൻ കുഴിമാടത്തിനരികെ ആ അത്ഭുത മനുഷ്യനെ കണ്ടു അപ്പോൾ നേരം പര പരാ വെളുത്തിട്ടുണ്ടായിരുന്നു .കിളികൾ കൂട്ടിൽ നിന്നും ഇര തേടി പറക്കാൻതുടങ്ങിയിട്ടുണ്ടായിരുന്നു,ആകാശത്തിനു ചുവപ്പു നിറവും താഴെ ഭൂമിയിൽ മുഴുവൻ വെള്ളികെട്ടിയ പ്രകാശ വലയങ്ങളുമായിരുന്നു .അലക്സ് കൊച്ചീക്കാരൻ അത്ഭുത മനുഷ്യനെക്കണ്ട് ആദ്യം പേടിച്ചെങ്കിലും അസംഖ്യം കുരുശികളുള്ള സിമിത്തേരിയിലേയ്ക്ക് ചെകുത്താന്മാർ കയറില്ലാ എന്നുറക്കെ വിശ്വസിച്ചിരുന്നതിനാൽ അത്ഭുത മനുഷ്യനോട് അയാൾ നല്ല മലയാളത്തിൽ സംസാരിച്ചു .കൊച്ചീക്കാരനോട് സംസാരിച്ചു കൊണ്ടിരിക്കെ അത്ഭുത മനുഷ്യൻ സിമിത്തേരിക്കകത്തുള്ള കല്ലറ കപ്പേളയിലേയ്ക്ക് കയറിപ്പോയി . എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മുപ്പതടിയന്തിരത്തിനു വന്ന കൂട്ടുകാരോടെല്ലാം അലക്സ് കൊച്ചീക്കാരൻ ആ അത്ഭുത മനുഷ്യനെപ്പറ്റി വാതോരാതെ സംസാരിച്ചു .
ആകെ നാലു പേർക്കു മാത്രം ദർശനം നൽകി അത്ഭുത മനുഷ്യൻ കല്ലറ കപ്പേളയുടെ യവനികയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞു . ആരായിരുന്നു ആ നാലു പേർ ?അകാലത്തിൽ മരിച്ച വിൻസെന്റ് ആന്റണിയുടെ ആത്മമിത്രം അലക്സ് കൊച്ചീക്കാരൻ , അവന്റെ പ്രിയപ്പെട്ട ടീച്ചർ ജൂലിയറ്റ് ഫെർണാണ്ടസ് , അവനെ പിന്നിൽ നിന്നും ഇടിച്ചു തെറുപ്പിച്ച പാണ്ടി ലോറിയുടെ അജ്ഞാതനായ ഡ്രൈവർ , എന്തിനായിരിക്കാം മരിച്ച വിൻസെന്റ് അന്തോണിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന യൂജിൻ പെരേരയെന്ന വിനാഗരിക്കാരൻ അത്ഭുത മനുഷ്യനെ കണ്ടതിന്റെ കാരണം ?
സായിപ്പ് എന്നു വിളിപ്പേരുള്ള യൂജിൻ പെരേര നൽകിയ വിനാഗരിയെന്ന കറുപ്പ് ചഷകത്തിന്റെ ലഹരിയിലായിരുന്നത്രെ TN60 X3699 എന്ന പാണ്ടിലോറിയുടെ അജ്ഞാതനായ ഡ്രൈവറുടെ അന്നത്തെ രാജകീയ യാത്ര.................

Tuesday, 4 October 2016

ഒന്നു വെച്ചാൽ രണ്ടു കിട്ടും


ജബ്ബാറിക്ക കൊഴുപ്പടിഞ്ഞു കൂടിയ ഉരുളൻ വയറിൽ തടവി മോഹനനെ നോക്കി ,സ്ഥലകാല വിഭ്രമം വന്നവനെപ്പോലെ നിന്ന മോഹനന്റെ മുന്നിലേയ്ക്ക് ഒരു കെട്ടു നോട്ടെറിഞ്ഞു കൊണ്ടു പറഞ്ഞു
"ഒന്ന് ടെസ്റ്റ് ചെയ്തു നോക്കൂ ഇത് സാമ്പിൾ മാത്രം പിടിക്കപ്പെട്ടാൽ ഒരാളുടെയും പേരു പറഞ്ഞു കൂടാ , അഥവാ പേര് പറഞ്ഞാൽ മോഹനൻ മാത്രമല്ല മോഹനന്റെ വംശം തന്നെ ഞാൻ പിഴുതെടുക്കും"
വിറയ്ക്കുന്ന കൈകളോടെ മേശപ്പുറത്തു കിടന്ന നോട്ടു കെട്ടെടുക്കാൻ കുനിഞ്ഞതും നിലവിളി ശബ്ദമുണ്ടാക്കി കൊണ്ടൊരു പോലീസ് വാൻ മുറ്റത്തെ വീഥിയിലൂടെ കടന്നു പോയി . ഇവിടം ശരിയായ സ്ഥലമല്ല കള്ളന്മാരും കൊള്ളക്കാരും കുഴൽപ്പണക്കാരും വിഹരിക്കുന്ന തെരുവോരമാണിത്, സൂക്ഷിച്ചു വേണം ഓരോ ചുവടുകളും മോഹനൻ പിന്നോട്ടാഞ്ഞ കൈകളെ ശക്തിയിൽ മുന്നോട്ടു നീട്ടിയാ നോട്ടുകെട്ടു കൈയ്യിലൊതുക്കി മുഖത്തോടടുപ്പിച്ചു . പച്ച മഷിയുടെ മണം മോഹനന്റെ നാസാരന്ദ്രങ്ങളിലേയ്ക്ക് തുളച്ചു കയറി ,തീ കൊള്ളി കൊണ്ടാണ് താൻ കളിക്കാൻ പോകുന്നത് വരുന്നത് വരുന്നിടത്ത് വെച്ച് തന്നെ കാണാം ഇത് അവസാനത്തെ ശ്രമമാണ് ഇതിൽ വിജയിച്ചാൽ..
ഒന്നിന് പത്താണ് ജബ്ബാറിക്കയുടെ വാഗ്ദാനം പത്തു ലക്ഷംഒറിജിനൽ കൊടുത്താൽ ഒരു കോടി രൂപയുടെ കള്ളൻ . നടേശൻ നൽകിയ ഉറപ്പിലാണീ കച്ചവടം ,ആക്രി കടക്കാരൻ നടേശൻ നടേശൻ മുതലാളി ആയത് ജബ്ബാറിക്കയുടെ സ്വന്തം പ്രസ്സിലടിച്ച പച്ചക്കണ്ണൻ ഗാന്ധിയെ കൊണ്ടായിരുന്നു . ഒരു കട്ട മാറി മറിഞ്ഞാൽ ആർക്കും വേണ്ടാത്ത മോഹനൻ എന്ന ഇസ്‌പേഡ്‌ ഏഴാം കൂലിയും നാളെ മോഹനൻ മുതലാളിയാകും . ഇന്ന് തൃണമായി കണ്ടു അവഗണിക്കുന്ന എല്ലാ പരിഷകൾക്കും മുന്നിലൂടെ നെഞ്ചു വിരിച്ചു നടക്കണം .പണം പണം മാത്രാമാണ് ബഹുമാനവും സമൂഹത്തിൽ സ്വീകാര്യതയും കിട്ടാനുള്ള ഏക മാർഗം .
ജബ്ബാറിക്ക കാലുയർത്തി വിട്ട അധോവായുവിന്റെ അസാമാന്യ നാറ്റമാണ് മോഹനനെ ചിന്തയിൽ നിന്നും താഴേയ്ക്ക് തള്ളിയിട്ടത് . ഒരു കൈകൊണ്ടു മൂക്ക് പൊത്തി മറു കൈയ്യിൽ ജബ്ബാറിക്ക കൊടുത്ത പതിനായിരത്തിന്റെ പിടയ്ക്കുന്ന ഇരുപതു അഞ്ഞൂറിന്റെ നോട്ടുകളുമായി മേശയിലടിച്ചു മോഹനൻ കച്ചവടം കബൂലാക്കി . പത്തു ലക്ഷം എത്തിക്കുന്ന മാത്രയിൽ ഒരു കോടി. ഇനി ഇടപാട് ദിവസം മാത്രം വന്നാൽ മതിയാകുമെന്ന ഉഗ്രശാസന നൽകി കവല വരെ കൊണ്ട് വിടാൻ ജബ്ബാറിക്ക മോഹനന്റെ കൂടെ നടന്നു . കള്ളകടത്തും പിടിച്ചു പറിയും നടത്തുന്ന അധോലോക നായകന്മാർക്കുള്ള ഒരു ലുക്കുമില്ലാത്ത കുടവയറൻ ജബ്ബാറാണ് സ്ഥലത്തെ പ്രധാന അധോലോക നായകൻ എന്ന തിരിച്ചറിവിൽ മോഹനന്റെ ഉള്ളിൽ ഉണ്ടായിരുന്ന ഭയപ്പാട് തൊടലും പറിച്ചു കൊണ്ട് എങ്ങോട്ടോ ഓടി പോയി.
ഇനിയാണ് അഗ്നി പരീക്ഷ ,ജബ്ബാറിക്ക നൽകിയ അഞ്ഞൂറിന്റെ ഇരുപതു നോട്ടുകൾ മുണ്ടിന്റെ മടിക്കുത്തിൽ ഇരുന്നു തുള്ളിച്ചാടുകയാണ് . ഇതെവിടെയാണ് ഒന്ന് ചിലവാക്കുക ഉള്ളിൽ കുറ്റബോധമുള്ളതിനാൽ താൻ ചിലവാക്കാൻ ശ്രമിച്ചാൽ പിടിക്കപ്പെടും അതുകൊണ്ടു ഇതൊന്നു മറിയാത്ത ആരെങ്കിലും ഒരാൾ തനിക്കു വേണ്ടി ഈ നോട്ടുകെട്ടുകളുമായി തെരുവിലേക്കിറങ്ങുന്നു .നിയോൺ ലാമ്പിന്റെ പ്രകാശം അസ്തമിക്കാറായ പാതയോരത്തേയ്ക്കു തുറന്നിട്ട ജനാലകൾക്കുള്ളിലൂടെ അയാൾ നീട്ടി വിളിച്ചു .
രേവതീ , രേവതീ ... ഉറക്കച്ചവടോടെ മോഹനൻ എന്ന ആർക്കും വേണ്ടാത്ത മനുഷ്യന്റെ ഭാര്യ വാതിൽ മലർക്കെ തുറന്നു .നിഴൽ തലയുള്ള കറുത്ത രൂപം മോഹനന് മുൻപേ ആ വീട്ടിലേയ്ക്കു വലതു കാൽ വെച്ച് കയറി . കട്ടിലിലേയ്ക്ക് മലർക്കനെ മറിഞ്ഞു വീണ മോഹനന്റെ മടിക്കുത്തിൽ മുഴച്ചു നിന്ന നോട്ടുകെട്ടുകളിലേയ്ക്ക് രേവതി പിടി മുറുക്കി . ഒരായിരം കൂട്ടങ്ങൾ വാങ്ങാനുള്ള രേവതി ഒറ്റ വലിക്കാ ഇരുപതു നോട്ടുകളും ബ്രെയിസിയറിനു കീഴെ മാംസളമായ മുലയിടുക്കുകൾക്കുള്ളിലേയ്ക്ക് തള്ളി കയറ്റി . എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയാത്തവനെപ്പോലെ മോഹനൻ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
പിറ്റേന്ന് രേവതി ഒരുങ്ങി പുറത്തു പോകും വരെ മോഹനൻ ഉണർന്നില്ല , അതിരാവിലെ നിധി കിട്ടിയ സന്തോഷത്തിൽ രേവതി കുളിച്ചൊരുങ്ങി അങ്ങാടിയിലേക്ക് പോയി. അവളെങ്ങനെയാണ് കയ്യിൽ പത്തു രൂപാ തികച്ചു കിട്ടിയാൽ അവൾ പുരയിലിരിക്കാറില്ല .കയ്യിലുള്ളത് തീരും വരെ കണ്ണിൽ കണ്ടതെല്ലാം വാങ്ങി കൂട്ടും ഇവൾ കൂടെ കൂടിയതിൽ പിന്നെയാണ് സാമാന്യം തരക്കേടില്ലാത്ത ചുറ്റുപാടിൽ ജീവിച്ച മോഹനൻ എന്ന ഞാൻ ബി പി എൽ റേഷൻകാരൻ ആയിത്തീർന്നത് . ഇപ്പോൾ സംഭവിച്ചതെന്തായാലും അച്ഛൻ ഇശ്ചിച്ചതും വൈദ്യൻ കല്പിച്ചതും പാലെന്ന മട്ടിലാണ് സംഗതികൾ പോകുന്നത് .രേവതിയുടെ നിഷ്കളങ്കത ഒന്ന് മാത്രം മതി ആർക്കും ഒരു സംശയവും ഉണ്ടാകാതിരിക്കാൻ മോഹനൻ പതിയെ എഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി ഗൗളി തെങ്ങിന്റെ കീഴ് തലപ്പിൽ നിന്നും ഒരു ഓലചീന്തു വലിച്ചെടുത്തു മടക്കി പല്ലിൽ ഉരച്ചു .
സമയം പന്ത്രണ്ടു മണി കഴിഞ്ഞിരിക്കുന്നു ,രാവിലെ പോയ രേവതിയിതുവരെ തിരികെ വന്നിട്ടില്ല ഒരു എരിപിരി സഞ്ചാരം പെരൂ വിരലിൽ നിന്നും മുകളിലോട്ടു ഇരച്ചു കയറുന്നു .എന്തെങ്കിലും അപകടം ആരെങ്കിലും രേവതിയെ പിടി കൂടിയിട്ടുണ്ടാവുമോ ? അയാൾ കൈയെത്തി കുലച്ചു നിന്ന ഗൗളി തേങ്ങകളിൽ ഒരെണ്ണം പിഴുതെടുത്തു മുകളറ്റം ചീന്തി വെള്ളം കുടിച്ചു .ഇളനീരിന്റെ മധുരത്തിനിടയിലും അന്നനാളം നിറയുന്ന കാരസ്‌ക്കരത്തിന്റെ അരുചി . ചെന്തേങ്ങാ ദൂരെ പറമ്പിലേയ്ക്ക് വലിച്ചെറിഞ്ഞയാൾ മുന്നോട്ടു നടന്നതും രേവതി ചിരിച്ചു കൊണ്ടു കയറി വരുന്നു ഉത്സവ പറമ്പിൽ നിന്നും കുട്ടികൾ വരുമ്പോലെ ഇരു കൈകളിലും താങ്ങാൻ കഴിയുന്നതിലും സാധനങ്ങൾ തൂക്കി പിടിച്ചാണവളുടെ വരവ് .
നേരത്തെയുണ്ടായിരുന്ന പെരുപ്പ് മാറി ഐസ് പോലെ തണുത്തുറഞ്ഞ എന്തോ സിരകളിൽ ഓടുകയാണ് . നീയെവിടെയൊക്കെ പോയി ? എന്തൊക്കെ വാങ്ങി ? മോഹനന്റെ തൊണ്ട വറ്റി വരണ്ടു .
രേവതി സഹകരണ ബാങ്ക് അടക്കം എല്ലായിടത്തും കയറിയിരിക്കുന്നു . ദൈവമേ! ബാങ്കിൽ വ്യാജ നോട്ടുമായിട്ടു പോയിട്ട് പോലും അവൾ പിടിക്കപ്പെട്ടില്ല .രേവതി വിയർപ്പുണങ്ങിയ ചുണ്ടുകൾ മോഹനന്റെ ചുണ്ടിൽ കൊരുത്തു വലിച്ചു .കല്യാണത്തിനു ശേഷം ഇതാദ്യമായാണ് ഇത്ര വലിയ ഷോപ്പിംഗ് ഇവൾ നടത്തുന്നത് പതിനായിരം രൂപയ്ക്കു ഇത്രയേറെ സാധനങ്ങൾ വാങ്ങാൻ കഴിയുമോയെന്ന് രേവതി വാങ്ങി കൂട്ടിയ പലവകയിലേയ്ക്ക് നോക്കി മോഹനൻ ആശ്ചര്യപ്പെട്ടു . ഉപ്പുണങ്ങിയ ചുണ്ടുകളിൽ നിന്നും ചൂടു രതിയുടെ കാറ്റ് ഇരു ശരീരങ്ങളിലേയ്ക്കും പടർന്നിറങ്ങി .പണം നൽകുന്ന ആത്മസംതൃപ്തി രതിയിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന തോന്നലിൽ മോഹനൻ ഉത്തരം നോക്കി കിടന്നു . എത്രയുംവേഗം പത്തു ലക്ഷം ഉണ്ടാക്കണം .ആദ്യ പരീക്ഷയിൽ വിജയിച്ചിരിക്കുന്നു ,കൊണ്ട് പോയതും ചിലവാക്കിയതുമെല്ലാം കള്ളനോട്ടാണെന്നറിഞ്ഞപ്പോൾ രേവതി മോഹനന്റെ വലത്തേ ചെവിയിൽ ആഞ്ഞു കടിച്ചു.
സംശയത്തിന്റെ ഒരു ലാഞ്ചന പോലും ഇല്ലാതെയാണ് പതിനായിരം ചിലവാക്കി മാറിയിരിക്കുന്നത് .പത്തു കൊടുത്താൽ പത്തിരട്ടിയായി തിരിച്ചു കിട്ടാൻ പോകുന്നതും ഇപ്പോൾ ചിലവാക്കിയ സ്റ്റഫ് തന്നെയാണ്. ഒരു രാത്രി വെളുക്കുമ്പോൾ വന്നു ചേരാൻ പോകുന്ന ശ്രീ ഓർത്തപ്പോൾ രേവതി കണ്ണടച്ചു മോഹനന്റെ കവിളിൽ ഒരുമ്മ കൊടുത്തു . പണം വന്നു കഴിയുമ്പോൾ പ്രതികാരം ചെയ്യേണ്ട അമ്മണി ചേടത്തിയുടെ ചായക്കടയുടെ മുന്നിൽ എത്തിയപ്പോൾ രേവതി ഒന്നു നിന്നു, ശേഷം ചില്ലലമാരയിലിരുന്ന അരിതരത്തിന്റെ മേലേയ്ക്ക് കാർക്കിച്ചു തുപ്പി . ഇന്നലെ വരെ കണ്ടാൽ മിണ്ടാതെ പോയിരുന്ന രേവതിയുടെ പുതിയ സ്വഭാവം കണ്ടു അമ്മിണിയമ്മയ്ക്കു ദേഷ്യത്തിലും ചിരി പൊട്ടി . മണകൊണാഞ്ചൻ മോഹനനെ ദൈവം രക്ഷിക്കട്ടെ എന്ന് അമ്മിണിയമ്മ തലയിൽ കൈവെച്ചു പ്രാകി .
ജബ്ബാറിക്കയുടെ ലോഡ്ജ് മുറിയുടെ ഇടുങ്ങിയ വാതിലിനു മുന്നിൽ മോഹനൻ അക്ഷമയോടെ കാത്തിരുന്നു . നിസ്കാര പായിലിരിക്കുമ്പോൾ ജബ്ബാറിക്കാ സൂര്യനെപ്പോലെ തേജസുള്ളവനായിരുന്നു . നിസ്കാരം കഴിഞ്ഞതും ജബ്ബാറിക്ക തന്നെ വന്നു മോഹനനെ അകത്തേയ്ക്കു കൂട്ടി കൊണ്ടു പോയി . പത്തു ലക്ഷത്തിന്റെ ഒറിജിനൽ എണ്ണി തിട്ടപ്പെടുത്തിയതിനു ശേഷം മോഹനന് വാഗ്ദാനം ചെയ്ത പെട്ടിയെടുത്തു തുറന്നു . ജനിച്ചിട്ടിന്നോണം അത്രയും നോട്ടുകൾ ഒരുമിച്ചു കാണാൻ കഴിഞ്ഞിട്ടില്ലാത്ത മോഹനൻ അത്ഭുതം കൊണ്ടു പിന്നോട്ടു ചാഞ്ഞിരുന്നു പെട്ടിക്കുള്ളിലേയ്ക്കും ജബ്ബാറിന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി അപ്പോൾ ജബ്ബാറിന്റെ തലയ്ക്കു മീതെ ഒരു പ്രകാശ വലയം രൂപപ്പെട്ടത് പോലെ മോഹനന് തോന്നി . ജീവിതം മാറ്റി മറിക്കാൻ ചില പുണ്യ ജന്മങ്ങൾ പിറവിയെടുക്കാറുണ്ടെന്നും തന്റെ കാര്യത്തിൽ അത് ജബ്ബാറിക്കയാണെന്നും മോഹനന് തോന്നി .
മോഹനൻ പെട്ടിയിലേയ്ക്ക് കുനിഞ്ഞു ഒരു കെട്ടു നോട്ടുയർത്തിയതും കാതു തുളയ്ക്കുന്നൊരു വിസിലടി ശബ്ദം മുഴങ്ങി ,തടിയിൽ തീർത്ത കോവണിയിലൂടെ മുകളിലേയ്ക്കു ഇരച്ചു കയറുന്ന ബൂട്ടിന്റെ കനം വെച്ച ശബ്ദങ്ങൾ .
ഓടിക്കോ , പോലീസ് ! ദുർമേദസ്സു കെട്ടി ചീർത്ത ഭീമാകാരൻ ശരീരവുമായി ജബ്ബാറിക്കാ രഹസ്യ വാതിലിലൂടെ പെട്ടിയുമായി താഴേയ്ക്കൂർന്നിറങ്ങി . നാലു പാടും പോലീസ് വളഞ്ഞിരിക്കുന്നു ആയുധം വെച്ച് കീഴടങ്ങിയ പാകിസ്ഥാൻ പട്ടാളക്കാരെപ്പോലെ മോഹനൻ വായുവിലേയ്ക്ക് കൈകൾ ഉയർത്തി .
അതിലൊരു പോലീസുകാരൻ മോഹനന്റെ മുന്നിലിരുന്ന പെട്ടി അടച്ചു കയ്യിലെടുത്തു . പെട്ടന്നൊരാൾ തോക്കേന്തിയ പോലീസുകാരനെ കടന്നു പിടിച്ചു കൊണ്ട് ഉച്ചത്തിൽ ആക്രോശിച്ചു .
രക്ഷപ്പെട്ടോളൂ ,രക്ഷപ്പെട്ടോളൂ,,, വേഗം ,വേഗം ,, കേട്ടപാതി കേൾക്കാത്ത പാതി ജബ്ബാർ രക്ഷപെട്ട ഇടനാഴിയിലേയ്ക്ക് മോഹനൻ ചാടിയിറങ്ങി ഓടി .
അമ്മിണിയമ്മയുടെ ചായക്കടയിലെ തിളച്ചു മറിയുന്ന സമോവറിൽ നിന്നും പുതിയ ഒരു കിംവദന്തി നാട്ടിൽ പരന്നു . എല്ലാം ജബ്ബാറിന്റെ നാടകങ്ങൾ ആയിരുന്നു പോലീസായി വന്നതും രക്ഷപെടാൻ സഹായിച്ചതും ഒക്കെ ജബ്ബാറിന്റെ ശിങ്കിടികൾ ആയിരുന്നത്രേ. ജബ്ബാറിനാൽ പറ്റിക്കപ്പെട്ട അനേകം പേരിൽ ഒരാൾ മാത്രമാണ് മണകൊണാഞ്ചൻ മോഹനൻ .
മോഹനനും ഭാര്യ രേവതിയും ഇപ്പോഴൊരു പുതിയ ശ്രമത്തിലാണ് തമിഴ് നാട്ടിൽ നിന്നും സെക്കൻഡ് ഹാൻഡ് വിലയ്ക്ക് വാങ്ങിയ പ്രിന്റിംഗ് പ്രസ്സിൽ എന്തൊക്കയോ അച്ചടിച്ച് ചാണക വെള്ളം തിളയ്ക്കുന്ന അടുപ്പിനു മുകളിൽ ഇട്ടുണക്കുന്നുണ്ടത്രേ, പുതുമ മാറി പഴകിയ ഗാന്ധി തലയ്ക്കാണത്രെ ഇപ്പോൾ മാർക്കറ്റിൽ ഡിമാൻഡ് ...............

Sunday, 2 October 2016

പാപത്തിന്റെ ശമ്പളം മരണമത്രേ .......


പുറത്തു നല്ല മഴ പെയ്യുന്നുണ്ട് , ഇത് പോലൊരു മഴ തിമിർത്തു പെയ്ത രാത്രിയിലായിരുന്നു അയാൾ ആ സമ്മാനവുമായി എത്തിയത് . വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങരുതെന്ന് പഠിപ്പിച്ച അപ്പച്ചന്റെ വാക്കുകളെ മറന്നു ഒരു നിമിഷം ഞാൻ ദ്രവ്യാഗ്രഹിയായി പോയതിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ എനിക്കൊടുക്കേണ്ടി വന്നത് . അന്നയാൾ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ  ഇപ്പോഴും പ്രതിധ്വനിച്ചു കേൾക്കാം .ലൂക്കോസ് തരകൻ എന്ന ഞാൻ അല്ലാത്ത എല്ലാവരും ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കാറുണ്ടെന്ന് . ശിപായി രാമൻകുട്ടി ഏട്ടൻ മുതൽ എല്ലാവരും വാങ്ങുന്ന സമ്മാനം ഞാൻ മാത്രം വാങ്ങിയപ്പോൾ എന്ത് കൊണ്ടാണ് അക്ഷന്തവ്യമായ തെറ്റായി പോയത് .

ഡിംപിൾ ലൂക്കോസിന്റെ അഡ്മിഷന് വേണ്ടി ഞങ്ങളും കൊടുത്തതല്ലേ വലിയൊരു തുക പാരിതോഷികം . ഈ ലോകം വളഞ്ഞാണ് അതിലെ നേരെ നടക്കാനേ ഞാൻ ശീലിച്ചിരുന്നുള്ളു എന്നിട്ടും ഒരു പ്രലോഭനത്തിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റെ ഡിംപിൾ മോളുടെ ജീവൻ തന്നെ ആയിരുന്നില്ലേ ? കള്ളൻ എന്ന ദുഷ്‌പേരുമായി ഈ രാത്രി വെളുക്കും വരെ മാത്രമേ ഞാനും സോഫിയായും ഈ ലോകത്തുണ്ടാവൂ . അപ്പച്ചൻ പൊറുക്കുക അപ്പച്ചൻ വളർത്തിയ മൂല്യങ്ങൾ നഷ്ട്ടപ്പെട്ടവനായി ഈ ലോകത്തു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതു തന്നെയാണ് . വയസായ അപ്പച്ചനെയും അമ്മച്ചിയേയും ഒറ്റയ്ക്ക് ഇട്ടിട്ടു പോകേണ്ടി വരുന്നതിൽ അതിയായ ഖേദമുണ്ട് പക്ഷെ  നിവർത്തിയില്ലാത്തതു കൊണ്ട് മാത്രമാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് .

ഈ കത്തെഴുതുമ്പോൾ ഞങ്ങൾക്ക് ഡിംപിൾ മോളെ കാണാൻ കഴിയുന്നുണ്ട് . അവൾ ഞങ്ങളെ നോക്കി ചിരിക്കുന്നു ഇനി അധികം സമയം കഴിയും മുൻപ് ഞങ്ങൾക്ക് അവളുടെ അടുത്തെത്താൻ കഴിയും എന്നാണ് പ്രതീക്ഷ . അവൾക്കിഷ്ടമുള്ള നറുനീന്തി പൂവിന്റെ മണം വാരിയണിഞ്ഞിരിക്കുകയാണവളുടെ 'അമ്മ മൂന്നു മാസം എങ്ങനെ അവളില്ലാത്ത ലോകത്തു ഞങ്ങൾ ജീവിച്ചെന്നു  ചോദിച്ചാൽ ?

ഇരുമ്പു മറയൊരുക്കിയ അസ്വാതന്ത്ര്യത്തിൽ നിന്നും ഞാൻ രക്ഷപെട്ടു വരുന്ന സമയം വരെ ആയിരുന്നു ഞങ്ങളുടെ  ആയുസ്സെന്നു അവൾ  മുൻപേ കുറിച്ചിരുന്നു എന്ന് തോന്നുന്നു . അന്യായമായി ഞാൻ നേടിയ, അല്ല അവർ സമ്മാനമായി തന്ന 15 ലക്ഷത്തിൽ ഒരു രൂപ പോലും ഞങ്ങൾ എടുക്കുന്നില്ല . അമ്മച്ചി ഞങ്ങളെയോർത്തു കരയരുത് ഡിംപിൾ പോയതു മുതൽ അമ്മച്ചിയുടെ കണ്ണ് നീർ വീണു കുതിർന്നിരിക്കുകയാണ്  ഈ വീട് . പാപത്തിന്റെ ശമ്പളം മരണമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു .

മഴചാർത്ത് ജനാലക്കുള്ളിലേയ്ക്ക് അടിച്ചു കയറുന്നു ,അവൾ എന്തിനോ പ്രലോഭിപ്പിക്കുകയാണ് .ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു പെരുമഴയിലാണ് സോഫിയ  ഡിംപിളിനെ എന്റെ കൈയ്യിലേയ്ക്ക് വെച്ച് തന്നത് . പാപം പാരിതോഷികമായി വീട്ടിലെത്തിയതും ഡിംപിൾ മോൾ പോയതും, ഒക്കെ മഴയുള്ള രാത്രിയിലായിരുന്നു . അതെ മഴ  ഞങ്ങളെ വിളിക്കുകയാണ് ഈ വിളിക്കു ചെവിയോർത്തു ഞങ്ങൾ പോകുന്നു . രാത്രിയിൽ യാത്രയില്ല പാപത്തിന്റെ ശമ്പളം മരണമത്രേ ......................

Saturday, 1 October 2016

വൻമരം വീണപ്പോൾ വേട്ടയാടിയവരുടെ മനോനിലകൾ


ദേബാശിഷ് മൽഹോത്ര അത് പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലൂടെ ഒരു വാൾ കടന്നു പോയി . ഏഴു പ്രേതങ്ങളുടെ തടവറയിലാണ് അയാളിന്നോണം ജീവിച്ചിരിക്കുന്നത് .കൗമാരത്തിൽ നിന്നും യൗവനത്തിലേക്കുള്ള യാത്രയുടെ തുടക്കത്തിലായിരുന്നു ഇന്ദിരയെന്നാ വൻ മരം വീഴുന്നത് . പിന്നീട് നടന്നതിൽ പകുതി മാത്രമേ ചരിത്രം രേഖപെടുത്തിയിട്ടുള്ളു ബാക്കി പകുതി ഈശ്വരൻ നേരിട്ട് അടയാളപ്പെടുത്തിയിട്ടുണ്ടാവണം . തലപ്പാവും താടിയും ധരിച്ചവരെ തേടി അലയുന്ന കാട്ടാളക്കുട്ടത്തിൽ പെട്ട ദിവസം എത്ര മായിച്ചിട്ടും മായാതെ മൽഹോത്രയെ പിൻ തുടരുകയാണ് .
നിങ്ങൾ ഏഴു പേരെ കൊന്നെന്നാണോ പറയുന്നത് ? എന്റെ ആകാംക്ഷ ഒരു കഥ എഴുതാനുള്ള സാധ്യത ദേബാശിഷിൽ നിന്നും കിട്ടുമോ എന്നതായിരുന്നു .നിങ്ങൾ ഉത്തർ പ്രദേശുകാരൻ എന്നല്ലേ പറഞ്ഞത് എന്നിട്ടു ഡൽഹിയിൽ ? എന്റെ ചോദ്യങ്ങൾ മൽഹോത്രയെ അലോസരപ്പെടുത്തുന്നു എന്നു തോന്നിയപ്പോൾ അൽപ്പനേരം ഞാൻ വായ പൂട്ടി മിണ്ടാതിരുന്നു .
എനിക്ക് കുട്ടികൾ ഉണ്ടാകാത്തതിന്റെ കാരണം എന്താണെന്നറിയുമോ? മൽഹോത്ര എനിക്ക് നേരെ വീണ്ടും തിരിഞ്ഞിരുന്നു . കണ്ണും കാതും തുറന്നു ഞാൻ മൽഹോത്രയുടെ വായിലേയ്ക്കിറങ്ങി ചെന്നു .ഒരു കുമ്പസാരം പോലെ അയാൾ സംസാരിച്ചു തുടങ്ങി .
ഞാൻ കൊന്ന കുടംബത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു , അവരുടെ കരച്ചിൽ എനിക്കിപ്പോഴും കേൾക്കാം .ആരായിരുന്നു എനിക്ക് ഇന്ദിര ? അതിനു മുൻപും ശേഷവും അവർ എനിക്കാരുമായിരുന്നില്ല എന്നിട്ടും ആൾക്കൂട്ടത്തിന്റെ ആക്രോശങ്ങൾക്കിടയിൽ ഞാനും ഒരു ഉപകരണമായി . ചോരയിറ്റു വീണ വാൾത്തലപ്പുപേക്ഷിച്ചു ഞാൻ ഓടി രക്ഷപെട്ടതാണ് .ആരും എന്നെ തിരിച്ചറിഞ്ഞില്ല ഒരു പോലീസും ഒരു കോടതിയും എന്നെ ശിക്ഷിച്ചില്ല . ആരെങ്കിലും എന്നെ പിടി കൂടി ശിക്ഷിച്ചിരുന്നെങ്കിൽ ഞാൻ എന്റെ മനസാക്ഷിയുടെ കോടതിയിൽ നിന്നും മോചിതനായേനെ. ചായക്കോപ്പയിൽ ഇരുന്ന അവസാന തുള്ളിയും നാവിലേക്കിറ്റിച്ചു കഴിഞ്ഞു മൽഹോത്ര എഴുന്നേറ്റു ചെന്നു വെൽഡിങ് റാക്കറ്റ് എടുത്തു പണിയിലേയ്ക്ക് വ്യാപൃതനായി .
എന്നിലെ സന്ദേഹി അടങ്ങുന്നില്ല , കഥ എഴുതാൻ ഒരു ബീജം മാത്രമാണയാൾ തന്നിരിക്കുന്നത് ബാക്കി കൂടി കിട്ടിയാലേ മുന്നോട്ടു പോകാൻ കഴിയൂ എവിടെ എങ്കിലും ഒരു ട്വിസ്റ്റ് വേണം .വായനക്കാരനെ പിടിച്ചിരുത്താൻ കഴിയുന്ന ഒരു ട്വിസ്റ്റ് .
മൽഹോത്ര നിങ്ങൾ പിന്നെ കല്യാണം കഴിച്ചില്ലേ ? ചിതറി തെറിക്കുന്ന തീപ്പൊരിക്കൂട്ടങ്ങളെ വക വെക്കാതെ ഞാൻ മൽഹോത്രയെ വിടാതെ പിടികൂടി .
കഴിച്ചു ഒന്നല്ല മൂന്നു തവണ !
എന്നിട്ട് !
എന്നിട്ടെന്താവാനാ നെരിപ്പോടിൽ എരിയുന്ന ഒരാൾ എങ്ങനെയാണ് വേറൊരാൾക്ക് സ്വാന്തനമാവുക, എല്ലാം അമ്മയുടെ പരീക്ഷണങ്ങൾ ആയിരുന്നു അമ്മയും പോയി ഇപ്പോൾ ഞാൻ ഈ ഭൂമിയിൽ തനിച്ചാണ്.
നീ ആത്മഹത്യയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? എന്റെ ചോദ്യം അനാവശ്യവും അനവസരത്തിൽ ഉള്ളതുമാണെന്നു തോന്നിപ്പിച്ചു കൊണ്ടയാൾ രൂക്ഷമായി എന്നെ നോക്കി .അല്ലെങ്കിലും ഒരു കൊച്ചു പ്രതിസന്ധി വരുമ്പോൾ കയറു തേടുന്ന മലയാളികളെപ്പോലെ ദുർബലരല്ല വടക്കേ ഇന്ത്യക്കാർ . ആ ചോദ്യത്തിന് ശേഷം അയാളെന്നോട് പ്രതികരിച്ചില്ല കഥ പാതി വഴിയിൽ നിന്നു പോയിരിക്കുന്നു ദേബാശിഷ് മൽഹോത്രയെന്ന ഭൂത കാല ഓർമ്മകളുടെ തടവറയിൽ കഴിയുന്ന അഞ്ചടി ആറിഞ്ചുകാരനിൽ ഒരു വലിയ കഥയ്ക്കുള്ള സാധ്യത കാത്തിരുന്ന ഞാൻ നിരാശനായി .
വർഗീസിനെ കൊന്ന അല്ല, കൊല്ലാൻ ഉപകാരണമാക്കിയ രാമചന്ദ്രൻ നായരെപ്പോലെ നെഞ്ചിൽ നെരിപ്പോടുമായി ജീവിക്കുന്ന ഒരു പാടു പേരുണ്ടാവാം ഈ ഭൂമിയിൽ എല്ലാവരിലും ഒരു കഥയുമുണ്ടാവാം . ആത്മ സങ്കർഷങ്ങളുടെ ദിന രാത്രങ്ങൾ എങ്ങനെയാണ് ഒരു പേപ്പറിലേയ്ക്ക് പകർത്താൻ കഴിയുക . ഞാൻ മുറി വിട്ടിറങ്ങുമ്പോൾ കർണ്ണപുടങ്ങളെ അസ്വസ്ഥമാക്കി കൊണ്ടൊരു ചൂളം വിളി മുഴങ്ങി . തള്ള വിരലും അണിവിരലും ചുണ്ടുകൾക്കിടയിൽ വെച്ചു ചൂളം വിളിച്ചെന്നെ തിരികെ വിളിക്കുകയാണ് ദേബാശിഷ് മൽഹോത്രയെന്ന എന്റെ കഥാ നായകൻ . ഇന്ദിരയെന്ന വൻമരം കടപുഴകി വീണപ്പോൾ രക്തസാക്ഷികൾക്കൊപ്പം വേദനിക്കുന്ന വേട്ടക്കാരും ഉണ്ടെന്ന പുതിയ അറിവിലേയ്ക്ക് ഞാൻ കൂടുതൽ അടുക്കുകയാണ് . മൽഹോത്ര ഒന്നല്ല ഒരായിരം കഥകളുടെ സാഗരമാണ് ,അയാളുടെ കഥകളെപ്പറ്റി പിന്നീട് ഞാൻ വിശദമായി എഴുതാം ഇപ്പോൾ എന്റെയും മൽഹോത്രയുടെയും മുന്നിലിരുന്നു ആവി പറക്കുന്ന ചപ്പാത്തിയും പനീർ ടിക്കയും കഴിച്ചു തീർക്കട്ടെ ......