മോംബാസയിലെ കടൽ തീരത്തിരുന്നപ്പോൾ വീട് കാവൽക്കാരനായ കിളവൻ ഉഹ്‌റൂ വന്നു ഒന്നു കൂടി ഓർമ്മിപ്പിച്ചു നിങ്ങൾ ഈ സമയത്ത് ഇവിടെ ഇരിക്കുന്നത് അത്ര ശരിയല്ല ഇതു കെനിയയാണ് പട്ടാപ്പകൽ പോലും കൊള്ളക്കാരും പിടിച്ചു പറിക്കാരും വിഹരിക്കുന്ന നാട് . ആരെങ്കിലും നിങ്ങളെ ആക്രമിച്ചാൽ നിസ്സഹായനായി നോക്കി നിൽക്കാനേ ഈ വൃദ്ധനു കഴിയൂ . എഴുപത്തി നാലു വർഷം ഈ നാട്ടിൽ ജീവിച്ചതിന്റെ വെളിച്ചത്തിലാണയാൾ ഇതൊക്കെ പറയുന്നത് . ഒരു ക്യാമറ അല്ലാതെ വിലപിടിപ്പുള്ള ഒന്നും പരദേശിയായ എന്റെ കൈയ്യിൽ ഇല്ല . കാണാൻ ആണെങ്കിൽ കെനിയക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തമല്ലാത്ത നിറവും, ഇവരെന്നെ എന്തിനാണ് ആക്രമിക്കുന്നത് .ഞാൻ ഒരു വിദേശി ആണെന്ന് തിരിച്ചറിയത്തക്ക ഒരു ലക്ഷണങ്ങളും പുറമെ കാണുന്നുമില്ല ഇനി ആരെങ്കിലും എന്നോട് കിസ്വാഹിലിയിൽ സംസാരിച്ചാൽ ഞാൻ കുടുങ്ങും .അതിനാരു സംസാരിക്കാൻ പോകുന്നു കടൽ ആഴങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ ചൂണ്ടയുടെ അഗ്രത്തിൽ എന്തോ കൊളുത്തി വലിക്കുന്നത് കണ്ടു എഴുന്നേറ്റു ചെന്നു ചൂണ്ട വലിച്ചു കരയ്ക്കടുപ്പിച്ചു സാമാന്യം തരക്കേടില്ലാത്ത വലിപ്പത്തിലുള്ള ഒരു തിരുത മൽസ്യം ചൂണ്ടയിൽ കുടുങ്ങിയിരിക്കുന്നു ഞാൻ അത്യാഹ്ലാദത്തിൽ ചൂണ്ടയിൽ നിന്നും അതിന്റെ ചുണ്ടുകൾ വിടുവിച്ചു .മൊമ്പാസയിൽ വന്നിട്ടു മൂന്നു ദിവസമായെങ്കിലും ആദ്യമായാണ് ചൂണ്ടയിൽ ഒരു മൽസ്യം കുടുങ്ങുന്നത് . ഉഹ്‌റൂ ,ഉഹ്‌റൂ എന്റെ ഉച്ചത്തിലുള്ള വിളി കേട്ടു കിളവൻ പുറത്തേയ്ക്കിറങ്ങി വന്നു . കിളവൻ പുറത്തു തന്നെ തീ കൂട്ടി ആ തിരുതമീനിനെ ചുട്ടെടുത്തു .കടൽക്കാറ്റു തണുപ്പ് നിറച്ചു കരയിലേയ്ക്ക് വീശി കയറുകയാണ് ഉഹ്‌റൂ മീനിനെ ചുടാൻ കൂട്ടിയ തീക്കൂനയ്ക്കരികിൽ ഇരുകൈകളും കൂട്ടിയുരസി ഞാൻ ഇരുന്നു . വേവിച്ച കാട്ടു കിഴങ്ങുകളും ചുട്ട തിരുത മൽസ്യവുമായി കെനിയയിലെ നാലാമത്തെ അസ്തമയവും കടന്നു പോകുകയാണ് .
മൊസാമ്പാ ഒരു കടലോര നഗരമാണ് ,ഞാൻ സഞ്ചരിച്ചിട്ടുള്ള അവികസിതമായ ഏതൊരു രാജ്യത്തെ നഗരത്തെക്കാൾ വൃത്തിഹീനവും അരക്ഷിതവുമാണീ നഗരം എന്നെനിക്കു തോന്നി . കിളവൻ ഉഹ്‌റൂ ഓരോ മണിക്കൂറിനുള്ളിലും കള്ളൻമാരെയും പിടിച്ചു പറിക്കാരെയും സൂക്ഷിക്കണം എന്നൊരു മുന്നറിയിപ്പ് തരുന്നതിനാൽ ഞാൻ സാദാ ജാഗരൂകനാണ് .മോംബാസയിൽ മാത്രം ഉൽപ്പാദിപ്പിക്കുന്ന മൻസായി എന്ന പനങ്കള്ളുമായി ഉഹ്‌റു കിടക്കറയിലേയ്ക്ക് കയറി വന്നു . നമ്മുടെ പനങ്കള്ളിന്റെ രുചിയേ അല്ല ഒരു തരം ചവർപ്പും പുളിയും, പക്ഷെ വീര്യം നമ്മുടെ നാടൻ വാറ്റിനെക്കാളേറെ മുന്നിലാണ് . അരുചി വകവെക്കാതെ ഞാൻ ഉഹ്‌റു കൊണ്ട് വന്ന മൂന്നാലു മുളങ്കുറ്റി മൻസായി അകത്താക്കിയിരിക്കുന്നു . ബോധം പോയേക്കുമെന്നു തോന്നിപ്പിച്ചപ്പോൾ ഉഹ്‌റു മുളം കുറ്റികളുമായി അകത്തേയ്ക്ക് പോയി . എന്തോ ഒരു നിഗൂഢത ഉള്ളിൽ ഒളിപ്പിക്കുന്നവനാണ് ഉഹ്‌റൂ ഒന്നും വിട്ടു പറയാത്ത പ്രകൃതം അല്ലെങ്കിൽ പരദേശികളുമായി ആരാണ് ജീവ രഹസ്യം പങ്കു വെയ്ക്കുന്നത് . മത്സ്യ ബന്ധനത്തിനു പോയ ബോട്ടുകൾ തിരികെ വരുന്നത് രാതി വൈകിയോ വെളുപ്പിനോ ആണ് അപ്പോഴേ കടൽക്കര ഒന്നനങ്ങൂ .മൻസായി കള്ളിന്റെ ലഹരി പതിയെ പതിയെ കണ്ണുകളെ വലിച്ചടയ്ക്കുന്നു . ഞാൻ ഇപ്പോൾ ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഏതോ സുഖവാസ കേന്ദ്രത്തിലാണ് ഇവിടെ എനിക്ക് കടലിരമ്പം കെട്ടുറങ്ങാൻ സാധിക്കുന്നു ഇപ്പോൾ എനിക്കു പരമാനന്ദമാണ് . ഈ ആനന്ദം തേടിയാണ് ഞാൻ പരദേശിയായത് .
പുറത്തു നിന്നും ഓടാമ്പലുകൾ ഇറുക്കിയിടുന്ന ശബ്ദമാണെന്നെ ഉണർത്തിയത് , പുറത്തു ഒന്നിലധികം പേരുടെ അടക്കിപ്പിടിച്ച സംസാരം കേൾക്കാം .ആരോ കൊള്ളക്കാർ വന്നിരിക്കുന്നു അവരിൽ നിന്നും എന്നെ രക്ഷിക്കാനാണ് ഉഹ്‌റൂ എന്ന കിളവന്റെ പരിശ്രമം മുഴുവൻ കിസ്വാഹിലിയിൽ വളരെ ഉയർന്ന ശബ്ദത്തിൽ അവരാ കിളവനോട് കയർത്തു സംസാരിക്കുകയാണ് .കൊള്ളയടിക്കപ്പെടാൻ എന്റെ കൈയ്യിൽ വിലപിടിപ്പുള്ള ഒന്നും തന്നെ ഇല്ല. ഉഹ്‌റൂ ഉഹ്‌റൂ ഞാൻ ഉറക്കെ വിളിച്ചു . പൂട്ടിയ ഓടാമ്പലുകൾ വിടർത്തി വാതിൽ മലർക്കെ തുറന്നു .പുറത്തു രണ്ടു മീശ മുളയ്ക്കാത്ത കൗമാരക്കാർ മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ശരീരം .എന്നെ കണ്ടതും അവരുടെ ഭാഷയിൽ എന്തോ പറഞ്ഞു കൊണ്ടെന്നോടു തട്ടി കയറി . കൊള്ളക്കാരോ പിടിച്ചു പറിക്കാറോ അല്ല അവരെന്നെനിക്കുറപ്പായിരിക്കുന്നു. എന്റെ ടേബിളിലെ ക്യാമറ കണ്ടതും അവർക്കു കൗതുകമായി ജനിച്ചിട്ടിന്നോണം ക്യാമറ കാണാത്ത അവർ അതൊരു അത്ഭുത വസ്തുവിനെപ്പോലെ എടുത്തു തിരിച്ചും മറിച്ചും നോക്കി . അകത്തു കയറിപ്പോയ ഉഹ്‌റൂ മുള കൊമ്പിൽ നിറച്ചു വെച്ചിരുന്ന കൻസായി മദ്യവുമായി പുറത്തേയ്ക്കിറങ്ങി വന്നു , അയാളുടെ പേരക്കുട്ടികളായിരുന്നു വന്ന കൗമാരക്കാർ . ആരെങ്കിലും അതിഥികൾ വീട്ടിൽ എത്തിയാൽ പങ്കു വാങ്ങാൻ വരുന്ന ഈ കുട്ടി പട്ടാളത്തെ പേടിച്ചിട്ടാണ് ഉഹ്‌റൂ എന്നെ നാഴിക തോറും കൊള്ളക്കാരുടെ പേരു പറഞ്ഞു വിരട്ടിയിരുന്നത് .കൗമാരക്കാരിൽ ഒരാൾ കൻസായി മുളയിൽ താളം കൊട്ടിപ്പാടി ,വളരെ കുറച്ചു നേരം കൊണ്ടവർ എന്റെ ചങ്ങാതിമാരായിരിക്കുന്നു .
കടലിരമ്പം അവർക്കു പേടിയാണ് ,കാരണം ഇതുപോലെ ഒരു ഇരമ്പലിന്റെ ശബ്ദം കനത്ത രാത്രിയിലാണ് അവർക്കു സ്വന്തമായി ഇഹ്‌റൂ എന്ന കടൽക്കിഴവനെ മാത്രം ബാക്കിയാക്കി കടൽ അഴിഞ്ഞാടിയത് . ഒരു തിരയിളക്കത്തിൽ അവർക്കു നഷ്ടമായത് അന്ന് വരെ നേടിയ എല്ലാമെല്ലാമായിരുന്നു . ഉഹ്‌റു ഇപ്പോഴും കടലിനെ സ്നേഹിക്കുന്നു അതാണ് കൗമാരക്കാർക്ക് അപ്പൂപ്പനോടുള്ള ഏക വിരോധവും .
ഇന്ത്യയിൽ കടലുണ്ടോ ? മൂത്ത കൗമാരക്കാരന്റെ ചോദ്യം എന്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി .മോംബാസയിൽ ആഞ്ഞടിച്ച കടൽ അതെ സമയം തന്നെ തന്റെ പ്രിയപ്പെട്ടവരെയും വിഴുങ്ങിയെന്നും അന്നു മുതലാണ് കടലുകൾ മാത്രമുള്ള നഗരങ്ങൾ തേടി തന്റെ തീർത്ഥയാത്ര തുടങ്ങിയതെന്നും ഞാൻ അവരോടു പറഞ്ഞില്ല . കടലുകളില്ലാത്ത നഗരം തേടി നടക്കുന്ന കൗമാരക്കാർ എന്റെ ഇരു പാർശ്വങ്ങളിലുമായി എന്നെ അനുഗമിക്കുകയാണ് കടലുകൾ ഇല്ലാത്ത നഗരത്തിലേയ്ക്ക് ഞാനവരെ കൈ പിടിച്ചു നടത്തുമെന്നോർത്ത് . ഞാനോ ഓരോ കടലിരമ്പത്തിനു പിന്നാലെയും പ്രിയപ്പെട്ടവരെ തേടുന്ന നാടോടി .ചില വിജാതിയ ധ്രുവങ്ങൾ ഇങ്ങനെയാണ് വിരുദ്ധ ശക്തിയിലും അവ ആകർഷിക്കപ്പെട്ടു കൊണ്ടേ ഇരിക്കും.
No comments:
Post a Comment