പാതിരാപ്പടം കഴിഞ്ഞു വന്നു അഡ്‌വൈസർ തൂറാനിരുന്നപ്പോഴാണ് ദേവിയുടെ എഴുന്നള്ളത്തുണ്ടായത് സഹോദരിമാരായ ദേവിമാരുടെ എഴുന്നള്ളത്ത് സമയത്തു രാത്രിയിൽ ആരും കാണാൻ പാടില്ല എന്ന അലിഖിത നിയമമാണ് നാസ്തികനും നക്സലുമായ അഡ്‌വൈസർ കുഞ്ഞച്ചൻ കാറ്റിൽ പറത്തിയത് . അഡ്‌വൈസർ ഒന്നേ നോക്കിയുള്ളൂ ദ്രംഷ്ട്ട നീട്ടിയ കാളി സ്വരൂപം അഡ്‌വൈസറെ മലർത്തിയടിച്ചു . കള്ളിച്ചെല്ലമ്മ കണ്ടു മടങ്ങുന്ന വഴിയായിരുന്നു ആ പാതകം അരങ്ങേറിയത് . അത്രാം കണ്ണ് മുതലാളിയുടെ സ്നേഹം കാണാതെ കുഞ്ഞച്ചൻ എന്ന വരത്തന്റെ പിറകെ പോയ ചെല്ലമ്മ ഒടുവിൽ ഒതളങ്ങാ കഴിച്ചു തൂറിയും ശർദിച്ചും മരിക്കുന്നതു കണ്ടു പുറത്തിറങ്ങിയതേ ഉണ്ടായിരുന്നുള്ളു നമ്മുടെ അഡ്‌വൈസർ കുഞ്ഞച്ചൻ .
പാടത്ത് പണിക്കു പോയ കറുമ്പനും ചോതിയുമാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന അഡ്‌വൈസറെ ആദ്യം കാണുന്നത് ആദ്യം കരുതിയത് ചത്തു മലച്ചാണ് കിടക്കുന്നതെന്ന്, പിന്നീട് അടുത്തു ചെന്ന് നോക്കുമ്പോൾ അഡ്‌വൈസർക്കു ജീവനുണ്ട് . കാളിയെ കണ്ടു പുറത്തു ചാടിയ അർശ്ശസ്സിൽ കോഴി കൊത്തി പൊട്ടിച്ചതാണ് അഡ്‌വൈസറുടെ മുണ്ടിൽ പുരണ്ട രക്തക്കറ മുഴുവൻ . ചേമ്പിലയിൽ വെള്ളമെടുത്തു വന്ന ചോതി അഡ്‌വൈസറുടെ മുഖത്തേയ്ക്കൊഴിച്ചു . കണ്ണ് തുറന്നതും കരിംഭൂതം പോലെ കറുമ്പനെ മുന്നിൽ കണ്ടതും അഡ്‌വൈസർ നിലവിളിച്ചു കൊണ്ടു വീട്ടിലേയ്ക്കോടി . കറുമ്പനും ചോതിയും എന്തോ പിറുപിറുത്തു കൊണ്ടവരുടെ ജോലിയിലേയ്ക്ക് കൈക്കോട്ടും തൂക്കി നടന്നു പോയി .
ഷെവലിയാർ പട്ടം കിട്ടിയ പോത്തൻ പുന്നൂസിന്റെ മൂത്ത മകൻ തന്നെ നാസ്തികനും കമ്മ്യുണിസ്റ്റുമായതിൽ പരിതപിച്ചു കഴിഞ്ഞിരുന്ന പോത്താനും പട്ടക്കാർക്കും കിട്ടിയ വജ്രായുധമായിരുന്നു അഡ്‌വൈസർ കുഞ്ഞച്ചന്റെ ദേവി ദർശനവും തുടർന്നുള്ള സംഭവങ്ങളും . കൊറ്റംകുളങ്ങര 'അമ്മ നൽകിയ അനുഗ്രഹത്തെ മൊത്തമായും ചില്ലറയായും വാങ്ങിയെടുത്ത തോമാശ്ലീഹായുടെ പാരമ്പര്യം പേറുന്ന കണ്ണിയിൽ പെട്ട കത്തോലിക്കാരായിരുന്നു കുഞ്ഞച്ചന്റെ താവഴി മുഴുവൻ .
ലില്ലിക്കുട്ടി പെമ്പ്രന്നോരു കരഞ്ഞു നിലവിളിച്ചു പോകാത്ത പള്ളിയോ അമ്പലമോ മന്ത്ര വാദികളോ ഇല്ല .ദേവിയെ കണ്ട അന്ന് മുതൽ കുഞ്ഞച്ചൻ ഉന്മാദിയാണ് , ഒന്നേൽ തൊടാത്ത വർത്തമാനങ്ങൾ, ദേവി കീർത്തനങ്ങൾ എന്ന് വേണ്ട ജനിച്ചിട്ടിന്നോണം അഡ്‌വൈസർ കുഞ്ഞച്ചൻ തള്ളി പറഞ്ഞ വിശ്വാസങ്ങളെയെല്ലാം തൊണ്ട നനയ്ക്കാതെ പുകഴ്ത്തുകയാണയാൾ . പള്ളീം പട്ടക്കാരിയുമായി നടക്കുന്ന ലിലിക്കുട്ടിക്ക് പോലും അറിയാത്ത കർത്താവിന്റെ പുത്തൻ പാന അഡ്‌വൈസർ കുഞ്ഞച്ചൻ പച്ച വെള്ളം പോലെ പാടി നടന്നു .
തോക്കിൻ കുഴലിലൂടെ മാത്രമേ വിപ്ലവം സാധ്യമാകു എന്നു പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചിരുന്ന അഡ്‌വൈസർ കുഞ്ഞച്ചൻ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ വിശ്വാസിയും ഉന്മാദിയും ആയതു കണ്ടു കൊടി കെട്ടിയ പാർട്ടിക്കാരിൽ ചിലർ പാർട്ടി ക്ലാസിൽ പോകാതെയായി .ഷെവലിയാർ പോത്തൻ മകന് സംഭവിച്ച ദുര്യോഗത്തിൽ സങ്കടപ്പെടുന്നതിനു പകരം സന്തോഷിക്കുകയാണ് ചെയ്തത് കാരണം മനോരോഗി ആയപ്പോഴെങ്കിലും അവൻ കമ്മ്യുണിസം ഉപേക്ഷിച്ചല്ലോ എന്ന ആശ്വാസമായിരുന്നു പള്ളിയുടെ സാമന്ത പുത്രനായ പോത്തൻ പുന്നൂസിന് .
ഇംഗ്ലണ്ടിൽ നിന്നും എഞ്ചിനീയറിംഗ് പാസായി വന്ന വില്യം സായിപ്പ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നാട്ടിലെ പാലം പണിക്കുള്ള കുമ്മായ മിശ്രിതം ഉറയ്ക്കുന്നില്ല . അറിയാവുന്ന പണികളെല്ലാം പയറ്റിയിട്ടും പാലം പണി മുന്നോട്ടു പോകാത്തതിൽ നിരാശനായി വില്യം സായിപ്പ് ഇംഗ്ലണ്ടിലേയ്ക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അഡ്‌വൈസർ കുഞ്ഞച്ചന് ദേവിയുടെ വെളിപാടുണ്ടാകുന്നത് ." നരബലി നടത്തി ഇളം രക്തം ചേർത്ത മിശ്രിതം കൂട്ടിയാൽ കുമ്മായം ഉറയ്ക്കുമത്രേ !
പല പ്രാന്തുകളൂം ദിവസേന കേൾക്കുന്ന ലില്ലിക്കുട്ടി അതിനെ ചിരിച്ചു തള്ളി . അടിക്കടി ദേവി കടാക്ഷമുണ്ടാകുന്ന അഡ്‌വൈസർ കുഞ്ഞച്ചന്റെ വാക്കുകൾ കാട്ടു തീ പോലെ പടർന്നു വില്യം സായിപ്പിന്റെ കാതുകളിലുമെത്തി .
പല പ്രാന്തുകളൂം ദിവസേന കേൾക്കുന്ന ലില്ലിക്കുട്ടി അതിനെ ചിരിച്ചു തള്ളി . അടിക്കടി ദേവി കടാക്ഷമുണ്ടാകുന്ന അഡ്‌വൈസർ കുഞ്ഞച്ചന്റെ വാക്കുകൾ കാട്ടു തീ പോലെ പടർന്നു വില്യം സായിപ്പിന്റെ കാതുകളിലുമെത്തി .
ദേവിയാണ് കുഞ്ഞച്ചനിലൂടെ സംസാരിക്കുന്നതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാം ക്ലാസ് ബിരുദദാരിക്ക് തോന്നിയാൽ പിന്നെ അക്ഷര വെളിച്ചമേൽക്കാത്ത ഗ്രാമീണരെ എങ്ങനെ കുറ്റം പറയും . പതിനാലു തികയാത്ത ബാലന്റെ ഇളം രക്തം ദേവിക്ക് അണിയിച്ച മാല്യത്തിൽ മുക്കി കുമ്മായത്തിൽ ചേർക്കുക ദേവി കുഞ്ഞച്ചനിലൂടെ സംസാരിച്ചു . വില്യം സായിപ്പ് പഞ്ച പുശ്ചമടക്കി ദേവിയെ കേട്ടു .
അന്നേയ്ക്കു പതിനാലാം നാൾ എങ്ങു നിന്നോ ഒരു നാടോടി ബാലനെത്തി അല്ല വില്യം സായിപ്പ് വരുത്തിച്ചു . പനങ്കള്ളും ശർക്കരയും കഴിച്ചു ഉന്മാദിയായ ബാലനെ മരപ്പലകയിൽ വെച്ചു ശിരച്ഛേദം നടത്തി ,ഇളം രക്തം കുമ്മായത്തിലേയ്ക്ക് പടർന്നിറങ്ങി തൂണുകൾ ബലിഷ്ടമായി, കുഴഞ്ഞു മറിയുന്ന കുമ്മായക്കൂട്ടത്തിലേയ്ക്ക് നാടോടി ബാലന്റെ കബന്ധത്തെ എറിഞ്ഞിട്ടു വില്യം സായിപ്പ് പൊട്ടിച്ചിരിച്ചു .അഡ്‌വൈസർ കുഞ്ഞച്ചന്റെ വീടിനു മുന്നിൽ നിന്ന ആൽമരം അന്ന് രാത്രി വേരോടെ മറിഞ്ഞു .കുഞ്ഞച്ചന്റെ തലയ്ക്കു മുകളിൽ ഒരു ദിവ്യ പ്രകാശം പ്രത്യക്ഷപ്പെട്ടു .
പാലം കടന്നു പോകുന്ന ഓരോ വണ്ടിയിൽ നിന്നും അഡ്‌വൈസർ കുഞ്ഞച്ചന്റെ പ്രതിഷ്‌ഠയിലേയ്ക്ക് നാണയത്തുട്ടുകൾ ഏറിയും .രാത്രിയിൽ പാലത്തിലൂടെ കടന്നു പോകുന്ന യാത്രക്കാർക്ക് ഒരു കരച്ചിൽ കേൾക്കാമത്രേ ,പാലത്തിന്റെ ബലത്തിനായി കുരുതി കൊടുത്ത ബാലന്റെ നിസ്സഹായമായ നിലവിളിയാണെന്നു ചിലർ പറയുന്നു മറ്റു ചിലർ പറയുന്നു അഡ്‌വൈസർ കുഞ്ഞച്ചൻ ദേവീസ്തുതികൾ പാടി കൊണ്ട് പള്ളിയുറക്കത്തിന് പോകുന്നതാണത്രേ , കാലമേറെ കഴിഞ്ഞിട്ടും പാലം ഇപ്പോഴും ബലിഷ്ടമാണ് ദേവി കടാക്ഷമെന്നല്ലാതെ എന്തു പറയാൻ ..................
No comments:
Post a Comment