Monday, 27 March 2017

മരുഭൂമി നോക്കും ഉപഗ്രഹം (കവിത )



മരുഭൂമിയിലേയ്ക്ക് മിഴി തുറന്നിരിക്കുന്ന
മനോഹരിയായ ഒരു ഉപഗ്രഹമാണ് മലനാട് .
മനതാരിൽ ഒപ്പിയെടുക്കപ്പെടുന്ന ചിത്രങ്ങളെ
മിഴിവോടെ പറിച്ചു നടാൻ വെമ്പൽകൊള്ളുന്ന നാട്
മരുഭൂമിയിൽ അംബര ചുംബികളുണ്ടായപ്പോൾ
മലനാട്ടിലും എണ്ണ മണമുള്ള കെട്ടിടങ്ങളുണ്ടായി
മരുഭൂമിയിൽ ഷോപ്പിംഗ് ഉത്സവങ്ങൾ ഉണ്ടായപ്പോൾ
ഉത്സവങ്ങളുടെ നാട്ടിലും വന്നു
ഗ്രാൻഡ് കേരളാ ഷോപ്പിംഗ് ഫെസ്റ്റിവൽ
മരുഭൂമിയിൽ മലയാളികൾ രണ്ടാം പൗരൻമ്മാരായപ്പോൾ
മലനാട്ടിൽ ബംഗാളികൾ രണ്ടിലൊന്നു വീതമായി
തിളയ്ക്കുന്ന വെയിലു പേടിച്ചവർ ഉച്ച വിശ്രമം കൊടുത്തപ്പോൾ
താപ നിലയിലെ വ്യതിയാനം നോക്കി നമ്മളും
പാസാക്കിയൊരു പുതിയ നിയമം
മരുഭൂമിയിൽ മഴയ്ക്കു വേണ്ടിയവർ മേഘം പൊടിച്ചപ്പോൾ
മാറിപ്പോയ മഴ മേഘങ്ങൾക്കു വേണ്ടി നാം ഡ്രൈ ഐസു തേടി
ഭൂമി ഉരുണ്ടാതാണെന്നു പണ്ടാരോ പറഞ്ഞതു
പച്ച പരമാർത്ഥമാണെന്നു സമ്മതിച്ചേ മതിയാവു
ഒരിടത്തു നേരം ഇരുട്ടുമ്പോൾ മറ്റൊരിടത്തു നേരം
പര പരാ വെളുത്തു വരുന്നേയുള്ളുവെന്നു ഞാനുറപ്പിക്കുന്നു .

Saturday, 25 March 2017

ഹൈക്കൂ ചിന്തുകൾ



മൂന്നാമതൊരാൾ വിധി പറയാനുണ്ടല്ലോ എന്ന 
ആശ്വാസമായിരുന്നു മൈതാനത്തു നിൽക്കുവോളം 
പവലിയനിൽ മാറി കത്തുന്ന വിളക്കിന്റെ 
വിളിക്കു പോവാതെ വിധിയെ 
വിശ്വസിക്കുന്നവരായിരുന്നു എല്ലാ 
കളിക്കാരുമെന്നതിനാൽ
ഞാൻ വിജയിച്ച അമ്പയറായി .
വിശ്വാസം അതല്ലേ എല്ലാം ........

Friday, 24 March 2017

ജഗൻ നിന്നെ ദൈവം രക്ഷിക്കട്ടെ



അതൊരു ഉത്സവ റീലീസായിരുന്നു കേരള യൗവന മനസിലേയ്ക്ക് പിന്നീട് തള്ളിക്കയറ്റം നടത്തിയ ഷക്കീല എന്ന മാദക തിടംബിന്റെ ആദ്യ ചിത്രം. ഉത്സവം തുടങ്ങുമ്പോഴാണ് വീട്ടിൽ നിന്നും എന്തെങ്കിലും കാരണം പറഞ്ഞു പുറത്തിറങ്ങാനും ആറുമാദിക്കാനും അവസരമുണ്ടാകുന്നത് .കിട്ടുന്ന അവസരങ്ങളെ മാക്‌സിമം പ്രയോജനപ്പെടുത്താൻ ഞങ്ങൾ സ്ഥലത്തെ നാലു പ്രധാന പയ്യൻസ് കൂടി ഒരു തീരുമാനമെടുത്തു . നാട്ടിലൊക്കെ മാന്യരും സൽസ്വഭാവികളുമായ ഞങ്ങളുടെയുള്ളിലും കൗമാരത്തിന്റെ തരളിത മോഹങ്ങൾ നാമ്പിടുന്നുണ്ടായിരുന്നു . സിൽക്ക് സ്മിതയുടെ ലയനം കണ്ട കൂട്ടുകാരൻ പറഞ്ഞ കഥ കേട്ടപ്പോഴേ ഇനിയെങ്കിലും ഒരു സിൽക്ക് പടം കാണാതിരിക്കുന്നതു ഞങ്ങൾ ഞങ്ങളുടെ പ്രായത്തോടു ചെയ്യുന്ന കടുത്ത വഞ്ചന ആയിരിക്കുമെന്ന് കൂട്ടത്തിലെ ഭക്തനും സെമിനാരിയിൽ പോകാൻ കാത്തിരിക്കുന്നവനുമായ എൽദോസ് പറഞ്ഞപ്പോൾ ഞങ്ങൾ നാലുപേർ ചേർന്നൊരു ഉറച്ച തീരുമാനത്തിലെത്തി . പത്താം ഉത്സവത്തിന് ഉണ്ണി മേനോന്റെ ഗാനമേളയുണ്ട് അത് കേൾക്കാനെന്ന പേരിൽ വീട്ടിൽ നിന്നും മുങ്ങുക .ആലപ്പുഴ രാധയിൽ അന്ന് സെക്കൻഡ് ഷോയ്ക്കു ശേഷം ഒരു സ്പെഷ്യൽ ഷോയുണ്ട് .ഇങ്ങനെ വീട്ടിൽ നിന്നും ഗാനമേള കേൾക്കാൻ വരുന്ന മാന്യന്മാർക്കു വേണ്ടി മാത്രം നടത്തുന്ന ആ പ്രത്യേക ഷോയിൽ ഞങ്ങളുടെ കന്നി മസാല പടം എന്ന സ്വപ്നങ്ങളിലേയ്ക്ക് ആ പേരു തെളിഞ്ഞു വന്നു "പ്ലേ ഗേൾസ് "
ഒരാൾ കയറി ടിക്കെറ്റ് എടുത്ത ശേഷം ഷോ തുടങ്ങുന്നതിനു തൊട്ടു മുൻപോ തുടങ്ങി കഴിഞ്ഞതിനു ശേഷമോ അകത്തേയ്ക്കു കയറുക അതാണ് ഞങ്ങളുടെ ഓപ്പറേഷൻ മൊറാണ്ടി . ആരു ടിക്കെറ്റ് എടുക്കും ? ഞങ്ങൾ നാലു പേരും മാന്യന്മാരും സൽസ്വാഭാവികളുമായിരുന്നതിനാൽ അവിടെ ഒരു തർക്കമുണ്ടായി അവസാനം സെമിനാരിക്കാരൻ എൽദോസ് ഒരു ഉപായം കണ്ടെത്തി ക്രിക്കറ്റ് കളിയിൽ ആദ്യം ബാറ്റിങ്ങിനു ആരിറങ്ങണം എന്നറിയാൻ ബാറ്റു കൊണ്ടു മറച്ചു പിടിച്ചു നാലു നമ്പറുകൾ എഴുതും ഒന്നിൽ തൊടുന്നവൻ ആദ്യം അതുപോലെ എൽദോസ് കൈ കൊണ്ട് മറച്ചു പിടിച്ചു നിലത്തു നാലു നമ്പറുകൾ എഴുതി കൈ കൊണ്ടു മറച്ചു പിടിച്ചു .ഞങ്ങൾ മൂന്നു പേരും ഓരോ നമ്പറിൽ തൊട്ടു എൽദോസിന്റെ മുഖം കടന്നലു കുത്തിയ പോലെ വീർത്തു വരുന്നു .ഒന്നാം നമ്പർ അവനാണ് കിട്ടിയിരിക്കുന്നത് അവൻ തന്നെ ടിക്കെറ്റ് എടുക്കേണ്ടി വരും ഒന്നു ഒഴിവാക്കി തരാൻ അവൻ ഞങ്ങളോടു കെഞ്ചി അപേക്ഷിച്ചു .ഒരു ഒത്തുതീർപ്പിനും ഞങ്ങൾ തയ്യാറായിരുന്നില്ല അവൻ വിധിയെ പഴിച്ചു കൊണ്ടു ഇരുട്ടു കട്ട പിടിച്ച വഴികളിലൂടെ രാധാ കൊട്ടകയുടെ ടിക്കറ്റ് കൗണ്ടറിലേയ്ക്കു നടന്നു .
നാനായുടെയും വെള്ളിനക്ഷത്രത്തിന്റെയും സെന്റെർ പേജിൽ കണ്ട സിൽക്ക് സ്മിതയെ വലിയ സ്‌ക്രീനിൽ ആദ്യമായി കാണാൻ പോകുകയാണ് . രോമകൂപങ്ങൾ ദേശിയ ഗാനം കേട്ട ദേശ സ്നേഹികളെപ്പോലെ എഴുന്നേറ്റു നിൽക്കാൻ തുടങ്ങിയിട്ടു സമയം ഇമ്മിണി ആയിരിക്കുന്നു .ടിക്കറ്റെടുക്കാൻ പോയ എൽദോസ് ചൂളം വിളിക്കുന്നതും കാത്തു ഞങ്ങൾ അക്ഷമരായി നിന്നു . ഇല്ല എൽദോസിന്റെ ചൂളം വിളി പോയിട്ടൊരു ശീൽക്കാരം പോലും ഇത്രയും സമയമായിട്ടും കേൾക്കുന്നില്ല ഒന്നു പോയി നോക്കിയാലോ ഞങ്ങൾ മൂന്നു പേരും ഇരുട്ടു കീറി നീല വെളിച്ചമുള്ള തിയേറ്ററിന്റെ അകത്തേയ്ക്കു കയറി ,തീയേറ്ററിനുള്ളിലെ സൈക്കിൾ പാർക്കിങ്ങിനു മുന്നിൽ നിന്നും എൽദോസ് വലിയ വായിൽ കരയുന്നു . അവന്റെ വെളുത്തു തുടുത്ത കവിളുകളിൽ പപ്പട വലിപ്പത്തിൽ ഒരു കൈപ്പാട്. അവന്റെ ഏങ്ങലടികൾ ഞങ്ങളുടെ രക്തം തിളപ്പിച്ചു . എന്തു പറ്റിയെടാ ! ആരാ നിന്നെ തല്ലിയത് !! പണ്ടേ മൊണ്ണയായ ഇവനെ ടിക്കറ്റെടുക്കാൻ പറഞ്ഞു വിട്ടപ്പോഴേ വിചാരിച്ചിരുന്നതാ ഇതു പോലെ എന്തെങ്കിലും അബദ്ധം .
ദേ ഈ കൊച്ചനെ തല്ലിയ അയാളിപ്പോൾ പുറത്തേയ്ക്കു പോയി , തിയേറ്ററിന്റെ സെക്കൂരിറ്റി കിളവൻ ഞങ്ങളെ നോക്കി പുറത്തേയ്ക്കു കൈ ചൂണ്ടി . ആഹാ അത്രയ്ക്കായോ ഞങ്ങളിൽ ഒന്നിനെ തല്ലിയിട്ടു ചുമ്മാ അങ്ങു പോയാലോ, കൂട്ടത്തിൽ കരാട്ടെയും കുങ്ങ്ഫുവും അറിയാവുന്ന ജിമ്മിൽ പോകുന്ന ജഗൻ അയാളുടെ പിന്നാലെ ഓടി കൂടെ ഞങ്ങളും . ഒരു വളവു തിരിയുന്നിടത്തു വെച്ചു ജഗനയാളെ വട്ടം പിടിച്ചു . ഇടി !! പൊരിഞ്ഞ ഇടി !!!!! ഞങ്ങളുടെ കന്നി ഇടിയാണ്, മൂന്നു പേരും കൂടി വളഞ്ഞിട്ടയാളെ പൊതിരെ തല്ലി . വായിൽ നിന്നും മൂക്കിൽ നിന്നും ചോര ചീറ്റുന്നു .ജഗൻ കരാട്ടെയും കുങ്ഫുവും ജിമ്മും ഒക്കെ അയാളിൽ പരീക്ഷിക്കുന്നു . ഇടി സഹിക്കവയ്യാതെ അയാളെഴുന്നേറ്റു പടിഞ്ഞാറേയ്ക്കോടി . എൽദോസേ നീ പേടിക്കേണ്ടടാ ഞങ്ങളായാളെ ശരിക്കും പഞ്ഞിക്കിട്ടു ! ആപത്തിൽ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സ്നേഹിതൻ എൽദോസിന്റെ കരച്ചിൽ ഉച്ചത്തിലായി .അടി കിട്ടിയതിന്റെ വേദനയിലല്ല അവനിപ്പോൾ കരയുന്നതെന്നു ഞങ്ങൾക്കു തോന്നി . വിമ്മി വിമ്മി അവൻ ഞങ്ങളോടാ സത്യം പറഞ്ഞു "എടാ എന്നെ തല്ലിയത് കൈതവനയിലുള്ള എന്റെ അമ്മാവനായിരുന്നെടാ" ജഗൻ ഇടി വെട്ടേറ്റവനെപ്പോലെ താഴേയ്ക്കിരിക്കുന്നു . ഒരു ലിറ്റർ രക്തത്തിൽ കുളിച്ചു മുൻപേ ഓടിപ്പോയത് എൽദോസിന്റെ ഒറ്റ മൂടു അമ്മാവനായിരുന്നു . അനന്തിരവനെ അസമയത്തു അശ്‌ളീല ചിത്രം കാണുന്ന തീയേറ്ററിൽ കണ്ട അമ്മാവന്റെ പ്രചണ്ഡ പ്രതികരണമായിരുന്നു എൽദോസിനു കിട്ടിയ അടി . പിന്നെ ഞങ്ങൾ ആ സിനിമ കാണാൻ നിന്നില്ല .എൽദോസിന്റെ അമ്മാവൻ തലേന്നു നടന്നതൊന്നും ആരോടും പറഞ്ഞില്ല .എൽദോസ് സെമിനാരിയിൽ ചേർന്നില്ല ,ജീവിതം ഞങ്ങളെ നാലുപാടേയ്ക്കും ചിതറിത്തെറിപ്പിച്ചു .
കഴിഞ്ഞ ദിവസം രാത്രിയിൽ എനിക്കു ജഗന്റെ ഒരപ്രതീക്ഷിത ഫോൺ കാൾ വന്നു അളിയാ എന്റെ കല്യാണമാ നീ വരണം . പെണ്ണ് നിയറിയും നമ്മുടെ എൽദോസിൻറെ കസിനാ ! ഏതു കസിൻ ? അവന്റെ ഒറ്റ മൂട് അമ്മാവന്റെ മകൾ അന്നു നമ്മൾ രാധ തിയേറ്ററിനു മുന്നിലിട്ടു തല്ലിയില്ലേ ഒരു പുള്ളി , പുള്ളിയുടെ മകൾ !!!!. കല്യാണത്തിനു വരാമെന്നുറപ്പു കൊടുത്തു ഫോൺ വെയ്ക്കുമ്പോൾ ഞാൻ മനസ്സിൽ ഓർത്തു ചില പകകൾ ഇങ്ങനെയാണ് കാലമെത്ര കഴിഞ്ഞാലും അതു വീടപ്പെടും . എങ്കിലും എന്റെ അമ്മാവാ ഇങ്ങനെയൊരു പക പോക്കൽ , ജഗൻ പി ചാക്കോ എന്ന എന്റെ പ്രിയ സുഹൃത്തേ നിന്നെ ദൈവം രക്ഷിക്കട്ടെടാ ...................

Wednesday, 22 March 2017

കുരിശുകൾ ഉണ്ടാകുന്നത് .........




ഐപ്പച്ചൻ കുരിശുമെടുത്തു മുന്നോട്ടു നടന്നു .കാലുകൾ തളരുന്നു തൊണ്ട വരളുന്നു അയാളതൊന്നും ഗൗനിക്കുന്നില്ല കർത്താവേ നീ സഹിച്ച പീഡകൾ ഓർക്കുമ്പോൾ ഐപ്പച്ചൻ വഹിക്കുന്ന ഈ കുരിശ് എത്ര നിസ്സാരം .നിലത്തു വീണു പോയേക്കുമെന്നു ഭയന്നെങ്കിലും വേച്ചു വെച്ചയാൾ കുരിശിൻ തൊട്ടിക്കരുകിലെത്തി .നിലത്തു വലിയൊരു കുഴിയുണ്ടാക്കി താൻ ചുമന്നു കൊണ്ടു  വന്ന കുരിശാ കുഴിയിലേയ്ക്കിറക്കി വെച്ചു .

നാട്ടിലിന്നോണം സംഭവിക്കാത്ത കാഴ്ച്ച കാണാനെന്നോണം ജനക്കൂട്ടം ഐപ്പച്ചനു ചുറ്റും തടിച്ചു കൂടി .ഫിലിപൈൻസിൽ ദുഃഖ വെള്ളിയാഴ്ചകളിൽ ക്രിസ്തുവിന്റെ പീഡാനുഭവ വാരത്തിൽ ഇങ്ങനെ ചില ക്രൂശു മരണങ്ങൾ ടി വിയിൽ കണ്ടതായി ജനക്കൂട്ടം ഓർമ്മിച്ചെടുത്തു . എന്നാലീ കാലം തെറ്റിയ കാലത്തു ഐപ്പച്ചൻ എന്തു  പ്രാന്താണ് കാണിക്കാൻ പോകുന്നതെന്നു മനസ്സിലാക്കാതെ ജനക്കൂട്ടം അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു .

കുരിശിൻ തൊട്ടിയുടെ മുകൾ പടിയിൽ കയറി നിന്നു തന്റെ ചുറ്റും തടിച്ചു കൂടിയവരോടു ഐപ്പച്ചൻ ഉറക്കെ സംസാരിച്ചു . അപ്പോളയാൾ മലയിലെ പ്രസംഗം നടത്തുന്ന ക്രിസ്തുവായിരുന്നു അഞ്ചപ്പവും മീനുമായി ഏതെങ്കിലും കുട്ടി ആ കൂട്ടത്തിൽ ഉണ്ടോ എന്നയാൾ അന്വേഷിച്ചു .അങ്ങനെ ആരെയും കാണാതിരുന്നതിനാൽ  ജനക്കൂട്ടത്തോടു ക്ഷമ ചോദിച്ചു . ഒരത്ഭുതം ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിൽ അയാൾക്കു വിഷമം തോന്നിയെങ്കിലും  അടുത്ത പടിയിലേയ്ക്കു കയറി നിന്നയാൾ ഉറക്കെ വിളിച്ചു പറഞ്ഞു ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ എന്തു  കൊണ്ടെന്നാൽ  സുലേഖാ  അരിയുടെ വില അൻപതിനോടടുത്തിരിക്കുന്നു .

ഇന്നലെ വരെ തെളിഞ്ഞ ബുദ്ധിയുള്ളവനും ദൈവകാര്യങ്ങളിൽ അതീവ തല്പരനുമായിരുന്ന ഐപ്പച്ചൻ കുരിശിൽ കയറിയ വിവരം  കാട്ടു  തീ പോലെ പടർന്നു പിടിച്ചു . കേട്ടവർ കേട്ടവർ അത്ഭുത കാഴ്ച കാണാൻ കുരിശിൻ തൊട്ടിയിലേയ്ക്കു ഇരമ്പിയാർത്തു വന്നു .കുവൈറ്റിൽ നേഴ്‌സായി ജോലിനോക്കുന്ന ഐപ്പച്ചന്റെ ഭാര്യ അമ്മിണിയും കുസാറ്റിൽ ഇലക്ട്രോണിക്സിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മകൾ ആനി ഐപ്പും മൂക്കിപ്പൊടി വലിച്ച  എലികുഞ്ഞിനെപ്പോലെ വെകിളി പിടിച്ചു നാട്ടിലേയ്ക്കു കിട്ടിയ നമ്പറിൽ ഫോൺ വിളിച്ചു . ഐപ്പച്ചന്റെ  സ്ഥിരം കമ്പനിക്കാരായ  ജോയികുട്ടിയോടും , കുട്ടപ്പനോടും പോലും പറയാതെയാണ് ഇങ്ങനെ ഒരു സാഹസത്തിനു മുതിർന്നതെന്നറിഞ്ഞ  അമ്മിണി ഐപ്പ് കുവൈറ്റ് ഐർവേസിൽ വിളിച്ചു എക്കൊണോമി ക്‌ളാസിൽ ഒരു എമർജൻസി ടിക്കറ്റ് ബുക്ക് ചെയ്തു .

ഐപ്പച്ചൻ നാട്ടിയ കുരിശിന്റെ ബലം പരിശോധിക്കാനെന്നവണ്ണം ചിലർ അതിന്റെ ചുവട്ടിൽ നിന്നും വടക്കോട്ടും തെക്കോട്ടും തള്ളി നോക്കി .കോൺക്രീറ്റ് ചെയ്തുറപ്പിച്ച പോലെ മണ്ണിൽ നാട്ടിയ ആ മരകുരിശവിടെ ഇളകാതെ നിന്നു . നമ്മുടെ കർത്താവ് ഉയിർത്തതു  പോലെ ഐപ്പച്ചൻ വലിയവീട്ടിൽ എന്ന ഈ ദൈവദാസനും മൂന്നാം നാൾ ഉയിർക്കും  അതിനുശേഷം ബാക്കി എന്നരുൾചെയ്തു കൊണ്ടു ഐപ്പച്ചൻ കുരിശിൻ തൊട്ടിയുടെ പടിയിൽ നിന്നും  മരക്കുരിശിന്റെ മോന്തായത്തിലേയ്ക്കു വലിഞ്ഞു കയറി . ഫർവാനിയ ഹോസ്പിറ്റലിന്റെ നാലാം നിലയിലുള്ള  ഐ സിയുവിലിരുന്നു അമ്മിണി ഐപ്പ് കണ്ണു  നീർ വാർത്തു കരഞ്ഞു . നല്ല മാണിക്കത്തെ കെട്ടിയോനെയും  കുടുംബത്തെയും ഉപേക്ഷിച്ചു മരുഭൂമിയിൽ വന്ന തനിക്കു ദൈവം തന്ന ശിക്ഷയെക്കുറിച്ചോർത്തു  ഏങ്ങിയേങ്ങി കുണ്ഠിതപ്പെട്ടു .

അപ്പച്ചനു പ്രാന്തായ വിവരം നാട്ടിലുള്ള കാമുകൻ വിളിച്ചറിയിച്ചതിൻ പ്രകാരം ലീവ് ലെറ്റർ കൊടുക്കാതെ ആനിമോൾ ആലപ്പുഴയ്ക്കു വണ്ടി കയറി പോന്നു . ഐപ്പച്ചൻ ഉടുത്തിരുന്ന കാവി മുണ്ടുരിഞ്ഞു കുരിശിന്റെ മോന്തായത്തിൽ കൂടുക്കിയിട്ടു കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്നും എടുത്തു കളയണമേ എന്നൊന്നും ഐപ്പച്ചൻ പ്രാർത്ഥിക്കാൻ നിന്നില്ല .നീട്ടിവളർത്തിയ താടിയില്ലാത്ത കാഷായ ജുബ്ബാ ധാരിയായ പുതിയൊരു ക്രിസ്തു ഒരു കാരണവുമില്ലാതെ കുരിശുമരണം വരിക്കാൻ പോകുന്നതിന്റെ തത്സമയ വീഡിയോ കവറേജിനായി  ചാനലുകാരുടെ ഓബി വാനുകൾ കുരിശിൻ തൊട്ടിക്കു അരികിലായികൊമ്പും  കുഴലുകളുമായി വരി നിന്നു തുടങ്ങിയിരിക്കുന്നു   . പെരുന്നാളു കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞിട്ടും കുരിശിൻ തൊട്ടിയും പരിസരവും പെരുന്നാളിനുള്ള ആളെ കൊണ്ടു  നിറഞ്ഞു .

ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും ഇപ്പോൾ ഒരു പ്രകാശ വലയം രൂപപ്പെട്ടു വരുന്നതായി ചിലർ കണ്ടു പിടിച്ചിരിക്കുന്നു . അരുളപ്പാടുണ്ടായവന്റെ നിറവിലാണയാൾ കുരിശുമരണത്തിനെത്തിയതെന്നു ജനക്കൂട്ടവും ചാനലുകാരും പറഞ്ഞു തുടങ്ങിയിരിക്കുന്നു . പത്രോസ് മരിച്ചത് പോലെ കുരിശിൽ തലകിഴുക്കനെ  തൂങ്ങി മരിക്കുമെന്നു ചിലരും അല്ല കുരിശിൽ നിന്നിറങ്ങാതെ പട്ടിണി മരണമാകുമെന്നു മറ്റു  ചിലരും വാദിച്ചു .  ആത്‍മഹത്യ  ഇന്ത്യൻ ഭരണ ഘടനാപ്രകാരം കുറ്റമല്ലെങ്കിലും പരസ്യ മരണം തടയാനായി എത്തിയ പോലീസുകാർ  ഐപ്പച്ചനെ താഴെ ഇറങ്ങാൻ പ്രലോഭിപ്പിച്ചു കൊണ്ടേ ഇരുന്നു .

ജനക്കൂട്ടം കണ്ടതും ഐസുമുട്ടായിക്കാരൻ കൊച്ചാപ്പി സൈക്ക്കിളിൽ കെട്ടിവെച്ച ഐസു മുട്ടായിയുമായും ഭാര്യ  കപ്പലണ്ടി വറുത്തതുമായി ഡിമാൻഡ് ഉള്ളിടത്തു കച്ചവടം എന്ന ലളിത ധനതത്വ ശാസ്ത്രം വളരെ തന്ത്രപരമായി പ്രയോജനപ്പെടുത്തി കൊണ്ടിരുന്നു. സമയം ചിലർക്കു ഒച്ചിനെപ്പോലെയും മറ്റു  ചിലർക്കു അഴിച്ചു വിട്ട പൈക്കിടാവിനെപ്പോലെയും ഓടി കൊണ്ടിരുന്നു . കുരിശിനു മുകളിലിരിക്കുന്ന ഐപ്പച്ചൻ എന്തെങ്കിലും ചെയ്യുന്നതു  കണ്ടിട്ടു പിരിഞ്ഞു പോകാൻ കാത്തിരുന്നവർ നിരാശരായി വീട്ടിലേയ്ക്കു പോകണമോ വേണ്ടയോ എന്നു ശങ്കിച്ചു പിറു പിറുത്തു കൊണ്ടു നിന്നു .

വൈകുന്നേരം ആറു മുപ്പതിന് കുവൈറ്റ് എയർവൈസിന്റെ ബോയിങ് 707 - 230 വിമാനം നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു . അപ്പോൾ കേരളാ ഫയർ ഫോഴ്സ് ഐപ്പച്ചനെ താഴെയിറക്കാൻ ബക്കറ്റ് ക്രൈനുള്ള പിക്കപ്പ് കൊണ്ടുവരാൻ എറണാകുളത്തിനു ഇമെയിൽ അയച്ചു കാത്തിരിക്കുകയായിരുന്നു . ഐപ്പച്ചൻ ഇതുവരെ എന്തെങ്കിലും ഒന്നു ചെയ്യാത്തതിനാൽ   ഭയ ഭക്തി ബഹുമാനത്തോടെ  മാത്രം നോക്കി കണ്ടിരുന്ന ജനക്കൂട്ടം താഴെ നിന്നു ചീത്തവിളികൾ ആരംഭിച്ചിരിക്കുന്നു . ഐപ്പച്ചന്റെ തലയ്ക്കു ചുറ്റും രാവിലെ രൂപം കൊണ്ട ഔറാ ഇപ്പോൾ നക്ഷത്രങ്ങളായി അന്തരീക്ഷത്തിൽ അലഞ്ഞു നടക്കുന്നു .

ആർപ്പു വിളികൾ നിറഞ്ഞിരുന്ന കുരിശിൻ തൊട്ടിയും പരിസരവും സ്വിച്ചിട്ട പോലെ നിശബ്ദമമായിരിക്കുന്നു . കെ എൽ 787 എന്ന ടാറ്റാ ഇൻഡികാ കാറിൽ ഫർവാനിയ ഹോസ്പിറ്റലിലെ ഹെഡ് നേഴ്‌സായ അമ്മിണി ഐപ്പും കേരളാ ഫയർഫോഴ്‌സ് ഇമെയിൽ അയച്ചു വരുത്തിയ ക്രൈനുള്ള പിക്കപ്പുഒരുമിച്ചു  വന്നിരിക്കുന്നു .     ഫയർഫോഴ്‌സ് ഉയർത്തി വിട്ട ബക്കറ്റ് ക്രൈനുള്ളിൽ അമ്മിണി ഐപ്പ് പ്രിയതമന്റെ കുരിശിൻ തലപ്പിലേയ്ക്ക് ഉയർന്നു പൊന്തി . കാവി മുണ്ടിന്റെ മോന്തായം  കഴുത്തിലേയ്ക്കു  കുരുക്കി ചാടാനൊരുങ്ങി നിന്ന ഐപ്പച്ചന്റെ അടുത്തേയ്ക്കു അമ്മിണി ഇരു കൈകളും വിടർത്തി  ചെന്നു  . നറുനീന്തി പൂവിന്റെ വാസനയുള്ള അമ്മിണിയുടെ  കക്ഷത്തിലേയ്ക്ക് മുഖമമർത്തി അയാൾ ഒരു കുഞ്ഞാടിനെപ്പോലെ  കുരിശിൽ നിന്നും തൊട്ടിയിലേയ്ക്കിറങ്ങി .

കർത്താവേ ജീവിതത്തിൽ കുരിശുകൾ ഉണ്ടാകുമ്പോൾ അവയെല്ലാം സഹിക്കാൻ നീ ഞങ്ങൾക്കു ശക്തി തരണമേ  . അമ്മിണിയുടെ വക്ഷസിന്റെ ചൂടുപറ്റി കിടന്നയാൾ ഉച്ചത്തിൽ  പ്രാർത്ഥിച്ചു .അപ്പോൾ സ്വർഗത്തിൽ നിന്നൊരു സ്വരം കേട്ടു സീസറിനുള്ളതു സീസറിനും ദൈവത്തിനുള്ളതു ദൈവത്തിനും .പിന്നെ അവിടെയെങ്ങും അന്ധകാരമായിരുന്നു ................................

Saturday, 18 March 2017

കഥ പറയുന്ന കാടുകൾ



ബിൽഗിരി രംഗന ബേട്ടയിലെ കാടുകളിലേയ്ക്ക് കയറുമ്പോൾ ചിദംബരം സഹപ്രവർത്തകരായ പോലീസുകാരോടു ഒരു കാര്യം തറപ്പിച്ചു പറഞ്ഞു .ജീവനോടെ തിരികെയിറങ്ങാമെന്ന പ്രതീക്ഷ വ്യാമോഹം മാത്രമാണ് എങ്കിലും വിജയിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് നമ്മുടെ ദൗത്യം . വേലുമണിയും കറുപ്പയ്യനും ,നീലോഫറും ലാഡമിട്ട ബൂട്ടു നിലത്തു ചവിട്ടി ചിദംബരത്തിന്റെ കല്പനയെ സല്യൂട്ടടിച്ചു സ്വീകരിച്ചു . കാട്ടു ചോലയിലെ വെള്ളികെട്ടിയൊഴുകുന്ന പാലരുവിയിൽ ദാഹം തീർത്ത് കൊണ്ടിരുന്ന കുരങ്ങന്മാർ പോലീസിന്റെ കാലടികൾ  മണത്തിട്ടെന്നോണം മരച്ചില്ലകളിലേയ്ക്കു ചാടിക്കയറി .കൂസെ മുനിസ്വാമിയുടെ കണ്ണും കാതും എത്തുന്നയിടങ്ങളാണ്  ബിൽഗിരി രംഗന ബേട്ടയിലെ ഓരോ കാട്ടു പാതകളും . ഈറ്റു  നോവടുത്തു നിൽക്കുന്ന വളർമതിയുടെ നിറവയറിൽ ഉമ്മവെയ്ക്കുമ്പോൾ വേലുമണി മനസ്സിൽ ഉറപ്പിച്ചിരുന്നു . തന്തക്കാലുമായി പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണാൻ പോലും തനിക്കു യോഗമുണ്ടാവില്ലന്നു ജ്യോൽസ്യൻ ദൊരൈക്കണ്ണു പറഞ്ഞതിതാ സത്യമാകാൻ പോകുന്നു . ഇന്നേ വരെ വീരപ്പൻ വേട്ടയ്ക്ക് പോയ നൂറോളം പോലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ട് അവരുടെ ഇടയിലേയ്ക്ക് പുതിയ ദൗത്യ സംഘം എന്ന പേരിൽ  നാലു പേർ കൂടി.

നിലോഫർ നിലത്തു വിരിച്ച കാനനപാതകളുടെ ചിത്രത്തിലേയ്ക്ക് വിരൽചൂണ്ടി ചിദംബരം വീരപ്പന്റെ സങ്കേതമായേക്കാവുന്ന ഇടങ്ങളിലെല്ലാം ഇടിമിന്നൽ പോലെ കടന്നു കയറാനുള്ള നിർദേശങ്ങൾ നൽകി കൊണ്ടിരിക്കെ  വയർലെസ് സെറ്റിൽ കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശങ്ങൾ എത്തി കൊണ്ടേയിരുന്നു. മനുഷ്യ വാസം അന്യമായ ഉൾകാടുകൾക്കുള്ളിൽ എവിടെയോ കൂടു കെട്ടി സ്വൈര്യ വിഹാരം നടത്തുന്ന കാട്ടു  കള്ളൻ  ഇതു മുപ്പത്തി മൂന്നാം തവണയാണ് ദൗത്യ സംഘങ്ങളെ നിർദയം കൊന്നു തള്ളുന്നത് . ഇനിയും അവസാനിക്കാത്ത  നര നായാട്ടിനൊരന്ത്യം കുറിക്കാൻ ചിദംബരത്തിനെപ്പോലെ നിശ്ചയ ദാർഢ്യമുള്ള മിടുക്കരെ  കൊണ്ടേ കഴിയൂ എന്ന തോന്നലായിരിക്കണം സകല ആയോധന കലകളിലും നിപുണരായ നാലംഗ സംഘത്തെ  തന്നെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത് .

സംരക്ഷിത കടുവ സങ്കേതമാണ് ബിലിഗിരിരങ്കന ബേട്ട  വന മേഖല ,ഏതു വിധേനയുള്ള പുലിയാക്രമണത്തെയും സ്വയം പ്രതിരോധിക്കുക ഏതൊരു അവസ്ഥയിലും പുലികൾക്കു നേരെ നിറയൊഴിക്കുകയോ  കൊലപ്പെടുത്തുകയോ ചെയ്യാൻ  അനുവാദമില്ല . സമാന്തര പട്ടാളവുമായി വിലസുന്ന കൂസൈ   മുനിസാമിയുടെ കൈയ്യിൽ പെട്ടില്ലെങ്കിൽ പുലികളുടെ ആക്രമണത്തിൽ മരണം ഉറപ്പിച്ചിട്ടാണ് ദൗത്യ സേനയുടെ മുന്നോട്ടുള്ള യാത്രകൾ . മുന്നേ നടന്നിരുന്ന  കറുപ്പയ്യന്റെ അപ്രതീക്ഷിതമായ തിരോധാനം ദൗത്യ സംഘത്തെ പെട്ടന്ന് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു . ഒരു അപശബ്ദം പോലും ഇല്ലാതെയാണ് ഇത് വരെ തങ്ങളുടെ കൂടെ നടന്ന  കറുപ്പയ്യൻ കൂട്ടത്തിൽ നിന്നും അപ്രത്യക്ഷനായിരിക്കുന്നത്   . അപകടം പതിയിരിക്കുന്ന വഴികളിലൂടെയാണ് മുന്നോട്ടുള്ള യാത്രകളെന്നു ചിദംബരവും സംഘവും വളരെ വേഗം   തിരിച്ചറിഞ്ഞിരിക്കുന്നു. ചുറ്റും പതിയിരിക്കുന്ന ചാവേർ പടയുടെ കൈകളിലെ വിഷം പുരട്ടിയ അമ്പുകളിൽ  ഒന്നാവണം  കറുപ്പയ്യന്റെ ജീവൻ അപഹരിച്ചിരിക്കുന്നത് . മൂന്നു  ഫർലോങ് പിന്നോട്ടു നടന്നും  കറുപ്പയ്യന്റെ  മൃതദേഹത്തിനു വേണ്ടി പരതി നോക്കി . വേലുമണിയും നീലോഫറും ദൗത്യം തുടരാൻ നിർബന്ധിച്ചപ്പോൾ മാത്രമാണ് ചിദംബരം  ആ ശ്രമമുപേക്ഷിച്ചു മുന്നോട്ടു നടന്നത് .

ചിലപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദത ,ചിലപ്പോൾ അസഹ്യമായ അലറലുകൾ ,കാടു കാടാകുന്നത് ഇത്തരം വ്യത്യസ്‍തകളിലൂടെയാണെന്നു  ചിദംബരത്തിനു തോന്നി . വിവാഹ പ്രായമായ രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക്   ഇനിയൊരിക്കലെങ്കിലും  അവരെ കാണാൻ കഴിയുമോ എന്നൊന്നും ദൗത്യമേറ്റെടുക്കുമ്പോൾ  അയാൾ ചിന്തിച്ചതേയില്ല പക്ഷെ ഇപ്പോൾ ഒരു ചെറിയ ഭയം മനസ്സിന്റെ കോണിൽ എവിടെയോ  നാമ്പിടുന്നതു പോലെ, കൂടെ നടന്ന കറുപ്പയ്യൻ പാതി വഴിയിൽ എവിടെയോ മരിച്ചു വീണിരിക്കുന്നു  . മുന്നോട്ടുള്ള യാത്രയിൽ തങ്ങളിൽ അവശേഷിക്കുന്നവരോരോരുത്തരും വീണു പോയേക്കാം  . 

നിലോഫർ,വീരമണി  നിങ്ങൾക്കു  പേടിയാകുന്നുണ്ടോ ?

 സ്വയം ആശ്വസിപ്പിക്കാനെന്നവണ്ണം ചിദംബരം സഹപ്രവർത്തകരോടു ചോദ്യമെറിഞ്ഞു . ലാഡമിട്ട നാലു ബൂട്ടുകൾ തറയിൽ ആഞ്ഞു ചവിട്ടി ഒരേ സ്വരത്തിൽ മറുപടി വന്നു .

ഇല്ല സാർ , ഒന്നുകിൽ ലക്ഷ്യം അല്ലെങ്കിൽ മരണം .

ഇടതൂർന്നു  തടിച്ച രോമകൂപങ്ങൾക്കു കീഴെയുള്ള ചുണ്ടു വിടർത്തി ചിദംബരം ഉറക്കെ ചിരിച്ചു. ഇരപിടിക്കുന്ന മൃഗങ്ങൾക്കൊരു  പ്രത്യേകതയുണ്ട് അവ   വിശന്നാൽ മാത്രമേ ഇരതേടി പുറപ്പെടൂ . നാളേയ്ക്ക് കരുതി വെയ്ക്കുന്ന ഒരു ശീലം മനുഷ്യനിലേതു പോലെ മൃഗങ്ങൾക്കില്ല . മുന്നോട്ടുള്ള യാത്രയിൽ ഒന്നിലധികം തവണ കടുവകളെ കണ്ടെങ്കിലും അവയെല്ലാം പേടിച്ചിട്ടെന്നോണം വഴിമാറി പോകുന്നത് ദൗത്യ സംഘം കൗതുകത്തോടെ കണ്ടു നിന്നു . 332 കിലോമീറ്ററോളം നീളമുള്ള കാട്ടിൽ പാതി വഴിയോളം പിന്നിട്ടിരിക്കുന്നു  . വീരപ്പൻ എന്ന കാട്ടു കള്ളൻ അടുത്ത ലാവണം തേടി സഞ്ചരിച്ചിട്ടുണ്ടാവണം .കടിഞ്ഞൂലിന്റെ മുഖം കണ്ട ശേഷം മരിക്കാമെന്നോർത്തപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വീരമണി ഊറി ചിരിച്ചു  . 

ചന്ദന മരങ്ങൾ ഇടതൂർന്നു വളരുന്ന കാടിനു നാടുവിലെവിടെയോ മനുഷ്യ വാസമുള്ളതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു . പെട്ടന്ന് ഇരുളിൽ നിന്നൊരു രൂപം അവർക്കു മുന്നിലേയ്ക്ക് ചാടി വീണു എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് മൂന്ന് തവണ വെടി പൊട്ടിയിരിക്കുന്നു . നീലോഫറും വീരമണിയും ചിദംബരത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക്  മാറ്റിയെന്നുറപ്പു വരുത്തിയിരിക്കുന്നു . കനത്ത നിശബ്ദത വീരപ്പനും സംഘവും ഒരു വിളിപ്പാടകലെ എത്തിയിരിക്കുന്നു  . വീരമണി തന്റെ വിധി മുന്നേ പ്രവചിച്ച ജ്യോത്സ്യന്റെ മുഖം ഒന്നു  കൂടി മനസ്സിലോർത്തു . വലിയ ആൾബലവും സമാന്തര സൈന്യം തന്നെ ഉള്ള വീരപ്പന്റെ സേന ശുഷ്കിച്ചു ശൂന്യമായിരിക്കുന്നു  കാരണം ഒന്നോ രണ്ടോ ആൾ മാത്രമാണ് അപ്പുറത്തെ ഒളിയുദ്ധത്തിനു നേതൃത്വം നൽകുന്നത്  .

"വീരപ്പൻ കീഴടങ്ങുന്നതാണ് നിങ്ങൾക്കു നല്ലത് "

ചിദംബരത്തിന്റെ നൂറു ഡെസിബെൽ ശബ്ദം കാനനാന്തരങ്ങളിൽ പ്രതിധ്വനിച്ചു മുഴങ്ങി .

ഒരാട്ടഹാസമാണ് അതിനു മറുപടിയെന്നോണം  വന്നത് ,തങ്ങൾക്കു പരിചിതമായ ഒരട്ടഹാസം.

വീരപ്പനോ ? അയാളെന്നേ മരിച്ചിരിക്കുന്നു നിങ്ങൾ തിരയുന്ന ആൾ ഒരിക്കലും ഉണ്ടായിരുന്ന ഒരാളേയല്ല  !

ചിദംബരം വായുവിൽ മുന്നോട്ടാഞ്ഞു പിന്നാലെ വീരമണിയും നീലോഫറും . 

നീലോഫറിന്റെ തോക്കിൽ നിന്നും നാലുപാടും വെടിയുണ്ടകൾ ചിതറിത്തെറിച്ചു .മുപ്പത്തി മൂന്നു ദൗത്യ സംഘങ്ങൾ  പരിശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപ്ന നേട്ടം കൈയെത്തും ദൂരെ വന്നിരിക്കുന്നു .

വീരപ്പൻ നിങ്ങൾക്കു കീഴടങ്ങാൻ ഒരവസരം കൂടി തരുന്നു ,ജീവനോടെ താങ്കളെ പിടികൂടണമെന്നാണ് ഞങ്ങൾക്കു  കിട്ടിയിരിക്കുന്ന നിർദേശം താങ്കൾ അക്രമത്തിനു മുതിർന്നാൽ ഞങ്ങളുടെ മുന്നിൽ വേറെ വഴിയില്ല  . 

ചിദംബരത്തിന്റെ നിർദേശം മുഴങ്ങി തീർന്നതും ഇരുളിന്റെ മറവിൽ നിന്നൊരാൾ ഉറക്കെ ചിരിച്ചു കൊണ്ടു വെളിച്ചത്തിലേയ്ക്കു  വന്നു.

ചന്ദന സുഗന്ധമുള്ള   കാറ്റു വീശുന്നതിനോടൊപ്പം വെളിച്ചം ആ മുഖത്തേയ്ക്കു അരിച്ചിറങ്ങി . ആ മുഖം കണ്ട നീലോഫറും വീരമണിയും പേടിച്ചു പിന്നോക്കം മാറി . റിവോൾവർ വീണ്ടും ഗർജ്ജിച്ചു ചിദംബരത്തിന്റെ ഹൃദയം തുളച്ചൊരു ബുള്ളറ്റ് കടന്നു പോയി . പോക്കറ്റിൽ കിടന്ന അഞ്ചു രൂപയുടെ നാണയത്തുട്ടുകളിൽ ഒന്ന് ആ ഹൃദത്തോളം ആഴ്ന്നിറങ്ങി .

ഇടയ്ക്കു വെച്ചു മരിച്ചു പോയെന്നു ഭയപ്പെട്ട കറുപ്പയ്യൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ടു പിറു പിറുത്തു . വീരപ്പൻ, എല്ലാ കള്ളന്മാരുടെയും പേരാണത് . ആർക്കൊക്കെ കാടു  കയറി മോഷ്ട്ടിക്കണമെന്നു തോന്നുന്നുവോ അപ്പോഴൊക്കെ  വളരെ സമർത്ഥമായി ഉപയോഗിക്കപ്പെട്ട പേര് .ഇപ്പോളയാൾ സത്യമംഗലം കാട്ടിലാണ് ,നാളെ മാല മഹദേശ്വര ബേട്ടയിലേയ്ക്കും അങ്ങനെ പണം വിളയുന്ന എല്ലാ കാടുകളിലേയ്ക്കും അയാൾ കുടിയേറും .

തോക്കുകൾ തീതുപ്പി ഭൂമിയിൽ നിന്നും  വരുന്ന വെടിയുണ്ടകളെ ഏറ്റു  വാങ്ങാൻ മേഘം താഴേയ്ക്കിറങ്ങി വന്നു. ബിൽഗിരിരംഗന ബേട്ടയിലെ കാടുകളിൽ മഴ തിമിർത്തു പെയ്തു . വിളഞ്ഞ ചന്ദന മരങ്ങളിൽ മൂന്നെണ്ണം ചുവടോടെ പിഴുതെറിയപ്പെട്ടു .വീരമണിയുടെ വിധി പ്രവചിച്ച ജ്യോൽസ്യൻ ദൊരൈ സ്വാമി തനിക്കു സംഭവിച്ച കൈപ്പിഴ മാറ്റി എഴുതി. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ കടിഞ്ഞൂലിന്റെ നൂലു  കെട്ടു  കഴിഞ്ഞതും  ഓപ്പറേഷൻ കൊക്കൂണിലേയ്ക്കുള്ള ദൗത്യ സംഘത്തിലും വീരമണിയും കറുപ്പയ്യനും നീലോഫറും ഉണ്ടെന്ന സന്തോഷ വാർത്തയുമായി  പ്രത്യേക ദൗത്യ സേനാ താവളത്തിലെ ടൈപ്പ് റൈറ്റർ താളത്തിൽ  ചലിച്ചു കൊണ്ടിരുന്നു .
  

Wednesday, 15 March 2017

മുല്ലപ്പൂപ്പുഞ്ചിരി

ഇതും പെണ്ണാണെങ്കിലോ ? ശാലിനിയുടെ ആശങ്ക കലർന്ന ചോദ്യം കേട്ടതും അയാൾ മ്ലാന വദനനായി .
ഇല്ല, ഉണ്ണിക്കണ്ണൻ ഇനിയും  നമ്മെ പരീക്ഷിക്കില്ല , ഇനി വരുന്നത് ഉണ്ണിക്കണ്ണനാ എനിക്കുറപ്പാ പ്രകാശൻ സംശയ ലേശമെന്യേയാണത് പറഞ്ഞതെങ്കിലും ഒരു സന്ദേഹം വന്നത് പോലെ തുടർന്നു, അടുത്ത തവണ സ്കാനിങ്ങിനു  പോകുമ്പോൾ നമുക്കയാളോട് ചോദിക്കാം . ആയിരം രൂപാ രഹസ്യമായി കൊടുത്താൽ അയാൾ പറയും മോളിക്കുട്ടിയുടെ മൂന്നാം ഗർഭം നേരത്തെ അറിഞ്ഞത് എങ്ങനെയാ ,അവളുടെ കെട്ടിയോൻ രഹസ്യത്തിൽ റേഡിയോഗ്രാഫർക്കു കൈക്കൂലി കൊടുത്തു .
ഇനിയെങ്ങാനും പെണ്ണാണെന്നറിഞ്ഞാൽ ശാലിനി സംശയം കൂറി,
പ്രകാശൻ പ്രകാശം നഷ്ട്ടപ്പെട്ടവനേപ്പോലെ മുഖം താഴ്ത്തിയിരുന്നു .
ശാലിനിയുടെ സംശയത്തിൽ  ദേഷ്യപെട്ടിട്ടെന്നോണം   അടിവയറു നോക്കിയൊരാൾ അകത്തു നിന്നും   തൊഴിച്ചു .
അഹ് ! ഇവൻ ചെക്കനാ പ്രകാശേട്ടാ, കണ്ടില്ലേ എന്ന ചവിട്ടാ ചവിട്ടുന്നെ !
ശാലിനിയുടെ വയറു തടവി കൊണ്ടയാൾ മെല്ലെ  വയറിലേയ്ക്ക്  ചെവി ചായ്ച്ചു.  ബഹളം കേൾക്കുന്നു  ചട്ടമ്പിയാണെന്നാ തോന്നുന്നേ   അയാൾ സ്വയം ആശ്വസിച്ചു .
അച്ഛാ... ഒരു ചിണുങ്ങലോടെ പാറുക്കുട്ടി ഓടി അരികിലെത്തി
പാറുകുട്ടിക്കു അനിയനെ വേണോ അനിയത്തിയെ വേണോ ?
അനിയത്തിയെ , യാതൊരു സങ്കോചവുമില്ലാതെ അവൾ പറഞ്ഞതും  ശാലിനിയുടെ വയറിൽ നിന്നും തലയുയർത്തി അയാൾ പുറത്തേയ്ക്കു പോയി .
അച്ഛന് ആൺ വാവയെ ആണോ അമ്മേ ഇഷ്ട്ടം പാറു അമ്മയുടെ കരവലയത്തിനുള്ളിൽ നിന്നു നിഷ്കളങ്കം ചിരിച്ചു .
ഇനിയും പെൺകുഞ്ഞുണ്ടായാൽ കെട്ടിച്ചു വിടാൻ അച്ഛൻ ഒരു പാടു കഷ്ട്ടപെടണം അതുകൊണ്ടു ഇനി നമുക്കൊരു ആൺ വാവ മതി .മോൾക്ക് കളിപ്പിക്കാൻ ഒരു കുഞ്ഞു അനിയൻ വാവ .
പാറുകുട്ടിക്കു ദേഷ്യം വന്നു മോളിയാന്റിയുടെ കുറുമ്പൻ വാവ കാട്ടുന്ന കുറുമ്പുകൾ കണ്ടിട്ടില്ലേ എല്ലാ ആൺ വാവകളും കുറുമ്പന്മാരാ എനിക്കൊരു അനിയത്തി വാവയെ മതി .കട്ടിലിനടിയിൽ നിന്നുമെടുത്ത  തന്റെ ബാർബി പാവയെ അമ്മയുടെ ഉദരത്തോടു  ചേർത്തു വെച്ച് കൊണ്ട് പാറൂ ഈണത്തിൽ വിളിച്ചൂ ചേച്ചമ്മേടെ പിപ്പിക്കുട്ടീ പിപ്പി  വാവേ ...

അമ്പലപ്പുഴ ഉണ്ണിക്കണ്ണനു പൊന്നു കൊണ്ട് ആൾരൂപമൊന്നു നേർന്നാണ് മൂന്നാമത്തെ സ്കാനിങ്ങിനായി വീട്ടിൽ നിന്നിറങ്ങിയത് . ജലദോഷത്തിനു പോലും സ്കാനിങ് നിർദേശിക്കുന്ന ഡോക്ക്ട്ടർമാരുടെ നാട്ടിൽ സ്കാനിങ് സെന്ററിലെ തിരക്കിൽ അവർ ഊഴമെത്തുന്നതും കാത്തിരുന്നു . ശാലിനിക്കു മുന്നിലിരിക്കുന്ന വെളുത്തു മെലിഞ്ഞ സ്ത്രീയുടെ നാലാമത്തെ പ്രസവം ആണത്രേ ആദ്യത്തെ മൂന്നും ആൺ കുട്ടികളായതിനാൽ ഒരു പെണ്ണ് വേണമെന്ന് പുള്ളിക്കാരന് നിർബന്ധം . പ്രകാശൻ അസൂയയോടെ മെലിഞ്ഞ പെൺകുട്ടിയുടെ കെട്ടിയോനെ  നോക്കി  അയാൾ ബുദ്ധനെപ്പോലെ പ്രകാശിക്കുന്നതായി കാണപ്പെട്ടു . ആൺകുട്ടികളുടെ തന്തയാകുക ഒരു കഴിവു തന്നെ കൊള്ളി വെക്കാനൊരാളില്ലാതെ അലയുന്ന ആത്മാവിന്റെ നിലവിളി പ്രകാശന്റെ ഹൃദയത്തിലെവിടെയോ പെരുമ്പറ കൊട്ടും പോലെ മുഴങ്ങി .

ഹിന്ദിക്കാരൻ റേഡിയോഗ്രാഫറുടെ ഹിന്ദിയിലുള്ള ചീത്തവിളി കേട്ടാണ് പ്രകാശൻ ഈ ലോകത്തേയ്ക്ക് തിരിച്ചു വന്നത് . ആരോ അയാൾക്ക് കുട്ടിയെന്തെന്നു അറിയാൻ കൈക്കൂലി കൊടുക്കാൻ ശ്രമിച്ചത്രേ ഇപ്പോൾ പോലീസ് വരുമെന്നാണ് അറ്റൻഡർ പറയുന്നത് . പാവം ലിംഗ കൗതുകി വിറച്ചു കൊണ്ടു റിസപ്‌ഷൻ കൗണ്ടറിനു മുന്നിൽ നിൽക്കുന്നു ഭാര്യ കൂടെ ഇല്ലായിരുന്നെങ്കിൽ അയാൾക്ക് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടാമായിരുന്നു  . അപ്പോൾ മോളികുട്ടിയുടെ കെട്ടിയോൻ കൈക്കൂലി കൊടുത്തതോ ? ആൺ കുഞ്ഞാണെന്നു മുൻപേ അറിഞ്ഞതോ ? കൈക്കൂലി വാഗ്ദാനം ചെയ്തയാളിന്റെ നിറവയറുള്ള ഭാര്യയുടെ കരച്ചിലിൽ മനം അലിഞ്ഞ ഹിന്ദിക്കാരൻ പോലീസിനെ വിളിച്ചില്ല .  സ്കാനിംഗ് റൂമിലേയ്ക്ക് കയറുമ്പോൾ ഒരക്ഷരം ചോദിക്കരുതെന്നു ശാലിനി ചട്ടം കെട്ടി .പലതവണ അയാളുടെ വായിൽ നിന്നും അത് പുറത്തു ചാടും എന്ന് തോന്നിച്ചപ്പോഴൊക്കെ ശാലിനി വലതു കൈയിൽ അമർത്തി നുള്ളി . ഇനി രണ്ടു മാസം അതിനപ്പുറം നമ്മുടെ ആകാംഷയ്‌ക്ക്‌ ആയുസുണ്ടാവില്ല ഇത്രയും കാത്തില്ലേ ശാലിനി കണവന് സൽബുദ്ധി ചൊല്ലിക്കൊടുത്തു സമാശ്വസിപ്പിച്ചു .

'അമ്മ തയ്ക്കുന്ന ആണുടുപ്പുകൾക്കു മുകളിൽ പാറുക്കുട്ടി സ്കെച്ച് പെന്നുകൾ കൊണ്ട് വർണ്ണം ചാർത്തി . കുഞ്ഞനിയത്തി വരുമ്പോൾ പാടി പഠിപ്പിക്കാൻ ജൂലീ  മിസ് പഠിപ്പിച്ച  പാട്ട് ഈണത്തിൽ കാണാതെ പഠിച്ചു വെച്ചു . ശാലിനിയമ്മയ്ക്ക് നടക്കാനും ഇരിക്കാനും വയ്യാതെ വയറു വീർത്തു വന്നപ്പോൾ അച്ഛൻ സഹായത്തിനു ഡാകിനിയാമ്മുമ്മയുടെ മുഖമുള്ള  ഒരു വയസ്സിത്തള്ളയെ കൊണ്ട് വന്നു . മന്ത്രവാദിനിയുടെ മുഖമുള്ള ആ കിഴവി പാറുകുട്ടിയെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല .

പ്രകാശൻ ഇരുന്നിടത്തു നിന്നെഴുന്നേറ്റു ,പിന്നെയുമിരുന്നു അല്ല ഇരിപ്പുറയ്ക്കുന്നില്ല ഒരു മതിലിനപ്പുറം ശാലിനിയുടെ കരച്ചിലിന്റെ ഞരക്കങ്ങൾ  ആരംഭിച്ചിരിക്കുന്നു . നേർത്ത രോദനങ്ങളിൽ നിന്നും തീവ്രമായ അലറിക്കരച്ചിലുകൾ  അസ്വസ്ഥമാക്കിയപ്പോൾ പ്രകാശൻ ലേബർ റൂമിന്റെ ഡെറ്റോൾ മണമുള്ള ഇടനാഴിയിലൂടെ  മുന്നോട്ടു നടന്നു . ശാലിനിയുടെ തുണി ബാഗ് ഡാകിനിയുടെ മുഖമുള്ള വയറ്റാട്ടി തള്ള അരയ്ക്കും നെഞ്ചിനു ഇടയിൽ ചേർത്തു വെച്ച് കൊണ്ട് അതിലേയ്ക്ക്  തലയമർത്തി മയക്കത്തിലേയ്ക്ക് വഴുതി വീണു .

നേവി കട്ട് വിൽസ് പാക്കിലെ ഇരുപതാമത്തെ സിഗരറ്റിന്റെ അവസാന പുകയും തീർന്നെന്നു ഉറപ്പു വന്ന ശേഷം അയാൾ  ലേബർ റൂമിന്റെ വാതിലിൽ ശക്തിയായി മുട്ടി . പച്ചയുടുപ്പിട്ട മധ്യവയസ്ക്കയായ നേഴ്സ് വാതിൽ തുറന്നതും പ്രകാശൻ പരിഭ്രാന്തനായപോലെ പറഞ്ഞു . ഇനിയും പ്രസവിച്ചില്ലെങ്കിൽ ഓപ്പറേഷൻ നടത്തിക്കോളൂ ഡോക്റ്റർ  അവളെ ഇങ്ങനെ ഇട്ടു വേദന തീറ്റിക്കാതെ . ഇതൊക്കെ ഒരു പാടു കേട്ടിട്ടുണ്ടെന്ന ഭാവത്തിൽ ഒന്നും പറയാതെയാ പച്ച പുതച്ച രൂപം  വാതിൽ കൊട്ടിയടച്ചു .ഡാകിനി മുഖമുള്ള വയറ്റാട്ടി പ്രകാശനെ കൈ കാട്ടി അടുത്തു വിളിച്ചു സ്വാന്തനിപ്പിച്ചു . 77 വയസ്സിനുള്ളിൽ നൂറിലധികം ജനനം കണ്ടതും പരിചരിച്ചതുമാണ്  ഇച്ചിരി സമയം കൂടി കാത്താൽ മതി ആ കരച്ചിൽ കേട്ടാൽ എനിക്കറിയാം .

ഒരു പ്രവചനം പോലെ വയറ്റാട്ടി തള്ള പറഞ്ഞു നാക്കു പിൻവലിച്ചതും ഒരു കൊച്ചു കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി . "പെൺകുട്ടിയാ " വയറ്റാട്ടി തള്ള കാണാതെ വെറും കരച്ചിൽ കേട്ടു തിരിച്ചറിഞ്ഞിരിക്കുന്നു .പ്രകാശന് ദേഷ്യം ഇരച്ചു കയറി ,പറഞ്ഞതു ഇഷ്ടപ്പെട്ടില്ല എന്ന മട്ടിൽ  ക്രൂദ്ധയായി കിളവിതള്ളയെ നോക്കി . ഒന്നും പറഞ്ഞിട്ടേ ഇല്ല എന്ന മട്ടിൽ അവർ മടിയിലിരുന്ന തുണി  സഞ്ചിയിൽ നിന്നും പെറ്റ  പെണ്ണിന് വേണ്ട വെള്ളത്തുണികൾ വലിച്ചു പുറത്തേയ്ക്കിട്ടു .

ലേബർ റൂമിന്റെ വാതായനങ്ങൾ തുറക്കപ്പെട്ടു .പച്ച ഉടുപ്പിട്ട മധ്യ വയസ്ക്ക കൂടുതൽ വെള്ള തുണി ആവശ്യപ്പെട്ടുകൊണ്ട് ആവേശത്തോടെ പറഞ്ഞു ശാലിനി പ്രസവിച്ചു  "പെൺകുട്ടിയാ ".കാറ്റഴിച്ചു വിട്ട ബലൂൺ പോലെ പ്രകാശൻ കസേരയിലേയ്ക്കിരുന്നു . ഒന്നും എഴുതാത്ത കടലാസു കഷണം പോലെ അയാളുടെ ഹൃദയം ചിന്താ രഹിതമായി . കസേരയിൽ ഉറങ്ങുകയായിരുന്ന പാറുക്കുട്ടി ഉണർന്നിരിക്കുന്നു അവളെ എടുത്തു  ഇരുത്തിയതും പച്ച പുതച്ച മധ്യ വയസ്ക്ക  വെള്ളത്തുണിയിൽ പൊതിഞ്ഞ ഒരു  ചെറിയ കെട്ടു പ്രകാശനു  നേരെ നീട്ടി . ചോരിവാ വക്രിച്ചാ പൈതൽ അയാളെ നോക്കി ചിരിച്ചു .ഒരു കണ്ണാടിയിലെന്ന പോലെതന്റെ മുഖ സാദൃശ്യമുള്ളവളെ   നോക്കിയയാൾ നിർന്നിമേഷനായി നിന്നു  .ഒരു ചിരിയിൽ മുൻപുണ്ടായിരുന്ന ഇച്ഛ ഭംഗമെല്ലാം  അലിഞ്ഞു ഇല്ലാതായത്  പോലെ അയാൾക്ക് തോന്നി .പാറുകുട്ടിയുടെ മടിയിൽ കുഞ്ഞനിയത്തിയെ വെച്ചപ്പോൾ ചേച്ചമ്മയുടെ അധികാരത്തിൽ അവൾ കുഞ്ഞു പിപ്പിക്കുട്ടിയുടെ കവിളിൽ  ഉമ്മവെച്ചു .ഡാകിനി തള്ള ഓടി വന്നു കുട്ടിയെ ഏറ്റു  വാങ്ങിയൊരു ശ്ലോകം ചൊല്ലി സംസ്കൃതമോ ദേവനകാരികമോ ആയതിനാൽ പ്രകാശനതു മനസ്സിലായില്ല.
   
കടുത്ത അപരാധം ചെയ്തവളെപോലെ കിടന്ന ശാലിനിയുടെ കട്ടിലിനരുകിലിരുന്നു കുഞ്ഞു പാറുക്കുട്ടി അനിയത്തിക്കുവേണ്ടി പഠിച്ച പാട്ടു ഈണത്തിൽ  പാടി
"മുല്ലപ്പൂവേ ചോദിക്കട്ടെ നിന്നോടൊരു കാര്യം
നിനക്കിടാനീ വെള്ളയുടുപ്പു തുന്നിയതാരാണ്"
പ്രസന്ന വദനനായ പ്രകാശനെ കണ്ടതും ശാലിനിക്കു  ശ്വാസം നേരെ വീണു,  ശേഷം പ്രകാശനും ശാലിനിയും പാറുകുട്ടിയോടൊപ്പം  ആ പാട്ടേറ്റു പാടി .പിന്നൊരു ചിരിയായിരുന്നു ഒരിക്കലും നിലയ്ക്കാത്ത സംഗീത മധുരിമ നിറഞ്ഞ ആനന്ദത്തിന്റെ മുല്ലപ്പൂപ്പുഞ്ചിരി .

Tuesday, 14 March 2017

മിന്നാമിന്നിയും കാട്ടു തീയും ( കുഞ്ഞി കഥ )






ഒരിടത്തൊരിടത്തു കാട്ടിൽ ഒരു പറ്റം  മിന്നാമിന്നികളുണ്ടായിരുന്നു  .
ചിറകുകൾക്കുളളിൽ പ്രകാശവുമായി പാറി പറക്കുന്ന മിന്നാമിന്നി  ക്കൂട്ടം
 വലിയ അഹങ്കാരികളായിരുന്നു .  തങ്ങളോളം സൗന്ദര്യമുള്ള
ആരും  തന്നെ ഈ കാട്ടിൽ ഇല്ലെന്നും രാത്രിയിൽ ഞങ്ങൾ
പുറത്തിറങ്ങുന്നത് കൊണ്ടു  മാത്രമാണ് കാട്ടിലെല്ലാം
വെളിച്ചമുണ്ടാകുന്നതെന്നും അവർ വൃഥാ വിശ്വസിച്ചു പോന്നു .
മറ്റു ജീവ ജാലങ്ങളിൽ നിന്നും അകന്നു ജീവിച്ചിരുന്ന അവർ
കാട്ടിലെ ഒരു നിയമവും അനുസരിച്ചിരുന്നില്ല . പകൽ മുഴുവൻ
 കാട്ടിൽ ഇരതേടി തളർന്നുറങ്ങുന്ന  മൃഗങ്ങളുടെ
സ്വകാര്യത മാനിക്കണമെന്നും പ്രകാശം പരത്തിക്കൊണ്ടു
എല്ലാ സമയവും ഇരുട്ടിൽ ഇറങ്ങിയാൽ മറ്റു മൃഗങ്ങൾക്കു അതൊരു
ശല്യമാകുമെന്നുമുള്ള കാട്ടിലെ രാജാവായ സിംഹത്താന്റെ ഉത്തരവിനെ
പുല്ലു വില പോലും കൽപ്പിക്കാതെ മിന്നാമിന്നി കൂട്ടം രാത്രിയിൽ
കാടു  മുഴുവൻ പറന്നു നടന്നു . രാത്രികൾ ഉറങ്ങാനുള്ളതനാണെന്നും
തങ്ങളുടെ ഉറക്കത്തെ ശല്യപ്പെടുത്താൻ പറന്നു നടക്കുന്ന മിന്നാമിന്നികളെ
ഒരു പാഠം പഠിപ്പിക്കണമെന്നും പരാതിയുമായി കാട്ടിലെ മറ്റു ജീവ ജാലങ്ങൾ
സിംഹ രാജനു മുന്നിലെത്തി . മരത്തിനു മുകളിൽ കൂടു കെട്ടി ജീവിക്കുന്ന
ആകാശത്തിൽ പറന്നു നടക്കുന്ന മിന്നാമിന്നികളെ തൊടാനോ
ശിക്ഷിക്കാനോ കഴിയാത്ത തന്റെ നിസ്സഹായത
സിംഹരാജൻ തന്നെ കാണാൻ വന്ന മറ്റു മൃഗങ്ങളോട് അറിയിച്ചു .
അവരെല്ലാവരും തന്നെ ഈ കാര്യത്തിൽ നിസ്സഹായരായിരുന്നു .

മൂളി പാട്ടും പാടി ചിറകുകളിൽ പ്രകാശവും പരത്തി പറന്നു നടക്കുന്ന
മിന്നാമിന്നി കൂട്ടം നാൾക്കു നാൾ കാടിന്റെ നിയമങ്ങളെ വെല്ലു വിളിച്ചു
 കൊണ്ടു പറന്നു  നടന്നു.അങ്ങനെയിരിക്കെ  കാട്ടിൽ വലിയ വരൾച്ച വന്നു
 ജലാശയങ്ങളൊക്കെ വറ്റി വരളുന്ന കടുത്ത വരൾച്ച . ചൂടു  കൂടി കൂടി വനത്തിന്റെ
ഒരു ഭാഗത്തു നിന്നും  കാട്ടു  തീയുണ്ടായി,തീ പടർന്നു പടർന്നു തങ്ങളുടെ
വാസസ്ഥലത്തേയ്ക്കും താമസിയാതെ വ്യാപിക്കുമെന്നു  കണ്ട സിംഹ രാജൻ
കല്പനയിറക്കി സകല ജീവി ജാലങ്ങളും ഈ കാടു വിട്ടു അടുത്തുള്ള
കാട്ടിലേയ്ക്ക് ചേക്കേറുക . ഉത്തരവ് കേട്ടവർ കേട്ടവർ മറ്റുള്ളവരോട്
കാട്ടിൽ തീ പടരുന്ന കാര്യം പറഞ്ഞു, അവരോരോരുത്തരായി അടുത്ത കാട്ടിലേക്ക്
താമസം മാറാൻ ആരംഭിച്ചു . ജീവ ജാലങ്ങൾ കൂട്ടമായി പോകുന്നതു  കണ്ട
മിന്നാമിന്നിക്കൂട്ടം പുറത്തിറങ്ങി കാരണമന്വേഷിച്ചു .
സിംഹരാജന്റെ കല്പനയാണെന്നും അങ്ങു  ദൂരെ നിന്നും കാട്ടു തീ
പടരുന്നുണ്ടെന്നും അറിഞ്ഞ മിന്നാമിന്നി കൂട്ടം ആർത്തു ചിരിച്ചു .
താഴെ ജാഥയായി അടുത്ത കാട്ടിലേയ്ക്കു പോകുന്നവരെ നോക്കി
കളിയാക്കി ചിരിച്ചു കൊണ്ടു മിന്നാമിന്നിക്കൂട്ടം പറഞ്ഞു .
ചിറകിൽ അഗ്നിയുമായി ജീവിക്കുന്ന ഞങ്ങളെ ഒരു കാട്ടു തീയ്ക്കും നശിപ്പിക്കാനാവില്ല !!!
കാട്ടിലെ കരുത്തന്മാരായ മൃഗങ്ങളെല്ലാം ഓടിക്കോ ,എല്ലാവരും വേഗം വേഗം ഓടിക്കോ !!!! ഇത്തിരിക്കുഞ്ഞന്മാരായ മിന്നാമിന്നിയുടെ പരിഹാസം കേട്ടു സഹിക്കവയ്യാതെ സിംഹരാജൻ
തല താഴ്ത്തി അടുത്ത കാട്ടിലേയ്ക്ക് നടന്നു .

വലിയ കാറ്റു വീശി തീ ഉൾകാട്ടിലേയ്ക്കും പടർന്നു കയറി ധൈര്യമവലംബിച്ചിരുന്ന
മിന്നാമിന്നിക്കൂട്ടവും ചൂടിൽ വെന്തുരുകാൻ തുടങ്ങി ചിലർ അടുത്ത കാട്ടിലേയ്ക്ക്
പറന്നുയരാൻ തുടങ്ങുമ്പോൾ തന്നെ ചിറകു കരിഞ്ഞു നിലത്തു വീണൂ കരഞ്ഞു .
ഇതെല്ലാം കണ്ടു അടുത്ത കാട്ടിലെ മലയുടെ മുകളിലിരുന്ന സിംഹരാജൻ
ഉച്ചത്തിൽ അലമുറയിട്ടു പറഞ്ഞു .കൂട്ടരേ നോക്കുവിൻ അനുസരണയില്ലാത്ത
 എല്ലാ അഹങ്കാരികളുടെയും  അന്ത്യം ഇതു  പോലെ ആയിരിക്കും .
ചിറകു കരിഞ്ഞിട്ടും മരിക്കാതെ രക്ഷപെട്ട കുറച്ചു മിന്നാമിന്നികൾ
പിന്നീടൊരിക്കലും തങ്ങളുടെ കഴിവിന്റെ പേരിൽ അഹങ്കരിക്കാനോ
മറ്റുള്ളവരെ ശല്യപ്പെടുത്താനോ പോയില്ല .........................

കാളീ കടാക്ഷം (കഥ )



പഴുക്കാൻ തുടങ്ങിയാൽ മരുഭൂമിക്കൊരേ ചൂടാണ് ,കായ്ച്ചു തുടങ്ങിയ ഈന്തപ്പഴങ്ങൾ പഴുപ്പിക്കാൻ ചുട്ടു പഴുത്ത ഒരു തരം കാറ്റു വീശിയടിക്കാറുണ്ട് അതിൽ ഹതഭാഗ്യരായ തന്നെപ്പോലെ ചിലരുടെ സ്വപ്നങ്ങളും കൂടിയാണ് വിയർത്തു വീഴുന്നത് . തുറന്നു വെച്ച ശീതികരണിയുടെ തണുപ്പിലേയ്ക്ക് തല നീട്ടുമ്പോൾ ഉദയകുമാറിനു ഉടലോടെ സ്വർഗത്തിൽ പ്രവേശിച്ച സുഖമായിരുന്നു .എത്ര നേരം ആ ഇരുപ്പിൽ ഇരുന്നെന്നറിയില്ല എഴുന്നേൽക്കുമ്പോൾ പിടലിക്കു താഴോട്ടു ഒരു മരവിപ്പു പടരുന്നു .ചൂടിന്റെ കാഠിന്യം വിട്ടുമാറാത്ത വെള്ളം തലയിലേയ്ക്കിറ്റു വീഴുമ്പോൾ പെട്ടന്നയാൾ തല വെട്ടിച്ചു തിരിച്ചു മരവിച്ചു തുടങ്ങിയ മുതുകിലേയ്ക്ക് ഷവർ നീട്ടി . കോശങ്ങളിൽ നിന്നും കോശങ്ങളിലേയ്ക്ക് പടർന്നു കയറുന്ന എന്തോ ഒന്ന് ,അതു മരവിപ്പല്ല വേദനയാണെന്നയാൾ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു.നാൽപതു വയസു വരെ ശരീരം നമ്മളെയും നാൽപതു കഴിഞ്ഞാൽ നമ്മൾ ശരീരത്തെയും നോക്കണം എന്ന ബാലപാഠം പറഞ്ഞു തന്ന അയ്യപ്പൻ ചേട്ടൻ മരിച്ചതു നാല്പത്തി അഞ്ചാം വയസിലാണ് . നീണ്ട പ്രവാസം ദാനമായി തന്ന എല്ലാ അസുഖങ്ങളും ഉദയകുമാറിനെ പ്രത്യക്ഷത്തിൽ ആക്രമിച്ചു തുടങ്ങിയതും നാൽപതു കഴിഞ്ഞതിനു ശേഷമാണ് . കൃത്യനിഷ്ഠയില്ലാത്ത ജീവിതവും കൈയ്യിൽ കിട്ടുന്നതെല്ലാം വാരി വലിച്ചു തിന്നുന്നതും അയാളെ വേഗം രോഗിയാക്കുമെന്നു അറിയാമായിരുന്നിട്ടും അയാൾ ആ ശീലങ്ങളൊന്നും ഉപേക്ഷിച്ചിരുന്നില്ല .രണ്ടു കാലും ഉപ്പൂറ്റിയിലൂന്നി ഉദയകുമാർ താഴേയ്ക്കിരുന്നു ,കൈത്തണ്ടയിലിരുന്ന ഷവർ നെറുകം തലയിലേയ്ക്ക് വെള്ളം വീഴത്തക്ക വിധം അയാളിറുക്കി പിടിച്ചു .
നിങ്ങളെങ്ങനെ അകത്തു കടന്നു ?
മനോഹരമായി ചിരിക്കുന്ന ആ സുന്ദരിയെ കണ്ടതും ആശ്ചര്യ ഭാവത്തിൽ ഉദയൻ അവരെ നോക്കി . വർഷത്തിലൊരിക്കൽ മാത്രം പെണ്ണിന്റെ ചൂടും മണവും അറിയുന്ന പുരുഷന്റെ ഏകാന്തതയിലേയ്ക്ക് വശ്യമായി ചിരിച്ചു കൊണ്ടൊരു സുന്ദരി കടന്നു വന്നാൽ അധിക നേരം തനിക്കു നിയന്ത്രിക്കാൻ കഴിയുമെന്നു ഉദയകുമാറിനു തോന്നിയില്ല .
നിങ്ങളെന്തിനാണ് ഇവിടെ അകത്തേയ്ക്കു അനുവാദമില്ലാതെ കടന്നു വന്നത് ?
വീണ്ടും ചോദ്യം, ഈ നാട് ഇങ്ങനെയാണ് ,ഇവിടെ വരുന്നവരെല്ലാം കാശുണ്ടാക്കാൻ വരുന്നവരാണ് ആണും പെണ്ണും അതല്ലാത്തവരും ഒക്കെ ഇവിടെ വരുന്നത് ഏതു വിധേനയെയും കാശുണ്ടാക്കാനാണ് . എന്തു ജോലി ചെയ്തും കാശുണ്ടാക്കാൻ ഇറങ്ങി തിരിച്ച കുറേയെണ്ണങ്ങളിൽ ഒരുവളായിരിക്കണം ഇവളും .
സ്ത്രീയെ നീയാഗ്രഹിക്കുന്നതു പോലെ ഒന്നും നടക്കില്ല , മടങ്ങി പോകുകയാണ് നിനക്കു നല്ലത് .
ആഗത സുന്ദരിയാണ് ,അതീവ സുന്ദരി, അതാണയാളുടെ ഹൃദയമിടിപ്പു കൂട്ടുന്നത് . കൂടുതൽ സംസാരിച്ചാൽ താൻ വഴങ്ങി പോകുമോ എന്നയാൾ ഭയപ്പെടുന്നു . കഠിന ഹൃദയരെപ്പോലും ഉണർത്താൻ കഴിയുന്ന വശ്യമന്ത്രം ഇത്തരക്കാരുടെ കൈയ്യിലുണ്ടാവും . വന്ന കാലത്തെപ്പോഴോ ഒരു റഷ്യൻ സുന്ദരിയെ പ്രാപിച്ചതൊഴിച്ചാൽ നീണ്ട പ്രവാസ ജീവിതയാനത്തിൽ ഒരു സ്ത്രീയെ ആ മനസ്സു കൊണ്ടു പോലും ഭോഗിച്ചിട്ടില്ല . ആഗ്രഹമില്ലാഞ്ഞിട്ടല്ല വഴിക്കണ്ണുമായി തന്നെയും കാത്തു തപസു ചെയ്യുന്ന തന്റെ പ്രിയതമയെ വഞ്ചിക്കാനുള്ള വൈമുഖ്യം അതൊന്നു കൊണ്ടു മാത്രം.
ഉദയകുമാർ എന്നാണിനി നാട്ടിൽ പോകുന്നത് ?
ആഗതയുടെ ചോദ്യം അയാളെ തെല്ലൊന്നുമല്ല അമ്പരപ്പിച്ചത് , അയാളാ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി മുൻപെപ്പോഴെങ്കിലും ഇവരെ ഇല്ല , ഒരിക്കലെങ്കിലും ആ മുഖം കണ്ടതായി അയാളോർക്കുന്നില്ല എന്നിട്ടും തന്റെ പേരും മറ്റും കൃത്യമായി ഇതെങ്ങനെ . പുതിയതരം തട്ടിപ്പുകൾ ഒരു പാടുള്ള കാലമാണ് എവിടുന്നെങ്കിലും എല്ലാം അറിഞ്ഞു അടുത്തു കൂടി പണം പിടുങ്ങാനുള്ള വേലകൾ .
ചുണ്ണാമ്പുണ്ടോ ?
ആഗത പൊട്ടിച്ചിരിച്ചു പേടിപ്പെടുത്തുന്ന ആ ചിരിയുടെ പ്രകമ്പനങ്ങൾ ആ മുറിയിലാകെ പ്രതിധ്വനിച്ചു മുഴങ്ങി .തന്റെ ചെറുപ്പത്തിൽ ചുണ്ണാമ്പു ചോദിച്ചു വരുന്ന യക്ഷിക്കഥകളൊരുപാടു കേട്ടിട്ടുണ്ട് . അതിലൊന്നും ഒരു മുത്തശ്ശി കഥക്കപ്പുറം സാംഗത്യം ഉണ്ടെന്നു താൻ വിശ്വസിച്ചിരുന്നുമില്ല ഇപ്പോളിതാ കൺ മുന്നിൽ ഒരു യക്ഷി .
ഈ മരുഭൂമിയിൽ ഞങ്ങൾക്കെന്താണ് കാര്യമെന്നല്ലേ നീയിപ്പോൾ ചിന്തിക്കുന്നത് ?
ഉദയകുമാറിന്റെ മനസു വായിച്ചിട്ടെന്നോണം അവൾ വീണ്ടും ചിരിച്ചു .തൊണ്ട വറ്റി വരളുന്നു ഒരു ഗ്ലാസ് വെള്ളത്തിനായി അയാൾ കൈ കൈകൾ കൊണ്ടു മേശമേൽ പരതി .
മരുഭൂമിയിലെന്നല്ല ഈ ലോകം മുഴുവൻ ഞങ്ങൾക്കു സഞ്ചരിക്കാൻ കഴിയും കാരണം ഞങ്ങൾ അപ്സരസുകളാണ് . യമന്റെ ദൂതുമായി പറന്നു ചെല്ലേണ്ട ദൗത്യം ഇപ്പോൾ ഞങ്ങളിലാണ് നിഷിപ്തമായിരിക്കുന്നത് . ഞാൻ നിന്റെ മരണ പത്രം വായിച്ചു കേൾപ്പിക്കാൻ നിയോഗിക്കപ്പെട്ട അപ്സരസ് .
അസഹ്യമായ പൊട്ടിച്ചിരി,അയാൾ രണ്ടു കൈ കൊണ്ടും കാതുകളെ ഇറുക്കിയടച്ചു .ജീവിച്ചു കൊതി തീർന്നിട്ടില്ല നാട്ടിൽ അപ്പയെ കാത്തിരിക്കുന്ന രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ,പ്രിയതമനു എന്തെങ്കിലും സംഭവിച്ചാൽ ജീവൻ തന്നെ വെടിഞ്ഞേക്കാവുന്ന ഭാര്യ .
അപ്സരസുകൾ ദൈവഹിതം അറിയിക്കാനെത്തുന്നവർ മാത്രമാണോ ?
നിങ്ങൾ വിചാരിച്ചാൽ ഒരു വർഷത്തേയ്ക്ക് കൂടി,
എന്റെ വീടിന്റെ വായ്പാ കുടിശ്ശിക തീരും വരെയെങ്കിലും ,
അല്ലെങ്കിൽ എന്റെ ഭാര്യയും കുഞ്ഞും ....
അപ്സരസ് ഒന്നും മിണ്ടിയില്ല ,ജീവിതത്തിനും മരണത്തിനുമിടയിലുള്ള ഒരു നൂൽ പാലത്തിലൂടെയാണ് താൻ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നതെന്നു ഉദയകുമാറിനു തോന്നി . മനുഷ്യരെപ്പോലെ നിസ്സഹായരായ വെറും ദൂതർ മാത്രമാണ് അപ്സരസുകൾ അവർക്കൊന്നും ചെയ്യാനുള്ള കഴിവില്ല . എന്തിനായിരിക്കണം ഇങ്ങനെ ഒരു മുന്നറിയിപ്പ് യമ ധർമ്മ ശാസ്താവ് വരുന്നതിനു മുൻപോരാൾ ദൂതുമായി വരികയെന്നത് കേട്ടു കേൾവി പോലുമുണ്ടായിട്ടില്ലാത്ത ഒന്നാണ് .
ഉദയകുമാർ ബാത്ത് ടബ്ബിൽ എഴുന്നേറ്റു നിന്നു , അസഹ്യമായ വേദന ശരീരമാസകലം പടർന്നു കയറുന്നു .ടബ്ബിനഭിമുഖമായി ഇരുന്ന നിലക്കണ്ണാടിയിലേയ്ക്ക് മുഖം തിരിച്ചു അയാൾ സൂക്ഷിച്ചു നോക്കി . ദേഹമാസകലം ചുവന്നു തിണിർത്ത കുരുക്കൾ പടർന്നു പൊന്തുന്നു . മരിക്കുന്നതിനു മുൻപ് ഭാര്യയെ വിളിക്കണം പ്രിയ മക്കളുടെ ശബ്ദമെങ്കിലും കേൾക്കണം അയാൾ മൊബൈൽ എടുത്തു തോണ്ടി വിളിച്ചു .
"ചേട്ടാ ചിക്കൻ പോക്സിന്റെ കാലമാ അവിടെ പേടിക്കരുത് ,കാളി കടാക്ഷമാണെന്ന മേൽ ശാന്തി പറയുന്നത് .
അങ്ങോട്ടെന്തെങ്കിലും പറയുന്നതിനു മുൻപ് ശ്രീമതിയുടെ ഇങ്ങോട്ടുള്ള നിർത്താതെയുള്ള സംസാരം ഇടയിലെപ്പോഴോ മുറിഞ്ഞു . ഉദയകുമാർ അല്പം മുൻപ് വരെ തനിക്കൊപ്പമുണ്ടായിരുന്ന സ്ത്രീക്കു വേണ്ടി മുറിയാകെ പരതി നടന്നു . അപ്പോഴും തങ്ങി നിൽക്കുന്ന ചെമ്പക സുഗന്ധവുമായി ഇടനാഴിയിൽ നിന്നുമൊരു ഇളം തെന്നൽ അകത്തേയ്ക്കു വീശി . ഉദയകുമാറിന്റെ തിരുനെറ്റിയിൽ മഞ്ചാടിക്കുരുപോലെ വീർത്തു വീങ്ങി നിന്ന ഒരു കുരു പൊട്ടി അതിൽ നിന്നും രക്തവും ചലവും അയാളുടെ മുഖത്തേയ്ക്കു ഒഴുകി ഒലിച്ചിറങ്ങി.ചേട്ടാ കാളീ കടാക്ഷമാ പേടിക്കരുത് ശ്രീമതിയുടെ വാക്കുകൾ അപ്പോഴും അവിടെയെവിടെയോ പതിഞ്ഞ ശബ്ദത്തിൽ പ്രതിധ്വനിച്ചു മുഴങ്ങുന്നുണ്ടായിരുന്നു .......................

Sunday, 12 March 2017

സാവിത്രി റീ ലോഡഡ് (കഥ )




എല്ലാ മരങ്ങളിലും പൂവുകളും കായകളും ഉണ്ടാകുന്നില്ല എങ്കിലും ചില നേരങ്ങളിലെങ്കിലും അവ മറ്റുള്ളവർക്കു തണലേകാറുണ്ട് .മുപ്പത്തിമൂന്നു  വർഷത്തെ തന്റെ ജീവിതത്തിനിടയിൽ അങ്ങനെ ആർക്കാണ് തണൽ നൽകാനായിട്ടുള്ളതെന്നോർത്തപ്പോൾ സാവിത്രിക്കു ആത്മരോഷം തോന്നി .ജീവനേക്കാളേറെ സ്നേഹിച്ച ആളുടെ വഞ്ചന കണ്മുന്നിൽ കാണേണ്ടി വന്നതു  കൊണ്ടാണ് തനിക്കിങ്ങനെയൊരു  ദുർവിധി വന്നത് . എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ഒരു നിമിഷം കൊണ്ടാണ് അതെല്ലാം അയാൾ അല്ല അയാളെ എന്തിനു കുറ്റം പറയണം വീണ്ടു വിചാരമില്ലാതെ പ്രവർത്തിച്ചതു താനല്ലേ . താനെന്നല്ല ലോകത്തിലേതൊരു പെണ്ണും അങ്ങനെയേ പ്രതികരിക്കൂ . ഒഴുകിയിറങ്ങിയ കണ്ണുനീർ കണം സാരിത്തലപ്പു കൊണ്ടു തുടച്ചു പിൻസീറ്റിന്റെ മരവിപ്പിലേയ്ക്കവൾ അമർന്നിരുന്നു .

തുരുമ്പെടുത്തു തുടങ്ങിയ ജനൽകമ്പികളിൽ കൈ കൊരുത്തു പുറം കാഴച്ചകളിലേയ്ക്ക് സാവിത്രി കണ്ണോടിച്ചു കൊണ്ടിരുന്നു . അപരിചിതമായ മുഖങ്ങളും പട്ടണങ്ങളും കടന്നു ഒരു ഒച്ചിനെപ്പോലെ ഇഴയുകയാണാ ബസെന്നു അവൾക്കു തോന്നി ഇനിയും ഒരു പാടു ദൂരമുണ്ട് വീടെത്താൻ .അവിടെ ആരെങ്കിലും തന്നെ സ്വീകരിക്കുമോ എന്ന ഭയം അലട്ടുന്നുണ്ടെങ്കിലും 'അമ്മ എന്നൊരാൾ മരിച്ചിട്ടില്ല എന്നതു മാത്രമാണൊരു സമാധാനം . ലോകത്തെവിടെയും 'അമ്മ ജീവിച്ചിരിക്കുന്ന വീട്ടിൽ മക്കൾ തിരസ്കൃതരാകാറില്ല .മറിച്ചു ഒരു പാടു കഥകൾ കേട്ടിട്ടുണ്ടെങ്കിലും പെറ്റമ്മയ്ക്കു കുഞ്ഞിനെ മറക്കാൻ കഴിയുമോ ?

കഴിഞ്ഞ എട്ടു കൊല്ലത്തിൽ ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ തനിക്കു ഉറങ്ങാൻ കഴിഞ്ഞുവോ .ഇരുമ്പഴി നൽകിയ  അസ്വാതന്ത്ര്യത്തിനപ്പുറം താൻ തന്നെ ബന്ധനസ്ഥമാക്കിയ ചിന്തകളുടെ തടവറയിലായിരുന്നു . ഉണ്ണി മോൾ അവളെന്തു തെറ്റു  ചെയ്തിട്ടാണ് ഞാൻ . ചുരത്താൻ തുറന്നിട്ട മുലക്കണ്ണുകളിലേയ്ക്ക് ചോരിവാ   കാട്ടി ചിരിച്ചു കൊണ്ടു വരുന്ന അവളുടെ മുഖം. ആ ദിവസം മുതൽ ഇന്നു  വരെ ഒരു ദിവസം പോലും താൻ ഓർക്കാതിരുന്നിട്ടില്ല . ആ മഹാ പാപം ചെയ്ത താൻ ഇപ്പോൾ കാത്തിരിക്കുന്ന അമ്മയെ തേടി പോകുന്നതിലെ വൈരുദ്ധ്യം ഓർത്തപ്പോൾ പുച്ഛം കലർന്ന ചിരിയവളുടെ മുഖത്തേയ്ക്കു വിരുന്നു വന്നു  . സാഹചര്യങ്ങളാണ് മനുഷ്യരെ തെറ്റുകാരാക്കുന്നത് അങ്ങനെ ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച  കൈപ്പിഴയായിരുന്നു അത്, അതിനുള്ള പ്രായശ്ചിത്തവും താൻ ചെയ്തു കഴിഞ്ഞിരിക്കുന്നു .

ഹൈ വേ സൈഡിൽ എവിടെയെ നിന്നോ ആണാ നാടോടി സംഘം ബസിൽ കയറിയത് ,പ്ലാസ്റ്റർ ഓഫ് പാരിസിൽ ദേവ വിഗ്രഹങ്ങൾ നിർമിക്കുന്ന നാടോടികൾ രാജസ്ഥാനികളാവണം .ചെറുപ്പത്തിൽ തന്റെ  വീടിന്റെ അടുത്തുള്ള പറമ്പിലും ഇങ്ങനെ കുറേപേർ തമ്പടിച്ചു താമസിച്ചതായി ഓർക്കുന്നു . അന്നേ ആലോചിച്ചിട്ടുള്ളതാണ് ഇവരുടെ ഈ സാഹസിക ജീവിതത്തെപ്പറ്റി ,എങ്ങനെ ഇവർ ഒട്ടും സുരക്ഷിതമല്ലാത്ത കൂരകളിൽ അന്തിയുറങ്ങുന്നു ഒട്ടും പരിചിതമല്ലാത്ത ദേശത്തും  തങ്ങളുടെ അന്തസ്സും അഭിമാനവും  കളയാതെ ജീവിതം കരുപിടിപ്പിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നു, ഇണചേരുന്നു ,മക്കളെ പ്രസവിച്ചു വളർത്തുന്നു . ജീവിതം ഇവർക്കു തീരാ പ്രവാസമാണ് ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേയ്ക്ക് കൂടും കുടുക്കയുമെടുത്തുള്ള പലായനത്തിനിടയിലും ഇവർ സന്തോഷത്തോടെ ജീവിക്കുന്നു .

കൗമാരക്കാരിയായിരുന്ന സാവിത്രി കണ്ടു അത്ഭുതം കൂറിയിരുന്ന നാടോടികളുടെ ജീവിതം അവൾക്കിപ്പോൾ  എളുപ്പം ഗ്രഹിക്കാവുന്ന ഒന്നായിരിക്കുന്നു കാരണം നാം നിശ്ചയിക്കുന്ന വരകൾക്കു പുറത്തു കൂടി സഞ്ചരിക്കുമ്പോഴേ  ജീവിതത്തിന്റെ ഉഷ്ണഗ്രന്ധി ചിലപ്പോൾ പ്രവർത്തിക്കാറുള്ളു . അങ്ങനെ വേച്ചും  വിയർത്തും കടന്നു വരുന്നവർക്കേ മറ്റുള്ളവരുടെ ദുരിതം ഒരു വിളിപ്പാടകലെ നിന്നെങ്കിലും കാണാൻ കഴിയൂ . ഇപ്പോൾ സാവിത്രി പരിചിതയാണ് ജീവിതം അവളെ അപരിചിതമായ ഒരു പാടു വഴികളിലൂടെ  ഏകയായി നടത്തിയിരിക്കുന്നു . തനിക്കടുത്തു വന്നിരുന്ന ഏഴു വയസുകാരിയുടെ പാറി പറന്ന തലമുടിയിലൂടെ സാവിത്രി വിരലുകളോടിച്ചു . പരിഷ്കൃത സമൂഹം അറപ്പോടെ നോക്കുന്ന തങ്ങളെ സ്നേഹത്തിന്റെ കൈ വിരൽ സ്പർശം കൊണ്ടു തലോടുന്ന അപരിചിതയായ യുവതിയെ നാടോടി ബാലിക തന്റെ നീല നയനങ്ങളുയർത്തി നോക്കി .

ഉണ്ണിമോൾ ജീവിച്ചിരുന്നിരുന്നെങ്കിൽ ഇപ്പോൾ ഇത്രയുമായേനെ ,നാടോടി ബാലികയുടെ നിഷ്കളങ്ക മുഖം നോക്കിയിരിക്കെ ഒരു തിരത്തള്ളൽ പോലെയാ സംഭവങ്ങൾ സാവിത്രിയുടെ ഓർമ്മയിലേയ്ക്ക് കടന്നു വന്നു .  സ്വപ്നങ്ങളുടെ സഞ്ചയവുമായിട്ടാണ് സാവിത്രിയയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വാഞ്ഛയിൽ അവൾ അവളെത്തന്നെ മറന്ന ദിനങ്ങളായിരുന്നു വിവാഹം കഴിഞ്ഞുള്ള നാളുകൾ .എന്നാൽ എല്ലാം തകർന്നു തരിപ്പണമാകുന്നതു വളരെ പെട്ടന്നായിരുന്നു . ഭർത്താവിന്റെ  സ്‌ത്രീകളോടുള്ള അമിതമായ ആർത്തി ഒരു ഭാര്യയെന്ന നിലയിൽ സാവിത്രിക്കു അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നു . ഏതൊരു പെണ്ണാണ് തന്റെ പുരുഷനെ പങ്കു വെയ്ക്കപ്പെടാൻ അനുവദിച്ചു കൊടുക്കുന്നത് . ഉണ്ണിമോൾ ഉദരത്തിൽ ഉരുവായപ്പൊഴെങ്കിലും അയാൾ നന്നാകുമെന്നു കരുതി .പ്രസവ ശ്രുശ്രൂഷകൾക്കായി സാവിത്രിയുടെ വീട്ടിൽ പോകുമ്പോൾ ,ഉണ്ണിമോളുമായി തിരികെ വീട്ടിൽ എത്തുമ്പോൾ സാവിത്രിക്കൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു ഇനിയെങ്കിലും ഇയാൾ ഇതൊന്നു അവസാനിപ്പിച്ചെങ്കിൽ  .

പതിവിലധികം മദ്യപിച്ചിട്ടാണയാൾ അന്നു വീട്ടിലെത്തിയത്  അതു സാധാരണവുമാണ് എന്നാൽ അന്നു കൂടെ വന്നവളെ കണ്ടതും സാവിത്രി അലറി വിളിച്ചു . താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കൺമുമ്പിൽ വെച്ചു മറ്റൊരുവളുമായി  അതിനനുവദിക്കില്ലെന്നവൾ ആക്രോശിച്ചു . അന്നാദ്യമായാണയാൾ ആണിന്റെ കരുത്തു സാവിത്രിക്കു മേൽ പ്രയോഗിക്കുന്നത്  ദേഹമാസകലം പൊട്ടി പൊളിയുന്ന വേദന . പൗരുഷത്തിന്റെ കൈ പാടുകൾ  സാവിത്രിയുടെ മുഖത്തു വീർത്തു വിങ്ങലിച്ചു കാരം ചേർത്ത പപ്പടം പോലെ പൊന്തുന്നു .അടുത്ത മുറിയിൽ  തന്റെ എല്ലാമായ  പുരുഷൻ മറ്റൊരു സ്ത്രീയുമായി മദന കേളി സുഖത്തിൽ ആറാടുന്നു . പ്രതികരിക്കാൻ ശേഷിയില്ല,  പ്രതിഷേധിക്കാൻ സാവിത്രിക്കൊരു മാർഗ്ഗമേയുള്ളു സ്വയം ഇല്ലാതാക്കുക. മകൾ തുണി തൊട്ടിയിൽ കിടന്നു കരയുന്നു താൻ ഇവളെ ഉപേക്ഷിച്ചു പോയാൽ ഈ നരാധമൻ ഇവളെയും വെച്ചേക്കില്ല . തൊട്ടിയിൽ നിന്നും കുഞ്ഞിനെ കൈയ്യിലെടുക്കുമ്പോൾ സാവിത്രി സ്വയം പ്രാകി . നീയെന്തിനു പെണ്ണായി ജനിച്ചു കുഞ്ഞേ .

കിണറിന്റെ ആഴങ്ങളിൽ നിന്നും നാട്ടുകാർ  വലിച്ചു കയറ്റുമ്പോൾ സാവിത്രിക്കു ബോധമുണ്ടായിരുന്നു . അവരാണ്  നാട്ടുകാരോട് താൻ മാത്രമല്ല മകൾ കൂടി ആഴങ്ങളിൽ എവിടെയോ ഉണ്ടെന്നു പറയുന്നത് . ആത്മഹത്യാ ശ്രമത്തിനും മകളെ കൊന്നതിനും കോടതി വിധിച്ച ആറു  വർഷം ശിക്ഷ പൂർത്തിയാക്കിയിട്ടാണ് സാവിത്രി മടങ്ങി വരുന്നത് .ബസ് പോകെ പോകെ നാടോടി ബാലിക സാവിത്രിയുടെ ചോദ്യങ്ങൾക്കെല്ലാം ഹിന്ദി കലർന്ന മലയാളത്തിൽ രസികൻ മറുപടികൾ പറഞ്ഞു കൊണ്ടേയിരുന്നു . പഠിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഉറങ്ങുമ്പോൾ അടുത്തു വന്നിരിക്കുന്ന ബാബയുടെ കാര്യവുമെല്ലാം അവൾ അടുത്ത ഒരാളോടെന്നപോലെ സാവിത്രിയോടു പറഞ്ഞു .

എല്ലാ പുരുഷന്മാരും ഇങ്ങനെയായിരിക്കുമോ  സ്ത്രീയിൽ അവർ കാമം മാത്രമേ കാണുന്നുള്ളോ  .അവളുടെ വിചാരങ്ങൾ, അവളുടെ നൊമ്പരങ്ങൾ, അവളുടെ മനസ്സ്  ഒക്കെ കാണുന്ന പുരുഷന്മാർ ഉണ്ടാവുമോ . താൻ കണ്ട  ചുരുക്കം ചില പുരുഷന്മാർ മാത്രമാണ് ഇതിനൊരപവാദം സാവിത്രിയുടെ ചിന്തകൾ ബസിന്റെ വേഗതയോടൊപ്പം  സഞ്ചരിക്കുകയാണ് .സാവിത്രിക്കിറങ്ങേണ്ട സ്റ്റോപ്പിലേയ്ക്കിനി രണ്ടു ഫർലോങ് ദൂരം മാത്രം . തന്നെ വീട്ടുകാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തിലാണ് . തന്നെ ഇതിനെല്ലാം പ്രേരിപ്പിച്ച ഭർത്താവെന്നയാൾ എവിടെയെങ്കിലും ഏതെങ്കിലും പുതിയ പെണ്ണിന്റെ ചൂടു തേടി അലയുന്നുണ്ടാവണം .

കന്നീ നീ വരുന്നോ എന്റെ കൂടെ , നിനക്കു പഠിക്കാം,പാട്ടു പാടാം, അപ്പായെ പേടിക്കാതെ ഉറങ്ങാം .

മരുഭൂമിയിൽ മഴ കണ്ട വേഴാമ്പലിനെപ്പോലെയവൾ സാവിത്രിയോടു ചേർന്നിരുന്നു .

മാജി, മാജിയില്ലാതെ ഞാൻ .. അവൾ നിസ്സഹായയെപ്പോലെ അവളുടെ അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി

നാലുപറ കണ്ടം മുറിച്ചു കടന്നാൽ സാവിത്രിയുടെ വീടാണ് പാടവരമ്പിലൂടെ അവൾ മുന്നോട്ടു നടക്കുമ്പോൾ സാവിത്രിയുടെ മുറുക്കിപ്പിടിച്ചിരുന്ന കൈ വിടുവിച്ചു നാടോടി ബാലിക മുന്നോട്ടോടി കൂട്ടിലടച്ച കിളിയെ കൂടു തുറന്നു വിട്ട പ്രതീതിയിൽ അവൾ തിരിഞ്ഞു വെള്ളാരം കല്ലു പോലെ തിളങ്ങുന്ന പല്ലു കാട്ടി സുന്ദരമായി ചിരിച്ചു . അപ്പോഴും പുറപ്പെട്ടിട്ടില്ലാത്ത ബസിനുള്ളിലിരിക്കുന്ന അവളുടെ അമ്മയെ നോക്കി കൈ ഉയർത്തി വീശി . ഒട്ടും സുന്ദരമല്ലാത്ത ആ അമ്മയുടെ  കവിളിൽ കൂടി പവിഴമുത്തു പോലെ രണ്ടു കണം താഴേയ്‌ക്കൊഴുകിയിറങ്ങി .
ഉണ്ണിമോളേ ഓടാതെ സാവിത്രി അവളുടെ  പിന്നാലെ പാഞ്ഞു ................................

Wednesday, 8 March 2017

പ്രകാശം പരത്തുന്ന കുഴിമാടം {കഥ }



യേശുദാസൻ മതിൽ ചാടികടക്കുമ്പോൾ എങ്ങു നിന്നോ വന്ന ചാവാലിപ്പട്ടികൾ ഓലിയിട്ടു കുരച്ചു .  കത്തി നിന്ന ഹാലജൻ ലാമ്പുകളുടെ പ്രകാശത്തിൽ മണൽ വിരിച്ച സിമിത്തേരി മറ്റേതൊരു ഉദ്യാനത്തെയും പോലെ സ്വച്ഛമായ ഒരിടമായിരിക്കുന്നു. ചാമ്പക്കാല അച്ചൻ വന്നതിൽ പിന്നെയുള്ള പരിഷ്കാരമായിരുന്നു സിമിത്തേരിയുടെ നവീകരണം . പുല്ലും പുൽച്ചാടിയും നിറഞ്ഞ ചന്ദനത്തിരി ഗന്ധമുണ്ടായിരുന്ന പള്ളിക്കാടിനെ വെട്ടി തെളിച്ചു ഈ നിലയിലാക്കിയത് ചാമ്പക്കാല അച്ചൻ ഒരാളാണ് . കടപ്പുറത്തു നിന്നും കൊണ്ട് വന്ന പഞ്ചാര മണൽ വിരിച്ചു നാലു വശത്തും പൂക്കൾ വിരിയുന്ന ചെടി പിടിപ്പിച്ചപ്പോൾ ആദ്യം തള്ളി പറഞ്ഞ ഇടവകക്കാർകൂടി ചാമ്പക്കാല അച്ചനെ മുക്തകണ്ഠം പ്രശംസിച്ചു . സെമിത്തേരിയുടെ ഭംഗി കണ്ടു ഒന്നു ചത്താൽ ഇവിടെ വന്നു കിടക്കാമല്ലോ എന്നോർത്തപ്പോൾ കുടിയൻ അന്തോണി ഡെയിലി അടിച്ചിരുന്ന അര  ലിറ്ററിൽ നിന്നും ക്വോട്ടാ ഒരു ഫുള്ളിലേക്കുയർത്തി . പൂർവ്വ പിതാക്കൻമാർ ഉറങ്ങുന്നയിടം ഉദ്യാനമായിരിക്കുന്നതു കണ്ടു ക്രിസ്ത്യാനികളെന്നല്ല അന്നാട്ടുകാരും മരിച്ചു മണ്ണടിഞ്ഞവർ പോലും മനസാ സന്തോഷിച്ചു .

സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന പള്ളി സിമിത്തേരി നവീകരിച്ചതിനു ശേഷം നാലു പാടും വെച്ച സി സി ടി വിയിൽ പ്രേതങ്ങളെ കാണുമെന്ന പേടിയിൽ കപ്പ്യാർ കുഴിക്കണ്ടം തൊമ്മി രാത്രീയിൽ സി സി ടി വിയുടെ പരിസരത്തു കൂടി പോലും പോയില്ല . ആരും നോക്കാതിരുന്നിട്ടും നാലു പാടും കണ്ണ് തുറന്നിരിക്കുന്ന  രാത്രിയും പകലും  കയറി വരുന്നവരെ സിനിമയിലെന്ന പോലെ ഒപ്പിയെടുക്കുന്ന ക്യാമറാക്കണ്ണുകളെ  തമ്പുരാനെയെന്നപോലെ  സാമൂഹ്യ വിരുദ്ധരും ഭയപ്പെട്ടു . ക്യാമറ വെച്ച നാളുകളിൽ കപ്യാർ തൊമ്മി പിറ്റേന്ന് രാവിലെ തലേന്ന് പള്ളി പരിസരത്തു നടന്നതൊക്കെ റീവൈൻഡ് ചെയ്തു  നോക്കുമായിരുന്നെങ്കിലും പോകെ പോകെ  അതൊരു അധിക വ്യയമാണെന്നു കപ്യാർക്കു തോന്നിയിരുന്നു. ആരും ശ്രദ്ധിക്കാത്ത നീല മിഴി കണ്ണുകളുമായി എന്തെങ്കിലും സംഭവിക്കും വരെ തിരിഞ്ഞു നോക്കാനാളില്ലാതെ  ക്യാമറ അതിന്റെ പണി ചെയ്തു കൊണ്ടിരുന്നു .

യേശുദാസൻ  തന്റെ കട ബാധ്യതകളൊക്കെ ഒന്നൊന്നായി തീർക്കുകയാണ് . കാനറാ ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നു കിടന്ന മൂന്ന് സെന്റ്‌ പുരയിടം  വിൽക്കാൻ തീരുമാനമായിരുന്നു .ബാങ്കിന്റെ കടം വീട്ടി ബാക്കി തുക  തന്റെ അടഞ്ഞു തീരേണ്ട സിംഗിൾ കാബിൻ പിക്കപ്പിന്റെ മുഴുവൻ അടവിലേയ്ക്കായി വരവ് വെച്ചിരിക്കുന്നു  . വൈത്തിരിയിൽ എല്ലാവരും വരത്തരാണ് വർഷങ്ങൾക്കു മുൻപ് ജീവിക്കാനായി കുടിയേറിയവർ  അവരുടെ വേരുകളിപ്പോഴും അങ്ങ് ദൂരെ എവിടെയൊക്കയോ ആണ് . വൈത്തിരിയിലേയ്ക്ക് വന്നവരിൽ ഭൂരിഭാഗവും അവിടെ തന്നെ സ്ഥിര താമസമാക്കുകയാണ് പതിവ് എന്നാൽ ചിലരെങ്കിലും എല്ലാം നഷ്ട്ടപെട്ടെന്നു  തോന്നുമ്പോൾ ഒരു തിരിച്ചു പോക്കിനു ശ്രമിക്കാറുണ്ട്. എവിടെയൊക്കയോ ബാക്കിയായ  വേരുകളിലേയ്ക്ക് .

മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ചേർന്ന ഇണയെ കൊടുത്തു . ചാമ്പക്കാല അച്ചൻ മന്ത്രകോടി വെഞ്ചരിക്കുമ്പോൾ ഉരുവിട്ട പ്രാർത്ഥന യേശുദാസൻ മറക്കാതെ ഉച്ചത്തിൽ ഉരുവിട്ടു കൊണ്ടു  നടന്നു .  ജാൻസി മരിച്ചതിൽ പിന്നെ യേശുദാസന്റെ ഒരു നട്ട് ലൂസായെന്നാണ് ചായക്കടയിൽ കൂടിയിരുന്ന നാട്ടു കൂട്ടത്തിന്റെ  നിഗമനം . ആരോടും അധികം സംസാരിക്കാത്ത അത്യാവശ്യത്തിനു പോലും ആരെയും ബുദ്ധിമുട്ടിക്കാത്ത യേശുദാസൻ എന്ന ചെറുപ്പക്കാരനെ ഈ ലോകത്തിൽ ഏകനാക്കിയത് ഭാര്യ ജാൻസിയുടെ പെട്ടന്നുള്ള വേർപാടാണ് .ജാൻസി ഒറ്റക്കല്ല  മരിച്ചത്  താൻ ആരെ കാണാനാണോ കൊതിച്ചു കാത്തിരുന്നത് അവനെയും ഉള്ളിൽ വഹിച്ചു കൊണ്ടാണവൾ പോയിരിക്കുന്നത് . ഒരു തല വേദന എന്നു  പറഞ്ഞു കിടന്നവൾ നിത്യ നിദ്രയിലേക്കാണ് പോയത് .

ജങ്ഷനിലെ ബേക്കറിയിൽ നിന്നും വാങ്ങിയ മൈസൂർ പാവിന്റെ പൊതി തുറന്നയാൾ അവൾക്കു നേരെ നീട്ടി . വാ തുറന്നവൾ മുഴുവൻ കഴിച്ചു  ജാൻസിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് മൈസൂർ പാവ് .അത് കിട്ടിയാൽ പിന്നെ  വേറെ ഒന്നും അവൾക്കു വേണ്ട കല്യാണം കഴിഞ്ഞതിൽ പിന്നെ യേശുദാസൻ വണ്ടി ഓടി കിട്ടുന്ന കാശിൽ വലിയൊരു പങ്കും ഈ പലഹാരം വാങ്ങാനാണ് ചിലവഴിച്ചിരിക്കുന്നത് . യേശു ദാസൻ വാങ്ങിയ  മുഴുവൻ മൈസൂർ പാവും ജാൻസിയെ കൊണ്ടു  നിർബന്ധപൂർവം തീറ്റിപ്പിച്ചു. പഞ്ചാര മണലിൽ മുഖം പൂഴ്ത്തി അയാൾ അവളെ ഗാഢാലിംഗനം ചെയ്തു .പഞ്ചാര മണലിൽ ഒരു ഒട്ടക പക്ഷിയെപ്പോലെ തല പൂഴ്ത്തി അയാൾ അവളുടെ അധരങ്ങൾക്കു വേണ്ടി പരതി .

ജാൻസി പാലയ്ക്കൽ ഉയിർത്തെഴുന്നേറ്റിരിക്കുന്നു !!! വാർത്ത വിശ്വാസികളുടെ ഇടയിൽ കാട്ടു  തീ  പോലെ പടർന്നു . ജാൻസിയെ കുഴിച്ചിട്ടയിടം വൃത്താകൃതിയിൽ തുറന്നിരിക്കുന്നു അതിനുള്ളിൽ നിന്നും കുന്തിരിക്കത്തിന്റെ  ഗന്ധവും മാലാഖമാരുടെ സംഗീതവും ഉയരുന്നു . വൈത്തിരി ഗ്രാമം ആ വാർത്ത കേട്ടു കോൾമയിർ കൊണ്ടു ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള മനുഷ്യർ ആ അത്ഭുത വാർത്തകേട്ടു വൈത്തിരി സെന്റ് മേരിസ് ചാപ്പലിലേയ്ക്ക്  ഒഴുകിയെത്തി. രണ്ടായിരം വര്ഷം മുൻപൊരാൾ അങ്ങു കാൽവരിയിൽ  ഉയിർത്തെഴുന്നേറ്റത്തിനു ശേഷം ചരിത്രം രേഖപ്പെടുത്താൻ പോകുന്ന രണ്ടാമത്തെ പുനരുത്ഥാനം .

ചാമ്പക്കാല അച്ചന്റെ വിരലുകൾ സി സി ടി വിയുടെ റിവേഴ്‌സ് ബട്ടണിൽ അമരുന്നു . രാത്രിയുടെ നീല വെളിച്ചത്തിലൊരാൾ  സിമിത്തേരിയുടെ മതിൽ ചാടി അകത്തേയ്ക്കു വരുന്നു . ജാൻസി പാലയ്ക്കന്റെ ശവകുടീരത്തിനടുത്തിരുന്നു  എന്തെക്കെയോ പിച്ചും പേയും  പറയുന്നു .കൈയ്യിലിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി തുറന്നു ഏന്തെക്കയോ കുഴിമാടത്തിങ്കലേയ്ക്കു   നീട്ടുന്നു . മുഖമമർത്തി മണ്ണിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറുന്നു .പെട്ടന്നു സി സി ടി വി നിശ്ചലമായി  കൊള്ളിയാൻ മിന്നുന്ന പോലെ എന്തോ ഒന്നു  വന്നാ കാഴചയിലേയ്ക്ക് തടസം കൊണ്ടു  വന്നിരിക്കുന്നു.

ചാമ്പക്കാല   അച്ചൻ പുറത്തിറങ്ങി സിമിത്തേരിയിലേയ്ക്ക് നടന്നു . ആൾക്കൂട്ടത്തിനിടയിലൂടെ ജാൻസി പാലയ്ക്കന്റെ ശവകുടീരത്തിലേയ്ക്ക് നോക്കി മനുഷ്യനാൽ തുറക്കാനാവാത്ത വിധം ഭംഗിയായി തുറക്കപ്പെട്ട  കുഴിയിൽ നിന്നും അപ്പോഴും കുന്തിരിക്കത്തിന്റെ ഗന്ധവുമായി ഒരു കാറ്റു പുറത്തേയ്ക്കു വീശി . ഇപ്പോൾ അച്ചനു വ്യക്തമായി കാണാൻ കഴിയുന്നു ഗോവിന്ദപുരം ചെക്കു പോസ്റ്റിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഒരു സിംഗിൾ ക്യാബിൻ പിക്ക് അപ് വാൻ .അതിന്റെ മുൻസീറ്റിൽ ഒരു കുടുംബം ചാമ്പക്കാല അച്ചൻ സൂക്ഷിച്ചു നോക്കി  അവർക്കു യേശുദാസന്റെയും ജാൻസിയുടെയും  മുഖഛായയേ  ഇല്ലായിരുന്നു പിന്നെയോ ചാമ്പക്കാല അച്ചൻ ചെറുപ്പം മുതൽ എവിടെയോ കണ്ടു ശീലിച്ച ചിര പരിചിതമായ മൂന്നു മുഖങ്ങൾ . വണ്ടി ഇപ്പോൾ വേളാങ്കണ്ണി ലക്ഷ്യമാക്കി  പോയിക്കൊണ്ടേ ഇരിക്കുകയാണ്.............................

Thursday, 2 March 2017

തസ്കരഃ പുരാണം അദ്ധ്യായം ഒന്നു മുതൽ (കഥ )



ജോസുകുട്ടി അവസാന പുകയും ആസ്വദിച്ചു വലിച്ച ശേഷം തറയിലേയ്ക്കെറിയാനോങ്ങിയ ബീഡി കുറ്റി കോമപ്പൻ കൈനീട്ടി വാങ്ങി ചുണ്ടിലിരുന്ന ബീഡിയിലേയ്ക്ക് കൊളുത്തി കൊണ്ടു ചോദിച്ചു .

ജോസുകുട്ടിയേ നീ വിശ്വാസിയാണോ?

താഴെ കിടന്ന ഉളി കൈയ്യിലെടുത്തു താഴു നോക്കി അടിക്കുമ്പോൾ ജോസുകുട്ടി ഒന്നു പതറി. ലക്ഷ്യം മാറി കൊണ്ട ചുറ്റിക ഇരുമ്പു ഷീറ്റിന്റെ പ്രതലത്തിലിടിച്ചു വലിയ ശബ്ദമുണ്ടാക്കി .

ഒരു പണിയെടുത്തോണ്ടിരിക്കുമ്പോഴാണെടാ നിന്റെ കൊണാവതിയാരം ,
ജോസുകുട്ടി കലി കൊണ്ടു വിറച്ചു കോമപ്പൻ ഇതുവരെ തനിച്ചൊരു പണിക്കിറങ്ങിയിട്ടില്ല അതിനൊള്ള കൾസൊന്നും കോമപ്പനില്ല ഓപ്പറേഷൻ കഴിയുമ്പോൾ ജോസുകുട്ടി കൊടുക്കുന്ന എന്തെങ്കിലും വാങ്ങി മൂഞ്ചുക മാത്രമാണ് കോമപ്പന്റെ ജോലി .. എന്തിനും ഏതിനും ഓച്ഛാനിച്ചു നിൽക്കുന്ന ഒരു സഹായി . അസ്ഥാനത്തു ഇങ്ങനെ ചില സംശയങ്ങൾ ചോദിക്കുമെന്നല്ലാതെ കോമപ്പനെക്കൊണ്ടു ഗുണമല്ലാതെ ദോഷമൊന്നും ജോസുകുട്ടിക്കിതുവരെ ഉണ്ടായിട്ടില്ല .അതു കൊണ്ടു തന്നെ എന്തു ചെറിയ ഓപ്പറേഷനു പോകുമ്പോഴും ജോസുകുട്ടി കോമപ്പനെ കൂട്ടു വിളിക്കും .

ഇത്തവണത്തെ അടിക്കു താഴു തുറന്നു ലിപ്ടൺ ചായയുടെ സഞ്ചി തൂങ്ങും പോലെ ഞാന്നു കിടന്നാടി . ജോസുകുട്ടി ആദ്യരാത്രിയിൽ പുതുമണവാട്ടിയുടെ സരിതലപ്പഴിക്കുമ്പോലെ അവനെ കൊളുത്തിൽ നിന്നൂരി വാതിൽ വലിച്ചു തുറന്നു .കോമപ്പൻ പിന്നിലൂടെ തലനീട്ടി അകത്തേയ്ക്കു നോക്കി

വിശ്വാസികൾ കുറയുകയാ കണ്ടില്ലേ വന്നു വന്നു അയ്യായിരം പോലും പെട്ടിയിൽ വീഴില്ലെന്നായിരിക്കുന്നു .

നേർച്ച പെട്ടിയുടെ കവാടത്തിലൂടെ തല അകത്തേയ്ക്കിട്ടു നോട്ടു കുമ്പാരങ്ങൾ ഒന്നിച്ചു കൂട്ടിക്കൊണ്ടു ജോസുകുട്ടി അതു പറയുമ്പോൾ കോമപ്പൻ കൈയ്യിലുണ്ടായിരുന്ന തുണി കഷണം നീട്ടി വിരിച്ചു . ചില്ലറകളെ ഉപേക്ഷിച്ചു നോട്ടുകൾ മാത്രം കൊണ്ടു പോകുകയായിരുന്നു മുൻ പതിവെങ്കിലും നോട്ടു നിരോധനം വന്നതിൽ പിന്നെ ഒന്നും ബാക്കി വെയ്ക്കാൻ നിൽക്കില്ല . വിസിലടി ശബ്ദം കേട്ടു ജോസുകുട്ടി ഒന്നു പേടിച്ചു ചാടിയെഴുന്നേറ്റു കോമപ്പൻ കൈലേസു കൂട്ടിക്കെട്ടി തോളിൽ എടുത്തു പിന്നിലേയ്ക്ക് പതുങ്ങി .

നേപ്പാളി ഗുർഖയാണ് വിസിലടിക്കുന്നത് അങ്ങോർക്ക് വേറെ പണിയൊന്നുമില്ല നാട്ടുകാരെ പറ്റിച്ചു തിന്നുന്ന തെണ്ടി .

ഇതു നേപ്പാളിയെന്നു പറയാൻ പറ്റില്ല അണ്ണാ, നമ്മുടെ ബംഗാളിൽ ഒരു ഗുർഖാ ലാൻഡ് എന്നൊരു സ്ഥലമുണ്ട് അവിടുന്നു വരുന്ന ലോക്കൽ ഇരപ്പാളികളാ . ബംഗാൾ മുപ്പത്തി മൂന്നു കൊല്ലം ഭരിച്ചു മുടിച്ചിരിക്കുവല്ലേ വിപ്ലവ പാർട്ടികൾ അണ്ണാ ഇവിടെ ഓരോ തെരുവിലുമില്ലേ ആയിരക്കണക്കിനു ബംഗാളികൾ ,ഇവറ്റകളെക്കൊണ്ടു ജീവിക്കാൻ വയ്യെന്നായി കോമപ്പൻ രോഷം പൂണ്ടു പുറത്തേയ്ക്കു നോക്കി .

കോമപ്പനതു പറഞ്ഞു കഴിഞ്ഞപ്പോൾ ജോസുകുട്ടി തികഞ്ഞ ആത്മ വിശ്വാസത്തോടെ അയാളെ നോക്കി കള്ളനായാലും രാഷ്രീയക്കാരനായാലും നേരെം ചൊവ്വനേം പത്രം വായിച്ചാൽ കാര്യ വിവരമുണ്ടാകുമെന്നു കോമപ്പൻ മുൻപും പല തവണ തെളിയിച്ചിട്ടുള്ളതാണ് .ജീവിക്കാൻ വേണ്ടി കള്ളനായ മനുഷ്യർക്കു വിവരം ഉണ്ടായിക്കൂടാ എന്നൊരു പുസ്തകത്തിലും പറയുന്നില്ല .ഗൂർഖാ പോയെന്നുറപ്പിച്ച കോമപ്പൻ തുണി സഞ്ചി തോളിലിട്ടു പുറത്തേയ്ക്കു നടന്നു .

ജോസുകുട്ടിയുടെ കൂടെ കൂടിയിട്ടു കുറെ ആയെങ്കിലും കോമപ്പനിതുവരെ ജയിൽ വാസം അനുഷ്ടിക്കേണ്ടി വന്നിട്ടില്ല . രണ്ടു തവണ ജോസുകുട്ടിയെ പിടികൂടിയപ്പോഴും അയാൾ കോമപ്പന്റെ പേരു പറഞ്ഞില്ല .ആരെങ്കിലും ഒരാൾ അകത്തു കിടന്നാൽ മതിയെന്നു ജോസുകുട്ടി തീരുമാനിച്ചു അല്ലെങ്കിൽ തന്നെ നക്കാപിച്ചയ്ക്കു കൂട്ടു വരുന്ന കോമപ്പനെ ഒറ്റാനുള്ള ആത്മാർത്ഥതയില്ലായ്മായൊന്നും ജോസുകുട്ടിക്കുണ്ടായിരുന്നില്ല . ഒരു തവണ ജോസുകുട്ടി ജയിലിൽ ആറു മാസം സന്തോഷ് മാധവനോടൊപ്പം ഒരേ സെല്ലിൽ ആയിരുന്നു . നമ്മളീ കേൾക്കുന്നതു പോലെ പ്രായപൂർത്തിയെത്താത്ത കുട്ടികളെ പീഡിപ്പിച്ച നരാധമൻ ഒന്നുമല്ലത്രെ സന്തോഷ് മാധവൻ . തികഞ്ഞ നിഷ്‌ഠകളുള്ള സന്യാസി പിന്നെ എങ്ങനെയാണയാൾ കേരള സമൂഹത്തിൽ മൊത്തം വില്ലനായത് .കൊച്ചു കുട്ടികളുടെ വീഡിയോ പിടിച്ചു ലോക്കറിൽ വെയ്ക്കാൻ മാത്രം മണ്ടനായ ഒരാളായി അയാളെ ഒരിക്കൽ പോലും ജോസുകുട്ടിക്കു കാണാൻ കഴിഞ്ഞിട്ടില്ലത്രെ .
പിന്നെ എന്താണ് അയാൾ ഇങ്ങനെയൊരു അഴിയാ കുരുക്കിൽ അകപ്പെടാനുള്ള കാരണം ??

കോമപ്പാ രാഷ്ട്രീയം വൃത്തികെട്ട കളിയാണ് ,അയാൾ പല രാഷ്ട്രീയക്കാരുടെയും ബിനാമി സ്വത്തിന്റെ അവകാശിയായിരുന്നു ആ വഴിക്കൊരാന്വേഷണം നടന്നാൽ അടപടല വീഴുമെന്നറിയാവുന്ന കുറുക്കന്മാർ നമ്മുടെ പോലീസിനെ വെച്ചു കളിക്കുകയായിരുന്നു . കേട്ടാൽ ആളുകൾ വീണ്ടും വീണ്ടു കേൾക്കണമെന്നു ആഗ്രഹിക്കുന്ന നിറം പിടിപ്പിച്ച കഥകൾ എഴുതിയുണ്ടാക്കാൻ കഴിവുള്ളവർ കേരളാ പോലീസിൽ ഉണ്ടത്രേ അവരുടെ ആരുടെയോ ഭാവനയിൽ വിരിഞ്ഞ കഥകളായിരുന്നു കേരളം ഒരു കൊല്ലത്തോളം കൊണ്ടാടിയ അപസർപ്പക കഥകളെ വെല്ലുന്ന പെണ്ണു പിടി കഥകൾ .

ചാരക്കേസിലും , ലാവ്‌ലിൻ കേസിലും ഒക്കെ ഇതു തന്നെയായിരുന്നുവെന്നു സ്ഥിരമായി പത്രം വായിക്കുന്ന കോമപ്പനു തോന്നി .ക്രിസ്തുരാജ പള്ളി കഴിഞ്ഞുള്ള ഇടനാഴിയിൽ ഇരുന്നു ജോസുകുട്ടി ബെർമുഡയുടെ പോക്കറ്റിലിരുന്ന നേന്ത്രപ്പഴം എടുത്തു രണ്ടായി ഒടിച്ചു കീഴ്പ്പാതി കോമപ്പനു നേരെ നീട്ടി .ജോസുകുട്ടിയുടെ രീതിയിതാണ് വിജയകരമാകുന്ന ഓരോ മോഷണത്തിനും ശേഷം അധികം പഴുക്കാത്ത ഒരു നേന്ത്രപ്പഴം പകുത്തു കഴിക്കണം . ചെയ്യുന്ന ജോലിയിൽ പൂർണ്ണതയുള്ളവൻ ആരാണോ അവരാണ് ഈ ഭൂമിയിലെ ഏറ്റവും ബഹുമാനാർഹ്യർ . അങ്ങനെ വെച്ചു നോക്കിയാൽ കോമപ്പനു പഠിക്കാനുള്ള ഒരു കൊച്ചു യൂണിവേഴ്സിറ്റി തന്നെ ആയിരുന്നു ജോസുകുട്ടി .കൂടെ നിൽക്കുന്നവരെ ഒരു കാരണവശാലും ചതിക്കാതിരിക്കുക , പാവപ്പെട്ടവരുടെ എന്നല്ല ഒരു മനുഷ്യനും അദ്ധ്വാനിച്ചുണ്ടാക്കുന്നതിന്റെ വിഹിതം തട്ടിപ്പറിക്കാതിരിക്കുക ഇതൊക്കെയാണ് ജോസുകുട്ടിയുടെ ചോരണ സുവിശേഷങ്ങളിൽ പ്രഥമം .

മോഷ്ട്ടാവായ ഒരാൾക്കെങ്ങനെ മറ്റുള്ളവന്റെ അദ്ധ്വാനം തട്ടിപ്പറിച്ചു ജീവിക്കാതിരിക്കാൻ കഴിയുമെന്നു കോമപ്പനു ആദ്യമൊക്കെ സംശയമുണ്ടായിരുന്നു എന്നാൽ ജോസുകുട്ടിയുടെ രീതി കണ്ടു പഠിച്ചതോടെ ആ സംശയം നിശ്ശേഷം മാറിക്കിട്ടി കാരണം ജോസു കുട്ടി കക്കാൻ ഒരു വീട്ടിലോ സ്ഥാപനത്തിന്റെ കയറില്ല. മോഷ്ടിക്കുന്നെങ്കിൽ അമ്പലത്തിലോ പള്ളിയിലോ ഉള്ള ഭണ്ടാരപ്പെട്ടികളിൽ നിന്നു മാത്രം .
ദൈവങ്ങൾക്കെന്തിനാ കോമപ്പാ പൊന്നും പണവും , കമ്മറ്റിക്കാരും തിരുമേനിമാരും വീതിച്ചെടുക്കുന്ന പാവങ്ങളുടെ പണം പാവങ്ങളായ നമ്മൾ എടുത്തു ജീവിക്കുന്നു .
നീ ജീവിക്കുന്നില്ലേ ? നിന്റെ രണ്ടു കുട്ടികൾ ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിക്കുന്നില്ലേ ?ഇതൊക്കെ നമുക്കും കൂടി അവകാശപ്പെട്ട പണമാണ് .

നേർച്ചപെട്ടി തുറന്നെടുത്ത പണക്കിഴി ഭാഗം വെച്ചു ജോസുകുട്ടി ഒരു പങ്കു കോമപ്പനു നേരെ നീട്ടി.വിസിലടി ശബ്ദം വീണ്ടും മുഴങ്ങുന്നു .പരട്ട നേപ്പാളി വീണ്ടും വരുന്നു ഇങ്ങോർക്കു കാശു കൊടുക്കുന്ന നാട്ടുകാരെ വേണം തല്ലാൻ ജോസുകുട്ടി ആത്മഗതം പറഞ്ഞു തലയുയർത്തിയതും കോളറിൽ പിടുത്തം വീണിരുന്നു .

കോമപ്പാ പോലീസ്, ഓടിക്കോ ,ഓടിക്കോ അയാൾ അലറി വിളിച്ചു .കോമപ്പൻ നിന്ന നിൽപ്പിൽ നിന്നും ഒരടി അനങ്ങാതെ അവിടെ തന്നെ നിന്നു .ഒരു ബൈക്കിലെത്തിയ പൊലീസുകാരനാണ് ജോസുകുട്ടിയുടെ കോളറിനു പിടിച്ചിരിക്കുന്നത് അയാളെ അക്രമിച്ചിട്ടു വേണമെങ്കിൽ രണ്ടു പേർക്കും തടി കഴിച്ചിലാക്കാം പക്ഷെ പ്രത്യാക്രമണം എന്നൊന്നു ജോസുകുട്ടിയുടെ സുവിശേഷത്തിൽ ഉള്ളതല്ല . സൗത്ത് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പ് വരും വരെ പോലീസുകാരനോടു കുശലം പറഞ്ഞവർ പള്ളിക്കു രണ്ടു വാര അപ്പുറമുള്ള ഇടനാഴിയിൽ കുത്തിയിരുന്നു .

കോമപ്പൻ ഗുരുമുഖത്തു നിന്നും പഠിച്ച ചോരണ സുവിശേഷത്തിന്റെ നല്ല ഫലങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു . ജീപ്പിനുള്ളിലേയ്ക്ക് കയറി ഇരിക്കുമ്പോൾ പള്ളിയിൽ മോഷണം നടന്നതറിയിച്ചു ക്രിസ്തുരാജ പള്ളിയിലെ കൂട്ട മണി മുഴങ്ങി . അങ്ങു മുകളിൽ പള്ളി മിനാരത്തിന്റെ മുകളിൽ കുരിശുമേന്തി നിന്ന ഒരാൾ അവരെ രണ്ടു പേരെയും മാറി മാറി നോക്കി ഇവരിൽ ഏതാണ് തന്റെ വലത്തു വശത്തു കിടന്ന നല്ല കള്ളൻ എന്നറിയാത്തതിനാൽ താഴെ ഇറങ്ങി വന്നു ജീപ്പിനുള്ളിൽ ഇരുന്നു ആ രണ്ടു മുഖത്തേയ്ക്കും മാറി മാറി സൂക്ഷിച്ചു നോക്കി. ജനമൈത്രി പോലീസ് വഴിയിലെവിടെയോ നിർത്തി അവർക്കു രണ്ടു പേർക്കും ഒരോ ചൂടുള്ള കട്ടൻ കാപ്പി വാങ്ങി കൊടുത്തു .ജീപ്പ്‌ നേരിയ വെട്ടമുള്ള മലമുകളിലേയ്ക്ക് കയറുകയാണ് അവിടെയാണ് പോലീസ് സ്റ്റേഷൻ .രണ്ടു കള്ളന്മാർക്കു നടുവിലായി അവൻ ഇരുന്നു രണ്ടായിരം വർഷം മുൻപെന്നപോലെ ..............

Wednesday, 1 March 2017

വരിക ചിത്ര ശലഭമേ (കുഞ്ഞി കവിത )



ചിത്തം നിറയ്ക്കുന്ന വർണ്ണ ചിറകുള്ള
ചിത്ര ശലഭമേ നീ എങ്ങു പാറൂ

പൂവുകൾ തോറും തപസുചെയ്യാനോ
പാറി പറക്കുന്നതെന്തിനു ചെല്ലുക

നൂറു നിറമുള്ള പൂക്കളെ തേടി നീ
നാലുമണിക്കു നീ എങ്ങു പോണൂ

വന്നാട്ടെ എൻ വീട്ടിൽ വന്നീടുമെങ്കിൽ
തന്നീടാം നല്ലൊരു പാൽപായസം

'അമ്മ എനിക്കായൊരുക്കിയ മധുരിക്കും
അമൃതു പോലുള്ളൊരാ പാൽ  പായസം

പട്ടു പോലുള്ളൊരു മെത്തയുണ്ടെൻ വീട്ടിൽ
സ്വച്ഛമായ് നിന്നെ ഉറക്കിടാം ഞാനതിൽ

ആയിരം കഥകൾ പറഞ്ഞുറക്കീടുവാൻ
അച്ഛനും നിന്നെയും കാത്തിരിപ്പൂ

വരിക നീ വർണ്ണ ചിറകുള്ള പൂത്തുമ്പീ
വരികയെൻ വീടിൻ അകത്തളത്തേയ്ക്കു നീ

പൂക്കളെപ്പോലെ ഞാൻ നോമ്പു നോൽക്കുന്നിതാ
പാറി പറന്നു നീ എത്തുന്ന നേരവും കാത്തിതാ