Sunday 12 March 2017

സാവിത്രി റീ ലോഡഡ് (കഥ )




എല്ലാ മരങ്ങളിലും പൂവുകളും കായകളും ഉണ്ടാകുന്നില്ല എങ്കിലും ചില നേരങ്ങളിലെങ്കിലും അവ മറ്റുള്ളവർക്കു തണലേകാറുണ്ട് .മുപ്പത്തിമൂന്നു  വർഷത്തെ തന്റെ ജീവിതത്തിനിടയിൽ അങ്ങനെ ആർക്കാണ് തണൽ നൽകാനായിട്ടുള്ളതെന്നോർത്തപ്പോൾ സാവിത്രിക്കു ആത്മരോഷം തോന്നി .ജീവനേക്കാളേറെ സ്നേഹിച്ച ആളുടെ വഞ്ചന കണ്മുന്നിൽ കാണേണ്ടി വന്നതു  കൊണ്ടാണ് തനിക്കിങ്ങനെയൊരു  ദുർവിധി വന്നത് . എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ഒരു നിമിഷം കൊണ്ടാണ് അതെല്ലാം അയാൾ അല്ല അയാളെ എന്തിനു കുറ്റം പറയണം വീണ്ടു വിചാരമില്ലാതെ പ്രവർത്തിച്ചതു താനല്ലേ . താനെന്നല്ല ലോകത്തിലേതൊരു പെണ്ണും അങ്ങനെയേ പ്രതികരിക്കൂ . ഒഴുകിയിറങ്ങിയ കണ്ണുനീർ കണം സാരിത്തലപ്പു കൊണ്ടു തുടച്ചു പിൻസീറ്റിന്റെ മരവിപ്പിലേയ്ക്കവൾ അമർന്നിരുന്നു .

തുരുമ്പെടുത്തു തുടങ്ങിയ ജനൽകമ്പികളിൽ കൈ കൊരുത്തു പുറം കാഴച്ചകളിലേയ്ക്ക് സാവിത്രി കണ്ണോടിച്ചു കൊണ്ടിരുന്നു . അപരിചിതമായ മുഖങ്ങളും പട്ടണങ്ങളും കടന്നു ഒരു ഒച്ചിനെപ്പോലെ ഇഴയുകയാണാ ബസെന്നു അവൾക്കു തോന്നി ഇനിയും ഒരു പാടു ദൂരമുണ്ട് വീടെത്താൻ .അവിടെ ആരെങ്കിലും തന്നെ സ്വീകരിക്കുമോ എന്ന ഭയം അലട്ടുന്നുണ്ടെങ്കിലും 'അമ്മ എന്നൊരാൾ മരിച്ചിട്ടില്ല എന്നതു മാത്രമാണൊരു സമാധാനം . ലോകത്തെവിടെയും 'അമ്മ ജീവിച്ചിരിക്കുന്ന വീട്ടിൽ മക്കൾ തിരസ്കൃതരാകാറില്ല .മറിച്ചു ഒരു പാടു കഥകൾ കേട്ടിട്ടുണ്ടെങ്കിലും പെറ്റമ്മയ്ക്കു കുഞ്ഞിനെ മറക്കാൻ കഴിയുമോ ?

കഴിഞ്ഞ എട്ടു കൊല്ലത്തിൽ ഒരു ദിവസമെങ്കിലും മനസമാധാനത്തോടെ തനിക്കു ഉറങ്ങാൻ കഴിഞ്ഞുവോ .ഇരുമ്പഴി നൽകിയ  അസ്വാതന്ത്ര്യത്തിനപ്പുറം താൻ തന്നെ ബന്ധനസ്ഥമാക്കിയ ചിന്തകളുടെ തടവറയിലായിരുന്നു . ഉണ്ണി മോൾ അവളെന്തു തെറ്റു  ചെയ്തിട്ടാണ് ഞാൻ . ചുരത്താൻ തുറന്നിട്ട മുലക്കണ്ണുകളിലേയ്ക്ക് ചോരിവാ   കാട്ടി ചിരിച്ചു കൊണ്ടു വരുന്ന അവളുടെ മുഖം. ആ ദിവസം മുതൽ ഇന്നു  വരെ ഒരു ദിവസം പോലും താൻ ഓർക്കാതിരുന്നിട്ടില്ല . ആ മഹാ പാപം ചെയ്ത താൻ ഇപ്പോൾ കാത്തിരിക്കുന്ന അമ്മയെ തേടി പോകുന്നതിലെ വൈരുദ്ധ്യം ഓർത്തപ്പോൾ പുച്ഛം കലർന്ന ചിരിയവളുടെ മുഖത്തേയ്ക്കു വിരുന്നു വന്നു  . സാഹചര്യങ്ങളാണ് മനുഷ്യരെ തെറ്റുകാരാക്കുന്നത് അങ്ങനെ ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച  കൈപ്പിഴയായിരുന്നു അത്, അതിനുള്ള പ്രായശ്ചിത്തവും താൻ ചെയ്തു കഴിഞ്ഞിരിക്കുന്നു .

ഹൈ വേ സൈഡിൽ എവിടെയെ നിന്നോ ആണാ നാടോടി സംഘം ബസിൽ കയറിയത് ,പ്ലാസ്റ്റർ ഓഫ് പാരിസിൽ ദേവ വിഗ്രഹങ്ങൾ നിർമിക്കുന്ന നാടോടികൾ രാജസ്ഥാനികളാവണം .ചെറുപ്പത്തിൽ തന്റെ  വീടിന്റെ അടുത്തുള്ള പറമ്പിലും ഇങ്ങനെ കുറേപേർ തമ്പടിച്ചു താമസിച്ചതായി ഓർക്കുന്നു . അന്നേ ആലോചിച്ചിട്ടുള്ളതാണ് ഇവരുടെ ഈ സാഹസിക ജീവിതത്തെപ്പറ്റി ,എങ്ങനെ ഇവർ ഒട്ടും സുരക്ഷിതമല്ലാത്ത കൂരകളിൽ അന്തിയുറങ്ങുന്നു ഒട്ടും പരിചിതമല്ലാത്ത ദേശത്തും  തങ്ങളുടെ അന്തസ്സും അഭിമാനവും  കളയാതെ ജീവിതം കരുപിടിപ്പിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നു, ഇണചേരുന്നു ,മക്കളെ പ്രസവിച്ചു വളർത്തുന്നു . ജീവിതം ഇവർക്കു തീരാ പ്രവാസമാണ് ഒരു നഗരത്തിൽ നിന്നും മറ്റൊരു നഗരത്തിലേയ്ക്ക് കൂടും കുടുക്കയുമെടുത്തുള്ള പലായനത്തിനിടയിലും ഇവർ സന്തോഷത്തോടെ ജീവിക്കുന്നു .

കൗമാരക്കാരിയായിരുന്ന സാവിത്രി കണ്ടു അത്ഭുതം കൂറിയിരുന്ന നാടോടികളുടെ ജീവിതം അവൾക്കിപ്പോൾ  എളുപ്പം ഗ്രഹിക്കാവുന്ന ഒന്നായിരിക്കുന്നു കാരണം നാം നിശ്ചയിക്കുന്ന വരകൾക്കു പുറത്തു കൂടി സഞ്ചരിക്കുമ്പോഴേ  ജീവിതത്തിന്റെ ഉഷ്ണഗ്രന്ധി ചിലപ്പോൾ പ്രവർത്തിക്കാറുള്ളു . അങ്ങനെ വേച്ചും  വിയർത്തും കടന്നു വരുന്നവർക്കേ മറ്റുള്ളവരുടെ ദുരിതം ഒരു വിളിപ്പാടകലെ നിന്നെങ്കിലും കാണാൻ കഴിയൂ . ഇപ്പോൾ സാവിത്രി പരിചിതയാണ് ജീവിതം അവളെ അപരിചിതമായ ഒരു പാടു വഴികളിലൂടെ  ഏകയായി നടത്തിയിരിക്കുന്നു . തനിക്കടുത്തു വന്നിരുന്ന ഏഴു വയസുകാരിയുടെ പാറി പറന്ന തലമുടിയിലൂടെ സാവിത്രി വിരലുകളോടിച്ചു . പരിഷ്കൃത സമൂഹം അറപ്പോടെ നോക്കുന്ന തങ്ങളെ സ്നേഹത്തിന്റെ കൈ വിരൽ സ്പർശം കൊണ്ടു തലോടുന്ന അപരിചിതയായ യുവതിയെ നാടോടി ബാലിക തന്റെ നീല നയനങ്ങളുയർത്തി നോക്കി .

ഉണ്ണിമോൾ ജീവിച്ചിരുന്നിരുന്നെങ്കിൽ ഇപ്പോൾ ഇത്രയുമായേനെ ,നാടോടി ബാലികയുടെ നിഷ്കളങ്ക മുഖം നോക്കിയിരിക്കെ ഒരു തിരത്തള്ളൽ പോലെയാ സംഭവങ്ങൾ സാവിത്രിയുടെ ഓർമ്മയിലേയ്ക്ക് കടന്നു വന്നു .  സ്വപ്നങ്ങളുടെ സഞ്ചയവുമായിട്ടാണ് സാവിത്രിയയാളുടെ ജീവിതത്തിലേയ്ക്ക് കടന്നു ചെന്നത് സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള വാഞ്ഛയിൽ അവൾ അവളെത്തന്നെ മറന്ന ദിനങ്ങളായിരുന്നു വിവാഹം കഴിഞ്ഞുള്ള നാളുകൾ .എന്നാൽ എല്ലാം തകർന്നു തരിപ്പണമാകുന്നതു വളരെ പെട്ടന്നായിരുന്നു . ഭർത്താവിന്റെ  സ്‌ത്രീകളോടുള്ള അമിതമായ ആർത്തി ഒരു ഭാര്യയെന്ന നിലയിൽ സാവിത്രിക്കു അംഗീകരിക്കാവുന്നതിനും അപ്പുറമായിരുന്നു . ഏതൊരു പെണ്ണാണ് തന്റെ പുരുഷനെ പങ്കു വെയ്ക്കപ്പെടാൻ അനുവദിച്ചു കൊടുക്കുന്നത് . ഉണ്ണിമോൾ ഉദരത്തിൽ ഉരുവായപ്പൊഴെങ്കിലും അയാൾ നന്നാകുമെന്നു കരുതി .പ്രസവ ശ്രുശ്രൂഷകൾക്കായി സാവിത്രിയുടെ വീട്ടിൽ പോകുമ്പോൾ ,ഉണ്ണിമോളുമായി തിരികെ വീട്ടിൽ എത്തുമ്പോൾ സാവിത്രിക്കൊരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളു ഇനിയെങ്കിലും ഇയാൾ ഇതൊന്നു അവസാനിപ്പിച്ചെങ്കിൽ  .

പതിവിലധികം മദ്യപിച്ചിട്ടാണയാൾ അന്നു വീട്ടിലെത്തിയത്  അതു സാധാരണവുമാണ് എന്നാൽ അന്നു കൂടെ വന്നവളെ കണ്ടതും സാവിത്രി അലറി വിളിച്ചു . താൻ ജീവിച്ചിരിക്കുമ്പോൾ തന്റെ കൺമുമ്പിൽ വെച്ചു മറ്റൊരുവളുമായി  അതിനനുവദിക്കില്ലെന്നവൾ ആക്രോശിച്ചു . അന്നാദ്യമായാണയാൾ ആണിന്റെ കരുത്തു സാവിത്രിക്കു മേൽ പ്രയോഗിക്കുന്നത്  ദേഹമാസകലം പൊട്ടി പൊളിയുന്ന വേദന . പൗരുഷത്തിന്റെ കൈ പാടുകൾ  സാവിത്രിയുടെ മുഖത്തു വീർത്തു വിങ്ങലിച്ചു കാരം ചേർത്ത പപ്പടം പോലെ പൊന്തുന്നു .അടുത്ത മുറിയിൽ  തന്റെ എല്ലാമായ  പുരുഷൻ മറ്റൊരു സ്ത്രീയുമായി മദന കേളി സുഖത്തിൽ ആറാടുന്നു . പ്രതികരിക്കാൻ ശേഷിയില്ല,  പ്രതിഷേധിക്കാൻ സാവിത്രിക്കൊരു മാർഗ്ഗമേയുള്ളു സ്വയം ഇല്ലാതാക്കുക. മകൾ തുണി തൊട്ടിയിൽ കിടന്നു കരയുന്നു താൻ ഇവളെ ഉപേക്ഷിച്ചു പോയാൽ ഈ നരാധമൻ ഇവളെയും വെച്ചേക്കില്ല . തൊട്ടിയിൽ നിന്നും കുഞ്ഞിനെ കൈയ്യിലെടുക്കുമ്പോൾ സാവിത്രി സ്വയം പ്രാകി . നീയെന്തിനു പെണ്ണായി ജനിച്ചു കുഞ്ഞേ .

കിണറിന്റെ ആഴങ്ങളിൽ നിന്നും നാട്ടുകാർ  വലിച്ചു കയറ്റുമ്പോൾ സാവിത്രിക്കു ബോധമുണ്ടായിരുന്നു . അവരാണ്  നാട്ടുകാരോട് താൻ മാത്രമല്ല മകൾ കൂടി ആഴങ്ങളിൽ എവിടെയോ ഉണ്ടെന്നു പറയുന്നത് . ആത്മഹത്യാ ശ്രമത്തിനും മകളെ കൊന്നതിനും കോടതി വിധിച്ച ആറു  വർഷം ശിക്ഷ പൂർത്തിയാക്കിയിട്ടാണ് സാവിത്രി മടങ്ങി വരുന്നത് .ബസ് പോകെ പോകെ നാടോടി ബാലിക സാവിത്രിയുടെ ചോദ്യങ്ങൾക്കെല്ലാം ഹിന്ദി കലർന്ന മലയാളത്തിൽ രസികൻ മറുപടികൾ പറഞ്ഞു കൊണ്ടേയിരുന്നു . പഠിക്കാൻ കഴിയാത്തതിലുള്ള വിഷമവും ഉറങ്ങുമ്പോൾ അടുത്തു വന്നിരിക്കുന്ന ബാബയുടെ കാര്യവുമെല്ലാം അവൾ അടുത്ത ഒരാളോടെന്നപോലെ സാവിത്രിയോടു പറഞ്ഞു .

എല്ലാ പുരുഷന്മാരും ഇങ്ങനെയായിരിക്കുമോ  സ്ത്രീയിൽ അവർ കാമം മാത്രമേ കാണുന്നുള്ളോ  .അവളുടെ വിചാരങ്ങൾ, അവളുടെ നൊമ്പരങ്ങൾ, അവളുടെ മനസ്സ്  ഒക്കെ കാണുന്ന പുരുഷന്മാർ ഉണ്ടാവുമോ . താൻ കണ്ട  ചുരുക്കം ചില പുരുഷന്മാർ മാത്രമാണ് ഇതിനൊരപവാദം സാവിത്രിയുടെ ചിന്തകൾ ബസിന്റെ വേഗതയോടൊപ്പം  സഞ്ചരിക്കുകയാണ് .സാവിത്രിക്കിറങ്ങേണ്ട സ്റ്റോപ്പിലേയ്ക്കിനി രണ്ടു ഫർലോങ് ദൂരം മാത്രം . തന്നെ വീട്ടുകാർ സ്വീകരിക്കുമോ ഇല്ലയോ എന്നത് അനിശ്ചിതത്വത്തിലാണ് . തന്നെ ഇതിനെല്ലാം പ്രേരിപ്പിച്ച ഭർത്താവെന്നയാൾ എവിടെയെങ്കിലും ഏതെങ്കിലും പുതിയ പെണ്ണിന്റെ ചൂടു തേടി അലയുന്നുണ്ടാവണം .

കന്നീ നീ വരുന്നോ എന്റെ കൂടെ , നിനക്കു പഠിക്കാം,പാട്ടു പാടാം, അപ്പായെ പേടിക്കാതെ ഉറങ്ങാം .

മരുഭൂമിയിൽ മഴ കണ്ട വേഴാമ്പലിനെപ്പോലെയവൾ സാവിത്രിയോടു ചേർന്നിരുന്നു .

മാജി, മാജിയില്ലാതെ ഞാൻ .. അവൾ നിസ്സഹായയെപ്പോലെ അവളുടെ അമ്മയുടെ കണ്ണുകളിലേയ്ക്ക് നോക്കി

നാലുപറ കണ്ടം മുറിച്ചു കടന്നാൽ സാവിത്രിയുടെ വീടാണ് പാടവരമ്പിലൂടെ അവൾ മുന്നോട്ടു നടക്കുമ്പോൾ സാവിത്രിയുടെ മുറുക്കിപ്പിടിച്ചിരുന്ന കൈ വിടുവിച്ചു നാടോടി ബാലിക മുന്നോട്ടോടി കൂട്ടിലടച്ച കിളിയെ കൂടു തുറന്നു വിട്ട പ്രതീതിയിൽ അവൾ തിരിഞ്ഞു വെള്ളാരം കല്ലു പോലെ തിളങ്ങുന്ന പല്ലു കാട്ടി സുന്ദരമായി ചിരിച്ചു . അപ്പോഴും പുറപ്പെട്ടിട്ടില്ലാത്ത ബസിനുള്ളിലിരിക്കുന്ന അവളുടെ അമ്മയെ നോക്കി കൈ ഉയർത്തി വീശി . ഒട്ടും സുന്ദരമല്ലാത്ത ആ അമ്മയുടെ  കവിളിൽ കൂടി പവിഴമുത്തു പോലെ രണ്ടു കണം താഴേയ്‌ക്കൊഴുകിയിറങ്ങി .
ഉണ്ണിമോളേ ഓടാതെ സാവിത്രി അവളുടെ  പിന്നാലെ പാഞ്ഞു ................................

No comments: