ബിൽഗിരി രംഗന ബേട്ടയിലെ കാടുകളിലേയ്ക്ക് കയറുമ്പോൾ ചിദംബരം സഹപ്രവർത്തകരായ പോലീസുകാരോടു ഒരു കാര്യം തറപ്പിച്ചു പറഞ്ഞു .ജീവനോടെ തിരികെയിറങ്ങാമെന്ന പ്രതീക്ഷ വ്യാമോഹം മാത്രമാണ് എങ്കിലും വിജയിക്കുക അല്ലെങ്കിൽ മരിക്കുക അതാണ് നമ്മുടെ ദൗത്യം . വേലുമണിയും കറുപ്പയ്യനും ,നീലോഫറും ലാഡമിട്ട ബൂട്ടു നിലത്തു ചവിട്ടി ചിദംബരത്തിന്റെ കല്പനയെ സല്യൂട്ടടിച്ചു സ്വീകരിച്ചു . കാട്ടു ചോലയിലെ വെള്ളികെട്ടിയൊഴുകുന്ന പാലരുവിയിൽ ദാഹം തീർത്ത് കൊണ്ടിരുന്ന കുരങ്ങന്മാർ പോലീസിന്റെ കാലടികൾ മണത്തിട്ടെന്നോണം മരച്ചില്ലകളിലേയ്ക്കു ചാടിക്കയറി .കൂസെ മുനിസ്വാമിയുടെ കണ്ണും കാതും എത്തുന്നയിടങ്ങളാണ് ബിൽഗിരി രംഗന ബേട്ടയിലെ ഓരോ കാട്ടു പാതകളും . ഈറ്റു നോവടുത്തു നിൽക്കുന്ന വളർമതിയുടെ നിറവയറിൽ ഉമ്മവെയ്ക്കുമ്പോൾ വേലുമണി മനസ്സിൽ ഉറപ്പിച്ചിരുന്നു . തന്തക്കാലുമായി പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ മുഖം കാണാൻ പോലും തനിക്കു യോഗമുണ്ടാവില്ലന്നു ജ്യോൽസ്യൻ ദൊരൈക്കണ്ണു പറഞ്ഞതിതാ സത്യമാകാൻ പോകുന്നു . ഇന്നേ വരെ വീരപ്പൻ വേട്ടയ്ക്ക് പോയ നൂറോളം പോലീസുകാർ കൊല്ലപ്പെട്ടിട്ടുണ്ട് അവരുടെ ഇടയിലേയ്ക്ക് പുതിയ ദൗത്യ സംഘം എന്ന പേരിൽ നാലു പേർ കൂടി.
നിലോഫർ നിലത്തു വിരിച്ച കാനനപാതകളുടെ ചിത്രത്തിലേയ്ക്ക് വിരൽചൂണ്ടി ചിദംബരം വീരപ്പന്റെ സങ്കേതമായേക്കാവുന്ന ഇടങ്ങളിലെല്ലാം ഇടിമിന്നൽ പോലെ കടന്നു കയറാനുള്ള നിർദേശങ്ങൾ നൽകി കൊണ്ടിരിക്കെ വയർലെസ് സെറ്റിൽ കണ്ട്രോൾ റൂമിൽ നിന്നുള്ള സന്ദേശങ്ങൾ എത്തി കൊണ്ടേയിരുന്നു. മനുഷ്യ വാസം അന്യമായ ഉൾകാടുകൾക്കുള്ളിൽ എവിടെയോ കൂടു കെട്ടി സ്വൈര്യ വിഹാരം നടത്തുന്ന കാട്ടു കള്ളൻ ഇതു മുപ്പത്തി മൂന്നാം തവണയാണ് ദൗത്യ സംഘങ്ങളെ നിർദയം കൊന്നു തള്ളുന്നത് . ഇനിയും അവസാനിക്കാത്ത നര നായാട്ടിനൊരന്ത്യം കുറിക്കാൻ ചിദംബരത്തിനെപ്പോലെ നിശ്ചയ ദാർഢ്യമുള്ള മിടുക്കരെ കൊണ്ടേ കഴിയൂ എന്ന തോന്നലായിരിക്കണം സകല ആയോധന കലകളിലും നിപുണരായ നാലംഗ സംഘത്തെ തന്നെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തു വിട്ടിരിക്കുന്നത് .
സംരക്ഷിത കടുവ സങ്കേതമാണ് ബിലിഗിരിരങ്കന ബേട്ട വന മേഖല ,ഏതു വിധേനയുള്ള പുലിയാക്രമണത്തെയും സ്വയം പ്രതിരോധിക്കുക ഏതൊരു അവസ്ഥയിലും പുലികൾക്കു നേരെ നിറയൊഴിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യാൻ അനുവാദമില്ല . സമാന്തര പട്ടാളവുമായി വിലസുന്ന കൂസൈ മുനിസാമിയുടെ കൈയ്യിൽ പെട്ടില്ലെങ്കിൽ പുലികളുടെ ആക്രമണത്തിൽ മരണം ഉറപ്പിച്ചിട്ടാണ് ദൗത്യ സേനയുടെ മുന്നോട്ടുള്ള യാത്രകൾ . മുന്നേ നടന്നിരുന്ന കറുപ്പയ്യന്റെ അപ്രതീക്ഷിതമായ തിരോധാനം ദൗത്യ സംഘത്തെ പെട്ടന്ന് ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു . ഒരു അപശബ്ദം പോലും ഇല്ലാതെയാണ് ഇത് വരെ തങ്ങളുടെ കൂടെ നടന്ന കറുപ്പയ്യൻ കൂട്ടത്തിൽ നിന്നും അപ്രത്യക്ഷനായിരിക്കുന്നത് . അപകടം പതിയിരിക്കുന്ന വഴികളിലൂടെയാണ് മുന്നോട്ടുള്ള യാത്രകളെന്നു ചിദംബരവും സംഘവും വളരെ വേഗം തിരിച്ചറിഞ്ഞിരിക്കുന്നു. ചുറ്റും പതിയിരിക്കുന്ന ചാവേർ പടയുടെ കൈകളിലെ വിഷം പുരട്ടിയ അമ്പുകളിൽ ഒന്നാവണം കറുപ്പയ്യന്റെ ജീവൻ അപഹരിച്ചിരിക്കുന്നത് . മൂന്നു ഫർലോങ് പിന്നോട്ടു നടന്നും കറുപ്പയ്യന്റെ മൃതദേഹത്തിനു വേണ്ടി പരതി നോക്കി . വേലുമണിയും നീലോഫറും ദൗത്യം തുടരാൻ നിർബന്ധിച്ചപ്പോൾ മാത്രമാണ് ചിദംബരം ആ ശ്രമമുപേക്ഷിച്ചു മുന്നോട്ടു നടന്നത് .
ചിലപ്പോൾ ഭയപ്പെടുത്തുന്ന നിശബ്ദത ,ചിലപ്പോൾ അസഹ്യമായ അലറലുകൾ ,കാടു കാടാകുന്നത് ഇത്തരം വ്യത്യസ്‍തകളിലൂടെയാണെന്നു ചിദംബരത്തിനു തോന്നി . വിവാഹ പ്രായമായ രണ്ടു പെൺകുട്ടികളുടെ പിതാവായ തനിക്ക് ഇനിയൊരിക്കലെങ്കിലും അവരെ കാണാൻ കഴിയുമോ എന്നൊന്നും ദൗത്യമേറ്റെടുക്കുമ്പോൾ അയാൾ ചിന്തിച്ചതേയില്ല പക്ഷെ ഇപ്പോൾ ഒരു ചെറിയ ഭയം മനസ്സിന്റെ കോണിൽ എവിടെയോ നാമ്പിടുന്നതു പോലെ, കൂടെ നടന്ന കറുപ്പയ്യൻ പാതി വഴിയിൽ എവിടെയോ മരിച്ചു വീണിരിക്കുന്നു . മുന്നോട്ടുള്ള യാത്രയിൽ തങ്ങളിൽ അവശേഷിക്കുന്നവരോരോരുത്തരും വീണു പോയേക്കാം .
നിലോഫർ,വീരമണി നിങ്ങൾക്കു പേടിയാകുന്നുണ്ടോ ?
സ്വയം ആശ്വസിപ്പിക്കാനെന്നവണ്ണം ചിദംബരം സഹപ്രവർത്തകരോടു ചോദ്യമെറിഞ്ഞു . ലാഡമിട്ട നാലു ബൂട്ടുകൾ തറയിൽ ആഞ്ഞു ചവിട്ടി ഒരേ സ്വരത്തിൽ മറുപടി വന്നു .
ഇല്ല സാർ , ഒന്നുകിൽ ലക്ഷ്യം അല്ലെങ്കിൽ മരണം .
ഇടതൂർന്നു തടിച്ച രോമകൂപങ്ങൾക്കു കീഴെയുള്ള ചുണ്ടു വിടർത്തി ചിദംബരം ഉറക്കെ ചിരിച്ചു. ഇരപിടിക്കുന്ന മൃഗങ്ങൾക്കൊരു പ്രത്യേകതയുണ്ട് അവ വിശന്നാൽ മാത്രമേ ഇരതേടി പുറപ്പെടൂ . നാളേയ്ക്ക് കരുതി വെയ്ക്കുന്ന ഒരു ശീലം മനുഷ്യനിലേതു പോലെ മൃഗങ്ങൾക്കില്ല . മുന്നോട്ടുള്ള യാത്രയിൽ ഒന്നിലധികം തവണ കടുവകളെ കണ്ടെങ്കിലും അവയെല്ലാം പേടിച്ചിട്ടെന്നോണം വഴിമാറി പോകുന്നത് ദൗത്യ സംഘം കൗതുകത്തോടെ കണ്ടു നിന്നു . 332 കിലോമീറ്ററോളം നീളമുള്ള കാട്ടിൽ പാതി വഴിയോളം പിന്നിട്ടിരിക്കുന്നു . വീരപ്പൻ എന്ന കാട്ടു കള്ളൻ അടുത്ത ലാവണം തേടി സഞ്ചരിച്ചിട്ടുണ്ടാവണം .കടിഞ്ഞൂലിന്റെ മുഖം കണ്ട ശേഷം മരിക്കാമെന്നോർത്തപ്പോൾ ജീവൻ തിരിച്ചു കിട്ടിയ സന്തോഷത്തിൽ വീരമണി ഊറി ചിരിച്ചു .
ചന്ദന മരങ്ങൾ ഇടതൂർന്നു വളരുന്ന കാടിനു നാടുവിലെവിടെയോ മനുഷ്യ വാസമുള്ളതിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയിരിക്കുന്നു . പെട്ടന്ന് ഇരുളിൽ നിന്നൊരു രൂപം അവർക്കു മുന്നിലേയ്ക്ക് ചാടി വീണു എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് മൂന്ന് തവണ വെടി പൊട്ടിയിരിക്കുന്നു . നീലോഫറും വീരമണിയും ചിദംബരത്തെ സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയെന്നുറപ്പു വരുത്തിയിരിക്കുന്നു . കനത്ത നിശബ്ദത വീരപ്പനും സംഘവും ഒരു വിളിപ്പാടകലെ എത്തിയിരിക്കുന്നു . വീരമണി തന്റെ വിധി മുന്നേ പ്രവചിച്ച ജ്യോത്സ്യന്റെ മുഖം ഒന്നു കൂടി മനസ്സിലോർത്തു . വലിയ ആൾബലവും സമാന്തര സൈന്യം തന്നെ ഉള്ള വീരപ്പന്റെ സേന ശുഷ്കിച്ചു ശൂന്യമായിരിക്കുന്നു കാരണം ഒന്നോ രണ്ടോ ആൾ മാത്രമാണ് അപ്പുറത്തെ ഒളിയുദ്ധത്തിനു നേതൃത്വം നൽകുന്നത് .
"വീരപ്പൻ കീഴടങ്ങുന്നതാണ് നിങ്ങൾക്കു നല്ലത് "
ചിദംബരത്തിന്റെ നൂറു ഡെസിബെൽ ശബ്ദം കാനനാന്തരങ്ങളിൽ പ്രതിധ്വനിച്ചു മുഴങ്ങി .
ഒരാട്ടഹാസമാണ് അതിനു മറുപടിയെന്നോണം വന്നത് ,തങ്ങൾക്കു പരിചിതമായ ഒരട്ടഹാസം.
വീരപ്പനോ ? അയാളെന്നേ മരിച്ചിരിക്കുന്നു നിങ്ങൾ തിരയുന്ന ആൾ ഒരിക്കലും ഉണ്ടായിരുന്ന ഒരാളേയല്ല !
ചിദംബരം വായുവിൽ മുന്നോട്ടാഞ്ഞു പിന്നാലെ വീരമണിയും നീലോഫറും .
നീലോഫറിന്റെ തോക്കിൽ നിന്നും നാലുപാടും വെടിയുണ്ടകൾ ചിതറിത്തെറിച്ചു .മുപ്പത്തി മൂന്നു ദൗത്യ സംഘങ്ങൾ പരിശ്രമിച്ചിട്ടും നടക്കാതെ പോയ സ്വപ്ന നേട്ടം കൈയെത്തും ദൂരെ വന്നിരിക്കുന്നു .
വീരപ്പൻ നിങ്ങൾക്കു കീഴടങ്ങാൻ ഒരവസരം കൂടി തരുന്നു ,ജീവനോടെ താങ്കളെ പിടികൂടണമെന്നാണ് ഞങ്ങൾക്കു കിട്ടിയിരിക്കുന്ന നിർദേശം താങ്കൾ അക്രമത്തിനു മുതിർന്നാൽ ഞങ്ങളുടെ മുന്നിൽ വേറെ വഴിയില്ല .
ചിദംബരത്തിന്റെ നിർദേശം മുഴങ്ങി തീർന്നതും ഇരുളിന്റെ മറവിൽ നിന്നൊരാൾ ഉറക്കെ ചിരിച്ചു കൊണ്ടു വെളിച്ചത്തിലേയ്ക്കു വന്നു.
ചന്ദന സുഗന്ധമുള്ള കാറ്റു വീശുന്നതിനോടൊപ്പം വെളിച്ചം ആ മുഖത്തേയ്ക്കു അരിച്ചിറങ്ങി . ആ മുഖം കണ്ട നീലോഫറും വീരമണിയും പേടിച്ചു പിന്നോക്കം മാറി . റിവോൾവർ വീണ്ടും ഗർജ്ജിച്ചു ചിദംബരത്തിന്റെ ഹൃദയം തുളച്ചൊരു ബുള്ളറ്റ് കടന്നു പോയി . പോക്കറ്റിൽ കിടന്ന അഞ്ചു രൂപയുടെ നാണയത്തുട്ടുകളിൽ ഒന്ന് ആ ഹൃദത്തോളം ആഴ്ന്നിറങ്ങി .
ഇടയ്ക്കു വെച്ചു മരിച്ചു പോയെന്നു ഭയപ്പെട്ട കറുപ്പയ്യൻ ഉച്ചത്തിൽ ചിരിച്ചു കൊണ്ടു പിറു പിറുത്തു . വീരപ്പൻ, എല്ലാ കള്ളന്മാരുടെയും പേരാണത് . ആർക്കൊക്കെ കാടു കയറി മോഷ്ട്ടിക്കണമെന്നു തോന്നുന്നുവോ അപ്പോഴൊക്കെ വളരെ സമർത്ഥമായി ഉപയോഗിക്കപ്പെട്ട പേര് .ഇപ്പോളയാൾ സത്യമംഗലം കാട്ടിലാണ് ,നാളെ മാല മഹദേശ്വര ബേട്ടയിലേയ്ക്കും അങ്ങനെ പണം വിളയുന്ന എല്ലാ കാടുകളിലേയ്ക്കും അയാൾ കുടിയേറും .
തോക്കുകൾ തീതുപ്പി ഭൂമിയിൽ നിന്നും വരുന്ന വെടിയുണ്ടകളെ ഏറ്റു വാങ്ങാൻ മേഘം താഴേയ്ക്കിറങ്ങി വന്നു. ബിൽഗിരിരംഗന ബേട്ടയിലെ കാടുകളിൽ മഴ തിമിർത്തു പെയ്തു . വിളഞ്ഞ ചന്ദന മരങ്ങളിൽ മൂന്നെണ്ണം ചുവടോടെ പിഴുതെറിയപ്പെട്ടു .വീരമണിയുടെ വിധി പ്രവചിച്ച ജ്യോൽസ്യൻ ദൊരൈ സ്വാമി തനിക്കു സംഭവിച്ച കൈപ്പിഴ മാറ്റി എഴുതി. വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നു വീണ കടിഞ്ഞൂലിന്റെ നൂലു കെട്ടു കഴിഞ്ഞതും ഓപ്പറേഷൻ കൊക്കൂണിലേയ്ക്കുള്ള ദൗത്യ സംഘത്തിലും വീരമണിയും കറുപ്പയ്യനും നീലോഫറും ഉണ്ടെന്ന സന്തോഷ വാർത്തയുമായി പ്രത്യേക ദൗത്യ സേനാ താവളത്തിലെ ടൈപ്പ് റൈറ്റർ താളത്തിൽ ചലിച്ചു കൊണ്ടിരുന്നു .
No comments:
Post a Comment