യേശുദാസൻ മതിൽ ചാടികടക്കുമ്പോൾ എങ്ങു നിന്നോ വന്ന ചാവാലിപ്പട്ടികൾ ഓലിയിട്ടു കുരച്ചു . കത്തി നിന്ന ഹാലജൻ ലാമ്പുകളുടെ പ്രകാശത്തിൽ മണൽ വിരിച്ച സിമിത്തേരി മറ്റേതൊരു ഉദ്യാനത്തെയും പോലെ സ്വച്ഛമായ ഒരിടമായിരിക്കുന്നു. ചാമ്പക്കാല അച്ചൻ വന്നതിൽ പിന്നെയുള്ള പരിഷ്കാരമായിരുന്നു സിമിത്തേരിയുടെ നവീകരണം . പുല്ലും പുൽച്ചാടിയും നിറഞ്ഞ ചന്ദനത്തിരി ഗന്ധമുണ്ടായിരുന്ന പള്ളിക്കാടിനെ വെട്ടി തെളിച്ചു ഈ നിലയിലാക്കിയത് ചാമ്പക്കാല അച്ചൻ ഒരാളാണ് . കടപ്പുറത്തു നിന്നും കൊണ്ട് വന്ന പഞ്ചാര മണൽ വിരിച്ചു നാലു വശത്തും പൂക്കൾ വിരിയുന്ന ചെടി പിടിപ്പിച്ചപ്പോൾ ആദ്യം തള്ളി പറഞ്ഞ ഇടവകക്കാർകൂടി ചാമ്പക്കാല അച്ചനെ മുക്തകണ്ഠം പ്രശംസിച്ചു . സെമിത്തേരിയുടെ ഭംഗി കണ്ടു ഒന്നു ചത്താൽ ഇവിടെ വന്നു കിടക്കാമല്ലോ എന്നോർത്തപ്പോൾ കുടിയൻ അന്തോണി ഡെയിലി അടിച്ചിരുന്ന അര ലിറ്ററിൽ നിന്നും ക്വോട്ടാ ഒരു ഫുള്ളിലേക്കുയർത്തി . പൂർവ്വ പിതാക്കൻമാർ ഉറങ്ങുന്നയിടം ഉദ്യാനമായിരിക്കുന്നതു കണ്ടു ക്രിസ്ത്യാനികളെന്നല്ല അന്നാട്ടുകാരും മരിച്ചു മണ്ണടിഞ്ഞവർ പോലും മനസാ സന്തോഷിച്ചു .
സാമൂഹ്യ വിരുദ്ധരുടെ താവളമായിരുന്ന പള്ളി സിമിത്തേരി നവീകരിച്ചതിനു ശേഷം നാലു പാടും വെച്ച സി സി ടി വിയിൽ പ്രേതങ്ങളെ കാണുമെന്ന പേടിയിൽ കപ്പ്യാർ കുഴിക്കണ്ടം തൊമ്മി രാത്രീയിൽ സി സി ടി വിയുടെ പരിസരത്തു കൂടി പോലും പോയില്ല . ആരും നോക്കാതിരുന്നിട്ടും നാലു പാടും കണ്ണ് തുറന്നിരിക്കുന്ന രാത്രിയും പകലും കയറി വരുന്നവരെ സിനിമയിലെന്ന പോലെ ഒപ്പിയെടുക്കുന്ന ക്യാമറാക്കണ്ണുകളെ തമ്പുരാനെയെന്നപോലെ സാമൂഹ്യ വിരുദ്ധരും ഭയപ്പെട്ടു . ക്യാമറ വെച്ച നാളുകളിൽ കപ്യാർ തൊമ്മി പിറ്റേന്ന് രാവിലെ തലേന്ന് പള്ളി പരിസരത്തു നടന്നതൊക്കെ റീവൈൻഡ് ചെയ്തു നോക്കുമായിരുന്നെങ്കിലും പോകെ പോകെ അതൊരു അധിക വ്യയമാണെന്നു കപ്യാർക്കു തോന്നിയിരുന്നു. ആരും ശ്രദ്ധിക്കാത്ത നീല മിഴി കണ്ണുകളുമായി എന്തെങ്കിലും സംഭവിക്കും വരെ തിരിഞ്ഞു നോക്കാനാളില്ലാതെ ക്യാമറ അതിന്റെ പണി ചെയ്തു കൊണ്ടിരുന്നു .
യേശുദാസൻ തന്റെ കട ബാധ്യതകളൊക്കെ ഒന്നൊന്നായി തീർക്കുകയാണ് . കാനറാ ബാങ്കിൽ നിന്നും ജപ്‌തി നോട്ടീസ് വന്നു കിടന്ന മൂന്ന് സെന്റ് പുരയിടം വിൽക്കാൻ തീരുമാനമായിരുന്നു .ബാങ്കിന്റെ കടം വീട്ടി ബാക്കി തുക തന്റെ അടഞ്ഞു തീരേണ്ട സിംഗിൾ കാബിൻ പിക്കപ്പിന്റെ മുഴുവൻ അടവിലേയ്ക്കായി വരവ് വെച്ചിരിക്കുന്നു . വൈത്തിരിയിൽ എല്ലാവരും വരത്തരാണ് വർഷങ്ങൾക്കു മുൻപ് ജീവിക്കാനായി കുടിയേറിയവർ അവരുടെ വേരുകളിപ്പോഴും അങ്ങ് ദൂരെ എവിടെയൊക്കയോ ആണ് . വൈത്തിരിയിലേയ്ക്ക് വന്നവരിൽ ഭൂരിഭാഗവും അവിടെ തന്നെ സ്ഥിര താമസമാക്കുകയാണ് പതിവ് എന്നാൽ ചിലരെങ്കിലും എല്ലാം നഷ്ട്ടപെട്ടെന്നു തോന്നുമ്പോൾ ഒരു തിരിച്ചു പോക്കിനു ശ്രമിക്കാറുണ്ട്. എവിടെയൊക്കയോ ബാക്കിയായ വേരുകളിലേയ്ക്ക് .
മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ചേർന്ന ഇണയെ കൊടുത്തു . ചാമ്പക്കാല അച്ചൻ മന്ത്രകോടി വെഞ്ചരിക്കുമ്പോൾ ഉരുവിട്ട പ്രാർത്ഥന യേശുദാസൻ മറക്കാതെ ഉച്ചത്തിൽ ഉരുവിട്ടു കൊണ്ടു നടന്നു . ജാൻസി മരിച്ചതിൽ പിന്നെ യേശുദാസന്റെ ഒരു നട്ട് ലൂസായെന്നാണ് ചായക്കടയിൽ കൂടിയിരുന്ന നാട്ടു കൂട്ടത്തിന്റെ നിഗമനം . ആരോടും അധികം സംസാരിക്കാത്ത അത്യാവശ്യത്തിനു പോലും ആരെയും ബുദ്ധിമുട്ടിക്കാത്ത യേശുദാസൻ എന്ന ചെറുപ്പക്കാരനെ ഈ ലോകത്തിൽ ഏകനാക്കിയത് ഭാര്യ ജാൻസിയുടെ പെട്ടന്നുള്ള വേർപാടാണ് .ജാൻസി ഒറ്റക്കല്ല മരിച്ചത് താൻ ആരെ കാണാനാണോ കൊതിച്ചു കാത്തിരുന്നത് അവനെയും ഉള്ളിൽ വഹിച്ചു കൊണ്ടാണവൾ പോയിരിക്കുന്നത് . ഒരു തല വേദന എന്നു പറഞ്ഞു കിടന്നവൾ നിത്യ നിദ്രയിലേക്കാണ് പോയത് .
ജങ്ഷനിലെ ബേക്കറിയിൽ നിന്നും വാങ്ങിയ മൈസൂർ പാവിന്റെ പൊതി തുറന്നയാൾ അവൾക്കു നേരെ നീട്ടി . വാ തുറന്നവൾ മുഴുവൻ കഴിച്ചു ജാൻസിക്കേറ്റവും ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് മൈസൂർ പാവ് .അത് കിട്ടിയാൽ പിന്നെ വേറെ ഒന്നും അവൾക്കു വേണ്ട കല്യാണം കഴിഞ്ഞതിൽ പിന്നെ യേശുദാസൻ വണ്ടി ഓടി കിട്ടുന്ന കാശിൽ വലിയൊരു പങ്കും ഈ പലഹാരം വാങ്ങാനാണ് ചിലവഴിച്ചിരിക്കുന്നത് . യേശു ദാസൻ വാങ്ങിയ മുഴുവൻ മൈസൂർ പാവും ജാൻസിയെ കൊണ്ടു നിർബന്ധപൂർവം തീറ്റിപ്പിച്ചു. പഞ്ചാര മണലിൽ മുഖം പൂഴ്ത്തി അയാൾ അവളെ ഗാഢാലിംഗനം ചെയ്തു .പഞ്ചാര മണലിൽ ഒരു ഒട്ടക പക്ഷിയെപ്പോലെ തല പൂഴ്ത്തി അയാൾ അവളുടെ അധരങ്ങൾക്കു വേണ്ടി പരതി .
ജാൻസി പാലയ്ക്കൽ ഉയിർത്തെഴുന്നേറ്റിരിക്കുന്നു !!! വാർത്ത വിശ്വാസികളുടെ ഇടയിൽ കാട്ടു തീ പോലെ പടർന്നു . ജാൻസിയെ കുഴിച്ചിട്ടയിടം വൃത്താകൃതിയിൽ തുറന്നിരിക്കുന്നു അതിനുള്ളിൽ നിന്നും കുന്തിരിക്കത്തിന്റെ ഗന്ധവും മാലാഖമാരുടെ സംഗീതവും ഉയരുന്നു . വൈത്തിരി ഗ്രാമം ആ വാർത്ത കേട്ടു കോൾമയിർ കൊണ്ടു ജീവിതത്തിന്റെ നാനാ തുറകളിൽ നിന്നുള്ള മനുഷ്യർ ആ അത്ഭുത വാർത്തകേട്ടു വൈത്തിരി സെന്റ് മേരിസ് ചാപ്പലിലേയ്ക്ക് ഒഴുകിയെത്തി. രണ്ടായിരം വര്ഷം മുൻപൊരാൾ അങ്ങു കാൽവരിയിൽ ഉയിർത്തെഴുന്നേറ്റത്തിനു ശേഷം ചരിത്രം രേഖപ്പെടുത്താൻ പോകുന്ന രണ്ടാമത്തെ പുനരുത്ഥാനം .
ചാമ്പക്കാല അച്ചന്റെ വിരലുകൾ സി സി ടി വിയുടെ റിവേഴ്‌സ് ബട്ടണിൽ അമരുന്നു . രാത്രിയുടെ നീല വെളിച്ചത്തിലൊരാൾ സിമിത്തേരിയുടെ മതിൽ ചാടി അകത്തേയ്ക്കു വരുന്നു . ജാൻസി പാലയ്ക്കന്റെ ശവകുടീരത്തിനടുത്തിരുന്നു എന്തെക്കെയോ പിച്ചും പേയും പറയുന്നു .കൈയ്യിലിരുന്ന പ്ലാസ്റ്റിക്ക് സഞ്ചി തുറന്നു ഏന്തെക്കയോ കുഴിമാടത്തിങ്കലേയ്ക്കു നീട്ടുന്നു . മുഖമമർത്തി മണ്ണിനുള്ളിലേയ്ക്ക് നുഴഞ്ഞു കയറുന്നു .പെട്ടന്നു സി സി ടി വി നിശ്ചലമായി കൊള്ളിയാൻ മിന്നുന്ന പോലെ എന്തോ ഒന്നു വന്നാ കാഴചയിലേയ്ക്ക് തടസം കൊണ്ടു വന്നിരിക്കുന്നു.
ചാമ്പക്കാല അച്ചൻ പുറത്തിറങ്ങി സിമിത്തേരിയിലേയ്ക്ക് നടന്നു . ആൾക്കൂട്ടത്തിനിടയിലൂടെ ജാൻസി പാലയ്ക്കന്റെ ശവകുടീരത്തിലേയ്ക്ക് നോക്കി മനുഷ്യനാൽ തുറക്കാനാവാത്ത വിധം ഭംഗിയായി തുറക്കപ്പെട്ട കുഴിയിൽ നിന്നും അപ്പോഴും കുന്തിരിക്കത്തിന്റെ ഗന്ധവുമായി ഒരു കാറ്റു പുറത്തേയ്ക്കു വീശി . ഇപ്പോൾ അച്ചനു വ്യക്തമായി കാണാൻ കഴിയുന്നു ഗോവിന്ദപുരം ചെക്കു പോസ്റ്റിനു മുന്നിൽ നിർത്തിയിട്ടിരിക്കുന്ന ഒരു സിംഗിൾ ക്യാബിൻ പിക്ക് അപ് വാൻ .അതിന്റെ മുൻസീറ്റിൽ ഒരു കുടുംബം ചാമ്പക്കാല അച്ചൻ സൂക്ഷിച്ചു നോക്കി അവർക്കു യേശുദാസന്റെയും ജാൻസിയുടെയും മുഖഛായയേ ഇല്ലായിരുന്നു പിന്നെയോ ചാമ്പക്കാല അച്ചൻ ചെറുപ്പം മുതൽ എവിടെയോ കണ്ടു ശീലിച്ച ചിര പരിചിതമായ മൂന്നു മുഖങ്ങൾ . വണ്ടി ഇപ്പോൾ വേളാങ്കണ്ണി ലക്ഷ്യമാക്കി പോയിക്കൊണ്ടേ ഇരിക്കുകയാണ്.............................
No comments:
Post a Comment