Thursday, 31 March 2016

വിഡ്ഢി ദിന ആശംസകൾ ...............



പണ്ട് , പണ്ടെന്നു പറഞ്ഞാൽ ഓസോൺ പാളിക്കു ഓട്ട വീഴുന്നതിനു മുൻപ് , ഗ്ലോബൽ വാമിങ്ങിൽ കേരളം കത്തിയുരുകന്ന അവസ്ഥ ഉണ്ടാകുന്നതിനുമൊക്കെ വളരെ മുൻപ്, ഞാനൊരു കൊച്ചു കപ്പേളയിലെ കപ്യാരായിരുന്നു.എന്നും സന്ധ്യാ മണിയടിക്കുന്ന ഇടവകയിൽ ആരെങ്കിലും മരിച്ചാൽ മരണ മണിയടിച്ചു ആളുകളെ അറിയിക്കുന്ന ജോലിയടക്കം സകലമാന ദേവാലയ ജോലികളും ചെയ്തിരുന്ന മീശ മുളയ്ക്കാത്ത കപ്യാർ. അക്കാലത്ത് എനിക്കൊരു വിമർശകനും എന്റെ ശത്രു പക്ഷത്തു ഞാൻ കണ്ടതുമായ ഒരാളുണ്ടായിരുന്നു , പള്ളിക്കെതിർവശം കട നടത്തിയിരുന്ന ജോസി ചേട്ടൻ . മരണമണി കേട്ടാൽ ആരാണ് മരിച്ചതെന്നറിയാൻ ആദ്യമെത്തുന്നയാൾ ജോസി ചേട്ടനായിരിക്കും . ജോസി ചേട്ടൻ ക്ലോക്കിൽ നോക്കിയിരിക്കും സന്ധ്യാ മണി ഒരഞ്ചു മിനിറ്റു വൈകിയാൽ ,മണിയടിക്കിടയിൽ പെട്ട മണി വീണാൽ , ഒമ്പതു മണിയിൽ ഒന്ന് കൂടിയാൽ ഒക്കെ കോക്രിച്ച മുഖവുമായി അയാളെത്തും ശ്രദ്ധയുണ്ടോടാ നിനക്കെന്നും പറഞ്ഞു എന്നെ രണ്ടു ചീത്ത പറയാതെ ഒരു സമാധാനവും ഇല്ല. കപ്യാരാണെങ്കിലും കൌമാരക്കാരനും കോളേജ് വിദ്യാർഥിയുമായിരുന്ന എന്റെ കണ്ണിലെ കരടും ആത്മാഭിമാനത്തിനുമേൽ തൂങ്ങിയാടിയിരുന്ന വാളുമായിരുന്നു ജോസി ചേട്ടൻ.
ഒരാഴ്ചയായി ജോസി ചേട്ടന്റെ കട അടഞ്ഞു കിടക്കുന്നു , അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ ആണെന്നറിഞ്ഞു സന്തോഷം അത്രയും വഴക്ക് കുറച്ചു കേട്ടാൽ മതി വിമർശകരും ശത്രുക്കളും ഇല്ലാതെ കുറച്ചു ദിവസം മുന്നോട്ടു പോയി ഒരു ദിവസം രാവിലെ അഞ്ചു മണിക്കു വീടിന്റെ വാതിലിൽ ശക്തമായ മുട്ടു കേട്ടു ചെന്ന് തുറന്നപ്പോൾ അയൽപക്കത്തെ ഒരു യുവാവാണ് , "അറിഞ്ഞോ നമ്മുടെ ജോസി ചേട്ടൻ മരിച്ചു പോയി, നീ ചെന്നു മരണമണി അടിക്കൂ" . ശത്രുവാണെങ്കിലും മറ്റുള്ളവരുടെ മരണത്തിൽ സന്തോഷിക്കരുതെന്നാണ് അപ്പച്ചൻ പഠിപ്പിച്ചിരിക്കുന്നത്. ഉള്ളിൽ ചെറിയ സന്തോഷമൊക്കെ തോന്നിയെങ്കിലും അതു പുറത്തു പ്രകടമാക്കാതെ ഇരുട്ടിനെ കീറിമുറിച്ചു ഞാൻ പള്ളിയിലേയ്ക്ക് നടന്നു. പള്ളി മുറ്റത്തു നിന്നും ജോസി ചേട്ടന്റെ കടയുടെ അടുത്തേയ്ക്ക് നോക്കി ഇല്ല അവിടെങ്ങും ആരുമില്ല,ആരും അറിഞ്ഞിട്ടുണ്ടാവില്ല മണി കേൾക്കെ ആളുകൾ കാരണം അന്വേഷിക്കും, ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടുവരാൻ താമസം ഉണ്ടാവും എന്തായാലും ഞാൻ പള്ളിക്കകത്ത് കയറി ഒറ്റയും പെട്ടയുമായി മണിയടി തുടങ്ങി. കർത്താവേ പരേതനു പത്രോസിന്റെ പറ്റു ചീട്ടിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കെൻ ബിരിയാണി കഴിക്കാനുള്ള അവസരം കൊടുക്കണേ എന്നത്മാർത്ഥമായി പ്രാർഥിച്ചു ഞാൻ പുറത്തിറങ്ങി.
ഇരുട്ടു വെള്ള കീറി വരുന്നു , ഉദയ സൂര്യന്റെ കിരണങ്ങൾ മരങ്ങളിൽ തട്ടി വെളിച്ചം തടസപ്പെടുന്നു പള്ളിവാതുക്കൽ എത്തിയതും കരിമ്പടം പുതചൊരാൾ നിൽക്കുന്നു . പതിവ് ചോദ്യം
ആരാ മരിച്ചേ ????????
ഞാനാ മുഖത്തേയ്ക്ക് നോക്കി മരിച്ച ജോസി ചേട്ടൻ കരിമ്പടം പുതച്ചു മുന്നിൽ !!!!!!!!!!!!!!!!!
എന്റെ കർത്താവേ എന്റെ ദൈവമേ... ബോധരഹിതനായി ഞാൻ പിന്നോക്കം മറിഞ്ഞു വീണു
മുഖത്തു തളിക്കപ്പെട്ട വെള്ളം ബോധത്തെ ഉണർത്തുമ്പോൾ പേടിയോടെ ഞാൻ വീണ്ടും കണ്ണു തുറന്നു, ചുറ്റും വലിയ ആൾക്കൂട്ടം . ആരാ മരിച്ചേ ?? ആരാ മരിച്ചേ ?? ആളുകൾ കൂട്ടം കൂടി ചോദിച്ചു അത് നമ്മുടെ ജോസി ....... ഞാൻ പറയാൻ തുടങ്ങിയതും കരിമ്പടം പുതച്ച ജോസി ചേട്ടൻ എന്നെ നോക്കി ചിരിക്കുന്നു . ദൈവമേ എന്തൊരു പരീക്ഷണം ആണിത് !! ഞാൻ ഓടി ചെന്നയാളുടെ കരിമ്പടം വലിച്ചെടുത്തു അതെ അതു ജോസി ചേട്ടൻ തന്നെ ഇയാളു ചത്തില്ലേ ????
ഇന്നലെ വൈകിട്ട് അസുഖം മാറി ജോസി ചേട്ടൻ വീട്ടിലെത്തി , ആൾക്കൂട്ടത്തിനിടയിൽ നിന്നും കാരിപുളുന്തു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നു ഏപ്രിൽ ഫൂളാടാ മണ്ടാ നിന്നെ ആരോ ഫൂളാക്കിയതാ.
കാലമെത്ര കഴിഞ്ഞിട്ടും അതിനു ശേഷമുള്ള ഓരോ മാർച്ച്‌ മുപ്പത്തി ഒന്നാം തിയതിയും ഞാൻ കിടക്കാൻ പോകുന്നതിനു മുൻപ് ഒന്നുറപ്പിക്കും നാളെ ആകാശം ഇടിഞ്ഞു വീണാലും ഞാൻ വിഡ്ഢിയാകൂല്ലാ ..............
വിഡ്ഢിയാകാൻ തയ്യാറെടുത്തിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഡ്ഢി ദിന ആശംസകൾ ...............

Wednesday, 30 March 2016

ഉത്സവകാല ഓഫർ 100% വിലകിഴിവ് !!!!!!!!!


ചേട്ടാ ഇതൊന്നു നോക്കിയേ ?? പത്രതാളിനുള്ളിൽ നിന്നും കിട്ടിയ വിലകിഴിവു മഹാമേളയുടെ നോട്ടിസ് നേരെ നീട്ടി നല്ലപാതി നിന്നു തുള്ളക്കം തുള്ളി. മ്മക്ക് ഒന്ന് പോകാം ചേട്ടാ എന്തോരം ഓഫാർ ആണിത് തമ്പുരാനേ !
കന്നിനെ കയം കാണിക്കല്ലെന്നു അ മ്മച്ചി പറഞ്ഞു തന്നിട്ടുണ്ട് ഇവളേം കൊണ്ടു പോയാൽ കളസം കീറും വരെ ഷോപ്പ് ചെയ്യും .ഈ ഓഫർ ഒക്കെ തട്ടിപ്പാണു പെണ്ണെ ,നീയിവിടെ ഇരി ഞാൻ പറഞ്ഞു തരാം , ഞാൻ ബുദ്ധനായി
ഒരിടത്ത് ഒരു ധനികനായ വ്യാപരിയുണ്ടായിരുന്നു അയാൾക്കൊരിക്കൽ മഹാ വ്യാധി പിടിപെട്ടു . മരണവും വ്യാപാരിയും മുഖാമുഖം വരുമെന്ന് തോന്നിച്ച ഘട്ടത്തിൽ അയാൾ ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. ദൈവമേ എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരിക അങ്ങനെ വരികയാണെങ്കിൽ ഞാൻ താമസിക്കുന്ന അഞ്ചു കോടിയുടെ ബംഗ്ലാവു വിറ്റു പള്ളിക്കു തരാം ,ദൈവമുമായൊരു ഉടമ്പടി വാക്കാൽ ഉറപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ വ്യാപാരി ജീവിതത്തിലേയ്ക്ക് ആരോഗ്യവാനായി തിരികെ വന്നു. ദൈവമുമായുള്ള ഉടമ്പടി നടപ്പിലാക്കണം വ്യാപാരി മനസിൽ ഉറപ്പിച്ചു പക്ഷെ അഞ്ചു കോടി വെറുതെ പള്ളിക്ക് കൊടുക്കുന്നതെങ്ങനെ ഉറക്കമില്ലാത്ത രാത്രികളിൽ വ്യാപാരിക്കൊരു ആശയം ഉദിച്ചു ഉടൻ തന്നെ പത്രമോഫീസിൽ വിളിച്ചു ഒരു പരസ്യം ചെയ്യാൻ ആവശ്യപ്പെട്ടു. വീട് വിൽപനയ്ക്ക് അഞ്ചു കോടി വിലമതിക്കുന്ന വീട് കേവലം ഒരു ലക്ഷം രൂപയ്ക്ക് വിൽക്കാൻ പോകുന്നു. പരസ്യം കണ്ടവർ കണ്ടവർ വിളി തുടങ്ങി തെങ്ങു കയറ്റക്കാരൻ രാജപ്പൻ മുതൽ പാളയം മാർക്കറ്റിലെ മത്തി വ്യാപാരി വരെ ഒരു ലക്ഷത്തിന്റെ മീൻ നാറുന്ന നോട്ടുകളുമായി ബാഗ്ലാവിനു മുന്നിൽ തടിച്ചു കൂടി. വ്യാപാരി വീടിന്റെ മട്ടുപ്പാവിൽ കയറി നിന്നു വീട് വാങ്ങാൻ വന്നവരോടായി ഇങ്ങനെ പറഞ്ഞു "പരസ്യം ചെയ്ത പ്രകാരം ഈ വീട് ഒരു ലക്ഷത്തിനു വിൽക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ഒരു വ്യവസ്ഥ .............
മത്തി കച്ചവടക്കാരൻ ഒരുലക്ഷ്ത്തിന്റെ മുഷിഞ്ഞ നോട്ടുകളിൽ അമർത്തി ആലോചിച്ചു എന്താവും ആ വ്യവസ്ഥ ......
അൽപ സമയത്തെ മൌനത്തിനു ശേഷം വ്യാപാരി കുനിഞ്ഞു ഒരു ചെറിയ പൂച്ച കുഞ്ഞിനെ കൈയ്യിൽ എടുത്തു കൊണ്ടു തുടർന്നു .. അഞ്ചു കോടി തന്നു ഈ പൂച്ചയെ വാങ്ങുന്നവർ ആരോ അവർക്കു മാത്രമേ ഈ വീട് ഒരു ലക്ഷത്തിനു നൽകൂ .. ജനക്കൂട്ടം സ്തബ്ധരായി വ്യാപാരിയെ ചീത്ത വിളിച്ചു ഓരോരുത്തരായി കൊഴിഞ്ഞു പോയി അവസാനം ആൾക്കൂട്ടത്തിൽ ഒരാൾ പറഞ്ഞ വ്യവസ്ഥ പ്രകാരം ഒരു ലക്ഷത്തിനു വീടും അഞ്ചു കോടിക്കു പൂച്ചയെയും വാങ്ങി. വ്യാപാരി ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റാൻ ഒരു ലക്ഷം രൂപാ പള്ളിക്കു സംഭാവന നൽകി.
ഈ പറഞ്ഞ കഥയിലെ വ്യാപാരിയെപ്പോലെയാണ് എല്ലാ ഓഫറുകളും ആരും നഷ്ട്ടപെട്ടു ഒന്നും വിൽക്കുകയില്ല അത് കൊണ്ട് നീ ഓഫർ കണ്ടു പനിക്കണ്ട .. എല്ലാം കേട്ടിരുന്ന ഭാര്യ അത്ഭുതത്തോടും ഇത്രേം ബുദ്ധിയുള്ള ഭർത്താവാണാ എനിക്ക് കിട്ടിയെക്കുന്നേ എന്ന ഭാവത്തിലും എന്നെ നോക്കി അവൾ കെഞ്ചി,
നമുക്കു അഞ്ചു കോടിയുടെ പൂച്ചയെ മേടിക്കണ്ട ചേട്ടാ, ഒരു ലക്ഷത്തിന്റെ വീടു മാത്രം മേടിച്ചാൽ മതി , ചേട്ടൻ വേഗം വന്നു വണ്ടിയെടുക്കൂ ...........................

Tuesday, 29 March 2016

നിലയ്ക്കാത്ത ആരവം കിലുങ്ങുന്ന കോടികൾ നക്ഷത്രങ്ങൾ സാക്ഷി

ഏപ്രിൽ ചക്ക പാകമാകുന്ന കാലമാണ് ,അക്കാലയളവിൽ ചങ്ങനാശ്ശേരി ചന്തയിലൂടെ നടന്നാൽ അതിന്റെ മണവും ഗുണവും അതു ആവശ്യത്തിലധികം മാർക്കെറ്റിൽ എത്തുമ്പോൾ അനുഭവപ്പെടുന്ന ശ്വാസം മുട്ടലും ഒക്കെ അറിയാൻ കഴിയും ഓവർ സപ്ലൈ ചെയ്യപ്പെടുന്ന എന്തിനോടും പൊതു ജനം കാട്ടുന്ന അവജ്ഞ ഏറ്റു വാങ്ങാൻ ചക്കയും വിധിക്കപ്പെടുന്നു. എന്നാൽ എത്ര ഓവർ സപ്ലൈ ചെയ്താലും മടുക്കാത്ത ഒന്നുണ്ട് ഇന്ത്യയിൽ അതാണ്‌ ക്രിക്കറ്റ്.
ദേശ ഭാഷാന്തരങ്ങൾക്കപ്പുറം  കാശ്മീരിനെയും കന്യാകുമാരിയേയും ഒരൊറ്റ ചരടിൽ കോർക്കുന്ന ഒരു വികാരമുണ്ടെങ്കിൽ അതു ക്രിക്കറ്റാണ്. ഉച്ച നീചത്വങ്ങൾ ഇല്ലാതെ ഒരു ടെലിവിഷനു മുന്നിൽ ഒരേ സ്വരത്തിൽ ഇന്ത്യ ഇന്ത്യ എന്നാർക്കുന്നത്,  റെഡ് ഫോർട്ടിൽ ദേശിയ പതാക ഉയരുമ്പോഴല്ല മറിച്ച് ക്രീസിൽ സച്ചിനും കോഹ്ലിയും ധോണിയും രാജ്യത്തിനായി ബാറ്റെന്തുമ്പോഴാണ്. ഇതാണു  നമ്മുടെ ബലവും ബലഹീനതയുമെന്നു വെളിപ്പെട്ട അന്ന് മുതലാണ്‌ ലാഭകൊതിയുമായി കഴുകൻ കണ്ണുകൾ ക്രിക്കറ്റിനെ ബിസിനസ്സായി സമീപിച്ചു തുടങ്ങിയത്. കുട്ടി ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിനു ലഭിച്ച സ്വീകാര്യത ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഒരു ദിവസം മുഴുവൻ ടി വിക്കു മുന്നിൽ ഇരിക്കാതെ ഒരു സിനിമാ കാണുന്ന ലാഘവത്തിൽ അതേ പിരിമുറുക്കത്തോടെ  കണ്ടു തീർക്കാവുന്ന ക്യാപ്സൂൾ രൂപം മെല്ലെ മെല്ലെ വമ്പൻ വ്യവസായ സാദ്ധ്യതകളിലേയ്ക്കും അതു ഐ പി എൽ പുതിയ കച്ചവട പരീക്ഷണത്തിനും വഴിതുറന്നു.

കാള ചന്തയിൽ മാംസത്തിന്റെ കനവും തലയെടുപ്പും കണ്ടു വില പറഞ്ഞുറപ്പിച്ചു കളിക്കാരെ ലേലം കൊള്ളുന്ന ആദ്യ നടപടി മുതൽ പൊതു ജനങ്ങൾ കൌതുകത്തോടെയും അതിലേറെ അമ്പരപ്പോടെയുമാണ് നോക്കി കണ്ടത് .ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടന അതിന്റെ പണകൊഴുപ്പും സംഘാടന മികവും നല്ല അനുപാതത്തിൽ മിശ്രണം ചെയ്തു തിരക്കഥ ഒരുക്കി ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പുതിയ സംരഭം ചരിത്രത്തിലെയ്ക്കൊരു പുത്തൻ കാൽ വെയ്പ്പായിരുന്നു 2008 ഏപ്രിൽ 18 നു ആദ്യ മത്സരത്തിൽ കൊൽക്കട്ടയും ബാംഗ്ലൂർ റോയൽ ചലഞ്ചെർസും കൊമ്പു കോർത്തപ്പോൾ ബ്രെണ്ടെൻ മക്കല്ലം എന്ന കളിക്കാരന്റെ ബാറ്റിന്റെ ചൂടിൽ ബാംഗ്ലൂർ ബോളർമാർ വെന്തുരുകി. ഗ്രൌണ്ടിന്റെ നാല് പാടും ഫോറും സിക്സും പായിച്ച മക്കല്ലം ഇത് ബാറ്റ്സ്മാന്മാരുടെ മാത്രം കളിയാണെന്നൊരു ധാരണ ക്രിക്കറ്റ് ലോകത്തിനു കൈമാറി.മലയാളിയുടെ അഭിമാനം വാനോളം ഉയർത്തിയ ശ്രീശാന്ത് ഹർഭജന്റെ അടി വാങ്ങി കരഞ്ഞു കൊണ്ടു മൈതാനം  വിടുന്ന കാഴ്ചയായിരുന്നു ആദ്യത്തെ ഐ പി എല്ലിന്റെ പ്രധാന സവിശേഷതകളിൽ ഒന്ന് . വലിയ വിലകൊടുത്തു വാങ്ങിയ താരങ്ങളുള്ള ടീമുകളെ അമ്പേ നിഷ്പ്രഭരാക്കി താരതമ്യേന ദുർബലരായ കളിക്കാരുടെ ടീമായ രാജസ്ഥാൻ റോയൽസ് കപ്പ സ്വന്തമാക്കി .സംഘാടകർ പ്രതീക്ഷിച്ചതിലും വലിയ വിജയത്തോടെ ഒന്നാം ഐ പി എല്ലിനു കൊടിയിറങ്ങി.

തിരഞ്ഞെടുപ്പ് കാലമായതിനാൽ സുരക്ഷ നൽകാനാവില്ല എന്ന തീരുമാനത്തെത്തുടർന്ന് സൌത്ത് ആഫ്രിക്കയിലാണ് രണ്ടാം സീസൺ നടത്തപ്പെട്ടത് ഇന്ത്യൻ  സമയവുമായി വലിയ വ്യത്യാസം ഇല്ലാത്തതും എല്ലാ മത്സരങ്ങൾക്കും  ഗ്രൌണ്ട് നിറഞ്ഞ് കാണികൾ ഒഴുകിയെത്തിയതും രണ്ടാം സീസണും വളരെ വേഗം ഹിറ്റ് ആയി. ആദ്യ സീസണിന്റെ താരം ആരാലും അറിയപ്പെടാതിരുന്ന യുസഫ് പത്താൻ ആയിരുന്നെങ്കിൽ രണ്ടാം സീസണിൽ വിദേശ താരങ്ങളുടെ വിളയാട്ടമായിരുന്നു. ആദം ഗിൽക്രിസ്റ്റ് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മാത്യു ഹെയ്ഡനും എ ബി യുമെല്ലാം നിറഞ്ഞാടിയപ്പോൾ ഒരു സുരേഷ് റെയ്ന മാത്രമാണ് ഇന്ത്യൻ നിരയിൽ മുന്നിട്ടു നിന്നത്. പരസ്യ വരുമാനം എന്ന മുന്തിരിച്ചാറിന്റെ രുചിയിൽ കൊതിപൂണ്ട ബി സി സി ഐ ഓരോ 7 ഓവറിനു ശേഷവും ടെലിവിഷൻ ടൈം ഔട്ട് എന്ന ബ്രേക്ക് ഏർപ്പെടുത്തിയത്. കളിക്കാരുടെ കളിയുടെ ഒഴുക്ക് നഷ്ടമാക്കുന്നു എന്ന് പറഞ്ഞു വിവാദം ഉണ്ടായെങ്കിലും അതെല്ലാം വേഗം പരിഹരിക്കപ്പെട്ടു. ഡെക്കാൻ ചാർജേഴ്സ് ആവേശകരമായ മത്സരത്തിൽ ആറു റൺസിനു  റോയൽ ചലഞ്ചേഴ്സിനെ തുരത്തി രണ്ടാം കിരീടം സ്വന്തമാക്കി.

ബാംഗ്ലൂരിൽ പൊട്ടിയ പടക്കത്തിന്റെ ഭീതിയിലാണ് മൂന്നാം സീസൺ ആരംഭിച്ചത് കോടികൾ ലേലം കൊണ്ടിട്ടും ജീവനെ ഭയക്കുന്ന വിദേശ താരങ്ങളെ അനുനയിപ്പിക്കുക എന്നതായിരുന്നു ബി സി സി ഐ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ട്വന്റി-ട്വന്റി കളിക്കാൻ അറിയാത്തവൻ എന്ന ചീത്തപ്പേര് സച്ചിൻ മായ്ച്ചു കളഞ്ഞത് ഈ സീസണിലാണ് ഏറ്റവും മികച്ച പ്രകടനങ്ങളും അഞ്ചോളം അർദ്ധ ശതകങ്ങളുമായി മുന്നിൽനിന്നും നയിച്ച സച്ചിൻ പ്രഥമ കിരീടം മുംബൈ ഇന്ത്യൻസിന് നേടികൊടുത്തു.

നാലാം സീസൺ നമ്മൾ മലയാളികളെ സംബന്ധിച്ച് അഭിമാനിക്കാൻ ഉള്ള സീസൺ കൂടിയായിരുന്നു. നമുക്കും സ്വന്തമായി ഒരു ടീം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷം പിന്നെ പതിയെ പതിയെ വിവാദവും ചക്കളത്തി പോരുമാകുന്ന കാഴ്ച നമ്മൾ കാണേണ്ടി വന്നു. ശശി തരൂരെന്ന ആഗോള മലയാളിയും അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം  തുലാസിൽ ആടിയ  വിയർപ്പോഹരിയും സുനന്ദ പുഷ്കറും  എല്ലാം മലയാളിക്ക് വെളിപ്പെട്ടു കിട്ടിയ പുഷ്കല കാലം കൂടിയായിരുന്നു നാലാം സീസൺ. ഗുജറാത്തി ബിസിനസ്സുകാരൻ അഹമ്മദാബാദ് കിട്ടാത്ത മോഹഭംഗങ്ങൾ തീർക്കാൻ കണ്ടെത്തിയ ഒരു താല്കാലിക ഇടം എന്നതിൽ കവിഞ്ഞു കൊച്ചിൻ ടീമും   മലയാളിയും തമ്മിൽ കടലും കടലാടിയുമായുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്തായാലും കൊച്ചിയുടെ  കൊമ്പന്മാർ നിരാശപ്പെടുത്തിയില്ല. കളിച്ച പതിനാലിൽ ആറും ജയിച്ചു പിന്നിൽ നിന്നും മൂന്നാമതായെങ്കിലും നമ്മൾ തലയുയർത്തി തന്നെയാണു തിരിച്ചു പോന്നത്.

 കള്ളച്ചൂതിന്റെ കളിയാട്ടം എല്ലാ സീമകളും ലംഘിച്ചു മുന്നേറിയ മത്സരങ്ങൾ ഈ സീസൺ മുതൽ ആണെന്നുള്ള പ്രത്യേകതയുമുണ്ട്. ബെറ്റിംഗ് സെന്ററുകളുടെ റെയ്ഡ് വഴി പിടിച്ചെടുത്ത കോടികളുടെ ഹവാല പണം ഒരു വേള ഈ ചൂതാട്ടത്തെ നിയമ വിധേയമാക്കി രാജ്യ താല്പര്യത്തിനും വരുമാനത്തിനും ഉതകും വിധം ഉപയോഗിക്കണം എന്നുള്ള പരസ്യ പ്രസ്താവനയിലേക്ക് നീളുന്നതിൽ വരെ കാര്യങ്ങളെ കൊണ്ട് എത്തിച്ചു.  സിക്സർ വീരൻ ഗെയ്ൽ സംഹാര രൂപം പൂണ്ട ക്രിക്കറ്റ് സീസൺ ആയിരുന്നു നാലാം സീസൺ. ഫൈനൽ വരെ മുന്നേറിയ ശേഷം ഫൈനലിൽ  ചെന്നൈയോടു കീഴടങ്ങാനായിരുന്നു  ബംഗ്ലൂരിന്റെ വിധി.

ഓരോ വിവാദങ്ങളും കൂടുതൽ കൂടുതൽ കളിയെ ജനപ്രിയമാക്കുകയായിരുന്നു. സൂപ്പർ ഹിറ്റ് ബോളിവുഡ്  ത്രില്ലറിന് വേണ്ടി തിരക്കഥയൊരുക്കി ചിത്രീകരിച്ച പോലെ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന മത്സരങ്ങളായിരുന്നു എക്കാലത്തെയും ആകർഷണങ്ങൾ. ഷാരൂഖ് ഖാൻ എന്ന വിശ്വനായകൻ കനവു കണ്ടുനടന്ന കപ്പ് കൈകളിൽ ഏന്താനായി എന്നതാണ് അഞ്ചാം സീസൺ നൽകിയ വലിയ സമ്മാനം. തമിഴ് ദേശീയത എന്ന പോലെ ബംഗാൾ ശൌര്യവും എത്രമേൽ നാടിനെയും കളിയും സ്നേഹിക്കുന്നു എന്ന് അടിവരയിടുന്നതായിരുന്നു മമത ബാനർജിയും സംഘവും വിജയികളായ കൽക്കട്ടാ ടീമിന് ഈഡൻ  ഗാർഡനിൽ  നൽകിയ രാജകീയ സ്വീകരണം.

വിദേശ താരങ്ങളെ മാത്രം ആശ്രയിച്ചു കളി ജയിച്ചിരുന്ന ക്ലബ്ബുകൾ ദീർഘ കാല അടിസ്ഥാനത്തിൽ ലഭ്യമായ  ശരാശരി  ഇന്ത്യൻ കളിക്കാരെ ആശ്രയിച്ചു എന്നതായിരുന്നു ആറാം സീസൺ കണ്ട ഏറ്റവും വലിയ പ്രത്യേകത. ബി സി സി ഐ യുടെ ഗർവിനും അഹമ്മതിക്കും റാൻ മൂളാൻ തയ്യാറാകാത്ത വിദേശ ടീമുകൾ അവരുടെ പര്യടനത്തിൽ മാറ്റം വരുത്താഞ്ഞതും വിദേശ കളിക്കാരെ ലഭിക്കുന്നതിനു തടസ്സമായി. ശ്രീലങ്കൻ താരങ്ങളെ തമിഴ്നാട്ടിൽ കളിക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക സംഘടനകളുടെ പിടിവാശിയും ഒരു പരിധി വരെ ലങ്കൻ താരങ്ങളെ ലേലം കൊള്ളുന്നതിൽ നിന്നും  ഫ്രാഞ്ചൈസികളെ അകറ്റി.  താരതമ്യേന വലിയ താരങ്ങളുമായല്ലാതെ കളത്തിലിറങ്ങിയ സൺറൈസെർസ്  ഹൈദരാബാദ് വിജയികളായി മടങ്ങി. മലയാളികളുടെ മാനം കപ്പലു കയറ്റി ശാന്തകുമാരൻ ശ്രീശാന്ത് കോഴ കേസിൽ അകത്തായി എന്നതാണ് ഈ സീസണെ അത്യന്തം ദുഃഖപര്യവസായിയാക്കി മാറ്റിയത്. ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കുന്ന ആർക്കും പെട്ടന്ന് മനസിലാക്കാവുന്ന ഭീമാബദ്ധങ്ങളും  മനപൂർവ്വം അല്ലേ എന്ന് തോന്നിപ്പിക്കുന്ന കൈപ്പിഴകളും കൊണ്ട് സമ്പന്നമായിരുന്നു ഈ സീസൺ.
കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട കളിയും കളിക്കാരും എഴാം  സീസണിൽ എത്തുമ്പോൾ സുപ്രീം കോടതി നിയമിച്ച ഗവാസ്ക്കറായിരുന്നു ബി സി സി ഐ യുടെ തലപ്പത്ത്. ഒരു കാരണവശാലും ഒത്തുകളിയോ ബെറ്റിങ്ങോ അനുവദിക്കില്ല എന്ന കർശന നിയന്ത്രണത്തിലാണ് സീസൺ ആരംഭിച്ചത്.  പൊതുതിരഞ്ഞെടുപ്പ് പ്രമാണിച്ച് സുരക്ഷാ പ്രശ്നം ഉന്നയിച്ചു  കളിയുടെ ആദ്യ ഘട്ടം യു  ഏ യിലെ വേദികളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യക്കാർ എവിടെ എല്ലാം ഉണ്ടോ അവിടെല്ലാം ക്രിക്കറ്റ് ഒരു വികാരമായി കൂടെ ഉണ്ടാവും എന്ന് തെളിയിക്കുന്നതായിരുന്നു ദുബായിലെയും ഷാർജയിലെയും അബുദാബിയിലെയും വേദികളിൽ കണ്ട ജനസഞ്ചയം. പാകിസ്ഥാൻ താരങ്ങൾ ആരും ഇല്ലാതിരുന്നിട്ട് കൂടി പാകിസ്ഥാനികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റിയ മാമാങ്കം ഗ്ലെൻ മാക്സ്വെൽ  എന്ന കളിക്കാരന്റെ ഉദയവും എക്കാലവും പിന്നിലാകാൻ വിധിക്കപ്പെട്ട പഞ്ചാബി ശൌര്യത്തിന്റെ മുന്നേറ്റവും കണ്ട വർഷമായിരുന്നു. ആവേശകരമായ ഫൈനലിൽ കൽക്കട്ടയോടു തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് അവർ മടങ്ങിയത്.

ഗുരുനാഥ് മെയ്യപ്പനും ,അമ്മാവൻ ശ്രിനിവാസനും , രാജ് കുന്ദ്രയും വിന്ദു ധാരസിങ്ങും സാക്ഷാൽ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിംഗ് ധോണി പോലും ഒത്തു  കളിയിൽ പങ്കാളികളാണെന്ന സംശയത്തിന്റെ നിഴലിൽ ഒരു വേള  ചെന്നൈയും രാജസ്ഥാനും പങ്കെടുക്കുമോ എന്നാ ആശങ്കകളൊക്കെ അസ്ഥാനത്താക്കി എട്ടാം ഐ പി എൽ  മത്സരങ്ങൾക്ക് കോടി കയറി . സുപ്രീം കോടതി ജഡ്ജി ആയിരുന്ന ജസ്റ്റിസ് രാജേന്ദ്ര മൽ ലോദ്ധയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനാൽ വലിയ നിറപകിട്ടില്ലാതെ തുടങ്ങിയ മത്സരങ്ങൾ ക്രിക്കറ്റിനെ മതവും ജീവനും ഉശ്ചാസ വായുവും പോലെ സ്നേഹിക്കുന്ന ജനത വീണ്ടു നെഞ്ചിൽ  ഏറ്റു  വാങ്ങി .ഐ പി എല്ലിലെ ചിര വൈരികളായ   മുംബയും ചെന്നൈയും ഫൈനലിൽ എട്ടു മുട്ടി വിജയം മുംബൈ സ്വന്തമാക്കി .

ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രക്കും കോഴ ഇടപാടിൽ പങ്കുണ്ടെന്ന് ലോദ്ധ കമ്മീഷൻ കണ്ടെത്തി 2015 ജൂലൈ 14 നു ചെന്നൈ സൂപ്പർ കിങ്ങ്സിനെയും ,രാജസ്ഥാൻ റോയൽസിനെയും രണ്ടു കൊല്ലം വിലക്കി കൊണ്ടുള്ള വിധി വന്നു.കോടതി വിധിയോടെ നഷ്ട്ടമായത് ഐ പി എല്ലിന്റെ നേടും തുണുകൾ എന്ന് വിശേഷിപ്പിക്കാവുന്ന രണ്ടു ടീമുകളെ തന്നെ ആയിരുന്നു. ബി സി സി ഐ നടത്തുന്ന ചാമ്പ്യൻസ് ട്രോഫി ഉപേക്ഷിക്കപെട്ടു. പണക്കൊഴുപ്പിന്റെ ധാരാളിത്തത്തിൽ പൊന്മുട്ടയിടുന്ന താറാവ് ശ്വാസം വിടാതെ മുട്ടയിട്ടു ചത്തു പോയേക്കുമെന്ന് വരെ തോന്നിപ്പിച്ചെങ്കിലും .പൊന്മുട്ടകളുടെ ഉപഭോക്താക്കൾ അതിനു വീണ്ടും മൃത സഞ്ജീവനി നൽകി  ഉയർപ്പിക്കുന്ന കാഴ്ചയാണ് പിന്നീട്  കണ്ടത് .
2016 സീസിണിൽ നഷ്ട്ടപെട്ട രണ്ടു ടീമുകൾക്ക് പകരം ഗുജറാത്ത്‌ ലയൺസും റൈസിംഗ് പൂനെ ജൈന്റ്സ് എന്നീ   പുതിയ രണ്ടു ടീമുകൾ സ്ഥാനം പിടിച്ചു. പഴയ കളിക്കാരുടെ ജഴ്സിയും പേരും മാറ്റി പഴയ വീഞ്ഞിനെ പുതിയ കുപ്പിയിൽ നിറച്ചു വീണ്ടും വിപണിയിൽ ഇറങ്ങുകയാണ്.
ഇന്ത്യയുടെ ട്വന്റി ട്വന്റി തോൽവി ഒന്നും ഈ കുട്ടി ക്രിക്കറ്റിന്റെ മാമാങ്കത്തെ ബാധിക്കും എന്ന് തോന്നുന്നില്ല കാരണം ഇന്ത്യൻ  ജനതയുടെ ആത്മാവിൽ കുടിയിരുത്തിയ കളിയാണ് ക്രിക്കറ്റ്. ആരവങ്ങൾ ഉയരാൻ സമയമായിരിക്കുന്നു ഇനി രണ്ടു മാസം ക്രിക്കറ്റിന്റെ വിരുന്നാണ് . കണ്ണും കാതും മനസും നിറയ്ക്കാൻ അവർ വീണ്ടുമെത്തുകയായി ,കോടികളുടെ കിലുക്കം കേട്ടും നക്ഷത്രങ്ങളുടെ തിളക്കം കണ്ടും നമുക്കും ഉച്ചത്തിൽ പാടാം  ഉലാ ല ല്ലേ ല ലൂ ലേ ല്ലോ .....ഉലാ ലാ ലേ ല ലൂ ലേ  ല്ലോ ....................

അപ്രതീക്ഷിതമായെത്തിയ അപരിചിതൻ

ഇന്നലെ വൈകുന്നേരം അവിചാരിതമായി ഒരു താടിക്കാരനെ പരിചയപ്പെട്ടു, ചിര പരിചിതമായ മുഖവും മനസു കീഴടക്കുന്ന പാൽ പുഞ്ചിരിയുമായി അയാൾ എനിക്കരികെ ഇരുന്നു രണ്ടാവർത്തി ഞാനാ മുഖം ഓർത്തെടുക്കാൻ ശ്രമിച്ചു പരിചിതമായ ഒരു പാട് മുഖങ്ങൾ മനസിലൂടെ കടന്നു പോയി ഇല്ലാ പെട്ടന്ന് കിട്ടുന്നില്ല .
ഇനിയും നീയെന്നെ അറിയുന്നില്ലേ ? അപരിചിതന്റെ ഘന ഗാംഭീര്യമാർന്ന ശബ്ദം ഡോൾബി സിസ്റ്റത്തിൽ എന്ന പോലെ മുഴങ്ങി ഞാൻ തലപുകഞ്ഞു ആലോചിച്ചു ആരായിരിക്കും ഇത് ???
നിന്നോട് എന്നെ പഠിപ്പിച്ചവനും ഇത് പോലെയായിരുന്നു എന്ന് പറഞ്ഞയാൾ വലതു കരം വിരിച്ചു എന്റെ നേരെ നീട്ടി . ആണിപ്പാടുകൾ ,ഉണങ്ങാത്ത മുറിവ്, എന്റെ കർത്താവേ എന്റെ ദൈവമേ ഞാൻ ചാടിയെഴുന്നേറ്റു.
ഉദ്ധിതനായ ക്രിസ്തുവാണെന്റെ മുന്നിലെ താടിക്കാരൻ എന്നെനിക്കു വിശ്വസിക്കാനായില്ല ,
ഒന്നു നുള്ളി നോക്കിക്കോട്ടെ ? ഞാൻ ആ കരം പിടിക്കനാഞ്ഞു അവൻ എന്നെ തോളിൽ കൈയ്യിട്ടു ചേർത്തിരുത്തി ഞങ്ങൾ പരസ്പ്പരം സംസാരിച്ചു തുടങ്ങി ആത്മ സ്നേഹിതനോടെന്ന പോലെ ഞാൻ അവനു മുന്നിൽ എന്നെ തുറന്നു വെച്ചു . എല്ലാം നല്ല ശ്രോതാവിനെപ്പോലെ കേട്ടിരുന്ന അവൻ അവസാനം എന്നോടൊരു ചോദ്യം ചോദിച്ചു .
ആരായി അറിയപ്പെടാനാണ് നീയാഗ്രഹിക്കുന്നത് ??
കവി,കഥാകൃത്ത്‌ , സംവിധായകൻ , എഴുത്ത് , രാഷ്ട്രീയം ,സിനിമ , ഇഷ്ട്ടപ്പെട്ട മേഖലകൾ ഒരു പാടുണ്ട് പക്ഷെ എന്റെ ഉത്തരം വളരെ പ്പെട്ടന്നായിരുന്നു.
ഒരു മനുഷ്യസ്നേഹി എന്നറിയപ്പെടാനാണ് എനിക്കാഗ്രഹം കർത്താവേ !!!
സ്വത സിദ്ധമായ പാൽ പുഞ്ചിരിയോടെ എന്റെ തോളിൽ തട്ടി അവൻ ചോദിച്ചു
നിനക്കധികമായുള്ള വീടുകളിൽ ഒന്ന് വിറ്റു പാവപ്പെട്ടവർക്കു കൊടുക്കാമോ ?
അത് കർത്താവേ ഞാൻ മരുഭൂമിയിൽ ചോര നീരാക്കിയുണ്ടാക്കിയ ... മുഴുവിപ്പിക്കും മുൻപ് കർത്താവിടപെട്ടു പോട്ടെ നിന്റെ ഭാര്യയുടെ ആഭരണങ്ങളിൽ പാതി നിർദ്ധനരായ യുവതികൾക്കു കൊടുക്കാമോ ??
അത് കർത്താവേ അവളു സമ്മതിക്കത്തില്ല അഥവാ സമ്മതിച്ചാൽ തന്നെ പകുതിയും സ്റ്റെറ്റ് ബാങ്കിൽ പണയത്തിലല്ലായോ....
പോട്ടെ നിന്റെ ഈ മാസത്തെ ശമ്പളം മുഴുവൻ പാവത്തുങ്ങൾക്ക് കൊടുക്കാമോ ?
കർത്തവിതെന്നാ തന്നേം പിന്നേം കാശു മാത്രം ചോദിച്ചോണ്ടിരിക്കുന്നത് ? ഈ മാസത്തെ ശമ്പളത്തിനല്ലേ കുഞ്ഞുമോൾക്കു പാദസരം വാങ്ങാമെന്നേറ്റത്,പിന്നെ പലിശ,പാൽ പത്രക്കാരൻ ഇതെല്ലാം ഞാൻ എവിടുന്നുണ്ടാക്കും
ഇനി ചോദ്യം വേണ്ട എന്നഭാവത്തിൽ ഞാൻ തലകുനിച്ചിരുന്നു , ക്രിസ്തു മെല്ലെ എഴുന്നേറ്റു ദൂരേയ്ക്ക് നടന്നു പോയി . ഒരു പാടു ആഗ്രഹിച്ചോരാളെ തൊട്ടടുത്തു കിട്ടിയിട്ടും ഒന്നു തലയിൽ കൈവെച്ചു അനുഗ്രഹം പോലും വാങ്ങാനാകത്ത ഞാൻ നിരാശനായി.
കർത്താവു പറഞ്ഞ വ്യവസ്ഥകൾ ഒന്നും അംഗീകരിക്കാതെ തന്നെ ഞാൻ മനുഷ്യ സ്നേഹിയാകും . എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫേസ് ബുക്കിൽ രണ്ടു മനുഷ്യ സ്നേഹം തുളുമ്പുന്ന അപ് ഡേറ്റുകൾ ഇടും അങ്ങനെ എന്നെ വായിക്കുന്ന എല്ലാവരും എന്നെ മനുഷ്യ സ്നേഹിയെന്നു പ്രകീർത്തിക്കും

Wednesday, 23 March 2016

ട്വന്റി 20 ഉത്സവകാല ഓഫർ


അണ്ണാ ബത്തേരി സൗമ്യ വലിയൊരു ഓഫറുമായി വന്നിട്ടുണ്ട് ഒരു എസ്ക്ലുസിവ് കൊടുക്കട്ടെ ?
ഏത്, ആ എക്സ്ട്രാ നടി പരോപകാരം സൌമ്യയോ ? അതെ അണ്ണാ പക്ഷെ അവരു സ്വയം വിളിക്കുന്നത്‌ അറിയപ്പെടുന്ന മോഡലും അനുഗ്രഹീത നടിയുമെന്നോക്കെയാ ഒന്ന് കൊടുത്ത് നോക്കണ്ണാ പാവം രക്ഷപെടുന്നെ രക്ഷപെടട്ടെ ,
എന്നതാ സംഭവം ?
ഇന്നത്തെ കളിയിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചാൽ അവരു ലോകത്തിനു മുൻപിൽ നഗ്നയാകുമെന്ന് ?
ആഹാ അടിപൊളി, പശൂന്റെ കടീം തീരും കാക്കേനെ നാലാളു അറിയുകേം ചെയ്യും.ഇവരു രവിശാസ്ത്രിയിൽ നിന്നും ഗർഭിണി ആണെന്നു കൂടി ചേർത്തോ അണ്ണാ ഒരു ഗുമ്മിനിരിക്കട്ടെ
അങ്ങനെ ഇല്ലാ വചനം എഴുതിയാൽ അവരു പ്രോബ്ലം ആക്കില്ലേഡാ ?
ഓ, എന്തോന്ന് അവർക്ക് എങ്ങനേലും പ്രശസ്തയായാ മതി അണ്ണൻ മനോധർമ്മം പോലെ മസാല ചേർത്തു തട്ടി വിടൂ .
വെണ്ടയ്ക്ക വലിപ്പത്തിൽ എസ്ക്ലുസിവ് നിരന്നു . ബത്തേരി സൌമ്യ ഇന്ത്യൻ ടീമിനെ പ്രചോദിപ്പിക്കാൻ സ്വയം നഗ്നയാകുന്നു . പോസ്റ്റ്‌ വൈറൽ ആയി ഞരമ്പ്‌ ദീനം ബാധിച്ച കുഞ്ഞു കുട്ടി മുതൽ ജരാനര ബാധിച്ചു കാഴ്ച അടിച്ചു പോയ മുതുകിളവന്മാർ വരെ ബത്തേരി സൌമ്യക്ക്‌ വേണ്ടി ഇന്റർനെറ്റിൽ ഗവേഷണം നടത്തി
സന്തോഷ്‌ പണ്ഡിറ്റ്‌ തന്റെ അടുത്ത ചിത്രത്തിലെ നായിക ബത്തേരി സൌമ്യയാണെന്ന് പ്രഖ്യാപനം നടത്തി. അങ്ങനെ ബത്തേരിയിലെ ലോറിക്കാരുടെ ഇടയിൽ മാത്രം പ്രശസ്തയായിരുന്ന ബത്തേരി സൌമ്യ നേരം ഇരുട്ടി വെളുത്താപ്പോൾ ലോകം അറിയപ്പെടുന്ന മോഡലും പരിസ്ഥിതി പ്രവർത്തകയുമായി .....

Tuesday, 22 March 2016

ജല ലഹരി ജയിലിലാക്കും ലഹരി

രണ്ടു ദിവസമായി മുനിസിപ്പാലിറ്റി  വെള്ളം വന്നിട്ട് ,ക്യാമ്പിലേയ്ക്ക് വെച്ച രണ്ടു ടാങ്കും കാലിയായി ഒരു ടാങ്കർ പുറത്തു നിന്നും വിളിച്ചതും കാലിയാകാൻ പോകുന്നു ഒരു ദിവസം കൂടി മുനിസിപാലിറ്റി വെള്ളം ഉണ്ടാകില്ല ലൈനിൽ എന്തോ അറ്റ കുറ്റ പണി നടക്കുന്നത്രെ തൊഴിലാളികൾ എല്ലാവരെയും ക്യാമ്പിനു പുറത്തു വിളിച്ചു നിർത്തി മുതലാളി ഉപദേശം തുടങ്ങി. ഒരു ടാങ്കേർ വെള്ളം 200 ദിർഹംസ് ആണ്  സ്വന്തം വീടെന്നപോലെ നിങ്ങൾ വെള്ളം ഉപയോഗിക്കണം .ജലം അത്  അമൂല്യമാണ്‌ അത് പാഴാക്കരുത് അടുത്ത യുദ്ധം പോലും വെള്ളത്തിനു വേണ്ടിയുള്ളതാകും തൊഴിലാളികളെ ഉൽബോധിപ്പിച്ച ശേഷം മുതലാളി പോയി.

രണ്ടു ദിവസം കഴിഞ്ഞു വെള്ളം വന്നു ജീവിതം സാധാരണ നിലയിലായി.ഒരു  വ്യാഴാഴ്ച വൈകിട്ട് രാത്രി  ഒരു മണി കഴിഞ്ഞതും ഒരു ഫോൺ കാൾ ,ഉറക്കച്ചടവോടെ മുതലാളി ഫോൺ എടുത്തു ലേബർ ക്യാമ്പിൽ നിന്നും ഫോർമാനാണ് മൊതലാളി വേഗം ഇങ്ങോട്ടു വരണം ഇവിടെ ഭയങ്കര തല്ലു നടന്നു  മുതലാളി വന്നിട്ടേ പോലിസിനെ വിളിക്കൂ.അരുത് ഞാൻ ഇപ്പോൾ വരാം പോലിസ് വന്നാൽ ആകെ ഗുലുമാലാകും.

കാറെടുത്തു സ്റ്റാർട്ട്‌ ആക്കി ആക്സീലിനു മുകളിൽ കയറി നിന്നു . മരണ വെപ്രാളത്തിൽ ക്യാമ്പിൽ എത്തുമ്പോൾ തലയിൽ ചോര ഒളിപ്പിച്ചു കൊണ്ടു പാലക്കാടുകാരൻ പെരുമാൾ . എന്താ സംഭവം ? എന്നാ ഉണ്ടായേ ? വേഗം നമുക്കു ആശുപത്രിയിൽ കൊണ്ട് പോകാം പെരുമാളുമായി ഫോർമാൻ വണ്ടിയിലെയ്ക്കിടിച്ചു കയറി ,വന്ന വേഗത്തിൽ വണ്ടി ഹോസ്പിറ്റലിലേയ്ക്ക്. എന്താണ് സംഭവിച്ചതെന്നു ഫോർമാനും അറിയില്ല ആരോ തല തല്ലി പൊട്ടിച്ചിരിക്കുന്നു എന്ന് മാത്രമാണ് അയാൾക്കും അറിയാൻ കഴിയുന്നത്‌ ക്യാമ്പിൽ ഉള്ള മിക്കവാറും ആളുകൾ പെരുമാൾ ചത്തു എന്ന് കരുതി ഒന്നും പറയുന്നില്ല.

മുറിവു ഗുരുതരമല്ല കേവലം രണ്ടു തുന്നികെട്ടുകൾ മാത്രം . ഡ്രസ്സ്‌ ചെയ്തു പെരുമാൾ പുറത്തിറങ്ങി ,എന്താരുന്നു  പെരുമാൾ ആരാണ് നിങ്ങളെ തല്ലിയത് ? എന്തിനാണ് തല്ലിയത് ? കാറിലിരുന്ന കുപ്പി വെള്ളം ഒറ്റ വലിക്കു അകത്താക്കി കൊണ്ടു  പെരുമാൾ പറഞ്ഞു ,മുതലാളി മുൻപ് പറഞ്ഞില്ലേ ഇനിയുണ്ടാകാൻ പോകുന്ന യുദ്ധങ്ങൾ വെള്ളത്തിനു വേണ്ടി ആയിരിക്കുമെന്ന് . ഒരു കുപ്പി വെള്ളത്തിന്‌ വേണ്ടിയാണ് ഇത്രയും ചോര ചീന്തപ്പെട്ടത്‌.
പ്രാഞ്ചിച്ചായാൻ ഒരു നിരുപദ്രവകാരിയായ ജീവിയാണ് പക്ഷെ വൈകുന്നേരമായാൽ രണ്ടെണ്ണം കീറണം ആർക്കും ഉപദ്രവമില്ലാതെ കിടന്നുറങ്ങും അതാണ്‌ പതിവ് പക്ഷെ ഇയിടെയായി പ്രഞ്ചിച്ചായനു ഒരു സംശയം താൻ വാങ്ങി വെക്കുന്ന കുപ്പിയിൽ നിന്നും ഓരോ പെഗ് ആരോ മോട്ടിക്കുന്നു. പക്ഷെ അഞ്ചു പേർ  താമസിക്കുന്ന മുറിയിൽ ആരെ പിടിക്കും രാത്രിയിലാണ് മോഷണം അന്നും പതിവ് പോലെ മോഷണം നടക്കുമെന്നും ആളെ കൈയ്യോടെ പിടിക്കാനും കാത്തിരുന്ന പ്രഞ്ചിയെട്ടൻ ഉറങ്ങാതെ കാത്തിരുന്നു രാത്രി പതിനൊന്നു  കഴിഞ്ഞു വിളക്കണഞ്ഞു.പ്രാഞ്ചിയെട്ടൻ ഉറങ്ങാതെ കിടന്നു .ഒരു  ശബ്ദം, കട്ടിലിന്റെ അടിയിലേയ്ക്കു ഒരാള് ഗ്ലാസ്സുമായി ഇഴഞ്ഞു വരുന്നു പ്രാഞ്ചിയേട്ടൻ  അരികിൽ സൂക്ഷിച്ചിരുന്ന പട്ടിക കഷണം എടുത്തു നിലത്തിഴയുന്ന രൂപത്തിനു നേരെ ആഞ്ഞടിച്ചു. ആയ്യോാാ എന്നെ കൊല്ലുന്നേ അലർച്ച  കേട്ടു ഏല്ലാവരും ഉണർന്നു ലൈറ്റ്‌ തെളിഞ്ഞു  ചോരയിൽ കുളിച്ചു അടുത്ത കട്ടിലിലെ പെരുമാൾ നിലത്തു കിടന്നു പിടയുന്നു .ഒരു തുള്ളി പോലും കുടിക്കാത്ത പെരുമാൾ എന്തിനാണ് പ്രാഞ്ചിയേട്ടന്റെ  കുപ്പിയിൽ നിന്നും മോഷ്ട്ടിക്കാൻ വന്നത്.  ചോര റൂമിലാകെ ഒഴുകിയൊലിക്കുന്നു ഭയചകിതരായ സഹപ്രവർത്തകർ നാലുപാടും ഓടി, പ്രാഞ്ചിയും പേടിച്ചു പുറത്തേയ്ക്ക് ഓടി.

അല്ല പെരുമാളെ നിങ്ങളെന്തിനാണ് രാത്രിയിൽ പ്രാഞ്ചിയുടെ കട്ടിലിനു കീഴെ പരതാൻ  പോയത് ?അത് എനിക്കു നന്നായി ദാഹിച്ചു സാർ എന്റെ കുപ്പിയിലെ വെള്ളം തീർന്നു അത് കൊണ്ടാണ് പ്രഞ്ചിയെട്ടന്റെ കുപ്പിക്കായി ഞാൻ പരതിയത്. പെരുമാളിനെ ക്യാമ്പിൽ തിരികെ വിട്ടു പോകുന്നതിനു മുൻപ് അവിടെ തടിച്ചു കൂടിയ എല്ലാ തൊഴിലാളികളോടുമായി  മുതലാളി ഇങ്ങനെ പറഞ്ഞു വെള്ളത്തിന്‌ വേണ്ടി ഇനി ഒരു യുദ്ധം ഉണ്ടായില്ലെങ്കിലും ലോകത്തുണ്ടാകുന്ന 99 ശതമാനം അക്രമങ്ങളും മദ്യമെന്ന വെള്ളം കുടിക്കുന്നതിന്റെ ലഹരിയിലാണ്.മനുഷ്യനെ മൃഗവും മനസാക്ഷിയില്ലത്തവനുമാക്കുന്ന മഹാ വിപത്തിനെ പ്രാഞ്ചിയെട്ടൻ പിന്നീടൊരിക്കലും കൂടെ കൂട്ടിയിട്ടില്ല

Monday, 21 March 2016

ബമ്പർ കിനാവുകൾ


പരിചിതമല്ലാത്ത നമ്പരിൽ നിന്നൊരു മിസ്കാൾ , ഉത്കണ്ട കൂടെപ്പിറപ്പാണ് ആരാണെന്ന് അറിയാതെ ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല. ഹലോ ഈ നമ്പരിൽ നിന്നും ഒരു മിസ്‌ കാൾ താങ്കൾ എന്നെ വിളിച്ചതാണോ അതോ തെറ്റി വിളിച്ചതോ ? എന്റെ കടുകട്ടി ആംഗലേയം കേട്ടു തലയ്ക്കു മത്തു പിടിചിട്ടോ എന്തോ മറുതലയ്ക്കൽ നിന്നും നല്ല ഉറുദുവിൽ മറു ചോദ്യം വന്നു, ഭായി തും ഇന്ത്യൻ ഹൈ ? അതെ, അതെ, എന്നും ഭാരത്‌ മാതാ കീ ജയ്‌ എന്നു ഉരുവിടുന്ന സാക്ഷാൽ 916 ഇന്ത്യൻ ,എന്ത് വേണം.
ഭായീ ഞങ്ങളുടെ നറുക്കെടുപ്പിൽ നിങ്ങളുടെ ഫോൺ നമ്പർ അഞ്ചു ലക്ഷം ദിർഹം സമ്മാനം നേടിയിരിക്കുകയാണ് ,,അഭിനന്ദനങ്ങൾ . പടച്ചോനെ രാവിലെ തന്നെ താൻ എന്താണീ കേൾക്കുന്നത്‌ ബമ്പർ അടിച്ചിരിക്കുന്നുഅതും ഒന്നും രണ്ടുമല്ല അഞ്ചു ലക്ഷം നാട്ടിലെ ഒരു കോടി രൂപയ്ക്കടുത്ത് !!!!.
അഞ്ചു ലക്ഷം കിട്ടിയാൽ ഒരു ഇന്നോവ കാർ നാട്ടിൽ വാങ്ങണം ബാക്കി കൊണ്ട് കുറച്ചു ഭൂമി വാങ്ങണം ,പിന്നെ ഒന്നടിച്ചു പൊളിക്കാൻ ഒരു ഗോവ ട്രിപ്പ്‌ അവിടെ എല്ലാം കിട്ടുന്ന ഒരു കപ്പലുണ്ട് പോലും അതിലൊരു ഒരാഴ്ച അടിച്ചു പൊളിക്കണം .ഞള് പറ ഭായി ഇപ്പറഞ്ഞ സമ്മാനം ഇപ്പം കിട്ടും.
അതിനു കുറച്ചു സാവകാശം ഉണ്ടാവും നിങ്ങൾ ഒരു കാര്യം ചെയ്യൂ നിങ്ങളെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കാൻ ഞങ്ങളുടെ മൊബൈലിൽ ഒരു 500 ദിർഹംസ് ഒന്ന് റീചാർജ്ജ് ചെയ്തു തരു.
"അത് വേണ്ട നിങ്ങൾ മൊബൈൽ നമ്പർ തന്നാൽ ഞാൻ തന്നെ അങ്ങോട്ടു വിളിച്ചു അന്വേഷിക്കാം".
അതു പറ്റില്ല ഞങ്ങളുടെ ഓഫീസ് ലണ്ടനിൽ ആണു അവിടെയ്ക്ക് ഫോൺ ചെയ്യാൻ നിങ്ങൾക്ക് അനുവാദം ഇല്ല.നിങ്ങൾക്കു വേണ്ടി വിശ്വസ്ഥതയോടെ ഞങ്ങൾ അത് ചെയ്യും .
അഞ്ഞൂറ് കൊടുത്താലെന്താ അഞ്ചു ലക്ഷമാണു പെട്ടിയിൽ വീഴാൻ പോകുന്നത് ഓടി പോയി ബാക്കാലയിൽ നിന്നും അഞ്ഞൂറിന്റെ റീചാർജ്ജ് കാർഡ്‌ വാങ്ങി. ബംഗാളി കയറ്റുന്ന 5 ദിർഹംസിനു പോലും പിശുക്കുന്ന ഞാൻ ഒറ്റയടിക്ക് അഞ്ഞൂറിന്റെ കൂപ്പൺ വാങ്ങുന്നത് കണ്ടു ബക്കാലക്കാരൻ മമ്മതു കാക്കാ മൂക്കത്ത് വിരൽ വെച്ചു ചോദിച്ചു
ഞക്ക് ലോട്ടറിയടിച്ചല്ലേ ? പടച്ചോനെ ഇത്രവേഗം അതും ലീക്ക് ഔട്ട്‌ ആയാ , മുണ്ടാണ്ട് ഇറങ്ങി റൂമിൽ വന്നു പാകിസ്ഥാനി പറഞ്ഞ നമ്പരിലേയ്ക്ക് അഞ്ഞൂറ് കയറ്റി കൊടുത്തു. ബദരീങ്ങളെ നാളെ ഇരുട്ടി വെളുക്കുമ്പോൾ മ്മള് ലക്ഷപ്രഭുവാ ,കിനാവുകൾ മാറി മറിഞ്ഞു ഖൽബൊരു പൂങ്കാവനമാകുന്നു. പെരെലിരിക്കുന്ന പെണ്ണിനെ വിളിച്ചു സംഗതി പറഞ്ഞാലാ ബേണ്ടാ അവറ്റോളു അറിഞ്ഞാ നാട് മുയുക്കെ പറഞ്ഞു നടക്കും.
പിറ്റേന്നു രാവിലെ സുബഹി കഴിഞ്ഞിറങ്ങിയതും കാശ് കേറ്റിയ മൊബൈൽ നമ്പരിലേയ്ക്ക് കുത്തി വിളിച്ചു.
"അലഹത്തുഫുൽ മുത്തഹരക്ക് തലത്തുഹുൽ മുഗലക്ക് " ദി മൊബൈൽ ഫോൺ യു ആർ കാളിംഗ് ടേൺലി ഇവൻ സ്വിച്ചിട് ഓഫ്‌ ഓർ ഔട്ട്‌ സൈഡ് ദി കവറേജ് ഏരിയ. പണി പാളി അവൻ അഞ്ഞൂറും അടിച്ചോണ്ട് കടന്നിരിക്കുന്നു പിന്നീട് പലതവണ മാറി മാറി ആ നമ്പർ ഡയൽ ചെയ്തു നോ രക്ഷ.അഞ്ഞൂറു അറബിക്കടലിൽ പതിച്ചിരിക്കുന്നു .
കടുത്ത ദുഖഭാരത്താൽ ബാക്കാലയിൽ എത്തിയപ്പോൾ മമ്മതു കാക്ക അർത്ഥം വെച്ചു ചിരിക്കുന്നു . അഞ്ഞൂറു പോയികിട്ടി അല്ലേ ? കഴിഞ്ഞാഴ്ച എന്റെയും പോയാരുന്നു, നീ ലോട്ടറി അടിച്ച വിവരം ഞമ്മളീന്നു ഒളിപ്പിചില്ലാരുന്നേൽ ഞാൻ പറഞ്ഞേനെ , താൻ മാത്രമല്ല മറ്റൊരു മലയാളിയും പച്ചകളാൽ പറ്റിക്കപെട്ടതിൽ മറ്റേതൊരു മലയാളിയേയും പോലെ മമ്മതു കാക്കയും നിറഞ്ഞു ചിരിച്ചു.

Thursday, 17 March 2016

അടുക്കളയിലെ അറിയപ്പെടാത്ത രാജ കുമാരിമാർ


മുതലാളിയുടെ വീട്ടിലേയ്ക്ക് പുതിയ ജോലിക്കാരി വരുന്നു ,ഒന്ന് പോയി പിക്ക് ചെയ്യാമോ നമ്മുടെ ഡ്രൈവറു മാരെല്ലാം നോമ്പാണ്‌ അവർക്കു നോമ്പ് മുറിക്കേണ്ട സമയമായതിനാൽ എല്ലാവരും മടി പറയുന്നു പറ്റില്ലെങ്കിൽ ഞാൻ പോകാം ജി എമ്മിന്റെ നിസ്സഹായത കണ്ടാണാ ജോലി ഏറ്റെടുത്തത് . നോമ്പ് വീടുന്ന സമയമടുത്തു വരുന്നതിനാൽ റോഡുകളെല്ലാം വിജനമാണ് ആവശ്യം ബജറ്റ് എയർ ലൈനുകൾ മാത്രം സർവീസ് നടത്തുന്ന ടെർമിനലായതു കൊണ്ട് അവിടെയും ശാന്തം. ശ്രിലങ്കൻ എയർ ലൈൻസിന്റെ കൊളോമ്പോയിൽ നിന്നുള്ള വിമാനംപതിനഞ്ചു മിനിറ്റ് ലേറ്റായാണ് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഞാൻ ആഗമന കവാടത്തിന്റെ പുറത്തുള്ള ലോബിയിലെ സ്റ്റീൽ ബെഞ്ചിൽ അലസനായി മോബൈലിൽ തോണ്ടിയിരുന്നു .
ഭായി ...അറബി കലർന്ന ഉറുദുവിലുള്ള വിളി കേട്ട ഞാൻ തലയുയർത്തി ,ഒരു സ്വദേശി പയ്യൻ കൂടെ കുട്ടിത്തം വിട്ടു മാറാത്ത മുഖമുള്ള ഒരു പെൺകുട്ടിയും ഒറ്റ നോട്ടത്തിൽ ഭാര്യാ ഭർത്തക്കന്മാരെന്നു തോന്നുന്നു ,
ഭായി ശ്രിലങ്കൻ എയർ ലൈൻസ് വന്നോ ? ഇല്ലാ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി അവർ എനിക്കരുകെ ഇരുന്നു ഞാൻ വീണ്ടും മൊബൈൽ ഗയിമിൽ മുഴുകി . നിങ്ങൾ ശ്രിലങ്കക്കാരൻ ആന്നോ ? പയ്യൻ വിടാൻ ഭാവമില്ല ഓരോ മറുപടി തീരും മുൻപ് അടുത്ത ചോദ്യം വരുകയായി പ്രസരിപ്പും ഊർജ്ജവും ഉളള കൌമാരം കഴിയാത്ത പത്തൊൻപതു കാരനാണവൻ കൂടെ വന്നിരിക്കുന്നതവന്റെ അനിയത്തിയാണ് രണ്ടു പേരും കൂടി അവരുടെ അമ്മയെ സ്വീകരിക്കാൻ എത്തിയതാണ് എന്ന് പറയുന്നു . സ്വദേശി കുട്ടികളുടെ അമ്മ അവരേ കൂടാതെ ശ്രിലങ്ക കാണാൻ പോകുകയോ എന്തെങ്കിലും പഠന ആവശ്യം ആയിരിക്കും ഇവിടൊക്കെ മൂക്കിൽ പല്ല് വരുമ്പോഴും പഠനമാണല്ലോ കൂടുതൽ കിഴിച്ചു ചോദിക്കാൻ ഞാൻ നിന്നില്ല, അതു ശരിയുമല്ല, വിമാനം ലാൻഡ് ചെയ്തു എന്ന അറിയിപ്പു വന്നു .
സുവിനി ദെവാഗെ എന്ന പ്ലക്കാർഡുയർത്തി ഞാൻ പുറത്തിറങ്ങുന്ന ഓരോ മുഖങ്ങളിലും എന്റെ കൈയ്യിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയിലെ മുഖം തേടി നിന്നു .കുമാരീ..... സ്ഥലകാല ബോധമില്ലാതെയുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്. ആ സ്വദേശി യുവതിയാണ് അലറുന്നത് അങ്ങ് ദൂരെ കുഴിഞ്ഞൊട്ടിയ കവിളും ഉന്തി നിൽക്കുന്ന മേൽപല്ലുകളുമായി വിരൂപയായൊരു സ്ത്രീ രൂപം .സ്വദേശി പയ്യനും സഹോദരിയും കൂടി ഓടി അകത്തു കയറി അവരെ കെട്ടിപിടിച്ചു. ആ പെൺകുട്ടി അവരെ തുരു തുരാ ചുംബിച്ചു .അവരുടെ കയ്യിലെ ട്രോളിയുടെ നിയന്ത്രണം ആ പയ്യൻ ഏറ്റെടുത്തു രാജകീയ സ്വീകരണമേറ്റുവാങ്ങി അവർ പുറത്തിറങ്ങി എനിക്കു കൊണ്ട് പോകാനുള്ള ആൾ പ്ലക്കാർഡു കണ്ടു എനിക്കരുകിലെത്തി ഞങ്ങൾ പോകാനായി കാറി നടുത്തു വന്നതും ശക്തമായ ഒരു ചൂളം വിളി ദൂരെ പാർകിങ്ങിനു അടുത്തെ പുൽത്തകിടിയിൽ നിന്നും സ്വദേശി പയ്യനാണ് ഞാൻ അടുത്തേയ്ക്ക് ചെന്നു.മഗരിബ് സല വിളിക്കാനുള്ള സമയമായിരിക്കുന്നു അവർ നോമ്പു തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹപൂർവ്വം ഞങ്ങളെയും ക്ഷണിച്ചു.
കുമാരി അവർക്കു പ്രസവിക്കാത്ത അമ്മയാണ്,ജനിച്ചു വീണ അന്ന് മുതൽ അഞ്ചു കൊല്ലം മുൻപ് മതിയാക്കി പോകും വരെ കുമാരിയായിരുന്നു അവരുടെ എല്ലാം ഇപ്പോൾ പയ്യനും സഹോദരിക്കും ജോലി ആയിരിക്കുന്നു അവരുടെ ശമ്പളത്തിലെ ആദ്യ വിഹിതം കുമാരിക്കു കൊടുക്കാനും സല്ക്കരിക്കാനുമാണ് വീണ്ടും തിരികെ കൊണ്ട് വന്നിരിക്കുന്നത്. സല വിളിച്ചു അവരുടെ സ്നേഹത്തിൽ ഞങ്ങളും പങ്കുചേർന്നു .കുമാരി ശ്രിലങ്കയിൽ നിന്നും കൊണ്ടുവന്ന ചക്ക ചുളകൾ അടർത്തി യുവാവിനും പെൺകുട്ടിക്കും മാറി മാറി നൽകുന്നു പിഞ്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ അവർ അത് ആസ്വദിക്കുന്നു.
പിരിയുമ്പോൾ ആ യുവാവെന്റെ കൈ പിടിച്ചു ചോദിച്ചു സ്നേഹത്തിനു ആതിർ വരമ്പ് നിശ്ചയിക്കുന്നതാരാണ് ഭായി ? തീർച്ചയായും മനസ്സുകളാണ്, ഒരു പൊട്ടിച്ചിരിയോടെ യുവാവു തന്റെ ആഡംബര കാറിൽ കയറി മുന്നോട്ടോടിച്ചു പോയി .പീഡനപർവ്വം താണ്ടി ജീവൻ ഹോമിക്കപ്പെടുന്ന, കഷ്ട്ടപാടിന്റെ കയങ്ങളിൽ മുങ്ങിത്താഴുന്ന ഒരു പാട് കുമാരിമാർക്കിടയിൽ ഇങ്ങനെയും ചില രാജ "കുമാരിമാർ " ഉണ്ടെന്ന അറിവ് എനിക്കു പുതിയതും ഊർജ്ജദായകവുമായിരുന്നു.

Wednesday, 16 March 2016

ശീഖ്ര സ്ഖലനം


വൈകുന്നേരം സന്ധ്യാ പ്രാർത്ഥന കഴിഞ്ഞു സ്തുതി തന്നതും എട്ടു വയസുകാരനായ മകൻ കയറി മടിയിലിരുന്നു അങ്കുശമില്ലാതെ ചോദിച്ചു "എന്നതാ അച്ചാച്ചാ ഈ ശീഖ്ര സ്ഖലനം " അപ്രതീക്ഷിതമായ ചോദ്യം കേട്ട് ഞാൻ ഭാര്യയുടെ മുഖത്തേക്ക് നോക്കി ഇനി യെവളെങ്ങാനും പറഞ്ഞു കേട്ടാണോ ചെക്കൻ ഇത് ചോദിക്കുന്നത് ,ഞാൻ അവളെ നോക്കി കണ്ണിറുക്കി . പിന്നെ മനുഷ്യന്റെ നടുവു തളർന്നാലും എഴുന്നേറ്റു മാറാത്ത ആൾക്കാ ശീഖ്ര സ്ഖലനം, പിറു പിറുത്തു കൊണ്ട് ഭാര്യ എഴുന്നേറ്റു കൊച്ചനു നേരെ ചീറി എവിടുന്നു കേട്ടു പഠിക്കുന്നെടാ ഇതൊക്കെ? ഏതോ മഹാപരാധം ചോദിച്ചതു പോലെ പയ്യന് നിന്നു വിറക്കുന്നു .അമ്മയെ തൂറോളം പേടിയാണ് അച്ചാച്ചൻ അവന്റെ സുഹൃത്താണ് ആ ബലത്തിൽ ആണവൻ എന്നോട് ചോദിച്ചത്‌ അപ്പോൾ അവനെ ഉത്തരം പറഞ്ഞു ബോധ്യപ്പെടുത്താനുള്ള ചുമതലയും എനിക്കുണ്ട് .അതായത് മോനെ ഈ ശീഖ്ര സ്ഖലനം എന്നു വെച്ചാൽ ,എന്ന് വെച്ചാൽ ഒരു നിമിഷം ഒന്നു നിർത്തി ആലോചിച്ചു ഇവൻ അറിയാനുള്ള പ്രായമായിട്ടില്ല തൽക്കാലം ഒരു മുട്ടാപോക്കു പറയാം ,അതായതു മോനു ജലദോഷം വരുമ്പോൾ മൂക്കിൽ നിന്നും മൂക്കള ഒലിക്കില്ലേ അതിനാണ്‌ ശീഖ്ര സ്ഖലനം എന്നു പറയുന്നത് .ആട്ടെ മോൻ ഇതെവിടുന്നാ കേട്ടേ ?അതു എബിയുടെ അചാച്ചനു അതാണെന്നു അവന്റെ അമ്മച്ചി ആരോടോ പറയുന്നതു എബി കേട്ടു, സ്കൂളിൽ ആർക്കും അതെന്താനെന്നറിയില്ല ,എന്റെ ഉത്തരം അവനെ സന്തുഷ്ട്ടനാക്കി അനുസരണമുള്ള കുട്ടിയായി അവൻ ഉറങ്ങാൻ പോയി .
സ്കൂൾ ആനിവേർസറിക്കു സംഘ ഗാനമൊഴികെ എല്ലാത്തിനും മകനുണ്ട് ,അമ്മയുടെ ശിഷ്യണത്തിൽ ഒട്ടുമിക്ക പരിപാടിക്കും അവൻ ഒന്നാമതുമാണ്.അന്ന് രാവിലെ മുതൽ കടുത്ത ജലദോഷവും പനിയും അനുഭവപ്പെട്ടതിനാൽ അവനെ മത്സരിപ്പിക്കെണ്ടന്നു ഞങ്ങൾ തീരുമാനിച്ചു എന്നാൽ എല്ലാത്തിനും റിഹേർസൽ മുഴുവൻ കഴിഞ്ഞിട്ടു പങ്കെടുക്കാൻ കഴിയാത്തതിൽ മകനു നിരാശയും വിഷമവും തോന്നാതിരിക്കാൻ അവസാന ഐറ്റമായ നന്ദി പ്രകാശനം മാത്രം അവനെ കൊണ്ടു തന്നെ ചെയ്യിക്കാൻ തീരുമാനിച്ചു .മൂക്കു വലിചിട്ടാണെങ്കിലും അവൻ എല്ലാം ഭംഗിയായി അവതരിപ്പിച്ചു അവസാനം സദസിനെ നോക്കി ഇങ്ങനെ പറഞ്ഞു ഇന്നലെ വൈകുന്നേരം മുതൽ ശക്തമായ ശീഖ്ര സ്ഖലനം മൂലം ഒരു പരിപാടിയിലും പങ്കെടുക്കാൻ എനിക്ക് സാധിച്ചില്ല .എന്റെ ശീഖ്ര സ്ഖലനം വേഗം നിൽക്കാൻ കൂട്ടുകാരെ നിങ്ങൾ എല്ലാവരും എനിക്കുവേണ്ടി പ്രാർത്ഥിക്കണം .
അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ട ചിരിയിൽ ഹാൾ പ്രകമ്പനം കൊണ്ടു ഞാനും ശ്രീമതിയും ലജ്ജ കൊണ്ടു തല താഴ്ത്തി നിന്നു .അന്നാദ്യമായി വീട്ടിലെ ചിരവയ്ക്കു തേങ്ങാ ചിരവുന്ന പണിയല്ലാതൊന്നു എന്റെ ഭാര്യ പരീക്ഷിച്ചു ദൈവാനുഗ്രം കൊണ്ട് തലയ്ക്കു കിട്ടേണ്ടത് മുതുകിനു കിട്ടി .പിന്നൊരിക്കലും ഞാൻ ഉപമകളിലൂടെ സംസാരിച്ചിട്ടില്ല .

Monday, 14 March 2016

അത്യാഹിതത്തിലെ അത്യാഹിതം




ബൈക്കിൽ നിന്നും വീണു കാൽ വിരൽ മുറിഞ്ഞ സുഹ്രത്തിനെ കാണാനാണ് ഞാനും മൂന്ന് സുഹൃത്തുക്കളുമായി മെഡിക്കൽ കോളേജിലെ പതിനൊന്നാം വാർഡിൽ എത്തുന്നത് .ഞായറാഴ്ച വൈകുന്നേര മായതിനാൽ സന്ദർശകരുടെ തിരക്കു കാരണം ഒരു രക്ഷയുമില്ല ഒരു വിധം തിക്കി തിരക്കി സുഹൃത്തിന്റെ കട്ടിലിനു മുകളിൽ ഞങ്ങൾ വെടിവെട്ടം പറഞ്ഞിരുന്നു .അപകട വാർഡാണത് എങ്ങും എവിടെയും കൈയ്യും കാലും ഒടിഞ്ഞ ആളുകൾ മാത്രം നമ്മുടെ നാട്ടിൽ അടക്ക കുരുവി പോലെ ടു വീലറുകൾ പെരുകുന്നതിന്റെ ദൂഷ്യം മുഴുവൻ ആ വാർഡിൽ പ്രതിഫലിച്ചു കാണാം .കൂട്ടുകാരന്റെ തൊട്ടടുത്ത ബെഡിൽ ഒരു ഇരുപതുകാരൻ പയ്യൻ മീശ മുളച്ചു തുടങ്ങുന്നതേ ഉള്ളു പക്ഷെ അവന്റെ ഒരു കാലു തിരി കല്ലു കെട്ടി ബാലൻസ് കൊടുത്തിട്ടിരിക്കുന്നു അവന്റെ അപ്പൻ എന്ന് തോന്നുന്നയാൾ എന്നെ നോക്കി പറഞ്ഞു എന്റെ പൊന്നു മോനെ ബൈക്കു വാങ്ങി കൊടുക്കാഞ്ഞതിന് തൂങ്ങി ചാകാൻ പോയവനാ ഒടുക്കം ബൈക്ക് വാങ്ങി മൂന്നാം പക്കം കാലുമൊടിച്ചു ദേ ഇവിടെ കിടക്കുന്നു .മോനു ബൈക്കുണ്ടോ ? ഉവ്വെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി ,സൂക്ഷിച്ചൊക്കെ ഓട്ടണം അല്ലേൽ കാലൊടിയാൻ അധികം സമയം ഒന്നും വേണ്ടാ ഒരുപദേശം പോലെ മൂപ്പിൽസ് പറഞ്ഞു നിർത്തി .
ഞാൻ വീണ്ടും സുഹൃത്തിന്റെ കട്ടിലിനരികിലെയ്ക്ക് തിരിഞ്ഞതും വടക്ക് നിന്നൊരു ബഹളം ഒരു കൂട്ട ഓട്ടം പോലെ ആളുകൾ ജീവനും കൊണ്ട് പായുന്നു .കൈയും കാലും ഒടിഞ്ഞു തൂങ്ങിയവർ വരെ ഓടുന്നവരുടെ കൂട്ടത്തിൽ ഉണ്ട്, ഓടുന്നവരുടെ കൂട്ടത്തിലൊരാൾ ഉച്ചത്തിൽ അലറി
"ജീവൻ വേണേൽ ഓടിക്കോ പേവിഷബാധയേറ്റ ഒരാൾ സെല്ലിൽ നിന്നും ചാടി കണ്ണിൽ കണ്ടവരെയെല്ലാം ഓടിച്ചിട്ടു കടിക്കുന്നു"
കേട്ട പാതി ഞാനും സുഹൃത്തുക്കളും പി ടി ഉഷ ബാറ്റൻ വാങ്ങി ഓടും പോലെ ജീവനും കൊണ്ടു ഓട്ടം തുടങ്ങി എനിക്ക് പിറകെ കാലൊടിഞ്ഞ മകനെ തോളിൽ എടുത്താ മനുഷ്യനും ഓടുകയാണ് എനിക്കവരെ സഹായിക്കണം എന്നുണ്ട് പക്ഷെ പുറകെ വരുന്നത് കാലനാണ് ഒരു കടി കിട്ടിയാൽ എല്ലാം കഴിഞ്ഞു .
മുമ്പോട്ടോടും തോറും തിരക്കു കൂടുന്നു ഏതോ കട്ടിലിന്റെ കാലിൽ തട്ടി ഞാൻ മറിഞ്ഞു വീണൂ പിറകെ വന്നവർ ദയാ ദാക്ഷിണ്യമേതുമേ എന്റെ മുകളിലൂടെ ഓടുകയാണ് ,പേപ്പട്ടി കടിച്ചവൻ ഇപ്പോൾ വന്നാൽ ഒന്നെഴുന്നെൽക്കൻ പോലും വയ്യാത്ത എന്നെ കടിക്കും ഞാനും മരണവും തമ്മിൽ രമ്മ്യതയിൽ ആകാൻ സമയമായിരിക്കുന്നു. ഇപ്പോഴും ആരൊക്കയൊ എന്റെ പുറത്തു കൂടി ഓടുന്നുണ്ട് പക്ഷെ ഒന്നുറക്കെ കരയാൻ പോലും അശക്തനായി ഞാൻ കിടന്നു.
ബോധം വരുമ്പോൾ കൂട്ടുകാരന്റെ കട്ടിലിനു അരികെ ഒരു കട്ടിലിൽ ആണ് ഞാനും കാൽപത്തിയിൽ രണ്ടു സ്ഥലത്തു എല്ലിനു പൊട്ടലുണ്ട് .അപ്പുറത്തെ കട്ടിലിൽ ഇരുന്നു കൂട്ടുകാരൻ ഞാൻ കൊടുത്ത ഓറഞ്ചു പൊളിച്ചു തിന്നുന്നു എന്നെ ഇടം കണ്ണിട്ടു നോക്കി പുളിപ്പിറക്കി കൊണ്ടവൻ പറഞ്ഞു പേവിഷമേറ്റവൻ ചത്തു, ഭാഗ്യം വീണപ്പോൾ നിന്നെ അവൻ കടിചില്ലല്ലോ .
ദേഹം നുറുങ്ങുന്ന വേദന, സുഹ്രത്ത് വീണ്ടും കണ്ണിറുക്കി അടുത്ത ബെഡിലേയ്ക്ക് ആങ്ങ്യം കാട്ടി അവിടെ കാലൊടിഞ്ഞ മകനൊപ്പം വലിയ ഉപദേശം തന്ന മൂപ്പിൽസും പ്ലാസ്റെർ ഓഫ് പാരിസിൽ പൊതിഞ്ഞ കാലുകളുമായി കിടക്കുന്നു ,ഇന്നലെ 75 കിലോയുള്ള മകനെ പൊക്കി ഓടും വഴി എവിടെയോ ഒരു കുഴ തെറ്റിപോയി .എന്നെ കണ്ടതും ജാള്യതയോടെ മൂപ്പിൽസ് പറഞ്ഞു ഒരപകടം വരാൻ ബൈക്ക് തന്നെ വേണമെന്നില്ല മകനെ സമയമായോ അതെപ്പോഴും വരാം ..

Sunday, 13 March 2016

എല്ലാ നീലയും മറ്റേതല്ലാ .....

രാവിലെ കുളിച്ചു വന്നത് മുതൽ മുഖത്തൊരു നീല നിറം ഭാര്യയാണ് അത് ആദ്യം ശ്രദ്ധിച്ചത് , ഇനി വല്ല പാമ്പോ മറ്റോ കടിച്ചു വിഷം തീണ്ടിയിട്ടുണ്ടാവുമോ എന്റെ ഇടപ്പള്ളി പുണ്യാളാ നിനക്ക് ഞാൻ രണ്ടു കോഴിയെ തന്നേക്കാമേ എന്റെ പൊന്നിനെ കാത്തോണേ
ഭാര്യ ഷർട്ടൂരി ദേഹമാസകലം പരിശോധന തുടങ്ങി ഒരു മാതിരി പെട്ട എല്ലാടത്തും ഉണ്ട് നീല നിറം ഇത് വിഷം തീണ്ടിയത് തന്നെ.
നിങ്ങൾക്കെന്തങ്കിലും സംഭവിച്ചാൽ പിന്നെ ഞാനും എന്റെ പിള്ളേരും വഴിയാധാരമാകും വേഗം നമുക്ക് ഹോസ്പിറ്റലിൽ പോകാം ഭാര്യ കെഞ്ചി. മാസാവസാനം ആകുന്നു പോക്കറ്റ് കലശി കണ്ടു തുടങ്ങുന്നു ഹോസ്പിറ്റലിൽ പോയാൽ നിക്കറു കീറും.
എടി എനിക്ക് അസ്വസ്ഥത ഒന്നും ഇല്ല പിന്നെന്തിനാ ഇപ്പൊ ഹോസ്പിറ്റലിൽ പോകുന്നത് നമുക്ക് ഒരു മണിക്കൂർ കൂടി നോക്കാം എന്നിട്ട് പോരെ , അയ്യോ ഇതിയാൻ ഇതെന്നതാ ഈ പറയുന്നേ നിങ്ങളു ചത്തിട്ടു ഉള്ള സമ്പാദ്യം ഒന്നും എനിക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും വേണ്ടായേ,ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ പിന്നെ ജീവിചിരിക്കില്ലാ . അതിൽ ഞാൻ വീണു ഞാൻ ചത്താലും നീ ജീവിക്കണം കുഞ്ഞുങ്ങൾക്ക്‌ കൂട്ട് വേണം വേഗം ഒരുങ്ങി വണ്ടി സ്റ്റാര്ട്ടാക്കീ.
നഗര ഹൃദയത്തിലെ പഞ്ച നക്ഷത്ര ഹോസ്പിറ്റലിന്റെ പോർട്ടിക്കോവിൽ വണ്ടി നിലവിളി ശബ്ദമിടാതെ നിന്നു. റിസപ്ഷനിൽ ഇരുന്ന സുന്ദരി കൊച്ചു ചീട്ടു കീറി പേർസിൽ നിന്നും ആദ്യത്തെ ഗാന്ധിയെ വലിച്ചു പുറത്തിട്ടു. എ സിയുടെ ശീതളിമയിൽ കുത്തിയിരുന്നു കുറിപ്പെഴുതുന്ന സുമുഖൻ ഡോക്ടർ പുതിയ ഇര കിട്ടിയ സന്തോഷത്തിൽ 70 എം എം ചിരി ചിരിച്ചു ഞങ്ങളെ സ്വാഗതം ചെയ്തു പരിശോധന തുടങ്ങി. ഡോക്റ്റർ വല്ല എട്ടുകാലി വിഷവുമാണെങ്കിൽ ദേഹം മുഴുവൻ മുഴകൾ ഉണ്ടാകില്ലേ ഡോക്റ്റർ ? ഭാര്യയുടെ പൂച്ച് പുറത്തു ചാടി എന്നോടുള്ള സ്നേഹം മൂത്തിട്ടല്ല വിരൂപനായ എന്നെ സഹിക്കാനുള്ള ബുദ്ധി മുട്ട് കൊണ്ടാണിവൾ എന്നെയും കൊണ്ട് ഇങ്ങോട്ട് കെട്ടിയെടുത്തത്.
ഡോക്ടർ പരിശോധന കഴിഞ്ഞു ഒന്നുമില്ല വിഷമാകാൻ സാധ്യത തീരെ ഇല്ല എന്നാലും ഈ ടെസ്റ്റുകൾ ഒക്കെ ഒന്ന് ചെയ്തേര്. ഒരു കുറിപ്പ് എന്നിലേയ്ക്ക് നീട്ടി ബ്ലഡ്‌ ടെസ്റ്റ്‌ മുതൽ എൻഡോസ്കോപി വരെ 24 തരം വിവിധ ടെസ്റ്റുകൾ. ചെയ്യാതെ നിവർത്തിയില്ല വന്നു പോയില്ലേ ഓരോരോ സെക്ഷനിൽ പോയി എല്ലാം ചെയ്തു .ഈ മാസം ബാക്കിയും അടുത്തമാസം പകുതി വരെ ഉള്ളതുമായ ബജറ്റ് കമ്മി ആയിരിക്കുന്നു .എല്ലാ റിസൽട്ടും വരും വരെ ഞാൻ ഡോക്ടറുടെ നീരിക്ഷണത്തിൽ കഴിഞ്ഞു ഒന്നിലും വിഷം പോയിട്ട് പാലിന്റെ പോലും അംശം ഇല്ല പോക്കറ്റ് കാലിയായെങ്കിലും ഭാര്യക്ക്‌സന്തോഷമായി.
തിരികെ പോരും മുൻപ് ഡോക്റ്റർ ഞങ്ങളെ റൂമിൽ വിളിപ്പിച്ചിട്ടു പറഞ്ഞു നാളെ മുതൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന തോർത്ത് ഉപയോഗിക്കേണ്ടാ ?? ഞാനും ഭാര്യയും മുഖത്തോട് മുഖം നോക്കി, അതെ നിങ്ങളുടെ ശരീരത്ത് കണ്ട നീല നിറം നിങ്ങൾ ഉപയോഗിച്ച വില കുറഞ്ഞ പാണ്ടി തോർത്തിൽ നിന്നും ഇളകിയ കളറായിരുന്നു. 30000 രൂപയുടെ ടെസ്റ്റ്‌ നടത്തി കണ്ടെത്തിയ റിസൾട്ട്‌ കേട്ട് കലി വന്നു കുറഞ്ഞ പക്ഷം ഒരു പല്ലി നക്കിയിട്ടാണ് ഇതുണ്ടായതെന്നു പറഞ്ഞിരുന്നെങ്കിൽ മനസ്താപം ഉണ്ടാകുമായിരുന്നില്ല.ഇത് വെറും 25 രൂപയുടെ തോര്ത്ത് മുണ്ട് ഉണ്ടാക്കിയ നഷ്ട്ടം. എവിടെ റിഡക്ഷൻ മേള ഉണ്ടെങ്കിലും ഓടി പോയി ചവറു പോലെ വാരി കൂട്ടുന്ന ശ്രീമതി കടുത്ത കുറ്റ ബോധത്തിൽ തല കുനിച്ചിരിക്കുന്നു. വീട്ടിലെത്തിയ ഉടൻ ബാത്ത്രൂമിൽ നിന്നും ഞങ്ങളുടെ പോക്കറ്റ് കാലിയാക്കിയ തോർത്തിനെയെടുത്തു ജനാലയിലൂടെ കുപ്പ തോട്ടി ലക്ഷ്യമാക്കി എറിഞ്ഞു. അതിനടുത്തു ചവറുകൾക്കിടയിൽ പ്ലസ്ടിക്ക് കുപ്പി തിരഞ്ഞിരുന്ന പാണ്ടി പയ്യൻ അതെടുത്തു തലയിൽ കെട്ടി രാജാവിനെ പോലെ നടന്നു പോയി .....