Thursday, 31 March 2016

വിഡ്ഢി ദിന ആശംസകൾ ...............



പണ്ട് , പണ്ടെന്നു പറഞ്ഞാൽ ഓസോൺ പാളിക്കു ഓട്ട വീഴുന്നതിനു മുൻപ് , ഗ്ലോബൽ വാമിങ്ങിൽ കേരളം കത്തിയുരുകന്ന അവസ്ഥ ഉണ്ടാകുന്നതിനുമൊക്കെ വളരെ മുൻപ്, ഞാനൊരു കൊച്ചു കപ്പേളയിലെ കപ്യാരായിരുന്നു.എന്നും സന്ധ്യാ മണിയടിക്കുന്ന ഇടവകയിൽ ആരെങ്കിലും മരിച്ചാൽ മരണ മണിയടിച്ചു ആളുകളെ അറിയിക്കുന്ന ജോലിയടക്കം സകലമാന ദേവാലയ ജോലികളും ചെയ്തിരുന്ന മീശ മുളയ്ക്കാത്ത കപ്യാർ. അക്കാലത്ത് എനിക്കൊരു വിമർശകനും എന്റെ ശത്രു പക്ഷത്തു ഞാൻ കണ്ടതുമായ ഒരാളുണ്ടായിരുന്നു , പള്ളിക്കെതിർവശം കട നടത്തിയിരുന്ന ജോസി ചേട്ടൻ . മരണമണി കേട്ടാൽ ആരാണ് മരിച്ചതെന്നറിയാൻ ആദ്യമെത്തുന്നയാൾ ജോസി ചേട്ടനായിരിക്കും . ജോസി ചേട്ടൻ ക്ലോക്കിൽ നോക്കിയിരിക്കും സന്ധ്യാ മണി ഒരഞ്ചു മിനിറ്റു വൈകിയാൽ ,മണിയടിക്കിടയിൽ പെട്ട മണി വീണാൽ , ഒമ്പതു മണിയിൽ ഒന്ന് കൂടിയാൽ ഒക്കെ കോക്രിച്ച മുഖവുമായി അയാളെത്തും ശ്രദ്ധയുണ്ടോടാ നിനക്കെന്നും പറഞ്ഞു എന്നെ രണ്ടു ചീത്ത പറയാതെ ഒരു സമാധാനവും ഇല്ല. കപ്യാരാണെങ്കിലും കൌമാരക്കാരനും കോളേജ് വിദ്യാർഥിയുമായിരുന്ന എന്റെ കണ്ണിലെ കരടും ആത്മാഭിമാനത്തിനുമേൽ തൂങ്ങിയാടിയിരുന്ന വാളുമായിരുന്നു ജോസി ചേട്ടൻ.
ഒരാഴ്ചയായി ജോസി ചേട്ടന്റെ കട അടഞ്ഞു കിടക്കുന്നു , അന്വേഷിച്ചപ്പോൾ ആശുപത്രിയിൽ ആണെന്നറിഞ്ഞു സന്തോഷം അത്രയും വഴക്ക് കുറച്ചു കേട്ടാൽ മതി വിമർശകരും ശത്രുക്കളും ഇല്ലാതെ കുറച്ചു ദിവസം മുന്നോട്ടു പോയി ഒരു ദിവസം രാവിലെ അഞ്ചു മണിക്കു വീടിന്റെ വാതിലിൽ ശക്തമായ മുട്ടു കേട്ടു ചെന്ന് തുറന്നപ്പോൾ അയൽപക്കത്തെ ഒരു യുവാവാണ് , "അറിഞ്ഞോ നമ്മുടെ ജോസി ചേട്ടൻ മരിച്ചു പോയി, നീ ചെന്നു മരണമണി അടിക്കൂ" . ശത്രുവാണെങ്കിലും മറ്റുള്ളവരുടെ മരണത്തിൽ സന്തോഷിക്കരുതെന്നാണ് അപ്പച്ചൻ പഠിപ്പിച്ചിരിക്കുന്നത്. ഉള്ളിൽ ചെറിയ സന്തോഷമൊക്കെ തോന്നിയെങ്കിലും അതു പുറത്തു പ്രകടമാക്കാതെ ഇരുട്ടിനെ കീറിമുറിച്ചു ഞാൻ പള്ളിയിലേയ്ക്ക് നടന്നു. പള്ളി മുറ്റത്തു നിന്നും ജോസി ചേട്ടന്റെ കടയുടെ അടുത്തേയ്ക്ക് നോക്കി ഇല്ല അവിടെങ്ങും ആരുമില്ല,ആരും അറിഞ്ഞിട്ടുണ്ടാവില്ല മണി കേൾക്കെ ആളുകൾ കാരണം അന്വേഷിക്കും, ഹോസ്പിറ്റലിൽ നിന്നും ബോഡി കൊണ്ടുവരാൻ താമസം ഉണ്ടാവും എന്തായാലും ഞാൻ പള്ളിക്കകത്ത് കയറി ഒറ്റയും പെട്ടയുമായി മണിയടി തുടങ്ങി. കർത്താവേ പരേതനു പത്രോസിന്റെ പറ്റു ചീട്ടിൽ ആഴ്ചയിൽ ഒരിക്കലെങ്കിലും ചിക്കെൻ ബിരിയാണി കഴിക്കാനുള്ള അവസരം കൊടുക്കണേ എന്നത്മാർത്ഥമായി പ്രാർഥിച്ചു ഞാൻ പുറത്തിറങ്ങി.
ഇരുട്ടു വെള്ള കീറി വരുന്നു , ഉദയ സൂര്യന്റെ കിരണങ്ങൾ മരങ്ങളിൽ തട്ടി വെളിച്ചം തടസപ്പെടുന്നു പള്ളിവാതുക്കൽ എത്തിയതും കരിമ്പടം പുതചൊരാൾ നിൽക്കുന്നു . പതിവ് ചോദ്യം
ആരാ മരിച്ചേ ????????
ഞാനാ മുഖത്തേയ്ക്ക് നോക്കി മരിച്ച ജോസി ചേട്ടൻ കരിമ്പടം പുതച്ചു മുന്നിൽ !!!!!!!!!!!!!!!!!
എന്റെ കർത്താവേ എന്റെ ദൈവമേ... ബോധരഹിതനായി ഞാൻ പിന്നോക്കം മറിഞ്ഞു വീണു
മുഖത്തു തളിക്കപ്പെട്ട വെള്ളം ബോധത്തെ ഉണർത്തുമ്പോൾ പേടിയോടെ ഞാൻ വീണ്ടും കണ്ണു തുറന്നു, ചുറ്റും വലിയ ആൾക്കൂട്ടം . ആരാ മരിച്ചേ ?? ആരാ മരിച്ചേ ?? ആളുകൾ കൂട്ടം കൂടി ചോദിച്ചു അത് നമ്മുടെ ജോസി ....... ഞാൻ പറയാൻ തുടങ്ങിയതും കരിമ്പടം പുതച്ച ജോസി ചേട്ടൻ എന്നെ നോക്കി ചിരിക്കുന്നു . ദൈവമേ എന്തൊരു പരീക്ഷണം ആണിത് !! ഞാൻ ഓടി ചെന്നയാളുടെ കരിമ്പടം വലിച്ചെടുത്തു അതെ അതു ജോസി ചേട്ടൻ തന്നെ ഇയാളു ചത്തില്ലേ ????
ഇന്നലെ വൈകിട്ട് അസുഖം മാറി ജോസി ചേട്ടൻ വീട്ടിലെത്തി , ആൾക്കൂട്ടത്തിനിടയിൽ നിന്നും കാരിപുളുന്തു ഉച്ചത്തിൽ ചിരിച്ചു കൊണ്ട് പറഞ്ഞു ഇന്നു ഏപ്രിൽ ഫൂളാടാ മണ്ടാ നിന്നെ ആരോ ഫൂളാക്കിയതാ.
കാലമെത്ര കഴിഞ്ഞിട്ടും അതിനു ശേഷമുള്ള ഓരോ മാർച്ച്‌ മുപ്പത്തി ഒന്നാം തിയതിയും ഞാൻ കിടക്കാൻ പോകുന്നതിനു മുൻപ് ഒന്നുറപ്പിക്കും നാളെ ആകാശം ഇടിഞ്ഞു വീണാലും ഞാൻ വിഡ്ഢിയാകൂല്ലാ ..............
വിഡ്ഢിയാകാൻ തയ്യാറെടുത്തിരിക്കുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഡ്ഢി ദിന ആശംസകൾ ...............

No comments: