Wednesday, 30 March 2016

ഉത്സവകാല ഓഫർ 100% വിലകിഴിവ് !!!!!!!!!


ചേട്ടാ ഇതൊന്നു നോക്കിയേ ?? പത്രതാളിനുള്ളിൽ നിന്നും കിട്ടിയ വിലകിഴിവു മഹാമേളയുടെ നോട്ടിസ് നേരെ നീട്ടി നല്ലപാതി നിന്നു തുള്ളക്കം തുള്ളി. മ്മക്ക് ഒന്ന് പോകാം ചേട്ടാ എന്തോരം ഓഫാർ ആണിത് തമ്പുരാനേ !
കന്നിനെ കയം കാണിക്കല്ലെന്നു അ മ്മച്ചി പറഞ്ഞു തന്നിട്ടുണ്ട് ഇവളേം കൊണ്ടു പോയാൽ കളസം കീറും വരെ ഷോപ്പ് ചെയ്യും .ഈ ഓഫർ ഒക്കെ തട്ടിപ്പാണു പെണ്ണെ ,നീയിവിടെ ഇരി ഞാൻ പറഞ്ഞു തരാം , ഞാൻ ബുദ്ധനായി
ഒരിടത്ത് ഒരു ധനികനായ വ്യാപരിയുണ്ടായിരുന്നു അയാൾക്കൊരിക്കൽ മഹാ വ്യാധി പിടിപെട്ടു . മരണവും വ്യാപാരിയും മുഖാമുഖം വരുമെന്ന് തോന്നിച്ച ഘട്ടത്തിൽ അയാൾ ദൈവത്തോട് മനമുരുകി പ്രാർത്ഥിച്ചു. ദൈവമേ എന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരിക അങ്ങനെ വരികയാണെങ്കിൽ ഞാൻ താമസിക്കുന്ന അഞ്ചു കോടിയുടെ ബംഗ്ലാവു വിറ്റു പള്ളിക്കു തരാം ,ദൈവമുമായൊരു ഉടമ്പടി വാക്കാൽ ഉറപ്പിച്ചു. അത്ഭുതമെന്നു പറയട്ടെ വ്യാപാരി ജീവിതത്തിലേയ്ക്ക് ആരോഗ്യവാനായി തിരികെ വന്നു. ദൈവമുമായുള്ള ഉടമ്പടി നടപ്പിലാക്കണം വ്യാപാരി മനസിൽ ഉറപ്പിച്ചു പക്ഷെ അഞ്ചു കോടി വെറുതെ പള്ളിക്ക് കൊടുക്കുന്നതെങ്ങനെ ഉറക്കമില്ലാത്ത രാത്രികളിൽ വ്യാപാരിക്കൊരു ആശയം ഉദിച്ചു ഉടൻ തന്നെ പത്രമോഫീസിൽ വിളിച്ചു ഒരു പരസ്യം ചെയ്യാൻ ആവശ്യപ്പെട്ടു. വീട് വിൽപനയ്ക്ക് അഞ്ചു കോടി വിലമതിക്കുന്ന വീട് കേവലം ഒരു ലക്ഷം രൂപയ്ക്ക് വിൽക്കാൻ പോകുന്നു. പരസ്യം കണ്ടവർ കണ്ടവർ വിളി തുടങ്ങി തെങ്ങു കയറ്റക്കാരൻ രാജപ്പൻ മുതൽ പാളയം മാർക്കറ്റിലെ മത്തി വ്യാപാരി വരെ ഒരു ലക്ഷത്തിന്റെ മീൻ നാറുന്ന നോട്ടുകളുമായി ബാഗ്ലാവിനു മുന്നിൽ തടിച്ചു കൂടി. വ്യാപാരി വീടിന്റെ മട്ടുപ്പാവിൽ കയറി നിന്നു വീട് വാങ്ങാൻ വന്നവരോടായി ഇങ്ങനെ പറഞ്ഞു "പരസ്യം ചെയ്ത പ്രകാരം ഈ വീട് ഒരു ലക്ഷത്തിനു വിൽക്കാൻ ഞാൻ തയ്യാറാണ് പക്ഷെ ഒരു വ്യവസ്ഥ .............
മത്തി കച്ചവടക്കാരൻ ഒരുലക്ഷ്ത്തിന്റെ മുഷിഞ്ഞ നോട്ടുകളിൽ അമർത്തി ആലോചിച്ചു എന്താവും ആ വ്യവസ്ഥ ......
അൽപ സമയത്തെ മൌനത്തിനു ശേഷം വ്യാപാരി കുനിഞ്ഞു ഒരു ചെറിയ പൂച്ച കുഞ്ഞിനെ കൈയ്യിൽ എടുത്തു കൊണ്ടു തുടർന്നു .. അഞ്ചു കോടി തന്നു ഈ പൂച്ചയെ വാങ്ങുന്നവർ ആരോ അവർക്കു മാത്രമേ ഈ വീട് ഒരു ലക്ഷത്തിനു നൽകൂ .. ജനക്കൂട്ടം സ്തബ്ധരായി വ്യാപാരിയെ ചീത്ത വിളിച്ചു ഓരോരുത്തരായി കൊഴിഞ്ഞു പോയി അവസാനം ആൾക്കൂട്ടത്തിൽ ഒരാൾ പറഞ്ഞ വ്യവസ്ഥ പ്രകാരം ഒരു ലക്ഷത്തിനു വീടും അഞ്ചു കോടിക്കു പൂച്ചയെയും വാങ്ങി. വ്യാപാരി ദൈവത്തോടുള്ള വാഗ്ദാനം നിറവേറ്റാൻ ഒരു ലക്ഷം രൂപാ പള്ളിക്കു സംഭാവന നൽകി.
ഈ പറഞ്ഞ കഥയിലെ വ്യാപാരിയെപ്പോലെയാണ് എല്ലാ ഓഫറുകളും ആരും നഷ്ട്ടപെട്ടു ഒന്നും വിൽക്കുകയില്ല അത് കൊണ്ട് നീ ഓഫർ കണ്ടു പനിക്കണ്ട .. എല്ലാം കേട്ടിരുന്ന ഭാര്യ അത്ഭുതത്തോടും ഇത്രേം ബുദ്ധിയുള്ള ഭർത്താവാണാ എനിക്ക് കിട്ടിയെക്കുന്നേ എന്ന ഭാവത്തിലും എന്നെ നോക്കി അവൾ കെഞ്ചി,
നമുക്കു അഞ്ചു കോടിയുടെ പൂച്ചയെ മേടിക്കണ്ട ചേട്ടാ, ഒരു ലക്ഷത്തിന്റെ വീടു മാത്രം മേടിച്ചാൽ മതി , ചേട്ടൻ വേഗം വന്നു വണ്ടിയെടുക്കൂ ...........................
Post a Comment