Thursday, 17 March 2016

അടുക്കളയിലെ അറിയപ്പെടാത്ത രാജ കുമാരിമാർ


മുതലാളിയുടെ വീട്ടിലേയ്ക്ക് പുതിയ ജോലിക്കാരി വരുന്നു ,ഒന്ന് പോയി പിക്ക് ചെയ്യാമോ നമ്മുടെ ഡ്രൈവറു മാരെല്ലാം നോമ്പാണ്‌ അവർക്കു നോമ്പ് മുറിക്കേണ്ട സമയമായതിനാൽ എല്ലാവരും മടി പറയുന്നു പറ്റില്ലെങ്കിൽ ഞാൻ പോകാം ജി എമ്മിന്റെ നിസ്സഹായത കണ്ടാണാ ജോലി ഏറ്റെടുത്തത് . നോമ്പ് വീടുന്ന സമയമടുത്തു വരുന്നതിനാൽ റോഡുകളെല്ലാം വിജനമാണ് ആവശ്യം ബജറ്റ് എയർ ലൈനുകൾ മാത്രം സർവീസ് നടത്തുന്ന ടെർമിനലായതു കൊണ്ട് അവിടെയും ശാന്തം. ശ്രിലങ്കൻ എയർ ലൈൻസിന്റെ കൊളോമ്പോയിൽ നിന്നുള്ള വിമാനംപതിനഞ്ചു മിനിറ്റ് ലേറ്റായാണ് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത് ഞാൻ ആഗമന കവാടത്തിന്റെ പുറത്തുള്ള ലോബിയിലെ സ്റ്റീൽ ബെഞ്ചിൽ അലസനായി മോബൈലിൽ തോണ്ടിയിരുന്നു .
ഭായി ...അറബി കലർന്ന ഉറുദുവിലുള്ള വിളി കേട്ട ഞാൻ തലയുയർത്തി ,ഒരു സ്വദേശി പയ്യൻ കൂടെ കുട്ടിത്തം വിട്ടു മാറാത്ത മുഖമുള്ള ഒരു പെൺകുട്ടിയും ഒറ്റ നോട്ടത്തിൽ ഭാര്യാ ഭർത്തക്കന്മാരെന്നു തോന്നുന്നു ,
ഭായി ശ്രിലങ്കൻ എയർ ലൈൻസ് വന്നോ ? ഇല്ലാ എന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി അവർ എനിക്കരുകെ ഇരുന്നു ഞാൻ വീണ്ടും മൊബൈൽ ഗയിമിൽ മുഴുകി . നിങ്ങൾ ശ്രിലങ്കക്കാരൻ ആന്നോ ? പയ്യൻ വിടാൻ ഭാവമില്ല ഓരോ മറുപടി തീരും മുൻപ് അടുത്ത ചോദ്യം വരുകയായി പ്രസരിപ്പും ഊർജ്ജവും ഉളള കൌമാരം കഴിയാത്ത പത്തൊൻപതു കാരനാണവൻ കൂടെ വന്നിരിക്കുന്നതവന്റെ അനിയത്തിയാണ് രണ്ടു പേരും കൂടി അവരുടെ അമ്മയെ സ്വീകരിക്കാൻ എത്തിയതാണ് എന്ന് പറയുന്നു . സ്വദേശി കുട്ടികളുടെ അമ്മ അവരേ കൂടാതെ ശ്രിലങ്ക കാണാൻ പോകുകയോ എന്തെങ്കിലും പഠന ആവശ്യം ആയിരിക്കും ഇവിടൊക്കെ മൂക്കിൽ പല്ല് വരുമ്പോഴും പഠനമാണല്ലോ കൂടുതൽ കിഴിച്ചു ചോദിക്കാൻ ഞാൻ നിന്നില്ല, അതു ശരിയുമല്ല, വിമാനം ലാൻഡ് ചെയ്തു എന്ന അറിയിപ്പു വന്നു .
സുവിനി ദെവാഗെ എന്ന പ്ലക്കാർഡുയർത്തി ഞാൻ പുറത്തിറങ്ങുന്ന ഓരോ മുഖങ്ങളിലും എന്റെ കൈയ്യിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയിലെ മുഖം തേടി നിന്നു .കുമാരീ..... സ്ഥലകാല ബോധമില്ലാതെയുള്ള വിളി കേട്ടാണ് ഞാൻ തിരിഞ്ഞത്. ആ സ്വദേശി യുവതിയാണ് അലറുന്നത് അങ്ങ് ദൂരെ കുഴിഞ്ഞൊട്ടിയ കവിളും ഉന്തി നിൽക്കുന്ന മേൽപല്ലുകളുമായി വിരൂപയായൊരു സ്ത്രീ രൂപം .സ്വദേശി പയ്യനും സഹോദരിയും കൂടി ഓടി അകത്തു കയറി അവരെ കെട്ടിപിടിച്ചു. ആ പെൺകുട്ടി അവരെ തുരു തുരാ ചുംബിച്ചു .അവരുടെ കയ്യിലെ ട്രോളിയുടെ നിയന്ത്രണം ആ പയ്യൻ ഏറ്റെടുത്തു രാജകീയ സ്വീകരണമേറ്റുവാങ്ങി അവർ പുറത്തിറങ്ങി എനിക്കു കൊണ്ട് പോകാനുള്ള ആൾ പ്ലക്കാർഡു കണ്ടു എനിക്കരുകിലെത്തി ഞങ്ങൾ പോകാനായി കാറി നടുത്തു വന്നതും ശക്തമായ ഒരു ചൂളം വിളി ദൂരെ പാർകിങ്ങിനു അടുത്തെ പുൽത്തകിടിയിൽ നിന്നും സ്വദേശി പയ്യനാണ് ഞാൻ അടുത്തേയ്ക്ക് ചെന്നു.മഗരിബ് സല വിളിക്കാനുള്ള സമയമായിരിക്കുന്നു അവർ നോമ്പു തുറക്കാനുള്ള തയ്യാറെടുപ്പിലാണ് സ്നേഹപൂർവ്വം ഞങ്ങളെയും ക്ഷണിച്ചു.
കുമാരി അവർക്കു പ്രസവിക്കാത്ത അമ്മയാണ്,ജനിച്ചു വീണ അന്ന് മുതൽ അഞ്ചു കൊല്ലം മുൻപ് മതിയാക്കി പോകും വരെ കുമാരിയായിരുന്നു അവരുടെ എല്ലാം ഇപ്പോൾ പയ്യനും സഹോദരിക്കും ജോലി ആയിരിക്കുന്നു അവരുടെ ശമ്പളത്തിലെ ആദ്യ വിഹിതം കുമാരിക്കു കൊടുക്കാനും സല്ക്കരിക്കാനുമാണ് വീണ്ടും തിരികെ കൊണ്ട് വന്നിരിക്കുന്നത്. സല വിളിച്ചു അവരുടെ സ്നേഹത്തിൽ ഞങ്ങളും പങ്കുചേർന്നു .കുമാരി ശ്രിലങ്കയിൽ നിന്നും കൊണ്ടുവന്ന ചക്ക ചുളകൾ അടർത്തി യുവാവിനും പെൺകുട്ടിക്കും മാറി മാറി നൽകുന്നു പിഞ്ചു കുഞ്ഞുങ്ങളുടെ നിഷ്കളങ്കതയോടെ അവർ അത് ആസ്വദിക്കുന്നു.
പിരിയുമ്പോൾ ആ യുവാവെന്റെ കൈ പിടിച്ചു ചോദിച്ചു സ്നേഹത്തിനു ആതിർ വരമ്പ് നിശ്ചയിക്കുന്നതാരാണ് ഭായി ? തീർച്ചയായും മനസ്സുകളാണ്, ഒരു പൊട്ടിച്ചിരിയോടെ യുവാവു തന്റെ ആഡംബര കാറിൽ കയറി മുന്നോട്ടോടിച്ചു പോയി .പീഡനപർവ്വം താണ്ടി ജീവൻ ഹോമിക്കപ്പെടുന്ന, കഷ്ട്ടപാടിന്റെ കയങ്ങളിൽ മുങ്ങിത്താഴുന്ന ഒരു പാട് കുമാരിമാർക്കിടയിൽ ഇങ്ങനെയും ചില രാജ "കുമാരിമാർ " ഉണ്ടെന്ന അറിവ് എനിക്കു പുതിയതും ഊർജ്ജദായകവുമായിരുന്നു.
Post a Comment