ബൽക്കീസേ എന്ന വിളി കേൾക്കുമ്പോൾ മൈമുനയ്ക്കു കലിയിളകും.സ്‌കൂൾ രേഖകളിൽ അവൾ ബൾക്കീസ് നൂറുദ്ധീനാണ് . ലോകത്തു ഏറ്റവും വെറുക്കുന്ന ഒന്നാണ് ബാപ്പയവൾക്കിട്ട ബൾക്കീസ് എന്ന പേര് ആരു പേര് ചോദിച്ചാലും അവൾ മൈമുന എന്നേ പറയു അതവളുടെ വീട്ടിലെ വിളിപ്പേരാണ് ആപേരിൽ അറിയപ്പെടാനാണ് അവൾക്കിഷ്ട്ടവും . കാലത്തു ആറു മണിയാകുമ്പോൾ അവൾ കുളിച്ചൊരുങ്ങി പള്ളിപെരക്ക് പോകുമ്പോൾ ഞങ്ങൾ ഉണർന്നിട്ടുപോലുമുണ്ടാവില്ല . എന്റെ വീടു കഴിഞ്ഞാണവൾ എന്നും പള്ളിപെരയ്ക്ക് പോയിരുന്നത് . എന്നാൽ അവൾ പള്ളിപെര കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഞങ്ങൾ ക്രിക്കറ്റ് കളിയുമായി പറമ്പിൽ ഉണ്ടാവും . നെഞ്ചത്തടുക്കിപ്പിടിച്ച നോട്ടുബുക്കുകളുമായി തിരികെ പോകുമ്പോൾ അവൾ ആ മരത്തിലേയ്ക്ക് സൂക്ഷിച്ചു നോക്കും ആ ചെറി മരം പൂവിട്ടട്ടുണ്ടോ എന്ന് ,മെയ് മാസത്തിൽ പൂവിട്ടു കായ്ക്കുന്ന വെളുത്ത കറകളുള്ള ചുവന്ന ചെറി പഴം .
രവിയണ്ണന്റെ പറമ്പിലെ ചെറിമരങ്ങൾ പൂക്കുന്നത് നാട്ടിലെ കുട്ടികൾക്ക് വേണ്ടി മാത്രമായിരുന്നു . അവ പൂവിടുന്നതും കായ്ക്കുന്നതും ഒന്നും അയാൾ അറിഞ്ഞിരുന്നില്ല അല്ലെങ്കിൽ അയാൾക്കതിനൊന്നും നേരമുണ്ടായിരുന്നില്ല . പക്ഷെ ഏദൻ തോട്ടത്തിലെ പാമ്പിനെപ്പോലെ ചെറി മരത്തിനു കീഴിൽ അയാൾ തീറ്റി വളർത്തുന്ന ദർബാ പട്ടിയെ കെട്ടിയിട്ടിട്ടുണ്ടായിരുന്നു . അവൻ നിരുപദ്രവകാരിയും കുട്ടികളോട് സ്നേഹമുള്ളവനും ആയിരുന്നു . എങ്കിലും ഞങ്ങൾ നസ്രാണി കുട്ടികൾ പട്ടിയുടെ അടുത്തു പോകുമ്പോൾ ഒരു സുകൃത ജപം ചൊല്ലുമായിരുന്നു "അർത്തുങ്കൽ വെളുത്തച്ചാ പട്ടി തല പൊട്ടട്ടെ " ഇതു മൂന്നാവർത്തി ചൊല്ലിയാൽ ഒരു പട്ടിയും പിന്നെ കടിക്കില്ല എന്നായിരുന്നു ഞങ്ങളുടെ വിശ്വാസം .
ചെറി മരം പൂത്തു കായ്ച്ചു ,ഇല കാണാൻ കഴിയാത്ത വണ്ണം ചുമന്നു തുടുത്ത പഴങ്ങൾ മരത്തിൽ നിറഞ്ഞപ്പോൾ മൈമുനയ്ക്കു ചെറി പഴം തിന്നാൻ കൊതിയായി തുടങ്ങി .പക്ഷെ ഹറാംമ്പിറന്ന ഒരു അശ്രീകരം മരത്തിനു ചുറ്റും ചങ്ങല കുലുക്കി കറങ്ങുന്നതിനാൽ അവൾക്കാ മരത്തിന്റെ അടുത്തേയ്ക്കു പോകാൻ തന്നെ ഭയമായിരുന്നു. അന്നൊരു വലിയ പെരുനാളായിരുന്നു പുത്തനുടുപ്പിട്ട വർണ്ണ തട്ടമിട്ട മൈമൂനാ രണ്ടും കൽപ്പിച്ചാ പൂതി തീർക്കാൻ തീരുമാനിച്ചു . ദർബാ പട്ടി മയങ്ങുന്ന നേരത്ത് പമ്മി പമ്മി യവൾ ചെറി മരത്തിനു അടുത്തെത്തി കൈയെത്തി പറിക്കാവുന്ന ഉയരത്തിൽ ചെറി പഴങ്ങൾ അവളെ കാത്തു നിന്നതു പോലെ തല കുനിച്ചു .
ശ്വാന നിദ്രവിട്ടുണർന്ന ദർബാ പട്ടി കുരച്ചു ചാടി ,മൈമുന പേടിച്ചലറി മറിഞ്ഞു താഴേയ്ക്ക് വീണു .മുൻപൊരിക്കലും ഒരാളെ പോലും കടിക്കാത്ത ദർബാ പട്ടി മൈമുനയുടെ കണങ്കാലിനു മുകളിൽ മാംസളമായ ഭാഗത്തേയ്ക്ക് പല്ലുകൾ ആഴ്ത്തി . നിസ്സഹായയായ മൈമുനയുടെ നിലവിളി കേട്ടു ഞങ്ങൾ ഓടിയെത്തി ആ സുകൃതജപം ചൊല്ലി "അർത്തുങ്കൽ വെളുത്തച്ചാ പട്ടി തല പൊട്ടട്ടെ " കണങ്കാലിനു മുകളിലെ ഒരു കഷണം മാംസവുമായി ദർബാ പട്ടി പിന്നോട്ട് മാറി.ചോരയൊലിപ്പിച്ചു കൊണ്ടവൾ വീട്ടിലേക്കോടി .
അൽപ്പം ഭയന്നിട്ടെങ്കിലും ഞങ്ങൾ കളി തുടങ്ങി പത്തു മിനിട്ടു കഴിഞ്ഞപ്പോൾ വലിയ കാരിയർ ഉള്ള ഹീറോ സൈക്കിളിൽ രണ്ടു കാലിലും വലിയ മന്തുള്ള ഭീമാകാരനായ ഒരാൾ വന്നിറങ്ങി . പിറകിലെ കാരിയറിൽ നിന്നും നീണ്ട ഒരു ഇരുമ്പു ദണ്ഡ് പിറകിൽ പിടിച്ചയാൾ ദർബാ പട്ടിയുടെ അടുത്തേയ്ക്കു പതിയെ നടന്നടുത്തു . മയക്കത്തിലായിരുന്ന ദർബാ പട്ടിയുടെ തലയിൽ ആഞ്ഞടിച്ചു .മൂന്ന് ശക്തമായ അടി ഒന്നു മുരളാൻ പോലുമാകാതെ ആ ജീവി ദയനീയമായി കൊല ചെയ്യപ്പെട്ടു . ഒന്നും സംഭവിക്കാത്തതു പോലെയാ മന്തൻ കാലുമായി അയാൾ സൈക്കളോടിച്ചു പോയി .ഞങ്ങൾ കുട്ടികൾക്ക് നടുക്കുന്ന കാഴ്ച്ചയായിരുന്നു അത് .
മൈമുന പിന്നെയാ വഴി വന്നില്ല ,മന്തൻ കാലുള്ള ഭീമാകാരൻ അവളുടെ ബാപ്പ നൂറുദ്ധീൻ ആയിരുന്നു . ഏറെ സ്നേഹിച്ച ഒരാളുടെ ദാരുണ മരണത്തിൽ പ്രതിഷേധിച്ചിട്ടെന്നോണം പിന്നീടൊരിക്കലും ആ ചെറി മരം പൂത്തതും കായ്ച്ചതുമില്ല.ഓരോ ചുവന്നു തുടുത്ത ചെറി പഴം കാണുമ്പോഴും മൈമുനയെന്ന ബൾക്കീസ് നൂറുദ്ധീൻ എനിക്കു നിന്നെ കാണാൻ കഴിയും .ചുവന്ന തട്ടമിട്ട പാൽ പുഞ്ചിരിയുള്ളവളേ നീയിപ്പോൾ എവിടെയാണ് ?????
No comments:
Post a Comment