Sunday 4 September 2016

ഞാൻ ഹരി പ്രിയാ പാട്ടീൽ !


എന്നെ ഓർക്കുന്നുവോ ? ഞാൻ ഹരി പ്രിയാ പാട്ടീൽ ! മെസഞ്ചറിൽ മണിയടി ശബ്ദത്തോടെ വന്ന വന്ന സന്ദേശം ഹൃദയത്തിൽ എവിടെയോ മൊട്ടുസൂചി കുത്തും പോലെ അയാളെ ഉണർത്തി . ഹരി പ്രിയാ പാട്ടീൽ ! കൊൽഹാപ്പൂരുകാരി ഗോസായി പെണ്ണ് .
യാഹൂ ചാറ്റിൽ പിച്ച വെച്ചു തുടങ്ങുന്ന ആ കാലത്തെ മധുകുമാർ എന്ന കൗമാരക്കാരനായ എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഈ കൊൽഹാപ്പൂരി പെണ്ണ് എങ്ങിനെയാണവൾ എന്റെ സുഹൃത്തായതെന്നോ എന്തിനാണവളെന്റെ സായന്തനങ്ങളിൽ ചിരിയും ചിന്തയും നൽകി അകന്നു പോയതെന്നോ എനിക്കോർത്തെടുക്കാൻ പറ്റാത്തത് പോലെ തോന്നി.
ഒന്നോർക്കാൻ കഴിയുന്നു നിങ്ങൾ ലുങ്കിയുടുക്കുന്ന മലയാളികളെ എനിക്കിഷ്ട്ടമാണെന്ന അവളുടെ ആവർത്തിച്ചുള്ള സന്ദേശങ്ങൾ . ഇഷ്ടവും അനിഷ്ടവും ഒക്കെ വ്യക്ത്യാധിഷ്ഠിതവും ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ചു വ്യത്യസ്ഥവുമായതിനാൽ അവളുടെ ലുങ്കി പ്രേമം എന്നെ അത്ഭുതപ്പെടുത്തിയില്ല . വിശ്വ മാനവീകരായ മലയാളികൾ സർവ്വ ലോകത്തും മുണ്ടു മടക്കി കുത്തി നടക്കുന്നെണ്ടെന്നും ഗോസായി പെണ്ണുങ്ങളെ മോഹിപ്പിക്കുന്നുമുണ്ടെന്ന അറിവ് ഹരി പ്രിയാ പാട്ടീൽ പകരുമ്പോൾ വിശ്വ മാനവീകരുടെ ഗണ ത്തിൽപ്പെടാൻ കഴിഞ്ഞതിൽ ഞാൻ തെല്ലൊന്നഭിമാനിച്ചു .
ഹരിപ്രീയാ ഒരു പാട് സംസാരിക്കുന്നവളായിരുന്നു ,ജോലി കഴിഞ്ഞെത്തുന്ന സായന്തനങ്ങളിൽ അവൾ കോൽഹാപൂരിനെപ്പറ്റി പറ്റി പറഞ്ഞു, അവളുടെ നാട്ടിൻ പുറത്തെപ്പറ്റി, അവിടെ നടക്കുന്ന സംഭവങ്ങളെപ്പറ്റി ,ലോകത്തിൽ ഏറ്റവും കൂടുതൽ കൃത്രിമക്കാലുകൾ ഉണ്ടാക്കുന്നത് അവളുടെ നാട്ടിൽ നിന്നാണത്രെ .കാലുകൾ നഷ്ട്ടമായവരെപ്പറ്റിയും കൃത്രിമക്കാലുകാരിൽ ഒരാളെപ്പോലും അടുത്തറിയാത്തതിനാൽ എനിക്കതൊരു സാധാരണ അറിവു മാത്രമായി . സൗഹൃദം പൂത്തു തളിർത്തു അതെപ്പോഴോ പ്രണയത്തിന്റെ പുത്തനുടുപ്പിലേയ്ക്ക് പരകായ പ്രവേശം നടത്തിയെന്ന് മനസിലായപ്പോൾ ഞാൻ അതു തുറന്നു ചോദിച്ചു .
മറാത്തിയും മലയാളവും പറയുന്ന മായിക ലോകത്തേയ്ക്ക് വരാൻ അവൾ ഒരുക്കമായിരുന്നു പക്ഷെ വാക്കുകൾ കൊണ്ട് കോറിയിടുന്ന ലോകമല്ലാതെ പരസ്പ്പരം കാണുക പോലും ചെയ്യാതെ നമ്മൾ .എനിക്ക് നിന്നെക്കുറിച്ചൊരു രൂപമുണ്ട് നിന്റെ വാക്കുകൾ ഊതിക്കാച്ചി ഞാൻ തീർത്തൊരു രൂപം അതായിരിക്കും നീയെന്നെനിക്കറിയാം എങ്കിലും അതൊന്നു ഉറപ്പിക്കാതെ ഈ ബന്ധം എങ്ങനെയാണ് മുന്നോട്ടു പോകുക .
ഇന്റർനെറ്റ് കഫേയിലെ ആളൊഴിഞ്ഞ കാബിൻ തുറന്നു അകത്തു കയറി ലോഗിൻ ചെയ്യുമ്പോൾ അവൾ പരിഭവപ്പെട്ടു
എത്ര നേരമായി ഞാൻ ഞാൻ കാത്തിരിക്കുന്നു .
നിന്റെ കൊൽഹാപൂർ പോലെ വികസിതമല്ല എന്റെ നാട് .14 കിലോമീറ്റർ സഞ്ചരിച്ചിട്ടാണ് എനിക്കൊരു ഇന്റർനെറ്റ് കഫേ കണ്ടെത്താൻ കഴിഞ്ഞതു തന്നെ . നിന്റെ വെബ് ക്യാം തുറക്കൂ ഞാൻ കാണട്ടെ എന്റെ സ്വപ്ന സുന്ദരിയെ ?
വേണ്ട നീയാദ്യം ഓപ്പണാക്കൂ ഞങ്ങളുടെ നാട്ടിൽ സ്ത്രീകൾ പറയുന്നതിനാണ് മുൻഗണന അവൾ കൊഞ്ചി കുഴഞ്ഞു. മൂന്നു വട്ടം കളം വരച്ചതിനു ശേഷം വെബ് കാം പതിയെ ഓപ്പൺ ആയി താഴെ ഒരു വ്യൂവർ എന്ന് തെളിഞ്ഞതിനു ശേഷം ഞാനവളെ മൃദുവായി വിളിച്ചു ഹരി പ്രീയാ നീയെന്നെ കാണുന്നുണ്ടോ ? ഇനി നിന്റെ കാം ഓൺ ആക്കൂ ഞാൻ നിന്നെ കാണട്ടെ .കനത്ത നിശബ്ദത വൺ വ്യൂവർ സ്റ്റാറ്റസ് ഇപ്പോഴും തെളിഞ്ഞു കാണാം അവൾ ഓൺലൈനിൽ ഉണ്ട് . ഒരു പക്ഷെ അവളുടെ പ്രതീക്ഷ ഇങ്ങനെ ഒരാളെ ആയിരുന്നിരിക്കില്ല ഹരി പ്രീയാ നീ കേൾക്കുന്നുവോ? അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു .ഒരു മറുപടിയുമില്ലാതെ യാഹൂവിൽ നിന്നവൾ നിശബ്ദതയുടെ വാല്മീകങ്ങളിലേയ്ക്ക് ഊളിയിട്ടു താഴ്ന്നു .
രണ്ടു പതിറ്റാണ്ടുകൾക്കിപ്പുറം ഇപ്പോഴും അവൾ എന്നെ ഓർമ്മിക്കുന്നു .
പറയൂ ഹരിപ്രീയാ എന്തൊക്കെയാണ് നിന്റെ പുതിയ വിശേഷങ്ങൾ.ഞാനിപ്പോൾ വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് ,
നിന്റെ ടെലിഫോൺ നമ്പർ ഒന്ന് മെസ്സേജ് ചെയ്യാമോ ? ഹരി പ്രിയയുടെ സന്ദേശം ലഭിച്ചതും അയാൾ മൊബൈൽ മെസ്സഞ്ചറിൽ അതിവേഗം വിരലുകളമർത്തി നമ്പർ ടൈപ്പ് ചെയ്തു .
അപരിചിത നമ്പറിൽ നിന്നും മുഴങ്ങുന്ന ഐഎംഒ കാൾ ആയാൾ ആർത്തിയോടെ എടുത്തു പച്ച ബട്ടൺ അമർത്തി .
വെളുത്തു വെള്ളി കെട്ടിയ ഒരു വൃദ്ധന്റെ ചിത്രം അത്യന്തം അതിശയോക്തിയോടെ നോക്കിയയാൾ ചോദിച്ചു എവിടെ ഹരിപ്രിയാ പാട്ടീൽ അവൾക്കെന്തെങ്കിലും അപകടം !!
മഞ്ഞ കറകളുള്ള പലകപല്ലുകൾ പുറത്തു കാൺകെ അയാൾ സ്‌ക്രീനിൽ നോക്കി ചിരിച്ചു ശേഷം കിളി പോലെ മധുരമുള്ള ശബ്ദത്തിൽ നര ച്ച മുടികളുള്ള വൃദ്ധൻ പറഞ്ഞു. ഞാനായിരുന്നു ഹരി പ്രീയാ പാട്ടീൽ ! മരിക്കുന്നതിന് മുൻപ് ഞാൻ എന്റെ ശബ്ദം കൊണ്ടു മോഹിപ്പിച്ചവരോടൊക്കെ മാപ്പു പറയണമെന്ന് തോന്നി .
ഒരു പുഞ്ചിരിയോടായാൾ ഫോൺ കട്ട് ചെയ്തു .ഒരായുഷ്‌ക്കാലം മുഴുവൻ വഞ്ചിതനായവനെപ്പോലെ ഫോൺ മേശയിലേക്കെറിയുമ്പോൾ വീണ്ടും മണി ശബ്ദത്തോടൊരു മെസ്സേജ് മുഴങ്ങി .
Hi I am Jenna
Do you like to have some hot chat.
ചെറുപ്പം നഷ്ടപ്പെടാത്ത മധുകുമാർ ഫോണെടുത്തു ജെന്നയുടെ മെസ്സേജിന് പിന്നാലെ പാഞ്ഞു ഇനിയെങ്ങാനും ചിലപ്പോ ബിരിയാണി കിട്ടിയാലാ... .....

No comments: