Monday, 19 September 2016

പ്രലോഭനങ്ങളുടെ പകൽ


അന്നൊരു പുതിയ ഞായറായിരുന്നു ,ഉയിർപ്പു കഴിഞ്ഞു വരുന്ന ആദ്യത്തെ ഞായർ .നീണ്ട അമ്പതു നാളത്തെ പ്രായശ്ചിത്തത്തിനു ശേഷം പാപം ചെയ്യാൻ വെമ്പി നിൽക്കുന്ന ഹൃദയവും മനസുമുള്ള ഉന്മാദിനിയായ ഞായർ. മലയാറ്റൂർ പള്ളിയിൽ പെരുന്നാള് ഈ ഞായറാഴ്ചയാണ് കഴിഞ്ഞ പതിനഞ്ചു കൊല്ലമായി ശ്രീമതിയും മക്കളും മുടങ്ങാതെ കൂടുന്നൊരു പെരുന്നാളാണത് . പാപസാഹാചര്യങ്ങൾ ഒരുങ്ങുകയായി, പാപഹേതുവായ വിഷ ദ്രാവകവുമായി പറമ്പിലെ പണിക്കാരൻ കുഞ്ഞച്ചൻ ഇപ്പോൾ വരും . അടുപ്പത്തു കിടന്ന നാടൻ കോഴി എണ്ണയിൽ മുങ്ങി മരിക്കുന്ന നേരം പോലും ഒന്നുറക്കെ കൂവിയ ശേഷം തിരിഞ്ഞു കിടന്നു.
ചൂട് അസഹനീയമായ ചൂട് ,ഓരോ കൊല്ലം തോറും ചൂട് കൂടി കൂടി ഈ ഭൂമിയൊരു അഗ്നിപർവതമായി പൊട്ടിത്തെറിച്ചേക്കുമെന്നയാൾക്ക് തോന്നി . അഞ്ചിൽ കറങ്ങുന്ന ഫാനിന്റെ കാറ്റിനു കീഴെ നിന്നിട്ടും പുകയുന്ന നെരിപ്പോട് പോലെ അയാൾ അസ്വസ്ഥനായി . വരൂ വന്നു വാതിൽ തുറക്കൂ കുഞ്ഞച്ചൻ ഇതാ വന്നു കഴിഞ്ഞു എന്ന വിളി കേട്ടതും അയാൾ ഓടി പോയി വാതിൽ തുറന്നു . പച്ച കുപ്പിയിൽ നിറച്ച ശ്രീമതി പറയാറുള്ള ചെകുത്താന്റെ മൂത്രം ഒന്നു തിരിച്ചും മറിച്ചും നോക്കി . ഇത് കുടിക്കാതിരുന്നാൽ ഞാൻ മാലാഖയും കുടിച്ചു കഴിയുമ്പോൾ ചെകുത്താനുമാണെന്നാണ് വീട്ടുകാരിയുടെ അഭിപ്രായം അതുകൊണ്ടവൾ ഇതിനിട്ട പേരാണ് ചെകുത്താന്റെ മൂത്രം .
കോട്ടറിനുള്ള പൈസ കൂലി വാങ്ങിയിട്ടും കുഞ്ഞച്ചൻ നിന്ന് തല ചൊറിഞ്ഞു .ഒരു പതിവ് അവനുള്ളത്‌ കിട്ടാനാണ് ആ തല ചൊറിച്ചിൽ. തനിക്കിതു കർണ്ണന്റെ വംശാവലിയിൽ നിന്നും പകർന്നു കിട്ടിയ മഹാദാനമല്ല പിന്നെയോ കൊണ്ട് വന്നിരിക്കുന്ന സാധനം ചാത്തനോ കള്ളവാറ്റോ അല്ലെന്നു ഉറപ്പു വരുത്താനുള്ള ടെക്നിക്കാണ് കുഞ്ഞച്ചന് കൊടുക്കുന്ന ആദ്യ പെഗ് . ഒഴിച്ച് കൊടുത്ത അറുപതു വെള്ളമൊഴിച്ചു അലമ്പാക്കാൻ നിൽക്കാതെ കുഞ്ഞച്ചൻ വലിച്ചു കേറ്റിമുഖം തുടച്ചു . കുഞ്ഞച്ചന് ഡെയിലി ഒരു കോട്ടാർ പഥ്യമാണ് , അതില്ലാതെ ഉറങ്ങാൻ പറ്റില്ലെന്നാ അയാൾ പറയുന്നത് പകലന്തിയോളം പറമ്പത്തെ പണി കഴിഞ്ഞു ഒരു ആശ്വാസം ഇതൊരെണ്ണം ചെല്ലുമ്പോഴാണ് . പതിവ് കിട്ടിയ സന്തോഷത്തിൽ ചുണ്ടും തുടച്ചു കുഞ്ഞച്ചൻ പുറത്തേയ്ക്കു പോയി.
ഫ്രൈ പാനിൽ കിടന്ന പൂവൻ കോഴി മസാലയിൽ മൊരിയുന്ന മണം ഉള്ളിലേയ്ക്ക് വലിച്ചു കൊണ്ടവനെ പാത്രത്തിലേക്കു തള്ളിയിട്ടു . ഞായറാഴ്ചകളിൽ മാത്രമാണ് മദ്യപാനം അനുവദനീയമായിരിക്കുന്നത് അതും രാത്രി ഏഴു മണിക്ക് ശേഷം ഇന്നിപ്പോൾ വീണു കിട്ടിയ സ്വാതന്ത്രമാണ് ആറുമാദിക്കുക തന്നെ. ആദ്യത്തെ അറ്റാക്ക് വരും മുൻപ് നാലോ അഞ്ചോ പെഗ് അനുവദനീയമാക്കപ്പെട്ടിരുന്നിടത്ത് ഇപ്പോൾ മൂന്നാമത്തെ പെഗ് ബാലി കേറാ മലയാണ് . അല്ലെങ്കിൽ തന്നെ ഞാനും അതിനായി അത്ര കണ്ടു ബലം പിടിക്കാറില്ല കാരണം രണ്ടു പെഗ് അകത്തു ചെന്നു കഴിഞ്ഞാൽ പിന്നെ , പിന്നെ അല്ലെങ്കിൽ ഞാനായിട്ട് അത് പറയേണ്ട വീട്ടുകാരി നിങ്ങളോടു അതിനെപ്പറ്റി പറഞ്ഞു കൊള്ളും .
മൂന്നാമത്തെ തവണ അടിച്ച കാളിങ് ബെല്ലിലാണയാൾ എഴുന്നേറ്റു ചെന്നു വാതിൽ തുറന്നത് , സാധാരണ ഞായറാഴ്ചകൾ ശാന്തമാണ്, അതിഥികളും കച്ചവടക്കാരും എത്തി നോക്കാത്ത ശാന്തത . വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും ഉള്ളൊന്നു കാളി മീൻകാരി വിലാസിനി . പണ്ടു തലച്ചുമടുമായി മീൻ വിൽക്കാൻ വന്നിരുന്ന കടലൊണക്കി വറീതിന്റെ ഭാര്യ. വർഷങ്ങളായി അയാളാണ് ഞങ്ങൾക്ക് മീൻ തന്നിരുന്നത് കഴിഞ്ഞ ആറു മാസമായി പക്ഷാഖാതം വന്നു തളർന്നു പോയ അയാൾക്ക് പകരം വിലാസിനിയാണ് കച്ചവടം നടത്തുന്നത് .പറക്കമറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും ഭർത്താവിനെയും സംരക്ഷിക്കേണ്ട ചുമതല ഒന്ന് കൊണ്ട് മാത്രമാണ് വിലാസിനി മീൻ ചെരുവം തലയിൽ എന്തേണ്ടി വന്നത് .
സാറെ ചേച്ചിയില്ലേ ? ചേച്ചി ഒണക്ക ചെമ്മീൻ വേണമെന്ന് പറഞ്ഞാരുന്നു നാളെ ഞങ്ങൾക്കൊരു കല്യാണമുണ്ട് വരാൻ ഒക്കൂല്ല അത് കൊണ്ടാണിത് ഇന്നേ കൊണ്ട് വന്നത് സാർ ഇതങ്ങു അകത്തു വെച്ചേക്കൂ .നാളെ ഞാൻ ചേച്ചിയോട് വന്നിട്ട് കാശ് വാങ്ങി പൊയ്ക്കോളാം !
എന്റെ മുഖ ഭാവം കണ്ടു പേടിച്ചിട്ടെന്നോണം ഒറ്റശ്വാസത്തിലാണ് വിലാസിനി അത് പറഞ്ഞു പൂർത്തിയാക്കിയത് .
വേണ്ട എത്രയാ ഞാൻ തന്നെ തന്നേക്കാം !
ഒരു കിലോയുണ്ട് സാറേ പുറത്തു 250 നാണു കൊടുക്കുന്നെ ഇവിടത്തെ ചേച്ചിടെ കയ്യിൽ നിന്നും കൂടുതൽ വാങ്ങാൻ പറ്റൂല സാറെ സാർ 220 തന്നാൽ മതി .
വിലാസിനി സുന്ദരിയാണ് ,ഒന്നോർത്താൽ എന്റെ വീട്ടുകാരിയെക്കാൾ സുന്ദരിയും ചെറുപ്പവും .ചെകുത്താന്റെ മൂത്രം പ്രവർത്തിച്ചു തുടങ്ങി ഉള്ളിലുള്ള അലമാര തുറക്കുവോളം അയാൾ ഉള്ളിലിരുന്നു പ്രലോഭിപ്പിക്കുകയാണ് വിലാസിനിയുടെ മീൻമണമുള്ള ഉടലിനു വേണ്ടി .എന്തോ ഉറപ്പിച്ചവനെപ്പോലെ അലമാര തുറന്നു ക്യാഷ് എടുത്തതിനു ശേഷം ഒരു അറുപതു കൂടി ഗ്ളാസ്സിൽ പകർത്തി മുന്നോട്ടുള്ള യാത്രയ്ക്ക് ധൈര്യം പകർന്നു .
അഞ്ചു ദശകം കൊണ്ടു താനുണ്ടാക്കിയെടുത്ത സൽപ്പേരാണ് വിലാസിനി എതിർത്താൽ കടപുഴകാൻ പോകുന്നത്. സ്ത്രീ പീഡകന്റെ മകളെന്ന ചാപ്പ കുത്തി പൊന്നു മോൾ എടുക്ക ചരക്കാകുന്നത് ഓർക്കാൻ കൂടി വയ്യ .വികാരം വിവേകത്തിനു കീഴ്‌പ്പെട്ടു കൂടാ ഉള്ളിലുള്ള വീര്യത്തിനും മുകളിൽ സദാചാര ബോധ്യമുള്ള പുത്തൻ പറമ്പിൽ ജോസപ്പാണ് ഞാൻ .കാശെണ്ണി ബ്ലൗസിനും ബ്രായ്ക്കും ഇടയിലേയ്ക്ക് തിരുകുമ്പോൾ തുളുമ്പിയ വിലാസിനിയുടെ മാറിടങ്ങൾ അയാളെ പ്രകോപിതനാക്കിയില്ല. കഴിഞ്ഞ പതിനഞ്ചു മിനിറ്റ് ഹൃദയം സഞ്ചരിച്ച വഴികളിലൂടെ അയാൾ തിരിഞ്ഞു നടന്നു . ഭാരത യുദ്ധം ജയിച്ച അർജുനന്റെ സന്തോഷം പോലൊരു സന്തോഷക്കടൽ അയാളുടെ ഹൃദയത്തിലേയ്ക്ക് അടിച്ചു കയറി . അതിനൊരു ലഹരിയുണ്ടായിരുന്നു പാതി തീർത്ത ചെകുത്താന്റെ മൂത്രം നൽകിയ ലഹരിയല്ല പിന്നെയോ പ്രലോഭനങ്ങളെ അരിഞ്ഞു വീഴ്ത്താൻ കഴിയുന്ന മൂല്യങ്ങൾ ഭരിക്കുന്നവന്റെ ലഹരി .
Post a Comment