Friday 16 September 2016

നാൻസി കൊറോക്കിയനും പറങ്കിയായിരുന്നു .


ഉപേക്ഷിച്ച നിലയിലായിരുന്നു ആ പോർട്ട ക്യാബിൻ ,അതിനൊരു കാരണമുണ്ടായിരുന്നു വിഷാദ രോഗിയായ പോർച്ചു ഗീസുകാരൻ ബെൽമിറോ ഫ്രാൻസിസ് അതിൽ കിടന്നാണ് കൈ ഞരമ്പുകൾ മുറിച്ചു ആത്മഹത്യ ചെയ്യുന്നത് .അതിനു ശേഷം ആ പോർട്ട ക്യാബിനിൽ കയറാൻ തന്നെ ആരും മടിച്ചിരുന്ന സമയത്ത് സ്ഥലം കാലിയാക്കുന്നതിനു വേണ്ടിയാണ് മിട്ടായി കമ്പനിയുടെ ജി എം നാൻസി കൊറോക്കിയൻ എന്നെ ബന്ധപ്പെടുന്നത് .
പുതിയ പ്രൊജക്റ്റ് വരുന്നതും തൊഴിലാളികളെ പാർപ്പിക്കാൻ ഒരു സ്ഥലം നോക്കി നടക്കുന്നതിലുള്ള ബുദ്ധിമുട്ടും പരിഗണിച്ചപ്പോൾ നാൻസി കൊറോക്കിയന്റെ ഓഫർ എനിക്ക് മരുഭൂമിയിൽ കിട്ടിയ മഴ പോലെ കടുത്ത ആശ്വാസമായിരുന്നു. പുതിയ ക്യാബിൻ പെട്ട വിലയിൽ വിൽക്കുന്നതിൽ എനിക്ക് യാതൊരു സംശയമോ ആശങ്കയോ ഉണ്ടായില്ല കാരണം നാൻസി മാഡം ഭയങ്കര ദേഷ്യക്കാരിയാണ് .കണ്ണിൽ ഇഷ്ടപ്പെടാത്തത് മാറ്റി സ്ഥാപിക്കുന്നതിലോ എറിഞ്ഞു കളയുന്നതിലോ അവർ മുൻപും ഒരു വൈക്ളബ്യവും കാണിച്ചിട്ടില്ലാ എന്നത് തന്നെ .
സത്യനാരായണൻ വിശ്വാസിയാണ് ,ആഴ്ചയിൽ മൂന്നു ദിവസം വ്രതമെടുത്ത് പൂജ ചെയ്യുന്ന കടുത്ത വിശ്വാസി . ശമ്പളം കൊടുക്കുന്നത് അമാവാസിയിലാണെങ്കിൽ നാളെ നല്ല നേരം നോക്കി വന്നു വാങ്ങിച്ചോളാം സാറേ എന്നു പറഞ്ഞു കടന്നു പോകുന്ന കടുത്ത അന്ധ വിശ്വാസി .സൈറ്റിൽ സ്ഥാപിക്കപ്പെട്ട പോർട്ട ക്യാബിനിലെ ആദ്യത്തെ അന്തേവാസി സത്യനാരായണൻ ആയിരുന്നു . ഗായത്രി മന്ത്രം മുഴങ്ങുന്ന പോർട്ട ക്യാബിൻ അയാൾ തന്റെ പൂജാ മന്ദിരം പോലെ വൃത്തിയുള്ളതും മനോഹരവുമായ സൂക്ഷിച്ചു പോന്നു .
തിങ്കളാഴ്ച വൃതം കഴിഞ്ഞു പൂജാഫലങ്ങൾ മാത്രം ഭക്ഷിക്കുന്ന പതിവുണ്ടായിരുന്ന സത്യാ നാരായണൻ വിളക്ക് കൊളുത്തി തിരികെ വന്നപ്പോൾ ഫലങ്ങൾ അർപ്പിച്ചിരുന്ന തളിക ശൂന്യമായി ഇരിക്കുന്നത് കണ്ടു അത്ഭുതപ്പെട്ടു .ഭഗവൽ പ്രസാദമായി അർപ്പിച്ച ഫലങ്ങൾ ഭഗവാൻ തന്നെയാവും ഭക്ഷിക്കുന്നതെന്നയാൾ ഉറച്ചു വിശ്വസിച്ചു . തന്റെ ഭക്തി അതിന്റെ പാരമ്യത്തിൽ എത്തിയ ഒരു ദിവസം ഭഗവാൻ അയാൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു .
നീല നിറമുള്ള കാർകൂന്തലുള്ള ഭഗവാനെ പ്രതീക്ഷിച്ചിരുന്ന സത്യനാരായണനു മുന്നിൽ വെളുത്ത മുടിയുള്ള ചെമ്പൻ താടിയുള്ള പുതിയ ദൈവമാണ് പ്രത്യക്ഷപ്പെട്ടത്. താൻ ഇത് വരെ പൂജിച്ച ആരുടെയും രൂപം തന്റെ പുതിയ ദൈവത്തിനില്ലെന്ന് അറിഞ്ഞിട്ടും സത്യനാരായണൻ ദൈവത്തിനു മുൻപിൽ തന്റെ സങ്കടങ്ങളുടെ നീണ്ട പട്ടിക അഴിച്ചു വെച്ചു . പൂജയുള്ള രാത്രികളിൽ എല്ലാം പുതിയ പോർട്ടുഗീസ് ദൈവം ചെമ്പൻ താടിയും വെളുത്ത മുടിയുമായി സത്യ നാരായണൻ എന്ന അക്ഷരാഭ്യാസമില്ലാത്ത സീമാന്ധ്രാക്കാരന്റെ ചങ്ങാതിയായി .
വെളുത്ത ആകാശമുള്ള രാവിലൊരുനാൾ ബെൽമിറോ ഫ്രാൻസീസ് എന്ന പോർട്ടു ഗീസുകാന്റെ ഇന്ത്യൻ പരകായ രൂപം നാൻസി കോറോക്കിയാന്റെ ഓഫീസ് സമുച്ചയം തേടിയെത്തി . തൊലി കറുത്ത രൂപത്തിനുള്ളിലിരുന്നു മനോഹരമായി പോർട്ടു ഗീസ് ഭാഷ സംസാരിക്കുന്നവനെ കണ്ടതും അവന്റെ ഭാഷ മനസിലാക്കി ഭയന്നിട്ടെന്നോണം മാഡം നാൻസി കോരോക്കിയാൻ അടിയന്തിരമായി എന്നെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു .
സത്യ നാരായണൻ എനിക്ക് മനസിലാകാത്ത എന്തോ ഭാഷയിൽ അപ്പോഴും അവരോടു കയർത്തു സംസാരിച്ചു കൊണ്ടിരുന്നു . എനിക്ക് കച്ചവടം ചെയ്ത വിലയിലും ഇരട്ടി തന്നു അവരാ പോർട്ട ക്യാബിൻ തിരികെ വാങ്ങി. ഭക്തി ഒരു നാൾ ഭ്രാന്താകുമെന്ന തിരിച്ചറിവുണ്ടായിരുന്ന ഞാൻ നൂറു ക്ഷമാ പണങ്ങളുമായി സത്യ നാരായണനുമായി നാൻസി കൊറോക്കിയന്റെ മിട്ടായി കമ്പനിയുടെ ഏഴാം നിലയിലുള്ള ഓഫീസ് വിട്ടിറങ്ങി .തിരികെ സൈറ്റിൽ എത്തുമ്പോൾ വലിയ രണ്ടു ജെ സി ബി കൾ ആ പോർട്ട ക്യാബിൻ നാൻസി മാഡത്തിന്റെ നിർദ്ദേശ പ്രകാരം കഷണം കഷണമായി നുറുക്കി കൊണ്ടിരിക്കുകയായിരുന്നു .
ബെൽമിറോ ഫ്രാൻസിസ് എന്ന പോർട്ടു ഗീസുകാരൻ ഒരു നിഴലു പോലെ പിന്തുടർന്ന സത്യ നാരായണൻ പിന്നീടൊരിക്കലും മാനസിക ആരോഗ്യത്തിലേയ്ക്ക് തിരികെ വന്നില്ല . അന്യ നാട്ടിൽ നിന്നും കുടിയേറിയ പറങ്കി പ്രേതവുമായി നാട്ടിലെത്തിയ സത്യനാരായണനെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരാൻ കൊടി കെട്ടിയ മന്ത്രവാദികൾ ഹോമകുണ്ഡമൊരുക്കുമ്പോഴും നാൻസി കോരോക്കിയനും ബെൽമിറോ ഫ്രാൻസിസുമായുള്ള ബന്ധം അജ്ഞാതമായി തുടർന്നു .എന്തിനായിരിക്കാം നാൻസി മാഡം ഇരട്ടി വിലതന്നു വീണ്ടും വാങ്ങിയ പോർട്ട ക്യാബിൻ ജെ സി ബി ഉപയോഗിച്ച് ഒടിച്ചു കഷണങ്ങളാക്കിയത് ????

No comments: