Wednesday, 21 September 2016

അക്വാറീജിയ


മുനിയപ്പനും ഭാര്യ രേവമ്മയും രാവിലെയാകുമ്പോൾ മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞു ആ കടയുടെ വാതിൽക്കലെ മണ്ണ് വാരി സിമെന്റ് വാർക്കുന്ന ചട്ടിയിലിട്ട് അരിച്ചെടുക്കും .പ്രശസ്ത സ്വർണ്ണവ്യപാര ശാലയുടെ മുറ്റത്തെ മണ്ണിൽ അകത്തെ പണിക്കാർ ഉപേക്ഷിക്കുന്ന പൊട്ടും പൊടിയും തിരയുകയായിരുന്നു അവരുടെ ഉദ്യമത്തിന്റെ ലക്ഷ്യം .
മുറുക്കി ചുവന്ന ചുണ്ടുകൾ തുടച്ചു തുടച്ചു രേവമ്മയുടെ സാരിത്തലപ്പിന് ചുവപ്പു കളറു വന്നു പിഞ്ചിയിട്ടും അവർ ആ സാരി ഒരു യൂണിഫോം പോലെ അലക്കി ഉപയോഗിച്ചിരുന്നു . മുനിയപ്പനും ഭാര്യയും നാടോടികളായിരുന്നിരിക്കണം ഞങ്ങളുടെ നഗരത്തിൽ അവർ പുതിയതായിരുന്നു . പച്ച മണ്ണിൽ നിന്നും സ്വർണ്ണം അരിക്കുന്ന വിദ്യയും അങ്ങനെ ചെയ്‌താൽ സ്വർണ്ണം കിട്ടുമെന്ന അറിവും ഞങ്ങളുടെ നാട്ടുകാർക്ക് പുതുമയുള്ളതായിരുന്നു . നഗര തിരക്കൊഴിഞ്ഞ നേരങ്ങളിൽ അവർ ചെയ്യുന്ന വിദ്യ കണ്ടു പഠിക്കാൻ അവർക്ക്‌ ചുറ്റും കൗതുകത്തോടെ കൂടി നിൽക്കുന്ന പലരിൽ ഒരുവനായിരുന്നു ഈയുള്ളവനും . ഒരിക്കൽ പോലും ഒരു പണമിട സ്വർണ്ണം അവർക്കാ മണ്ണിൽ നിന്നും കണ്ടെടുക്കാൻ കഴിഞ്ഞതായി എനിക്ക് തോന്നിയിട്ടില്ല .
തോട്ടിറമ്പിൽ കെട്ടിയുണ്ടാക്കിയ തുണി കൂടാരങ്ങളിൽ പാർത്തു മുനിയപ്പനും രേവമ്മയും തങ്ങളുടെ തൊഴിൽ ചെയ്തു ജീവിച്ചു . മുനിയപ്പനും രേവമ്മയും മദ്യപിക്കും പക്ഷെ അവർക്കിടയിൽ ഒരു പരസ്പര ധാരണയുണ്ടായിരുന്നു .മുനിയപ്പൻ ഫിറ്റാകുന്ന ദിവസം രേവമ്മ കുറേശ്ശേയെ മദ്യപിക്കു തിരിച്ചും രേവമ്മ ഫിറ്റാകുന്ന ദിവസങ്ങളിൽ മുനിയപ്പൻ മര്യാദ രാമൻ ആകും . നഗരത്തെ അവർക്കു പേടിയാണ് നഗര ജീവികളെയും , ആരോടും അവർക്കു സൗഹൃദ മുണ്ടായിരുന്നില്ല എന്നാൽ കുറഞ്ഞ കാലം കൊണ്ട് തന്നെ നഗര വാസികളുടെ മുഴുവൻ പരിചയക്കാരായി മുനിയപ്പനും രേവമ്മയും .
കൊച്ചുമോളുടെ സ്വർണ്ണ പാദസരം മോഷണം പോയെന്നു കരുതിയാണ് അന്തോണീസ് പുണ്യാളന് നൂറ്റൊന്നു ബണ്ണൂ നേർച്ച നേർന്നത് .ആരെങ്കിലും മോഷ്ടിച്ചതാണെങ്കിൽ പതിനാലാം പക്കം തൊണ്ടി മുതൽ അടക്കം കാലിൽ വന്നു സാഷ്ടാംഗം വീഴും അതാണ് പുണ്യാളൻ. കട്ട മൊതൽ പുണ്യാളൻ കട്ടവനെ കൊണ്ട് തിന്നാൻ സമ്മതിക്കൂല്ല അതാണ് മുൻകാല അനുഭവം. പതിനാലു കഴിഞ്ഞിട്ടും പാദസരം കാണാതായപ്പോൾ മീൻകാരി വിജയമ്മയാണ് മുനിയപ്പനെയും രേവമ്മയെയും പറ്റി അമ്മച്ചിയോടു പറയുന്നത് .അവരുടെ കൈയ്യിൽ സ്വർണത്തിന്റെ സാമീപ്യം അറിയുന്ന ഏതോ ഒരു തരം മന്ത്ര കല്ലുണ്ടത്രേ അതു വെച്ച് നോക്കിയാൽ സ്വർണ്ണം എവിടാണെന്നു കണ്ടെത്താമാത്രേ .
തോട്ടിറമ്പിൽ താമസിക്കുന്ന അശ്രീകരം പിടിച്ച മദ്യപിക്കുന്ന പെണ്ണിനെ വലിയമ്മ കത്രിതള്ളയ്ക്ക് അരിശമായിരുന്നു . ഞങ്ങൾ ക്രിസ്ത്യാനികൾ കൂടോത്രത്തിലും മന്ത്രവാദത്തിലും വിശ്വാസമില്ലാത്തവരായതിനാൽ മുനിയപ്പനെയും രേവമ്മയെയും വീടിന്റെ ഏഴയലക്കത്തു അടുപ്പിക്കാൻ കത്രി തള്ള സമ്മതിച്ചില്ല . അമ്മച്ചിയുടെ തലയണമന്ത്രം കേട്ടിട്ടാണോ എന്തോ അച്ചായൻ കട്ടായം പറഞ്ഞു .പൊന്നു പോയത് എന്റെ കൊച്ചു മോളുടെ ആണേൽ മുനിയപ്പനെ ഞാൻ കൊണ്ട് വരും . അച്ചായൻ ഉറച്ചൊരു വാക്കു പറഞ്ഞാൽ പിന്നെ കത്രി തള്ള മിണ്ടൂല്ല . ദൂരെ നിന്നു മാത്രം അത്ഭുത വസ്തുവിനെപ്പോലെ കണ്ടിരുന്ന മുനിയപ്പനും രേവമ്മയും വീട്ടുപടിക്കൽ എത്താൻ പോകുന്നുവെന്ന വാർത്ത ഞങ്ങൾ കുട്ടികളെ ഏഴാം സ്വർഗത്തിലേക്ക് കൂട്ടി കൊണ്ട് പോയി . ഏഴാം ക്ലാസിൽ പഠിക്കുന്ന ലൈസാമ്മ പറഞ്ഞു മുനിയപ്പനും രേവമ്മയും കാണിക്കുന്നത് മന്ത്രമല്ല വെറും ശാസ്ത്രമാണ് ,ഇതിനു പറയുന്ന പേരാണ് അക്വാറീജിയ .ഞങ്ങൾ വായും പൊളിച്ചു കേട്ടിരുന്നതല്ലാതെ അക്വാറീജിയ എന്താണെന്നോ അതെങ്ങനെയാണെന്നോ ഞങ്ങൾക്കറിയില്ലായിരുന്നു .
മുനിയപ്പനും രേവമ്മയും വീട്ടു മുറ്റത്തു വന്നു ,കത്രി തള്ള പുറത്തിറങ്ങിയില്ല അവർ ലൈസാമ്മ പറഞ്ഞ അക്വാറീജിയ തുടങ്ങുന്നതും കാത്ത് ഞങ്ങൾ അക്ഷമരായിരുന്നു . മുനിയപ്പൻ പിഞ്ചി കീറായായ ഭാണ്ഡക്കെട്ടിൽ നിന്നും തൂക്കു കട്ട പോലൊരു സാധനം എടുത്തു അഗ്ര ഭാഗം ഭൂമിയെ നോക്കുന്ന വിധത്തിൽ കൈത്തണ്ടയിൽ കെട്ടിയിട്ടു മൂന്നു നാല് തവണ വീട്ടിലും പറമ്പിലും ഒക്കെ എന്തൊക്കയോ ചൊല്ലി കൊണ്ട് ഓടി നടന്നു . രേവമ്മ അപ്പച്ചൻ നേരത്തെ വാങ്ങി വെച്ചിരുന്ന പൂവൻ കോഴിയുടെ തല അറുത്തു ചോര ഒരു ചുവന്ന തളികയിലേയ്ക്ക് പകർത്തി ഒരു റൗണ്ട് വീട് വലം വെച്ച് വന്ന മുനിയപ്പൻ ചൂടു കോഴിച്ചോരയിൽ തൂക്കു കട്ടയുടെ പകുതിയോളം താഴ്ത്തി ഒരു റൗണ്ട് കൂടി വീടിനെ വലം വെച്ചു കുളക്കരയിലെ കുട്ടിക്കാടിനടുത്തെത്തിയതും സ്വിച്ച് ഇട്ട പോലെ നിന്നു .
പഴുക്കാറായ കൈതച്ചക്കയുടെ ചുവട്ടിൽ കൊച്ചു മോളുടെ പാദസരം കിടന്നു തിളങ്ങുന്നു . എല്ലാവരും ശ്വാസമടക്കിപ്പിടിച്ചു നിന്നാ കാഴ്ച കണ്ടു .മുനിയപ്പൻ അഭിമാനത്തോടെ അച്ചായനെ നോക്കി , അക്വാറീജിയ കഴിഞ്ഞിരിക്കുന്നു ഞങ്ങൾ കുട്ടികൾക്ക് മുനിയപ്പനും ഭാര്യ രേവമ്മയും ഒരു മന്ത്രവാദിആണെന്ന് തോന്നി കതകടച്ചിരുന്നു പള്ളൂ പറഞ്ഞ കത്രി തള്ള അത്ഭുതം കണ്ടവളെപ്പോലെ മുറി തുറന്നു പുറത്തു വന്നു.
അമ്മച്ചി രേവമ്മയെ അടുക്കളയിലേയ്ക്ക് കൂട്ടി മുന്നാഴി അരി അവളുടെ സാരിത്തലപ്പിലേയ്ക്ക് ഇട്ടു കൊടുത്തു . മുനിയപ്പനും രേവമ്മയ്ക്കും വയറു നിറയെ കുടിക്കാൻ ചന്ദ്രന്റെ പട്ട ഷാപ്പിൽ ഏർപ്പാടാക്കിയ ശേഷം നന്ദി പറഞ്ഞു അവരെ യാത്രയയക്കാൻ ഒരുങ്ങുമ്പോൾ രേവമ്മ തിരിഞ്ഞു നിന്നു ചോദിച്ചു .
അന്ത കോളിയെക്കൂടി?? തലയറുത്തു മാറ്റിയ കോഴിയുടെ കാലിൽ തൂക്കി മുനിയപ്പൻ പടിയിറങ്ങുന്നത് ഞങ്ങൾ ആവേശത്തോടെ കണ്ടു നിന്നു .
നഗരത്തിൽ എത്തുമ്പോൾ മുനിയപ്പൻ ഞങ്ങളെ നോക്കി ചിരിക്കും ,വെറുമൊരു നാടോടിയായ ദമ്പതികൾ എന്നതിലുപരി ഞങ്ങൾക്കയാൾ ഒരു നിമിഷം കൊണ്ട് എന്തും കണ്ടു പിടിക്കാൻ കഴിയുന്ന മഹാ മന്ത്രവാദിയായിരുന്നു . നഗര തിരക്കുകൾക്കുള്ളിൽ അലിഞ്ഞു അലിഞ്ഞു ആ രണ്ടു ജീവനുകൾ ഞങ്ങളുടെ നാട്ടുകാരായി എന്നു തോന്നിയപ്പോൾ ഒരു ദിവസം അവരെ പെട്ടന്ന് കാണാതായി . ആരോടും ബന്ധമോ പ്രത്യേകിച്ച് അടുപ്പമോ ഇല്ലാത്തതിനാൽ ആർക്കും അവരുടെ തിരോധാനം വാർത്തയല്ലായിരുന്നു. എന്നാൽ ഒരാൾ അവരെപ്പറ്റി രഹസ്യമായി അന്വേഷിച്ചു ആരായിരിക്കും അയാൾ ???
നഗരത്തിലെ ജൂവലറി ഉടമ പാപ്പൻ ചെട്ടിയാർ !
                      കാരണം ??
അതിബുദ്ധിമാനായ ചെട്ടിയാർ കള്ളന്മാരെയും വിൽപ്പന നികുതി ഉദ്യോഗസ്ഥരെയും പറ്റിക്കാൻ ജൂവലറിക്ക് മുന്നിലെ ഇരുമ്പു ചങ്ങലയ്ക്കുള്ളിൽ ഉരുക്കി നിറച്ചിരുന്ന പത്തു കിലോ തനി തങ്കവുമായാണ് മുനിയപ്പനും രേവമ്മയും അപ്രത്യക്ഷരായിരിക്കുന്നത് . കണക്കിൽ പെടാത്ത സ്വർണ്ണത്തിന്റെ രഹസ്യം ചെട്ടിയാർക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളു എന്നിട്ടും ? മുനിയപ്പനും രേവമ്മയും എവിടെയായിരിക്കും ഇപ്പോൾ ? ഏതെങ്കിലും ഒരജ്ഞാത നാട്ടിൽ അക്വാറീജയുമായി കണക്കിൽ പെടാത്ത പൊന്നു തേടി അലയുകയാകും ,തീവ്രമായ ആഗ്രഹങ്ങളുടെ ഭാണ്ഡവും പേറി ഒരാൽക്കമെസ്റ്റിനെപ്പോലെ ..............

No comments: