പുറത്തു നല്ല മഴ പെയ്യുന്നുണ്ട് , ഇത് പോലൊരു മഴ തിമിർത്തു പെയ്ത രാത്രിയിലായിരുന്നു അയാൾ ആ സമ്മാനവുമായി എത്തിയത് . വിലപിടിപ്പുള്ള സമ്മാനങ്ങൾ വാങ്ങരുതെന്ന് പഠിപ്പിച്ച അപ്പച്ചന്റെ വാക്കുകളെ മറന്നു ഒരു നിമിഷം ഞാൻ ദ്രവ്യാഗ്രഹിയായി പോയതിന്റെ വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ എനിക്കൊടുക്കേണ്ടി വന്നത് . അന്നയാൾ പറഞ്ഞത് ഇപ്പോഴും എന്റെ കാതുകളിൽ ഇപ്പോഴും പ്രതിധ്വനിച്ചു കേൾക്കാം .ലൂക്കോസ് തരകൻ എന്ന ഞാൻ അല്ലാത്ത എല്ലാവരും ഇത്തരം സമ്മാനങ്ങൾ സ്വീകരിക്കാറുണ്ടെന്ന് . ശിപായി രാമൻകുട്ടി ഏട്ടൻ മുതൽ എല്ലാവരും വാങ്ങുന്ന സമ്മാനം ഞാൻ മാത്രം വാങ്ങിയപ്പോൾ എന്ത് കൊണ്ടാണ് അക്ഷന്തവ്യമായ തെറ്റായി പോയത് .
ഡിംപിൾ ലൂക്കോസിന്റെ അഡ്മിഷന് വേണ്ടി ഞങ്ങളും കൊടുത്തതല്ലേ വലിയൊരു തുക പാരിതോഷികം . ഈ ലോകം വളഞ്ഞാണ് അതിലെ നേരെ നടക്കാനേ ഞാൻ ശീലിച്ചിരുന്നുള്ളു എന്നിട്ടും ഒരു പ്രലോഭനത്തിന് ഞാൻ കൊടുക്കേണ്ടി വന്ന വില എന്റെ ഡിംപിൾ മോളുടെ ജീവൻ തന്നെ ആയിരുന്നില്ലേ ? കള്ളൻ എന്ന ദുഷ്‌പേരുമായി ഈ രാത്രി വെളുക്കും വരെ മാത്രമേ ഞാനും സോഫിയായും ഈ ലോകത്തുണ്ടാവൂ . അപ്പച്ചൻ പൊറുക്കുക അപ്പച്ചൻ വളർത്തിയ മൂല്യങ്ങൾ നഷ്ട്ടപ്പെട്ടവനായി ഈ ലോകത്തു ജീവിക്കുന്നതിലും ഭേദം മരിക്കുന്നതു തന്നെയാണ് . വയസായ അപ്പച്ചനെയും അമ്മച്ചിയേയും ഒറ്റയ്ക്ക് ഇട്ടിട്ടു പോകേണ്ടി വരുന്നതിൽ അതിയായ ഖേദമുണ്ട് പക്ഷെ നിവർത്തിയില്ലാത്തതു കൊണ്ട് മാത്രമാണ് ഞങ്ങൾ ഇങ്ങനെ ഒരു തീരുമാനം എടുത്തത് .
ഈ കത്തെഴുതുമ്പോൾ ഞങ്ങൾക്ക് ഡിംപിൾ മോളെ കാണാൻ കഴിയുന്നുണ്ട് . അവൾ ഞങ്ങളെ നോക്കി ചിരിക്കുന്നു ഇനി അധികം സമയം കഴിയും മുൻപ് ഞങ്ങൾക്ക് അവളുടെ അടുത്തെത്താൻ കഴിയും എന്നാണ് പ്രതീക്ഷ . അവൾക്കിഷ്ടമുള്ള നറുനീന്തി പൂവിന്റെ മണം വാരിയണിഞ്ഞിരിക്കുകയാണവളുടെ 'അമ്മ മൂന്നു മാസം എങ്ങനെ അവളില്ലാത്ത ലോകത്തു ഞങ്ങൾ ജീവിച്ചെന്നു ചോദിച്ചാൽ ?
ഇരുമ്പു മറയൊരുക്കിയ അസ്വാതന്ത്ര്യത്തിൽ നിന്നും ഞാൻ രക്ഷപെട്ടു വരുന്ന സമയം വരെ ആയിരുന്നു ഞങ്ങളുടെ ആയുസ്സെന്നു അവൾ മുൻപേ കുറിച്ചിരുന്നു എന്ന് തോന്നുന്നു . അന്യായമായി ഞാൻ നേടിയ, അല്ല അവർ സമ്മാനമായി തന്ന 15 ലക്ഷത്തിൽ ഒരു രൂപ പോലും ഞങ്ങൾ എടുക്കുന്നില്ല . അമ്മച്ചി ഞങ്ങളെയോർത്തു കരയരുത് ഡിംപിൾ പോയതു മുതൽ അമ്മച്ചിയുടെ കണ്ണ് നീർ വീണു കുതിർന്നിരിക്കുകയാണ് ഈ വീട് . പാപത്തിന്റെ ശമ്പളം മരണമാണെന്ന് ഞങ്ങൾ തിരിച്ചറിയുന്നു .
മഴചാർത്ത് ജനാലക്കുള്ളിലേയ്ക്ക് അടിച്ചു കയറുന്നു ,അവൾ എന്തിനോ പ്രലോഭിപ്പിക്കുകയാണ് .ഏറ്റവും കൂടുതൽ സ്നേഹിച്ച ഒരു പെരുമഴയിലാണ് സോഫിയ ഡിംപിളിനെ എന്റെ കൈയ്യിലേയ്ക്ക് വെച്ച് തന്നത് . പാപം പാരിതോഷികമായി വീട്ടിലെത്തിയതും ഡിംപിൾ മോൾ പോയതും, ഒക്കെ മഴയുള്ള രാത്രിയിലായിരുന്നു . അതെ മഴ ഞങ്ങളെ വിളിക്കുകയാണ് ഈ വിളിക്കു ചെവിയോർത്തു ഞങ്ങൾ പോകുന്നു . രാത്രിയിൽ യാത്രയില്ല പാപത്തിന്റെ ശമ്പളം മരണമത്രേ ......................
2 comments:
ഒരു ചിന്താദോഷം വന്നതിന്റെ ബാക്കിപത്രം.
നല്ല കഥ.
ആശംസകൾ!!!
ചിന്താദോഷം വന്നതിന്റെ ബാക്കിപത്രം.
നല്ല കഥ.ആശംസകൾ!!!!
Post a Comment