അത്യന്തം ക്ഷുഭിതനായാണ് ജമാലുദ്ധീൻ തബ്ബറെയെന്ന ലെബനോനി മുതലാളി ഓഫീസിലേയ്ക്ക് കയറി വന്നത് . ഓഫീസിലേയ്ക്ക് കയറിയതും ആനയമറുന്ന ശബ്ദത്തിൽ അലറി വിളിച്ചു എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു .കഴിഞ്ഞ പതിനെട്ടു കൊല്ലമായി ഞാൻ കാണുന്നതും കേൾക്കുന്നതുമാണീ ശുണ്ഠിയും ശകാരവും പ്രത്യേകിച്ചൊരു ഭാവ വ്യത്യാസമില്ലാതെ ഞാൻ ബോസ്സിന്റെ ഓഫീസിലേയ്ക്ക് കയറി ചെന്നു .നൂറായിരം കാര്യങ്ങളാണ് ആ തലയിലൂടെ കയറിയിറങ്ങുന്നത് അതിൽ ഏതെങ്കിലും ടെൻഷൻ രണ്ടു ചീത്ത പറഞ്ഞാലേ തീരു എന്നായാൾക്കറിയാം,കുറെയൊക്കെ എനിക്കാണ് കിട്ടാറുള്ളതും അത് പോലെ എന്തെങ്കിലും ആവും എന്നു പ്രതീക്ഷിച്ചാണ് ഞാൻ അവിടെ നിന്നത് . എന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി ഒരു നിമിഷം അയാൾ മൗനമായിരുന്നു .
നീ കഥ എഴുതാറുണ്ടോ ?
തികച്ചും അപ്രതീക്ഷിതവും അതിശയിപ്പിക്കുന്നതുമായ ചോദ്യം കേട്ട ഞാൻ അയാളുടെ കണ്ണുകളിലേയ്ക്ക് നോട്ടമെറിഞ്ഞു കൊണ്ട് പുഞ്ചിരിച്ചു നിന്നതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .
നീ കഥ എഴുതാറുണ്ടോ ? ഇക്കുറി അയാളുടെ ചോദ്യത്തിന് ഒരു ഭീഷിണിയുടെ സ്വരവും ഉത്തരം കിട്ടിയേ അടങ്ങൂ എന്ന സൂചനയുമുണ്ടായിരുന്നു .
ഉവ്വ് സാർ ഞാൻ എഴുതാറുണ്ട് ,കഥ എന്നതിനെ വിളിക്കാമോ എന്നെനിക്കറിയില്ല
നീയെന്താണ് എഴുതാറുള്ളത് ? ഒരു സി ബി ഐ ഉദ്യോഗസ്ഥന്റെ ഭാവത്തിൽ എന്നെ കൂടയാൻ തന്നെ തീരുമാനിച്ചുറപ്പിച്ചിട്ടാണ് ജമാലുദ്ധീൻ തബ്ബാറ ഇന്നെത്തിയിരിക്കുന്നത് .
ജീവിതങ്ങൾ, എനിക്കു ചുറ്റുമുള്ള ജീവിതങ്ങൾ .ഞാൻ കാണുന്ന പരിസരങ്ങൾ നമ്മുടെ തൊഴിലാളികൾ എല്ലാവരെയുംക്കുറിച്ചു ഞാൻ എഴുതാറുണ്ട് !
നീയെന്നെക്കുറിച്ചു എന്തെങ്കിലും എഴുതിയിട്ടുണ്ടോ ? തികച്ചും അസാധാരണമായിരുന്നു ആ ചോദ്യം പലവുരു ഞാൻ പേപ്പറും പേനയുമെടുത്തു ഇരുന്നിട്ടുള്ളതാണ് എന്നിട്ടും ഒന്നും ഇത് വരെ ഇയാളെക്കുറിച്ചു എഴുതാൻ സാധിക്കാത്തതെന്താണെന്നു വെച്ചാൽ പ്രതിപക്ഷ ബഹുമാനം .ചോറ് തരുന്ന കൈകളെ കഥയുടെ കള്ള കമ്മട്ടത്തിലേയ്ക്ക് കയറ്റേണ്ട എന്ന ഉറച്ച തീരുമാനം അത് മാത്രമായിരുന്നു തബ്ബാറയുടെ കഥകൾ എഴുതുന്നതിൽ നിന്നും എന്നെ പിന്തിരിപ്പിച്ച ഏക സത്യം .
ഇല്ല സാർ, ഇതുവരെ എന്തെങ്കിലും എഴുതാൻ തക്ക കഥയുള്ള ആളാണ് സാറെന്നു എനിക്കു തോന്നിയിട്ടില്ല ഞാൻ വെറുതെ തട്ടി വിട്ടു .
എന്റെ നാലു ഭാര്യമാർ എന്നെ ഉപേക്ഷിച്ചു പോയതിൽ ഒരു കഥയുമില്ല ?എസ്റ്റോണിയാക്കാരി ഇവാ ടെസ്കാ എന്നെ വഞ്ചിച്ചു കടന്നു പോയതിൽ ഒരു കഥയുണ്ടായിരുന്നില്ല ?നൈജീരിയൻ കൊള്ളക്കാർ എന്നെ അബൂജയിൽ വെച്ചു തട്ടി കൊണ്ടു പോയി പണം പിടുങ്ങിയതിൽ ഒരു കഥയില്ലേ !ജമാലുദ്ധീൻ തബ്ബാറ സ്വയം എന്റെ മുന്നിലേയ്ക്ക് ത്രെഡുകൾ എറിഞ്ഞു തരുകയാണ് . അടുത്ത അക്കാദമി അവാർഡ് എനിക്കു വാങ്ങി തരാൻ പോന്ന അസംഖ്യം കഥകളുമായി നടക്കുന്നയാളാണ് എന്റെ മുതലാളി എന്ന് എനിക്ക് തോന്നി .
എഴുതാം ഇനി അങ്ങയെപ്പറ്റി ഒരു നോവൽ തന്നെ എഴുതാം എന്ന ഉറപ്പു നൽകി പുറത്തിറങ്ങിയ ശേഷം ഞാൻ തലപുകഞ്ഞാലോചിച്ചു ആരായിരിക്കാം മലയാളത്തിൽ ഞാൻ എഴുതുന്ന വിവരം തബ്ബാറയുടെ ചെവികളിലേയ്ക്ക് എത്തിച്ചു കൊടുത്തത് . ഇവാ ടെസ്കാ വെള്ളാരം കണ്ണുള്ള സുന്ദരിയായിരുന്നു അവൾ ബോസ്സിന്റെ കാമുകിയും വെപ്പാട്ടിയും ആയിരുന്നിട്ടും അയാളെ സുന്ദരമായി വഞ്ചിച്ചു പണവുമായി കടന്നു കളഞ്ഞവളാണ് . അവളെപ്പറ്റി എഴുതിയാൽ വായനക്കാർക്ക് കൂടുതൽ ഇഷ്ടമാകും. പക്ഷെ, ഇനിയെന്തു പക്ഷെ ഞാൻ ഒരു കഥാകാരൻ കൂടിയാണെന്ന് മുതലാളിയോട് പറഞ്ഞു കൊടുത്ത അജ്ഞാത സുഹൃത്തേ നിങ്ങൾ എനിക്കു പേറ്റന്റ് എടുത്തു തന്നിരിക്കുന്നത് .കഥകളുടെ അക്ഷയ ഖനികളിലേയ്ക്ക് സഞ്ചിയും തൂക്കി നടന്നു കയറാനുള്ള സൗജന്യ അനുവാദമാണ് .....
1 comment:
ഹാ ഹാ.കൊള്ളാമല്ലോ.നടക്കട്ടെ.നടക്കട്ടെ.
Post a Comment