തിരുനെല്ലിയിൽ നിന്നും നീലച്ചടയൻ വാങ്ങി വരുന്ന വഴി വിനാഗരിക്കാരൻ യൂജിൻ പെരേര സായിപ്പൊരു കാഴ്ച കണ്ടു . മസ്തിഷ്ക്കത്തെ മഥിക്കുന്ന ലഹരിയുടെ ലാഘവത്വത്തിൽ യൂജിൻ സായിപ്പ് ഒന്നും സംഭവിക്കാത്തവനെപ്പോലെ മുന്നോട്ടു നടന്നു . കട്ട പിടിച്ച ഇരുട്ടിൽ ഡച്ചു സ്ക്വയറിൽ നിന്നും മുപ്പാലം വരെയുള്ള യാത്രയിൽ യൂജിൻ സായിപ്പിനോട് വിശേഷം തിരക്കിയയാൾ മുന്നോട്ടു നടന്നു . വിനാഗിരി കച്ചവടത്തിനായി ഭൂമി മലയാളം മുഴുവൻ സഞ്ചരിച്ചിട്ടുള്ള യൂജിൻ സായിപ്പ് ജീവിതത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു അത്ഭുത മനുഷ്യനായിരുന്നു അയാൾ . രണ്ടാൾ പൊക്കമുള്ള, മെലിഞ്ഞു നീണ്ട വെള്ള താടിയുള്ള , ചെമ്പൻ കണ്ണുകളുള്ള, ഒരു സായിപ്പാണാ അത്ഭുത മനുഷ്യൻ എന്ന് യൂജിൻ പെരേരക്കു തോന്നി . മിന്നാമിനുങ്ങുകളും ചീവിടുകളും മാത്രമുള്ള വീഥിയിലൂടെ അത്ഭുത മനുഷ്യൻ നീലച്ചടയന്റെ ലഹരിയിലായിരുന്ന യൂജിൻ സായിപ്പിനെ അത്ഭുതങ്ങൾ നിറഞ്ഞൊരു ലോകത്തേയ്ക്ക് കൂട്ടി കൊണ്ട് പോയി . ആലപ്പുഴ മാർക്കറ്റിലേയ്ക്ക് പച്ചക്കറിയുമായി വന്ന പാണ്ടി ലോറിയിൽ ഒരെണ്ണത്തിന്റെ ഡ്രൈവർ അത്ഭുത മനുഷ്യനെ കണ്ടു പേടിച്ചിട്ടെന്നോണം വണ്ടി പാതയോരത്തുള്ള കനാലിലേയ്ക്കു നിയന്ത്രണം വിട്ടിടിച്ചിറക്കി . ഒരു നിമിഷം അത്ഭുത മനുഷ്യൻ തിരിഞ്ഞു നിന്നു .കനാലിലെ വെള്ളം കൂടിയ ഭാഗത്തേയ്ക്ക് മറിഞ്ഞ പാണ്ടി ലോറി മുങ്ങി താഴുന്നത് നോക്കി നിന്നു .യൂജിൻ സായിപ്പ് അപ്പോൾ ത്രിശങ്കു സ്വർഗ്ഗത്തിലായിരുന്നു . അവിടെ സംഭവിച്ചതൊന്നും അറിയാതെ അയാൾ നക്ഷത്രങ്ങളെ നോക്കി മുന്നോട്ടു നടന്നു .
ഒന്നാം കുർബാനയ്ക്കു മൌണ്ട് കാർമൽ കത്തീഡ്രലിലേയ്ക്കു പോയ ജൂലിയറ്റ് ഫെർണാണ്ടസും ആ അത്ഭുത മനുഷ്യനെ കണ്ടു . രണ്ടു പതിറ്റാണ്ടു മുൻപ് ലണ്ടനിലേയ്ക്ക് പോയ മകൻ പീറ്റർ ഫെർണാണ്ടസ് അയച്ച ഫോട്ടോയിലും ഉണ്ടായിരുന്നു ഇതുപോലെ നീണ്ടു മെലിഞ്ഞു വെളുത്തൊരു സായിപ്പു കുട്ടി. ഒരു പക്ഷെ മകൻ സമ്മാനങ്ങളുമായി മമ്മയെ കാണാൻ ലണ്ടനിൽ നിന്നും പറഞ്ഞു വിട്ടതാണെങ്കിലോ ? അത്ഭുത മനുഷ്യൻ ജൂലിയറ്റ് ഫെർണാണ്ടസിനോട് ഇഗ്ളീഷ് കലർന്ന മലയാളത്തിൽ സംസാരിച്ചു കൊണ്ട് മുന്നോട്ടു നടന്നു . മഞ്ഞു പെയ്തു തുടങ്ങിയിരിക്കുന്നു ,ശവക്കോട്ട പാലത്തിന്റെ കീഴെ പാല മരത്തിന്റെ ചുവട്ടിൽ എത്തിയതും പൂത്തു നിന്ന പാല മരങ്ങളിൽ നിന്നും പുഷ്പ്പ വൃഷ്ടിയുണ്ടായി . പാലപ്പൂവിന്റെ ഗന്ധം ശ്വസിച്ച ജൂലിയറ്റ് ഫെർണാണ്ടസിന് താൻ ഏതോ ഗന്ധർവ ലോകത്തകപ്പെട്ടപോലെ തോന്നി. ഒന്നാം മണിയടിച്ചതും കൊന്ത എത്തിക്കാനുള്ള ഒരു സംഘം പള്ളിയിലേയ്ക്കെത്തി ,അത്ഭുത മനുഷ്യനെ കണ്ട യാതൊരു ലാഞ്ചനയും ഇല്ലാതെ അവരിൽ പ്രധാനിയായി ജൂലിയറ്റ് ഫെർണാണ്ടസും പള്ളിയങ്കണത്തിലേയ്ക്ക് കയറിപ്പോയി .
ബൈക്ക് ആക്സിഡന്റിൽ മരിച്ച വിൻസെന്റ് അന്തോണിയുടെ മുപ്പതടിയന്തിരമായിരുന്നു അന്നു രാവിലെ നടക്കേണ്ടിയിരുന്ന പ്രധാന സംഭവം . കർമ്മലമാതാ എഞ്ചിനീറിംഗ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥിയും സകല കലാ വല്ലഭനുമായ വിൻസെന്റ് അന്തോണിയുടെ മരണം നാടിനെ ഞെട്ടിച്ച ദുരന്തം തന്നെയായിരുന്നു . നിയന്ത്രണം തെറ്റി വന്ന പാണ്ടി ലോറി ഇടിച്ചാണ് വിൻസെന്റ് അന്തോണി അകാല ചരമമടഞ്ഞത് . രാവിലെ കുഴി അലങ്കരിക്കാനെത്തിയ അലക്സ് കൊച്ചീക്കാരൻ കുഴിമാടത്തിനരികെ ആ അത്ഭുത മനുഷ്യനെ കണ്ടു അപ്പോൾ നേരം പര പരാ വെളുത്തിട്ടുണ്ടായിരുന്നു .കിളികൾ കൂട്ടിൽ നിന്നും ഇര തേടി പറക്കാൻതുടങ്ങിയിട്ടുണ്ടായിരുന്നു,ആകാശത്തിനു ചുവപ്പു നിറവും താഴെ ഭൂമിയിൽ മുഴുവൻ വെള്ളികെട്ടിയ പ്രകാശ വലയങ്ങളുമായിരുന്നു .അലക്സ് കൊച്ചീക്കാരൻ അത്ഭുത മനുഷ്യനെക്കണ്ട് ആദ്യം പേടിച്ചെങ്കിലും അസംഖ്യം കുരുശികളുള്ള സിമിത്തേരിയിലേയ്ക്ക് ചെകുത്താന്മാർ കയറില്ലാ എന്നുറക്കെ വിശ്വസിച്ചിരുന്നതിനാൽ അത്ഭുത മനുഷ്യനോട് അയാൾ നല്ല മലയാളത്തിൽ സംസാരിച്ചു .കൊച്ചീക്കാരനോട് സംസാരിച്ചു കൊണ്ടിരിക്കെ അത്ഭുത മനുഷ്യൻ സിമിത്തേരിക്കകത്തുള്ള കല്ലറ കപ്പേളയിലേയ്ക്ക് കയറിപ്പോയി . എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മുപ്പതടിയന്തിരത്തിനു വന്ന കൂട്ടുകാരോടെല്ലാം അലക്സ് കൊച്ചീക്കാരൻ ആ അത്ഭുത മനുഷ്യനെപ്പറ്റി വാതോരാതെ സംസാരിച്ചു .
ആകെ നാലു പേർക്കു മാത്രം ദർശനം നൽകി അത്ഭുത മനുഷ്യൻ കല്ലറ കപ്പേളയുടെ യവനികയ്ക്കു പിന്നിലേയ്ക്ക് മറഞ്ഞു . ആരായിരുന്നു ആ നാലു പേർ ?അകാലത്തിൽ മരിച്ച വിൻസെന്റ് ആന്റണിയുടെ ആത്മമിത്രം അലക്സ് കൊച്ചീക്കാരൻ , അവന്റെ പ്രിയപ്പെട്ട ടീച്ചർ ജൂലിയറ്റ് ഫെർണാണ്ടസ് , അവനെ പിന്നിൽ നിന്നും ഇടിച്ചു തെറുപ്പിച്ച പാണ്ടി ലോറിയുടെ അജ്ഞാതനായ ഡ്രൈവർ , എന്തിനായിരിക്കാം മരിച്ച വിൻസെന്റ് അന്തോണിയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്ന യൂജിൻ പെരേരയെന്ന വിനാഗരിക്കാരൻ അത്ഭുത മനുഷ്യനെ കണ്ടതിന്റെ കാരണം ?
സായിപ്പ് എന്നു വിളിപ്പേരുള്ള യൂജിൻ പെരേര നൽകിയ വിനാഗരിയെന്ന കറുപ്പ് ചഷകത്തിന്റെ ലഹരിയിലായിരുന്നത്രെ TN60 X3699 എന്ന പാണ്ടിലോറിയുടെ അജ്ഞാതനായ ഡ്രൈവറുടെ അന്നത്തെ രാജകീയ യാത്ര.................
1 comment:
നന്നായിട്ടുണ്ട്.
ആശംസകൾ....
Post a Comment