Sunday, 24 April 2016

നാക്കും വാക്കും പിഴയ്ക്കുമ്പോൾരാവിലെ എഴുനേറ്റു ചാർട്ട് നോക്കി കുന്നോളം ജോലി തീർക്കാനുണ്ട് , വൈകുന്നേരമാവുമ്പോൾ ഉരുട്ടി താഴേയ്ക്ക് കളയാനുള്ള കല്ലുമായി നാറാണത്തു ഭ്രാന്തൻ രായിരനെല്ലൂർ മല കയറും പോലെ എന്റെ മയിൽ വാഹനം തള്ളി സ്റ്റാർട്ടാക്കി മുന്നോട്ടു പതിനഞ്ചു മിനിട്ട് ഓടിയില്ല മൊബൈൽ ഫോൺ ഗൌരവമുള്ള മണിയടിക്കുന്നു. ബോസ്സിന്റെ കോളുകൾക്കുള്ള പ്രത്യേക മണിയടി ശബ്ദമാണത് അടുത്ത പണി തരാനുള്ള നിലവിളി പേടിച്ചിട്ടു ഞാൻ കേൾക്കാത്തവനെ പോലെ വണ്ടി മുന്നോട്ടു ഓടിച്ചു .ഒന്നടിച്ചു നിന്നു, വീണ്ടും വിളി ഇനിയെടുത്തില്ലേൽ പണി പാളും . ഒരു പണി കൂടി ചെയ്യാൻ സന്നദ്ധനായി ഞാൻ ഫോൺ എടുത്തു അപ്പുറത്ത് നിന്നും ഘന ഗാംഭീര്യമാർന്ന ചോദ്യം
എവിടെയാണ് നീ , എവിടാണെങ്കിലും വണ്ടി തിരിച്ചു ഞാൻ പറയുന്ന ഓഫീസിലുള്ള ഹാറൂൺ എന്നയാളെ പോയി കാണുക അയാൾ തരുന്ന മൂന്ന് മില്യൻ ഡോളറിന്റെ ചെക്ക് വാങ്ങി നേരിട്ട് നമ്മുടെ അക്കൌണ്ടിൽ ഡിപ്പോസിറ്റ് ചെയ്യുക . ഇന്ന് വേറെ ഒരു പണിയും ചെയ്തില്ലങ്കിലും കുഴപ്പമില്ല. ഇത് വളരെ വളരെ പ്രധാനപ്പെട്ട ഒന്നാണ് .
വണ്ടി നൂറ്റിപത്തിൽ പറത്തി വന്നു ചില ജെയിംസ്‌ ബോണ്ട്‌ ചിത്രങ്ങളിലെ പോലെ ഹാൻഡ്‌ ബ്രേക്ക് വലിച്ചു നിർത്തി ആ ഓഫീസിലേയ്ക്ക് കടന്നു ചെന്നു. ആരാണ് ഹാറൂൺ ? ഞാനെന്തോ വലിയപരാധം ചോദിച്ചപ്പോലെ റിസപ്ഷനിൽ ഇരുന്ന പെൺകുട്ടി എന്നെ തുറിച്ചു നോക്കി ചോദിച്ചു. വൂ ???? ഹാറൂൺ അതെ അത് തന്നെ
ഹാറൂണോ അങ്ങനെ ഒരാൾ ഇവിടെയില്ല മിസ്റ്റർ നിങ്ങൾക്ക് ഓഫീസ് മാറിയതാവും ,
ഞാൻ ഒന്ന് കൂടി മുതലാളിയെ വിളിച്ചു അഡ്രസ്സ് തിരക്കി എല്ലാം ശരിയാണ് മുതലാളി പറഞ്ഞു വിട്ട ഓഫീസ് ഇത് തന്നെ ആണ് . സാർ അങ്ങനെ ഒരാൾ ഇവിടെ ഇല്ലെന്നാ ഈ പെങ്കൊച്ചു പറയുന്നേ ഞാൻ എന്ത് ചെയ്യണം .
നീയവിടെ നിൽക്കൂ ഞാൻ അയാളെ വിളിക്കാം മുതലാളി ഫോൺ കട്ട് ചെയ്തു. ഞാൻ റിസപ്ഷനിലെ പതു പതുത്ത കുഷ്യനിൽ ആസനസ്ഥനായി .
പത്തു മിനിട്ട് കഴിഞ്ഞു ഒരാൾ വന്നു എന്നെ ഉള്ളിലേയ്ക്ക് കൂട്ടി കൊണ്ട് പോയി ,കയ്യിൽ സ്വർണ്ണ ചങ്ങലകളും കഴുത്തിൽ കൊന്തയുമിട്ട ഒരു പാലക്കാരൻ അച്ചായന്റെ ഓഫീസിൽ കൊണ്ടിരുത്തി ഞാൻ എന്റെ ഐ ഡി കൊടുത്ത് ചെക്ക് കോപ്പിയിൽ ഒപ്പിട്ടു വാങ്ങി ചെക്ക് എനിക്ക് തരുമ്പോൾ സംശയം തീർക്കാൻ എന്നവണ്ണം ഒരു ചോദ്യമെറിഞ്ഞു . ചേട്ടൻ ക്രിസ്ത്യാനിയാണാ ?? അതെ എന്തേ ? അല്ലാ ഈ ഹാറൂൺ എന്ന പേര് ?? തന്റെ അറബി മുതലാളി പറഞ്ഞതല്ലേ ഈ പേര് എന്റെ പേര് ശരിക്കും അരുൺ ജോസഫ്‌ എന്നാണ് .ഞാൻ പ്ലിങ്ങി പുളകിതനായി ആ മുറി വിട്ടിറങ്ങുമ്പോൾ പണ്ട് ഡ്രൈവിംഗ് ടെസ്റ്റിനു വിളിച്ച വിചിത്രമായ പേര് "സുപ്പർ മാൻ പി അള്ളാ" എന്നായിരുന്നു വിളി പലതു കഴിഞ്ഞിട്ടും ആളെ കാണാതെ ക്ഷുഭിതനായി ഫയലുമായി പുറത്തിറങ്ങിയ പോലീസുകാരന്റെ ഫയൽ ഞാൻ പിടിച്ചു നോക്കി സുബ്രമണ്യം പിള്ളയാണ് അറബി പോലീസുകാരൻ സുപ്പർ മാൻ പി അള്ളാ ആക്കിയത്. അതൊക്കെ വെച്ച് നോക്കുമ്പോൾ ഹാറൂൺ അരുണല്ലേ ആയുള്ളൂ ചിലടിത്ത് പരമശിവം ഫാർമസിയും പാർവതി പാര വെട്ടിയുമാണ് .
Post a Comment