മോനെ തങ്കപ്പാണ്ണനു ദാഹിക്കുന്നെടാ ഒരു ചെറുത് നിനക്ക് മേടിച്ചു തരാൻ പറ്റുമോ ? മരണ കിടക്കയിൽ അണ്ണനെ കാണാൻ ചെന്ന എന്റെ കൈ നെഞ്ചോട് ചേർത്തു വെച്ച് അണ്ണൻ തേങ്ങി .ഒരു മാസമായി കരൾ രോഗങ്ങളുമായി മല്ലിട്ട് അണ്ണൻ രോഗ കിടക്കയിലായിട്ട് , കാണാൻ ചെല്ലുന്നവരോടെല്ലാം ഈ ഒരു ചോദ്യം മാത്രം എനിക്കു ദാഹിക്കുന്നു ഒരു മുപ്പതെങ്കിലും ഒഴിച്ചെന്റെ തൊണ്ട നനയ്ക്കാമൊ ??
കരിങ്കല്ലിൽ ദേവി വിഗ്രഹങ്ങൾ കടഞ്ഞെടുക്കുന്ന ശിൽപിയായിരുന്നു തങ്കപ്പൻ മൂശാരി എന്ന കറ തീർന്ന കലാകാരൻ. ജീവസുറ്റ ദേവി വിഗ്രഹങ്ങളും കരിങ്കൽ പ്രതിമകളും കടയാൻ ലഹരി തങ്കപ്പാണന്റെ ഇന്ധനമായിരുന്നു. ഒരു വിഗ്രഹം തീരും മുൻപൊരു പത്തു ലിറ്റർ കുറഞ്ഞത് കുടിച്ചു തീർക്കും . ലോകത്തിന്റെ കാപട്യങ്ങളിൽ ഒന്നും പെടാതെ ഒന്നിനും ചെവി കൊടുക്കാതെ അയാൾ അയാളുടെ സൃഷ്ട്ടി പ്രക്രീയയിൽ മുഴുകും.മകൾ ഗീതയായിരുന്നു അയാളുടെ ലോകം അവളെ കല്യാണം കഴിച്ചു അയച്ചതിൽ പിന്നെ തീർത്തും മൌനിയായിരുന്ന തങ്കപ്പാണ്ണനു ശിൽപ നിർമാണത്തിൽ കൌതുകം കയറിയ ഞാൻ ആയിരുന്നു കൂട്ട് .
ശിഷ്യപെടൽ എന്നാൽ വിദേശ മദ്യ ശാലയുടെ നീണ്ട നിരയിൽ ഊഴം കാത്തു നിൽക്കലായിരുന്നുഎന്റെ പ്രധാന ജോലി. ദിവസത്തിൽ ഒന്നും രണ്ടും മൂന്നും തവണ പോകേണ്ടി വരും എങ്കിലും ഞാൻ പിണങ്ങിയിരുന്നില്ല കാരണം അണ്ണന് ഉള്ളിൽ കളങ്കമില്ലായിരുന്നു . ഉള്ളത് നേരെ ചൊവ്വേ പറഞ്ഞു തരും കല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്നും അത് ഹൃദയത്തിൽ ഉണ്ടായാൽ പിന്നെ നീ ചുമരുകൾ അന്വേഷിച്ചു അലയേണ്ടതില്ല അത് നിന്നെ തേടി വരുമെന്നും അണ്ണൻ എന്നെ പഠിപ്പിച്ചു .
കലാകാരനോട് എന്നും കലഹിക്കുന്ന കരൾ പണി മുടക്കി , ഒരു കരിങ്കൽ കഷണത്തിൽ പോലും ആ മുഖം കോറിയിടാതെ തങ്കപ്പാണ്ണൻ എന്ന കലാകാരൻ കാല യവനികക്കുള്ളിലെയ്ക്കു കയറി നടന്നു. കുറച്ചു ശിൽപങ്ങള ല്ലാതെ ചരിത്രത്തിൽ ഒരു തിരു ശേഷിപ്പും തങ്കപ്പാണ്ണൻ അവശേഷിപ്പിച്ചില്ല.
ശ്രാദ്ധമൂട്ടാൻ മകനു പകരക്കാരനാകാനുള്ള നിയോഗം എനിക്കായിരുന്നു. ഈറനണിഞ്ഞ ഉടയാടകളിൽ എള്ളും പൂവും ഉരുള ചോറും വെച്ചു പിതൃ പിണ്ടത്തിനായി ഞാൻ ചമ്രം പിടഞ്ഞിരിക്കവേ ഉളി കൊണ്ട് കരിങ്കല്ലിൽ കവിതയെഴുതുന്ന അണ്ണൻ ഒരു നിഴൽ പോലെ അരികെ വന്നിരുന്നു . കർമ്മങ്ങൾ കഴിഞ്ഞു ബലിചോറ് ഉരുളയാക്കി വെച്ച് ആകാശത്തിലേയ്ക്ക് നോക്കി കൈയടിച്ചു ഞങ്ങൾ കാത്തു .ഇല്ലാ ബലികാക്കകൾ പിണങ്ങി മാറി നിൽക്കുന്നത് പോലെ, വീണ്ടും വീണ്ടും താളത്തിൽ കൈയ്യടിച്ചു. പരികർമ്മി അടുത്തു വന്നു ഇങ്ങനെ പറഞ്ഞു പ്രിയപ്പെട്ടതെന്തോ കിട്ടാനായി കാത്തു നിൽക്കുകയാണീ ആത്മാവ് .
ഞാൻ ബാഗിൽ കരുതിയിരുന്ന ജവാന്റെ റം പൊട്ടിച്ചു ഉരുള ചോറിനു അടുത്തു വെച്ചു .കാ കാ എന്നലറി കൊണ്ടോരായിരം കാക്കകൾ ആ ഉരുള ചോറിനു ചുറ്റും വലം വെച്ചു പറന്നു . അതിലൊരു കരിങ്കാക്ക നേരെ പറന്നു വന്നു ജവാന്റെ കുപ്പിക്കുള്ളിലെയ്ക്ക് ചുണ്ടുകൾ ഊന്നി . മറ്റു കാക്കകൾ ഉരുള ചോറുകൾ കൊത്തിപെറുക്കി പറന്നകന്നു . ശേഷം അവശേഷിച്ച ചോറുരുള ഒരു ശിൽപാകൃതിയിൽ ചുണ്ട് കൊണ്ടു കൊത്തിയോരുക്കിയ ശേഷം ആ കരിങ്കാക്ക മുകളിലേയ്ക്ക് ചിറകടിച്ചുയർന്നു ...
No comments:
Post a Comment