Sunday, 3 April 2016

ഇസ്കിയ ക്രീമിട്ടാൽ വെളുക്കുമോ ..


ലീവിനു ഞാൻ നാട്ടിലെത്തുന്ന ദിവസം മണത്തറിഞ്ഞയാൾ വീട്ടിലെത്തും. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തെക്കാൾ ചടുലതയും വേഗവുമുണ്ടയാൾക്കാ കാര്യത്തിൽ . ഒരു സ്പ്രേ, രണ്ടു ടൈഗർ ബാം, രണ്ടു പെഗ് സ്കോച് വിസ്ക്കി അതയാളുടെ പതിവാണ്. ഒരവകാശം പോലെ അയാൾ അതിനായി എന്റെ വരവും കാത്തിരിക്കുമായിരുന്നു. പ്രിയമുള്ള ആരെയോ കാക്കുന്ന പോലെ ഒരാൾ എനിക്കായും കാത്തിരിക്കുന്നുണ്ടെന്ന ഓർമ്മ എനിക്കും ഒരു ബലമായിരുന്നു അതു കൊണ്ട് തന്നെ ഞാൻ എന്തു മറന്നാലും അയാളെ ഒരു യാത്രയിലും മറന്നിരുന്നില്ല.
അന്നും പതിവുപോലെ ഞാനെത്തിയതും അയാൾ വന്നു ഇരുന്നു, രണ്ടെണ്ണം വീശി അതിനിടയിൽ എനിക്ക് ഒരു പാട് സന്ദർശകരും മറ്റും ഉണ്ടായിരുന്നതിനാൽ എനിക്കയാളെ മാത്രം ശ്രദ്ധിക്കാനായില്ല. കിട്ടേണ്ടതെല്ലാം വാങ്ങി പ്രസന്ന വദനനായി നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ വേച്ചു വേച്ചു അയാൾ വീട്ടിലേയ്ക്ക് നടന്നു പോയി.
രാത്രിയുടെ രണ്ടാം യാമം ,ഓരോ ഗൾഫ്‌കാരനും ലീവിനു വരുന്ന ആദ്യ ദിവസം ആദ്യ രാത്രിയാണ് .ഞങ്ങൾ സ്വാഗത പ്രസംഗം കഴിഞ്ഞു കാര്യ പരിപാടികളിലെയ്ക്കു കടക്കാൻ തുടങ്ങിയതും പുറത്തൊരു കരച്ചിൽ , ഒരു സ്ത്രീയാണ്, നിലവിളിച്ചു കൊണ്ടവൾ ബെല്ലമർത്തി .കയ്യിൽ കിട്ടിയ ബെഡ് ഷീറ്റും വാരിച്ചുറ്റി ഞാൻ കതകു തുറന്നു. എന്നെ കണ്ടതും അവരുടെ കരച്ചിലിന്റെ ശക്തി കൂടി "ചേട്ടാ ഒന്ന് വീട് വരെ വാ ....ചേട്ടൻ രാവിലെ കൊടുത്ത എന്തോ ക്രീം മുഖത്തു പിരട്ടി അതിയാനിപ്പോൾ നിൽക്കാനും ഇരിക്കാനും വയ്യാതെ അവിടെ കിടന്നു എരിപിരി സഞ്ചാരം " ഞാൻ അകത്തു പോയി ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു വന്നു , ടൈഗർ ബാം വാരി മുഖത്തു തേച്ചു കാണും ബ്ലെദ്ദി ഫൂൾ ........
ശ്രീശാന്ത് മത്സരത്തിനു ഇറങ്ങിയപോലെ മുഖം മുഴുവൻ വെളുത്ത ക്രീമും തേച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് ടിയാൻ . ടൈഗർ ബാമിനു വെള്ള കളറോ ! ചേച്ചി ഓടി പോയി ഒരു ട്യൂബ് എടുത്തു എന്റെ കയ്യിൽ കൊണ്ട് തന്നു പറഞ്ഞു "ഇത് തേച്ചാൽ വെളുക്കും എന്ന് പറഞ്ഞു കുറെ വാരി പൊത്തിയിട്ടാ ഉറങ്ങാൻ കിടന്നത് " ഞാൻ അയാളുടെ മുഖത്തേയ്ക്കു നോക്കി അയാള് എന്നെ നോക്കാൻ ഭയപ്പെട്ടത് പോലെ തല താഴ്ത്തി.
ഫെയർ ആൻഡ്‌ ലോവ്ലിയുടെ ഫേസ് വാഷ് ക്രീമാണത്. ഇതെവിടുന്നു കിട്ടി ? അയാൾ മിണ്ടുന്നില്ല എന്റെ പെട്ടിയിൽ നിന്നും ഞാനറിയാതെ അടിച്ചു മാറ്റിയതാണയാൾ . പോയി തണുത്ത വെള്ളത്തിൽ മുഖം കഴുകൂ.
കുഞ്ഞാടിനെപ്പോലെ അയാൾ അനുസരിച്ചു . ഇതു വെളുക്കാനുള്ളതല്ല ,മുഖം കഴുകാനുള്ളതാണ് ഞാൻ പറഞ്ഞു മനസിലാക്കി എന്നോട് ചോദിച്ചിരുന്നേൽ ഞാൻ ഫെയർ ആൻഡ്‌ ലോവ്ലി തന്നെ തരുമായിരുന്നല്ലോ പിന്നെന്തിനാ മോഷ്ട്ടിച്ചേ ! ഭാര്യ ക്രൂദ്ധയായി അയാളുടെ മുഖത്തേയ്ക്ക് നോക്കി കുറ്റ ബോധം കൊണ്ടയാൾ ലജ്ജിതനായി ,ഞാൻ ആ വീട് വിട്ടിറങ്ങി .
പാതി വഴിയിൽ എത്തിയപ്പോൾ അയാൾ പിറകെ ഓടി വന്നു എന്നെ പിടിച്ചു നിർത്തി കാലിൽ സാഷ്ടാംഗം വീണു, സാർ... എന്നോടു പൊറുക്കണം, രണ്ടു പെഗ് അടിച്ച കിക്കിൽ ഞാൻ അറിയാതെ,, പോട്ടെടോ എനിക്ക് കുഴപ്പം ഇല്ല ചോദിച്ചാൽ ഞാൻ സന്തോഷത്തോടെ ഇതൊക്കെ തരുമായിരുന്നു ഞാനയാളെ ആശ്വസിപ്പിച്ചു . ഒരു സ്പ്രേയും കൂടി ഞാൻ അവിടുന്ന് മോഷ്ട്ടിച്ചു എന്നു പറഞ്ഞയാൾ പോക്കറ്റിൽ നിന്നും ഒരു കുപ്പി പുറത്തെടുത്തു . ഞാൻ നോക്കുമ്പോൾ മകന്റെ ബെർത്ത്‌ ഡേ ആഘോഷിക്കാൻ വാങ്ങിയ സെലിബ്രേഷൻ സ്പ്രേ !!!!!!
എന്റെ പൊന്നണ്ണാ ഇതെങ്ങാനും അണ്ണൻ എടുത്തു കക്ഷത്തിൽ അടിച്ചിരുന്നെങ്കിൽ ................
Post a Comment