Thursday, 7 April 2016

പന്നി ഇറച്ചി തിന്നാൽ മുടി വളരുമോ ??അച്ചാച്ചാ എന്റെ കൂടെ പഠിക്കുന്ന ചിന്നുവിന്റെ മുടി കണ്ടിട്ടുണ്ടോ ? മൂന്നാം ക്ലാസുകാരിയായ എട്ടു വയസുകാരി മോളുടെതാണ്‌ ചോദ്യം .അയ്യോ അച്ചാച്ചൻ അതൊന്നു കാണേണ്ടതാ ! അവടെ അച്ചാച്ചൻ അവൾക്കു പന്നി ഇറച്ചി വാങ്ങി കൊടുക്കുന്നുണ്ടത്രേ പന്നി ഇറച്ചി തിന്നാൽ മുടി ഇടതൂർന്നു വളരും അച്ചാച്ചാ !
കുഞ്ഞുങ്ങളിൽ നിന്നും പഠിക്കണമെന്ന് കേട്ടിട്ടുണ്ട് എന്നാൽ ഇതൊരു ഒന്നൊന്നര അറിവാണ് , അച്ചാച്ചൻ വരുമ്പോൾ ഒന്നും കൊണ്ട് വന്നില്ലെങ്കിലും സാരമില്ല ഇച്ചിരി പന്നി ഇറച്ചി എനിക്കു മേടിച്ചുതന്നാൽ മതി ? അമ്മ പന്നിയെന്നു കേട്ടാൽ ഏഴയലത്ത് അടുക്കില്ല മേടിച്ചാൽ ഞാനും മോളും കൂടി തിന്നു തീർക്കണം . ഞാൻ തന്നെ വെച്ചുണ്ടാക്കുകയും വേണം പാചകം പുത്തരിയല്ല പക്ഷെ പ്രതിപക്ഷത്തെ തീർത്തും അവഗണിച്ചു കൊണ്ടൊരു പാചകം വയ്യ. അടുത്തുള്ള ഹോട്ടലുകളിൽ ഒന്നും ഈ സാധനം കിട്ടാനുമില്ല . അച്ചാച്ചൻ വരട്ടെ മോളെ മോൾക്ക്‌ പന്നി ഇറച്ചി വാങ്ങി കറി വെച്ച് തരാം . അവളെ സമാധാനിപ്പിച്ചു ഫോൺ വെച്ചു .
എയർപോർട്ടിൽ ഇറങ്ങിയതും അവൾ ഒന്ന് കൂടി ഓർമിപ്പിച്ചു അച്ഛാച്ചാ പന്നി ഇറച്ചി അച്ചാച്ചൻ വാക്ക് പറഞ്ഞതാ .നിന്നോടാരാ പറഞ്ഞെ പന്നി തിന്നിട്ടാ ചിന്നുന്റെ മുടി വളരുന്നത്‌ എന്ന്, അതൊക്കെ വെറുതെ പറയുന്നതാ മോളെ അമ്മയ്ക്ക് ഇഷ്ട്ടമില്ലത്തതൊന്നും നമുക്കും വേണ്ടാ ഞാൻ മുട്ടപോക്ക് പറഞ്ഞുഒഴിവാക്കാൻ ശ്രമിച്ചു .മകൾ വിടാൻ ഭാവമില്ല അച്ചാച്ചൻ വരാൻ ഞാൻ എത്ര കാത്തിരുന്നെന്നു അറിയാമോ ? വേണ്ട എന്നോട് മിണ്ടേണ്ട, മകൾ പിണങ്ങി മാറി
എന്നാൽ നമുക്കീ ഞായറാഴ്ച പന്നിയിറച്ചി വാങ്ങാം എന്റെ ഉറപ്പു കിട്ടിയതും മകൾ ഏഴാം സ്വർഗത്തിലായി,
ആരൊക്കയൊ ചേർന്നാ കുഞ്ഞു മനസിനെ അത്രമേൽ മോഹിപ്പിചിരിക്കുന്നു .കുർബാന കഴിഞ്ഞിറങ്ങിയതും മകൾ കൈ പിടിച്ചു വലിച്ചു വാ അചാച്ചാ വണ്ടിയെടുക്ക് നമുക്ക് പന്നിയിറച്ചി വാങ്ങാൻ പോകാം . അവൾ പിറകിൽ കൈ പിടിച്ചിരുന്നു വണ്ടി പന്നി ഇറച്ചി കടയുടെ വാതിൽക്കൽ നിന്നു .ഞായറാഴ്ച ആയതു കൊണ്ടാണെന്ന് തോന്നുന്നു നല്ല തിരക്ക് ഞാൻ മകളെയും കൂട്ടി കുറച്ചകലെ മാറി നിന്നു .അവിടെ ഒരു ഇരുമ്പ് കൂട്ടിനുള്ളിൽ രണ്ടു പന്നി കുട്ടന്മാർ മരണ ദൂതൻ അരികിൽ എത്താൻ സമയമായി എന്നറിഞ്ഞിട്ടും നിർത്താത്ത കളിയിലാണവർ . മകൾ ഓടി ചെന്നാ പന്നികളുടെ കുസൃതി കൌതുകത്തോടെ നോക്കിയിരുന്നു.
തിരക്കൊഴിഞ്ഞു ഞാൻ പന്നി ഇറച്ചി വാങ്ങി മകളെ വിളിച്ചു ലീനാ വാ പോകാം... ഇച്ചിരി നേരം കൂടെ അച്ചാച്ച,,, അവൾ ആ കൂടിനു മുന്നിൽ നോക്കി നിന്നു പിരിയാൻ വിഷമം പറഞ്ഞു. കടക്കാരൻ വന്നു കൂട് തുറന്നു അതിൽ ഒന്നിനെ പിടലിക്ക് പിടിച്ചു .ഞാൻ മകളെ വിളിച്ചു ബാ പോകാം ആ പന്നികുട്ടനെ കൊണ്ട് ഇറച്ചി കടയുടെ ഉള്ളിലേയ്ക്ക്പോകുന്നതും നോക്കി അവൾ ബൈക്കിനു പുറകിൽ കയറി ഇരുന്നു.
അച്ചാച്ചാ അവരതിനെ കൊല്ലും അല്ലേ ? അതെ എന്നാലല്ലേ നമുക്കു ഇറച്ചി തിന്നാൻ കഴിയൂ.
ശോ കഷ്ട്ടം ! നല്ല രസമുള്ള പന്നികുട്ടന്മാരായിരുന്നു അവരെ കൊല്ലണമായിരുന്നോ ?
മോളല്ലേ പറഞ്ഞതു മോൾക്ക്‌ മുടി വളരണമെന്ന് അതുപോലെ ഒരു പാട് പേർക്ക് ആഗ്രഹം ഉണ്ടാകില്ലേ
നമ്മൾ ആഗ്രഹങ്ങൾ ഉപേക്ഷിച്ചാൽ കുറെയേറെ ജീവൻ രക്ഷിക്കാനാവും അല്ലേ അച്ചാച്ചാ. അവളുടെ ചോദ്യത്തിന് ഉത്തരം പറയാൻ തുടങ്ങും മുൻപ് ഒരലർച്ച കേട്ടു . മുന്നിലതാ ഒരു ബൈക്കും ഓട്ടോ റിക്ഷയും കൂട്ടി മുട്ടിയിരിക്കുന്നു ബൈക്കിൽ ഉണ്ടായിരുന്ന യുവാക്കൾ ചോരയിൽ കുളിച്ചു റോഡിൽ , ആളുകൾ ചുറ്റും കൂടുന്നു പതിയെ ബൈക്ക് സൈഡിൽ ഒതുക്കി ഞാൻ ആൾക്കൂട്ടത്തിനിടയിലേക്ക് മകളുടെ കൈ പിടിച്ചു നടന്നതുംഒരു പിൻ വിളി
ചേട്ടാ ദേ ഇറച്ചി പട്ടി കടിക്കുന്നു !!! ബൈക്കിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക്ക് ബാഗ് തെരുവ് നായ്ക്കൾ കടിച്ചു വലിക്കുകയാണ്‌ ,പട്ടിയെ ഓടിക്കാൻ കല്ലെടുത്ത് മുന്നോട്ടാഞ്ഞ എന്നെ മകൾ തടഞ്ഞു .. വേണ്ടച്ചാച്ചാ എനിക്ക് മുടി വളരേണ്ടാ അത് അവർ കൊണ്ട് പോയി തിന്നോട്ടെ , ഇനിയൊരിക്കലും ഇറച്ചി വേണമെന്ന് ഞാൻ വാശി പിടിക്കൂല്ലാ .............................
Post a Comment