Tuesday, 5 April 2016

വിധിയെ തടുക്കാൻ കണ്ടക്റ്റർക്കാവുമോ ??


യാത്ര തുടങ്ങിയത് മുതൽ അയാളെന്നെ സൂക്ഷിച്ചു നോക്കുകയാണ് , വണ്ടി ചുരമിറങ്ങി ആൾ തിരക്കം കുറഞ്ഞതും അടുത്തു വന്നിരുന്നിട്ട് അയാൾ സംശയം മാറാത്ത വണ്ണം ചോദിച്ചു ചേട്ടൻ മുൻപ് ആലപ്പുഴ ആറാട്ടുപുഴ റൂട്ടിൽ കെ എസ് ആർ ടി സി ബസിലെ കണ്ടക്റ്റർ ആയിരുന്നില്ലേ ???
കോളേജ് അധ്യാപകൻ ആകും മുൻപ് രണ്ടു കൊല്ലം ഞാൻ കെ എസ് ആർ ടി സി ബസിലെ കണ്ടക്റ്റർ ആയിരുന്നു . അത് പക്ഷെ പത്തിരുപതു കൊല്ലം മുൻപാണ്, എന്നെ പരിചിതരായ നാട്ടുകാർക്കും സുഹൃത്തുക്കൾക്കും മാത്രം അറിയാവുന്ന കാര്യം പത്തിരുപതു കൊല്ലങ്ങൾക്ക് ശേഷം ഒരപരിചിതൻ തീർത്തും അപരിചിതമായ സന്ദർഭത്തിൽ ചോദിക്കുന്നു ,ഞാനയാളെ സൂക്ഷിച്ചു നോക്കി ഇല്ലാ, ആലുവാ മണപ്പുറത്ത് വെച്ച പരിചയം പോലും ഇല്ല . അതെ ഞാൻ കണ്ടക്റ്റർ ആയിരുന്നു ആലപ്പുഴ ആറാട്ടുപുഴ റൂട്ടിൽ പക്ഷെ അതു കൊല്ലങ്ങൾക്ക് മുൻപ് !
എന്റെ ഉത്തരം കേട്ടതും വലിയ ഒരലർച്ചയോടെ അപരിചിതൻ ചാടിയെഴുന്നേറ്റു എന്റെ കോളറിനു പിടിച്ചു . കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ ഈ മുഖം തിരയുകയായിരുന്നെടാ റാസ്ക്കൽ *!%^&&&&............... കണ്ണ് പൊട്ടുന്ന ചീത്ത ,ചങ്ങനാശ്ശേരി ചന്തയിൽ പോലും കേൾക്കാത്ത പൂരപ്പാട്ട്‌ തുടങ്ങി , ആളുകൾ ഞങ്ങൾക്കു ചുറ്റും തടിച്ചു കൂടി ,
അമ്പരപ്പിന്റെ ആകാശത്തിൽ നക്ഷത്രമെണ്ണൂകയാണ് ഞാൻ, ആരാണിയാൾ ???
എന്താണിയാൾക്ക് എന്നോടുള്ള വൈരാഗ്യത്തിനു കാരണം ! അയാൾ എന്നെ തല്ലും എന്ന ഘട്ടം വന്നപ്പോൾ മറ്റു യാത്രക്കാർ അയാളെ പിടിച്ചു മുന്നിലോട്ടു കൊണ്ട് പോയി ഇരുത്തി , പിന്നിലേയ്ക്ക് തിരിഞ്ഞയാൾ ചീത്തവിളി തുടർന്നു , ബസ്‌ മുന്നോട്ടു പോകെ പോകെ അയാൾ ശാന്തനായി, എങ്കിലും ഞാൻ ഭയപ്പെട്ടു എവിടെ എങ്കിലും ഞാൻ ഇറങ്ങാൻ കാത്തിരിക്കുകയാണയാൾ ഇറങ്ങിയാൽ സ്പോട്ടിൽ അടി ഉറപ്പ് . എന്താണ് കാരണം എന്നതു മാത്രം അജ്ഞാതം .
എന്തായാലും ബസിനുള്ളിൽ വെച്ച് നേരിടുകയാവും ബുദ്ധി , ഞാൻ രണ്ടും കൽപ്പിച്ചെഴുന്നേറ്റു അയാളുടെ അടുത്തെത്തി കൈകൂപ്പി എന്റെ പൊന്നു സുഹൃത്തേ നിങ്ങൾക്കെന്നെ തല്ലാം പക്ഷെ എന്താണ് കാര്യം എന്നെനിക്കറിയണം, അതിനു ശേഷം ഞാൻ നിന്ന് തരാം . യാത്രക്കാരും എന്റെ കൂടെ കൂടി, അതെ കാര്യം പറ എന്നിട്ട് നമുക്ക് മുന്നോട്ടു പോകാം,, ബസ്‌ വഴിയരുകിൽ എവിടെയോ ഒതുക്കിയിട്ടു ഡ്രൈവറും കണ്ടക്ട്ടരും അടക്കം അയാളുടെ കഥ കേൾക്കാൻ എത്തി
ശ്വസമടക്കിയ അൻപതോളം ഹൃദയങ്ങളും നൂറോളം കണ്ണുകളും നോക്കി നിൽക്കെ നെടുവീർപ്പെട്ടുകൊണ്ടയാൾ തുടങ്ങി ഈ ............ മോനാണ് എന്റെ ജീവിതം തുലച്ചത് !!!!!!!
കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ അനുഭവിക്കുന്ന എല്ലാ ദുരിതത്തിനും ഉത്തരവാദി ഈ പൊന്നു മോൻ ഒരാളാണ് !! കുറ്റങ്ങളുടെ കുന്തമുന കൂർപ്പിച്ചു കൊണ്ടയാൾ എനിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തുകയാണ് ഒരു എത്തും പിടിയും ഇല്ലാതെ ഞാൻ അപ്രതീക്ഷിതമായ വിചാരണ നേരിടുകയാണ്.
ആ നശിച്ച യാത്ര തുടങ്ങുന്നത് ആറാട്ടു പുഴ നിന്നാണ് അന്നാ ബസിലെ കണ്ടക്ക്ട്ടർ ഇയാളായിരുന്നു . ടിക്കറ്റെടുത്തു നൂറിന്റെ നോട്ടു കൊടുത്ത എനിക്കു ബാക്കി ഇയാൾ തന്നില്ല, ചോദിച്ചപ്പോൾ ചില്ലറയില്ല പിന്നാകട്ടെ എന്ന പതിവ് ഉത്തരത്തിൽ അയാൾ ആലപ്പുഴ വരെ കൊണ്ടു പോയി ,ആലപ്പുഴ എത്തിയിട്ടും ഇയാൾ ബാക്കി തന്നില്ല !!!
നൂറു രൂപയാണോ തന്റെ ജീവിതം നശിപ്പിച്ചേ ? ജനകൂട്ടത്തിന്റെ ക്ഷമ നശിച്ചു ബാക്കി വേഗം പറയെടോ ഡ്രൈവറും കണ്ടക്ട്ടരും ഒരുമിച്ചു ബഹളമുണ്ടാക്കി
ആലപ്പുഴ എത്തിയപ്പോൾ ഇയാൾ ആ നൂറിന്റെ നോട്ടും ഒരു പെൺകുട്ടിയേയും കൂടി കൂട്ടി തന്നിട്ട് എന്റെ ബാക്കി എടുത്തിട്ടു മുപ്പതു രൂപാ ആ പെൺകുട്ടിക്ക് ചില്ലറ മാറി കൊടുക്കാൻ പറഞ്ഞു ഞങ്ങളെ വഴിയിൽ ഇറക്കി വിട്ടു. എന്നിട്ട് ???????????
എന്നിട്ടെന്താ അവൾ ഇപ്പോൾ എന്റെ ഭാര്യയാ !!!!! കഴിഞ്ഞ ഇരുപതു വർഷമായി ഞാൻ അവളെ സഹിക്കുന്നു , അന്നേ ഞാൻ മനസിൽ കുറിച്ചിട്ടതാ ഇനി എവിടെ വെച്ചു ഈ കണ്ടക്റ്ററെ കണ്ടാലും ഒന്നു പൊട്ടിക്കണമെന്ന്!!!!!!!
മലപോലെ വന്നത് എലി പോലെ തീർന്നിരിക്കുന്നു . അഗ്നി പർവതത്തിനു മുകളിൽ ഐസു വെള്ളം വീണ പോലെ ഞാൻ ഊറി തണുത്തിരിക്കുന്നു.
ഞാൻ അയാളോട് ചേർന്നിരുന്നു തോളിൽ കൈയ്യിട്ടു കൊണ്ടു പറഞ്ഞു, അല്ല സുഹൃത്തേ ഒന്നോർത്താൽ നമ്മൾ രണ്ടു പേരും തുല്ല്യ ദുഖിതരാ, തനിക്കു ചില്ലറ മാറിയപ്പോൾ ദുരിതം കൂടെ വന്നു ഞാൻ ചില്ലറ മേടിചൊരണ്ണത്തിനെ കൂടെ പൊറുപ്പിക്കുന്നു.വിധിയെ തടുക്കാൻ കണ്ടക്റ്റർക്കല്ല വില്ലേജാപ്പിസറെ കൊണ്ട് പോലും കഴിയൂല്ലാ .........

No comments: