Saturday 30 April 2016

തിരിച്ചടവില്ലാത്ത നന്മകൾ


സേലം ജില്ലയിലെ കരിപെട്ടി ഗ്രാമത്തിൽ നിന്നും കേരളത്തിലെ ചെറിയ ആവശ്യക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയിൽ ഏർപെട്ട ആളായിരുന്നു മുരുകേശൻ പാണ്ടി . ആയിരം രൂപായ്ക്ക് 900 നൽകി ആഴ്ച്ചയിൽ വീടു വീടാന്തരം കറങ്ങി പിരിവെടുക്കുന്ന അനേകായിരം അണ്ണാച്ചിമാരിൽ ഒരാൾ . ആറടി പൊക്കവും കരിവീട്ടിയുടെ നിറവുമുള്ള മുരുകേശൻ അധികം ആരോടും സംസാരിക്കാറില്ല പണം ആവശ്യക്കാർക്ക് കൊടുത്താൽ അത് വാങ്ങാൻ മുരുകേശന് അറിയാം. കൊടുക്കാതെ മനപൂർവ്വം മുങ്ങി നടക്കുന്ന വിദ്വാൻമാരെ വീട്ടിൽ കയറി മുരുകേശൻ പൊക്കും കൊടുത്ത കാശ് തിരിച്ചു മേടിക്കുന്ന കാര്യത്തിൽ മുരുകേശൻ യാതൊരു കാരുണ്യവും കാണിച്ചിരുന്നില്ല . അര പട്ടിണിക്കാരായ തൊഴിലാളികൾ താമസിച്ചിരുന്ന തെരുവോരങ്ങളായിരുന്നു മുരുകേശന്റെ ബിസിനസ് സാമ്രാജ്യങ്ങൾ.
ഗണേശൻ സ്വർണ പണിക്കാരനാണ് മെഷ്യൻ മേട് ആഭരണങ്ങൾ വരുന്നതിനു മുൻപ് രാജാവിനെപ്പോലെ ജീവിതം ആഘോഷമാക്കിയ ആൾ . പക്ഷെ ഇപ്പോൾ ജീവിതം വളരെ പരുങ്ങലിലാണ് ആരും ഒരുപൊടി കമ്മലിന് പോലും ഗണേശനെ സമീപിക്കാറില്ല ഏതെങ്കിലും സ്വർണ കടയിൽ കയറാൻ ഗണേശനെ സ്നേഹിക്കുന്നവർ പരമാവധി പറഞ്ഞു നോക്കിയെങ്കിലും അന്തർമുഖനായ ഗണേശൻ കിട്ടുന്ന പണിയുമായി വീട്ടിലെ ഉമിത്തീയിൽ പൊടി പൊന്നും ഊതി കാച്ചിയിരിക്കാനായിരുന്നു കൂടുതൽ താൽപര്യം .
കുട്ടികളുടെ സ്കൂൾ പ്രവേശനത്തിന് ഒരു വഴിയും ഇല്ലാതെ വന്നപ്പോഴാണ് ഗണേശൻ മുരുകേശന്റെ കൈയ്യിൽ നിന്നും 5000 രൂപാ പലിശയ്ക്കു വാങ്ങുന്നത്. കിട്ടാവുന്നടുത്തിന്നെല്ലാം കടം വാങ്ങി ഗത്യന്തരം ഇല്ലാതെ ഉഴലുമ്പോൾ ഒരു ജാമ്യവും ഇല്ലാതെ കിട്ടിയ പണം ഗണേശന് കച്ചി തുരുമ്പായിരുന്നു.
ഇല്ലായ്മകളിലും വല്ലായ്മകളിലും ജീവിതം മുന്നേറുമ്പോൾ ഒരിക്കൽ പോലും മുരുകേശന്റെ തിരിച്ചടവ് ഗണേശൻ മുടക്കിയിട്ടില്ല. കടം കഴുത്തിനു മുകളിൽ കയറി ജീവിതം വഴിമുട്ടിയ വേളയിൽ ഒരു കൊച്ചു കുറിപ്പെഴുതി ഒരു തുള്ളി സയനൈഡ് ഗണേശൻ നാവിൽ ഇറ്റിച്ചു.
ഗണേശന്റെ കടങ്ങൾ മരണ ശേഷമെങ്കിലും വീടപെടണമെന്നു ആ ആത്മാവ് ആഗ്രഹിച്ചിരുന്നു അതാ കുറിപ്പിൽ അണാ പൈസ തീരാതെ രേഖപെടുത്തിയും വെച്ചിരുന്നു. ജീവിച്ചിരുന്ന ദുർബലനായ ഗണേശ നേക്കാൾ ശക്തനാണ് മരണപ്പെട്ട ഗണേശൻ എന്നയാൾക്കറിയാമായിരുന്നു വീട് വിറ്റിട്ടെങ്കിലും ആ കടം വീടപ്പെടുമെന്നു അയാൾ മനോ മുകുരത്തിൽ കണ്ടിരുന്നു . ഗണേശന്റെ കടങ്ങൾ സന്മനസുള്ള നാട്ടുകാർ ഏറ്റെടുത്തു, കണക്കു തീർക്കുന്ന വേളയിൽ മുരുകേശന്റെ 4200 രൂപയും എഴുതപെട്ടു .
ഒരാഴ്ച കഴിഞ്ഞാണ് മുരുകേശൻ വരുന്നത് , ഗണേശൻ കൊടുക്കാനുള്ള ബാക്കി 4200 രൂപാ നിറ കണ്ണുകളോടെ ഗണേശന്റെ ഭാര്യ മുരുകേശൻ പാണ്ടിക്ക് മുന്നിലേയ്ക്ക് നീട്ടി . അപ്പോഴാണ്‌ ഗണേശൻ മരിച്ച വിവരം പാണ്ടി അറിയുന്നത് , കൊടുത്ത പൈസാ തൊടാതെ കൈകൂപ്പി മുരുകേശൻ പാണ്ടി ഇങ്ങനെ പറഞ്ഞു ഇരന്തു പോണവരുടെ കടങ്ങൾ വാങ്ങി കൂടാതമ്മാ . മരിച്ചവരുടെ കടങ്ങൾ വാങ്ങിക്കൂടാ അതു മരിച്ചയാളോടൊപ്പം മണ്ണടിയണമെന്നും പറഞ്ഞയാൾ മുന്നോട്ടു നടന്നു. .മരണം എല്ലാ കടങ്ങളും വീട്ടുമെന്നാണ് പഴമൊഴി എന്നിട്ടും ഗണേശൻ കടം വാങ്ങിയ നാട്ടുകാരിൽ ചിലർ പാണ്ടിക്ക് ബുദ്ധിയില്ലാ എന്നയാളെ പരിഹസിച്ചു ചിരിച്ചു.

2 comments:

keraladasanunni said...

കടം വാങ്ങിയ ആളുകളുടെ ചോര ഊറ്റി കുടിക്കുന്ന ബ്ലേഡുകാരനല്ല ഈ മുരുകേശന്‍ പാണ്ടി.

keraladasanunni said...

കടം വാങ്ങിയ ആളുകളുടെ ചോര ഊറ്റി കുടിക്കുന്ന ബ്ലേഡുകാരനല്ല ഈ മുരുകേശന്‍ പാണ്ടി.