Wednesday, 11 May 2016

എല്ലാ പ്യുപ്പയും ഒരു നാൾ ശലഭമാകും


സാധാരണ മിസിരികളിൽ നിന്നും വിഭിന്നമായി നല്ല മനുഷൃ സമ്പർക്കമാണ് എന്നെയാ ടൈപ്പിംഗ് സെന്ററിൻറെ സ്ഥിരം ഉപഭോക്താവാക്കിയത്. ഈജിപ്ത്കാരി മിറിയാമാണ് സെന്ററിന്റെ നടത്തിപ്പുകാരി സഹായത്തിനു കൂടെ ആജാനബാഹുവായ ഭർത്താവ് ഇയാദും . തടിച്ചു പൊക്കം കുറഞ്ഞ മിറിയാമിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി ആജ്ഞാനുവർത്തിയായീ നിൽക്കുന്ന ഘടാ ഘടിയൻ ഇയാദിന്റെ ചിത്രം അറേബൃൻ നാടോടിക്കഥയിലെ കുപ്പിയിൽ നിന്നു വന്ന ഭൂതത്തിന്റേതു പോലെ രസകരവും ചിരി പടർത്തുന്നതുമായിരുന്നു. മിറിയാമിന്റെ വാക്കിനു മേലെ മറിച്ചൊരക്ഷരം മിണ്ടാൻ പോലും അയാൾക്കു ഭയമായിരുന്നൂ. എന്നെ കാണുമ്പോഴൊക്കെ മിറിയാമിനെ ഒളിച്ചയാൾ ഒരു നുള്ള് പാൻ മസാല വാങ്ങി ചുണ്ടിനിടയിൽ തിരുകും ഒരിക്കൽ മിറിയാമറിയാതെ ഒരു നുള്ള് പാൻ മസാല ചുണ്ടിൽ തിരുകുന്നതിനിടയിൽ അയാൾ പിടിക്കപ്പെട്ടു. മിറിയാമിൻറെ നിഴൽവെട്ടം കണ്ടതും നേഴ്സറി കുട്ടികളെപ്പോലും നാണിപ്പിക്കും വിധം അയാൾ പേടിച്ചു മുള്ളി അക്ഷരാർത്ഥത്തിൽ അയാളുടെ കോട്ടൻ പാന്റിലൂടെ ഉപ്പു കണങ്ങൾ ഊർന്നിറങ്ങി.
കാലമങ്ങനെ കള്ളനും പോലീസും കളിച്ചു കടന്നൂ പോയി. ഒരു ലീവു കഴിഞ്ഞു ഞാൻ വന്നപ്പോൾ അവരുടെ കട അടഞ്ഞു കിടക്കുന്നൂ അടുത്തന്വേഷിച്ചപ്പോൾ ഇയാദ് സ്ട്രോക്കു വന്നു ഒരു വശം തളർന്നാശുപത്രിയിലാണെന്നറിഞ്ഞു. വിവരം തിരക്കി ഞാനാശുപത്രിയിലെത്തുമ്പോൾ അജാനബാഹുവായ ആ മനഷ്യനെ ഭക്ഷണം കൊടുക്കാനായി ഉയർത്തിയിരുത്തുന്ന ആശക്തയായ മിറായാമിനെയാണ് കണ്ടത് ടൈപ്പിംഗ് സെന്ററിൽ വെച്ചു കാണാറുള്ള മൂശാട്ടയായ തള്ളച്ചിയിൽ നിന്നും വിഭിന്നമായ സ്നേഹനിധിയായ നല്ലപാതിയായീ രൂപമാറ്റം വന്നിരിക്കുന്നു.പ്യുപ്പ ശലഭാമായത് പോലൊരു മിഴിവ് അവരുടെ ബന്ധത്തിനു കൈവന്നിരിക്കുന്നു , മിറിയാമെന്തിനോ പുറത്തുപോയ നേരം ഞാനയാളുടെ കൈ പിടിച്ചു ചോദിച്ചു ഇതെന്തൊരു മാറ്റമാണ് മിറിയാമിന്... എന്റെ കൈയായളുടെ കൈക്കുള്ളിൽ വെച്ചു ഞെരിച്ച് കൊണ്ട് കോടിയ ചിറി വിറയ്ക്കെ ചലിപ്പിച്ചു കൊണ്ടയാൾ പറഞ്ഞൂ. സ്നേഹത്തിന് ചില ബന്ധനങ്ങളുണ്ട് അതിന്റെ ചങ്ങലക്കണ്ണിയിൽ ഞാൻ സ്വയം ബന്ധിതനാവുകയായിരുന്നു.സ്നേഹമാകുന്ന ചങ്ങലയിൽ ബന്ധിക്കപ്പെടുമ്പോൾ നാം സകലതും ക്ഷമിക്കുന്നു , സകലത്തെയും പരിതൃജിക്കുന്നൂ......

No comments: