Monday 30 May 2016

കർമ്മഫലം കണക്കു ചോദിക്കും കാലം


റോഡിൽ ആകെ ഗതാഗത സ്തംഭനം ഇറങ്ങി നോക്കിയപ്പോൾ മുന്നിൽ രണ്ടു കാറുകൾ തമ്മിൽ ചെറുതായി ഉരസിയിരിക്കുന്നു . ഒന്നൊരു പഴയ മോഡൽ കൊറോള മറ്റൊന്നു പുത്തൻ ഔഡി .ഔഡിയിൽ നിന്നിറങ്ങിയ യുവാവ് ഉച്ചത്തിൽ കയർത്തു സംസാരിക്കുകയാണ് . ശകാരം കേട്ടൊരു പാകിസ്ഥാനി മദ്ധ്യ വയസ്കൻ തലകുനിച്ചു നിൽക്കുന്നു . പോലിസിനെ വിളിച്ചില്ലേ പിന്നെ എന്തിനാണ് ലഹള, പോലിസ് വന്നു തീരുമാനിക്കട്ടെ നിങ്ങൾ സമാധാനമായി അകത്തിരിക്കൂ ചുറ്റും കൂടി നിന്നിരുന്നവർ അയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു .പാവം മദ്ധ്യ വയസ്ക്കൻ ഒരക്ഷരം മിണ്ടാതെ തലകുനിച്ചിരിക്കുന്നു.
അല്ലെങ്കിലും ഈ പാകിസ്ഥാനികൾക്ക് ബുദ്ധിയും വിവരവും ഇല്ല ഉണ്ടായിരുന്നെങ്കിൽ ഈ പാട്ട വണ്ടി എന്റെ വണ്ടിയിൽ ഇടിക്കില്ലായിരുന്നു. യുവാവതു പറഞ്ഞു തീർന്നതും ആൾക്കൂട്ടത്തിനിടയിൽ നിന്നൊരാൾ മുന്നോട്ടു ഇരച്ചു കയറി യുവാവിന്റെ കരണത്തടിച്ചു.പൂച്ച വീഴും പോലെ അയാൾ കറങ്ങി നിലത്തു വീണു, കനത്ത നിശബ്ദത കൊടുങ്കാറ്റിനു മുൻപുള്ള ശാന്തത പോലെ ഭയാനകമായ മൗനം . കൊലപാതകത്തിനു സാക്ഷി പറയാൻ കഴിയാത്തവർ ഓടി അവരവരുടെ വാഹനങ്ങളിൽ കയറി ഇരുന്നു.
തല്ലിയ ആൾ ആരെയും കൂസാതെ നിൽക്കുകയാണ് തല്ലു കൊണ്ട് വീണ യുവാവ് പതിയെ മുഖം തടവി എഴുന്നേറ്റു ,കടുത്ത ജാള്യത മുഖം നിറഞ്ഞു നിൽക്കുന്നു .ഒരു ഉശിരൻ തല്ലു പ്രതീക്ഷിച്ചു നിന്നവരെ ഇളിഭ്യരാക്കി അയാൾ കാറിനുള്ളിൽ കയറി മുന്നോട്ടോടിച്ചു പോയി.മാർഗ തടസം ഒഴിഞ്ഞതും ഓരോരുത്തരായി വണ്ടി മുന്നോട്ടെടുത്തു തുടങ്ങി , കൊറോളയുടെ ഉടമയായ മദ്ധ്യ വയസ്ക്കൻ തന്നെ രക്ഷിച്ചയാളെ കൈ കാട്ടി വിളിച്ചു.
തീർത്തും അപരിചിതനായ എനിക്ക് വേണ്ടി താങ്കൾ എന്തിനാണ് ഇത്രയും വലിയ അവിവേകം കാണിച്ചത് ?
അവിവേകമോ ഇത്തരം രോഗത്തിനുള്ള ചികിത്സ നല്ല നാടൻ തല്ലു മാത്രമാണ് കണ്ടില്ലേ ഒരെണ്ണം കിട്ടിയപ്പോൾ അയാൾ ഒന്നും മിണ്ടാതെ പോയത്, ആട്ടെ നിങ്ങൾ എന്താണ് പോകാത്തത് . ഞാൻ എവിടേയ്ക്ക് പോകുമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത് നിങ്ങൾ അടിച്ചിട്ടത് എന്റെ കഫീലിന്റെ മകനെയാണ് , കഴിഞ്ഞ ഇരുപതു വർഷമായി ഞാനവരുടെ വീട്ടിലെ ഡ്രൈവറാണ് .ആ സ്വാതന്ത്ര്യത്തിലാണ് അവൻ എന്നെ ശകാരിച്ചതും ഞാൻ എല്ലാം കേട്ട് കൊണ്ട് നിന്നതും . എന്തായാലുമത് നന്നായി, കഴിഞ്ഞ ഇരുപതു കൊല്ലമായി ഞാൻ മനസ്സിൽ പല തവണ ഓങ്ങി വെച്ച അടിയാണ് പടച്ചവൻ നിങ്ങളിലൂടെ പൂർത്തിയാക്കിയത് .
ചില അടികൾ അങ്ങനെയാണ് ആൾക്കൂട്ടത്തിനിടയിൽ നിന്നു പോലും അർഹതപ്പെട്ടവരെ തേടിയെത്തും ,കർമ്മ ഫലം കാലങ്ങളോളം ഒളിഞ്ഞിരുന്നാലും ഒരു നാൾ കണക്കു ചോദിക്കും കാത്തിരിക്കുക ......

No comments: