Wednesday 4 May 2016

സഞ്ജയ്‌ ഗാന്ധി കൊല്ലപ്പെട്ട പകലിൽ ???


കഥ നടക്കുന്നത് തോനെ കൊല്ലം മുൻപാണ് , കൃത്യമായി പറഞ്ഞാൽ ഇന്ദിരാ ഗാന്ധിയുടെ മൂത്ത പുത്രൻ സഞ്ജയ്‌ ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെടുന്ന എൺപതുകളിലെ മൺസൂൺ കാലം. സ്വതന്ത്ര സമര സേനാനിയും കടുത്ത ഗാന്ധിയനുമായ നാരായണേട്ടന് മക്കൾ നാലായിരുന്നു. അപ്പനെപ്പോലെ ദേശ സ്നേഹികളും തൊപ്പി വെക്കുന്ന ഗാന്ധിയൻ മാർഗികളുമായിരുന്നതിനാൽ പ്രദേശത്തെ യുവാക്കളുടെ മാതൃക പുരുഷന്മാർ ആയിരുന്നു നാരായണേട്ടന്റെ മക്കൾ.
നാരായണേട്ടന്റെ മൂത്ത മകൻ ബാല ഗംഗാധരൻ സ്ഥലത്തെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും കോണ്ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡണ്ടും കൂടി ആയിരുന്നതിനാൽ ബാലേട്ടൻ എന്ന വിളിപ്പേരിൽ അയാൾ നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. ബാലേട്ടന് ഒരു ചെറിയ പോരായ്മ ഉണ്ടായിരുന്നു വല്ലപ്പോഴും ഒരിക്കൽ ആത്മാവിനു ഒരു പുക കൊടുക്കണം അതും ആരും കാണാതെ ഒളിച്ചും പാത്തും എവിടെയെങ്കിലും ഒതുങ്ങിയ ഒരു മറ കിട്ടിയാൽ മാത്രം. ബാലേട്ടൻ പുക വലിക്കും എന്നുള്ള സത്യം സിഗരറ്റു വിൽക്കുന്ന അന്തോണി ചേട്ടനും ബാലേട്ടനുമല്ലാതെ ലോകത്തു വേറൊരാൾക്ക് പോലും അറിയില്ലായിരുന്നു.
മഴ കനത്തു പെയ്യുന്നു, തുള്ളിക്കൊരു കുടം പോലെ പ്രളയം വരുമെന്ന ഭീതിയിൽ പ്രദേശവാസികൾ ചാലു കീറി വെള്ളം പറമ്പിൽ നിന്നും കുളങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നു . ഒറ്റ മഴയിൽ കക്കൂസ് സെപ്ടിക്ക് ടാങ്കുകൾ നിറയും പിന്നെ വീട്ടിൽ ഇരിക്കാൻ പറ്റാത്ത അത്ര ദുർഗന്ധമാണ് . മഴ തെല്ലൊന്നു ശമിച്ചപ്പോൾ നാരയണേട്ടൻ കൈയ്യിൽ കരുതിയിരുന്ന ഒരു കാൻ മണ്ണെണ്ണയുമായി കക്കൂസിലേയ്ക്ക് കയറി ,മണ്ണെണ്ണ ഒഴിച്ചാൽ പിന്നെ മണം അടിക്കില്ല കിഴക്കോട്ടടിക്കുന്ന കാറ്റിൽ ഇരിക്ക പൊറുതിയില്ലാതിരുന്ന വീട്ടുകാർ മണ്ണെണ്ണ പ്രയോഗത്തിനു ശേഷം മൂക്കിൽ നിന്നും കൈയെടുത്തു ആശ്വാസത്തിന്റെ നിശ്വാസം ആഞ്ഞു വിട്ടു .
1980 ജൂൺ 23 പകൽ, സഞ്ജയ്‌ ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ട വാർത്തയെത്തി , ചിലയിടത്ത് സന്തോഷം, ചിലയിടത്തു തേങ്ങലുകൾ കൊണ്ഗ്രസ്സുകാർ ബാലേട്ടന്റെ നേതൃത്വത്തിൽ വഴിയരുകിൽ കുടിൽ കെട്ടി സർവമത പ്രാർത്ഥന നടത്താൻ തുടങ്ങി. കനത്ത ദുഃഖം നെഞ്ചിൽ കിടന്നു ശ്വാസം മുട്ടൽ ഉണ്ടാക്കിയപ്പോൾ ബാലേട്ടനൊരു പുക എടുത്താൽ കൊള്ളാമെന്നു തോന്നി , ഒഴിഞ്ഞ ഒരു ഇടം നോക്കി ബാലേട്ടൻ ഇടം വലം തിരിഞ്ഞു. ഒടുവിൽ അലഞ്ഞലഞ്ഞൂ പതിവു സ്ഥലത്തെത്തിമുണ്ടും പൊക്കി കയറി ഇരുന്നു . കയ്യിലിരുന്ന തീപ്പെട്ടി ഉരച്ചു സിഗരറ്റിനു തീകൊളുത്തി തീപ്പെട്ടിക്കോൽ ക്ലോസറ്റിനു ഉള്ളിലേയ്ക്ക് എറിഞ്ഞു.
ഭൂം !!!! ഒറ്റ ആളൽ ,ബാലേട്ടന്റെ വൃഷ്ടി പ്രദേശത്തിനു തന്നെ തീ ആളി പിടിച്ചു. ജനിച്ചിട്ടു ഇന്ന് വരെ ക്ഷൌരക്കത്തി തൊടാത്ത ഇടതൂർന്ന കാടുകൾക്കിടയിൽ പടർന്ന തീ മൊട്ടകുന്നിലൂടെ മുകളിലോട്ടു കയറുകയാണ് . ജീവൻ പോകുന്ന വേദനയിൽ അലറികൂവി കക്കൂസിൽ നിന്നും ഇറങ്ങി ഓടി ആദ്യം കണ്ട കുളത്തിൽ ചാടി ,കുളത്തിൽ ചാടിയതു മാത്രം ഓർമ്മയുണ്ട്.
ബോധം വരുമ്പോൾ ഏതോ ആശുപത്രിയിലാണ് പ്രധാനപ്പെട്ട സാധനങ്ങൾ എല്ലാം അരവിന്ദന്റെ കടയിലെ ഉണ്ടം പൊരിയും പഴം പൊരിയും പോലെ പൊള്ളി കുടുന്നിരിക്കുകയാണ് . കാണാൻ വന്ന നാട്ടുകാർ ചുറ്റും കൂടി നിന്നു സഹതാപത്തോടെ നോക്കുന്നു ഇതിലും നല്ലത് ആ തീ അങ്ങു ദഹിപ്പിക്കുകയായിരുന്നു.
കൂടി നിന്നവരിൽ ഒരാൾ ബാലേട്ടനെ നോക്കി ഇങ്ങനെ സഹതപിച്ചു എങ്കിലും ആ സഞ്ജയ്‌ ഗാന്ധി മരിച്ചൂന്ന് കേട്ടപ്പോൾ ചാകാൻ മാത്രം മണ്ടനായി പോയില്ലേ ബാലേട്ടാ ങ്ങള് ...................................