Monday, 2 May 2016

അഴിയാ കുരുക്കിൽ അകപെടുന്ന ഇടിയപ്പങ്ങൾ


കുട്ടിയപ്പനു ലീലയിൽ മോഹമുദിക്കുന്നതിനു വളരെ മുൻപ് എനിക്കൊരു മോഹമുണ്ടായിരുന്നു എന്നെങ്കിലുമൊരിക്കൽ എന്റെ ഇഷ്ട്ട ഭക്ഷണമായ ഇടിയപ്പം അതിന്റെ സകല വിധ കുരുക്കുകളുമഴിച്ചു സർവ്വ തന്ത്ര സ്വതന്ത്രനാക്കി കഴിക്കണമെന്ന് , പക്ഷെയെങ്കിൽ നിവർത്തി നിവർത്തി നിവൃത്തി കേടാകുമ്പോൾ നിർത്തിയിട്ടു അണ്ണാക്കിലേയ്ക്ക് തള്ളുകയായിരുന്നു പതിവ് പക്ഷെ അന്ന് വേറെ പണിയൊന്നും ഇല്ലാതിരുന്നതിനാലും ബീഫ് വേകാൻ സമയം ഇനിയുമെടുക്കുമെന്നു അടുക്കളയിൽ നിന്നും വാമഭാഗത്തിന്റെ അറിയിപ്പു വന്നതിനാലും ഒരു ഇടിയപ്പമെങ്കിലും കുരുക്കഴിച്ചു സ്വതന്ത്രൻ ആയിക്കാണാൻ മുണ്ടും മടക്കിയുടുത്ത് ഞാൻ മുന്നിട്ടിറങ്ങി.
മയമുള്ള അരിപൊടിയിൽ ചെറു ചൂടു വെള്ളം ഒഴിച്ചു ഉപ്പും ഏലക്കാ പൊടിയും നല്ല ജീരകവും ചേർത്തു കുഴച്ചു അച്ചിലൂടെ പിഴിഞ്ഞ് ആവിയിൽ വേവിച്ച ലക്ഷണമൊത്ത ഇടിയപ്പങ്ങളിൽ ഒന്നിനെ ഞാനെന്റെ പരീക്ഷണ വസ്തുവായി തിരഞ്ഞെടുത്തു .ആവി പാറുന്ന ഇടിയപ്പം ഒന്ന് ഡൈനിങ്ങ്‌ ടേബിളിൽ വെച്ചു ഒരു തുമ്പ് കണ്ടെത്താനായി ഞാൻ സേതുരാമയ്യരായി . ഒടുവിൽ ഒരറ്റത്തുനിന്നും അഴിച്ചു പണി തുടങ്ങിയപ്പോഴാണ് അടുക്കളയിൽ നിന്നും അന്നാ അലുമിനിയത്തിന്റെ പ്രെഷർ കുക്കർ അടിമാലിയിൽ വളർന്ന പോത്തു വേകുന്ന മണവുമായി ചുളം വിളി തുടങ്ങിയത്.
ചേട്ടാ ബീഫ് റെഡി, കിളിനാദം കാതിൽ മുഴങ്ങിയതും ഒരു നിമിഷം എന്റെ ഏകാഗ്രത നഷ്ട്ടപെട്ടു .ഹൃദയധമനികളെ വിളക്കി ചേർക്കുന്ന സൂക്ഷ്മതയോടെ ഇടിയപ്പത്തിന്റെ കുരുക്കഴിച്ചിരുന്ന എന്റെ കയ്യിൽ നിന്നും അടർന്നു മാറിയതാ നൂലപ്പത്തിന്റെ കണ്ണികൾ വേർപെട്ടിരിക്കുന്നു . പ്ലാസന്റാ മുറിഞ്ഞു പിറന്നു വീണ കുഞ്ഞിനെപ്പോലെ എന്റെ കയ്യിലിരുന്ന ഇടിയപ്പം എന്നെ നോക്കി ഉച്ചത്തിൽ കരയുന്നു. റോബർട്ട് ബ്രൂസ് ഏഴു തവണ, അബ്രഹാം ലിങ്കൺ എണ്ണിയാൽ ഒടുങ്ങാത്ത തവണ പരാജയം ഭുജിച്ചിട്ടാണ് വിജയ കിരീടമേറിയത് വിടില്ല ഞാൻ, വീണ്ടും ഒരു ഇടിയപ്പം എടുത്തു ശ്രമം തുടങ്ങിയതും ഭാര്യ ചീറി കൊണ്ട് ഡൈനിംഗ് ടേബിളിൽ എത്തി മനുഷ്യന് തിന്നാനുള്ള സാധനത്തെ പട്ടം പറത്തി കളിക്കുന്നോ *%&(*%^**&%്് എന്നലറി കൊണ്ടവൾ എന്റെ പരീക്ഷണ ശാലയെ നിർദയം ആക്രമിച്ചു.കഷ്ട്ടപെട്ടു നീട്ടി നിവർത്തിയ നൂലപ്പങ്ങളെ ഒരു ദയയുമില്ലാതെയവൾ വേസ്റ്റ് ബാസ്ക്കറ്റു ലക്ഷ്യമാക്കി എറിഞ്ഞു . കുട്ടിയപ്പൻ വിഭാര്യൻ ആയിരുന്നത് കൊണ്ടാണ് മോഹങ്ങൾക്ക് പിന്നാലെ ലക്ഷ്യ ബോധത്തോടെ പിൻ തുടരാൻ ആയത്എന്നാണെന്റെ വിശ്വാസം . എന്തെങ്കിലും വിചിത്രമായ മോഹങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ വിവാഹത്തിനു മുൻപു സാധിച്ചെടുക്കുക അല്ലാത്ത പക്ഷം നിങ്ങൾ കെടുതികളെയും യുദ്ധങ്ങളെയും നേരിടാൻ തയ്യാറായിരിക്കുക....
Post a Comment