ബിവെജസിന്റെ ക്യു ഒരശ്ലീല കാഴ്ചയായിരുന്നു നാളിതുവരെ .ഇന്നതിന്റെ ശീതളിമയിൽ അണി ചേരാനിടയായി ,ഞായറാഴ്ച ആയതു കൊണ്ടാണോ എന്തോ കൊന്തയും വെന്തിങ്ങയും അണിഞ്ഞ യുവ രക്തം ഭക്തി പുരസ്സരം തോളോടു തോൾ ചേർന്നു നിന്നു സുകൃത ജപമെത്തിക്കുന്നു. ജവാന്റെ സ്റ്റൊക്ക് തീരാതിരിക്കാൻ പുണ്യാളനു നേർച്ച നേരുന്ന കടുത്ത വിശ്വാസി മുതൽ രാമകൃഷ്ണൻ വന്നില്ലേ ഇനിയെല്ലാം ശരിയാകും എന്ന ഉറപ്പു നൽകുന്ന സഖാവ് വരെ ഒരുമയുടെ സാഹോദര്യത്തിന്റെ കാണാ കാഴ്ച .
ക്ഷമ ആട്ടിൻസൂപ്പിന്റെ ഫലം ചെയ്യുമെന്നാണ് അറിവുള്ളർ പറഞ്ഞിരിക്കുന്നത് പക്ഷെ ക്ഷമിച്ചു നിൽക്കാൻ അഭിമാനം അനുവദിക്കാതെ അസ്വസ്ഥനായി നിന്ന എന്റെ അടുത്തേയ്ക്കയാൾ ഒരു മാലാഖയെ പോലെ പറന്നിറങ്ങി .കറുത്തു കുറുകിയ ഒരു ബംഗാളി ,ബംഗാളി ചുവയുള്ള മലയാളത്തിൽ അവൻ എന്നോടു പറഞ്ഞു ചേട്ടൻ ആ കാശിങ്ങു താ, എന്നിട്ട് ഇങ്ങോട്ട് മാറി നിന്നോ ഞാൻ ഇപ്പോ ശരിയാക്കി തരാം ചേട്ടനു എന്താ വേണ്ടത് ? ഒരു ബക്കാർഡി ലെമൺ ,ജനിച്ചിട്ടിന്നോളം ആ പേരു കേൾക്കാത്തവനെപ്പോലെ അയാൾ അത്ഭുതം കൂറി .അങ്ങനെ ഒരു സാധനം അവിടെ കിട്ടും അകത്തെ അലമാരയിലേയ്ക്ക് വിരൽ ചൂണ്ടിയാ കുപ്പി ഞാനയാൾക്ക് കാട്ടി കൊടുത്തു .ഏറ്റു ചേട്ടാ എനിക്കൊരു അമ്പതു രൂപാ അധികം തരണം എന്റെ കുഞ്ഞുങ്ങൾക്ക് അരി മേടിക്കാൻ, ഞാൻ സമ്മതിച്ചു ഒരു കുരങ്ങൻറെ മെയ് വഴക്കത്തോടെ അയാൾ ക്യൂവിലേയ്ക്ക് ഇടിച്ചു കയറി.
സുധീരൻ പ്രസിഡണ്ട് ആയതു കൊണ്ടു അന്നം മുട്ടാതെ ജീവിക്കുന്ന പാവം മനുഷ്യർ , മാന്യമായി മദ്യപിക്കുന്നവരുടെ ഇരിപ്പിടം നിഷേധിച്ചു ഉട്ടോപ്പിയൻ സോഷിലിസം ഉണ്ടാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ജീവിച്ചിരിക്കുന്ന വിശുദ്ധനെ ഉടലോടെ സ്വർഗത്തിൽ കൊണ്ടു പോകണേ എന്ന ആത്മഗതം കഴിഞ്ഞതും മാലാഖ മുൻപിൽ പ്രത്യക്ഷപെട്ടു .കൈയ്യിൽ രണ്ടു കൂതറ റം ,ഞാൻ കുപ്പിയിലെയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറി മാറി നോക്കി , ചേട്ടാ അവിടെ എത്തിയപ്പോൾ ചേട്ടൻ പറഞ്ഞ പേരു ഞാൻ മറന്നു പോയി.ഇതു നല്ല സാധനമാ ചേട്ടൻ ഒന്നടിച്ചു നോക്കു .ഞാനാ കുപ്പി വാങ്ങി, അമ്പതു രൂപാ വാങ്ങി പുതിയ തൊഴിലിടം തേടി അയാൾ ഊളിയിട്ടു.
ഭാസ്ക്കരൻ പടിഞ്ഞാറസ്തമിക്കാതെ ഒരു തുള്ളി അകത്താക്കുന്ന ശീലം പണ്ടേയില്ല വണ്ടിക്കടിയിലെവിടെയോ കൂതറകൾ രണ്ടും സുഖമായി ഉറങ്ങി. വൈകുന്നേരം കുഞ്ഞുങ്ങളുമായി ബീച്ചിൽ എത്തിയപ്പോൾ വീണ്ടുമാ മുഖം കപ്പലണ്ടി വിൽപ്പനക്കാരനായി അയാൾ ,നിനക്കെന്തൊക്കെ ജോലികളാണ് ഭായി, രാവിലെ ബെവേരെജസിൽ വൈകിട്ടു ബീച്ചിൽ എനിയുമെന്തങ്കിലും ......
ജീവിക്കേണ്ടേ ഭായിജാൻ ,ഇന്ന് സണ്ടേ ആയതു കൊണ്ടു മാത്രമാണ് ഞാനാ ജോലിക്ക് വന്നത് ഓരോ നിമിഷവും എനിക്കു നാട്ടിൽ എന്നെ പ്രതീക്ഷിച്ചു കഴിയുന്ന വയറുകളെ ഓർക്കേണ്ടിയിരിക്കുന്നു .അഭിമാനത്തിന്റെ വാൽമീകങ്ങളിൽ അടയിരിക്കുന്ന എനിക്കേറ്റ പ്രഹരങ്ങളിൽ ഒന്നുമായി ഞാൻ മടങ്ങുമ്പോൾ അഞ്ചു വയസായ മകൻ എന്നോടു പയ്യാരം പറഞ്ഞു അച്ചാച്ചൻ എന്തിനാ ഞങ്ങളെ ഇട്ടിട്ടു ഗൾഫിൽ പോകുന്നേ............
ജീവിക്കേണ്ടേ ഭായിജാൻ ,ഇന്ന് സണ്ടേ ആയതു കൊണ്ടു മാത്രമാണ് ഞാനാ ജോലിക്ക് വന്നത് ഓരോ നിമിഷവും എനിക്കു നാട്ടിൽ എന്നെ പ്രതീക്ഷിച്ചു കഴിയുന്ന വയറുകളെ ഓർക്കേണ്ടിയിരിക്കുന്നു .അഭിമാനത്തിന്റെ വാൽമീകങ്ങളിൽ അടയിരിക്കുന്ന എനിക്കേറ്റ പ്രഹരങ്ങളിൽ ഒന്നുമായി ഞാൻ മടങ്ങുമ്പോൾ അഞ്ചു വയസായ മകൻ എന്നോടു പയ്യാരം പറഞ്ഞു അച്ചാച്ചൻ എന്തിനാ ഞങ്ങളെ ഇട്ടിട്ടു ഗൾഫിൽ പോകുന്നേ............
No comments:
Post a Comment