Sunday, 8 May 2016

അക്കൽ ദാമയിലെ ആട്ടിൻകുട്ടിഅക്കൽ ദാമ തൻ താഴ്‌വരയിൽ പണ്ടോരിടയ പെൺ കുഞ്ഞുണ്ടായിരുന്നു
സ്ത്രീ തുളുമ്പും പൈതലിനെ ആരുമാരും കൈ കൊണ്ടില്ല .
അടിച്ചു ഫിറ്റായി കഴിഞ്ഞാൽ താജൂക്കയുടെ ചുണ്ടിൽ ഈ ഗാനമുണ്ടാവും. വിയ്യൂർ സെൻട്രൽ ജയിലിൽ ഒരു കൊലക്കേസിൽ ജീവ പര്യന്തം കഴിഞ്ഞു വന്നതാണ് മൈനാ താജു എന്ന താജുദ്ധിൻ മുഹമ്മദ്‌. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ പണ്ടെപ്പോഴേ ചെയ്ത ഭീമാബദ്ധം ജീവിതത്തിന്റെ വസന്ത കാലത്തെ ഇരുളറയിൽ ആക്കി തിരിച്ചിറങ്ങുമ്പോൾ താജുദ്ധീൻ സ്ഥലത്തെ അറിയപ്പെടുന്ന ഗുണ്ടയുടെ കുപ്പായത്തിനുള്ളിൽ ആകപ്പെട്ടിരുന്നു.
ജയിൽ വിട്ട ശേഷം ചില്ലറ ഇറച്ചി വെട്ടും ദാദ പണിയുമായി നടക്കുമ്പോഴാണ് ഈ കഥ നടക്കുന്നത്.
അമേരിക്ക മൂന്നാം ലോക രാജ്യങ്ങളിലെ പാവങ്ങൾക്ക് നൽകാൻ ചോളപൊടി സ്ഥലത്തെ പള്ളികൾ വഴി വിതരണം ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ഇടവകയിലെ ഓരോ കുടുംബത്തിനും 10 കിലോ ചോളപ്പൊടി വീതം കിട്ടുന്ന കാലത്തു എന്നും ചോളപ്പൊടി പുട്ടും ഉപ്പുമാവും കുറക്കും ഒക്കെയായിരുന്നു വീട്ടിലെ പ്രധാന വിഭവം. കൂടുതൽ അറിയും തോറും കൂടുതൽ വെറുക്കും എന്ന് പറഞ്ഞതു പൌലോ കൊയ്‌ലോയാണ് എന്നാൽ പുള്ളിക്കാരൻ ഇത് പറയുന്നതിന് ദശാബ്ദം മുൻപ് തന്നെ ഞങ്ങൾ കുട്ടികൾ അമേരിക്കൻ മാവെന്നു വിളിപ്പേരുള്ള ചോളപ്പൊടിയെ മനസാ വെറുത്തിരുന്നു.
വിശന്നു പൊരിഞ്ഞാലും ചോളപ്പൊടി ഉൽപ്പന്നങ്ങൾ ഞങ്ങൾ കഴിക്കാതെ ആയതോടെ അമേരിക്കൻ മാവിനെയും റോണാൾഡ് റീഗനെയും അതിരറ്റു സ്നേഹിക്കുന്ന വേറൊരാൾ അതിനവകാശിയായി, ആരെന്നല്ലേ ? പേരമ്മയുടെ വീട്ടിലെ മണിക്കുട്ടി ആട് , ചെന വന്നതിനു ശേഷം അവൾക്കു ഭയങ്കര വിശപ്പാണ് എന്തു കൊടുത്താലും ആർത്തിയോടെ കഴിക്കും ചോളപ്പൊടി കൊണ്ടുണ്ടാക്കുന്ന കുറുക്കു അവളുടെ ഇഷ്ട്ട ഭോജനമായത്തോടെ ഞങ്ങളുടെ റേഷൻ അവൾക്കായി മാറ്റപ്പെട്ടു .
ഇടിയും മഴയുമുള്ള ഒരു രാത്രിയിൽ മണികുട്ടി വല്ലാണ്ട് കരയുകയായിരുന്നു , വിശന്നിട്ടാവുമെന്നു കരുതി ചോള കുറുക്കിന്റെ പാത്രം അവൾക്കു മുന്നിൽ വെച്ചു പേരമ്മ കിടന്നുറങ്ങാൻ പോയി. നേരം പര പരാ വെളുത്തു വരുന്നു പേരമ്മയുടെ അലറൽ കേട്ടാണ് ഞങ്ങൾ ഉണർന്നത് ചെന്ന് നോക്കുമ്പോൾ മണിക്കുട്ടി ചത്തു മലച്ചു കിടക്കുന്നു . എനിക്കും അവൾ പ്രിയങ്കരിയായിരുന്നു ഗർഭിണിയായ അവൾക്കു വേണ്ടി വൈകുന്നേരം പ്ലാവില പെറുക്കാൻ പോയതും കുഞ്ഞു മണികുട്ടി വരുന്നതു മെല്ലാം സ്വപ്നമാക്കി അവൾ കടന്നു പോയിരിക്കുന്നു.
വടക്കേ പറമ്പിൽ ആഴത്തിൽ ഒരു കുഴിയെടുത്തു മൂടാനായി അവളെ ഞാൻ ചുമലിലേറ്റിയതും ഒരു പിൻ വിളി ഒന്ന് നിക്കണേ !!! തിരിഞ്ഞു നോക്കുമ്പോൾ പിറകിൽ മൈനാ താജു , അതിനെ കുഴിച്ചിടണ്ട എനിക്കു തന്നേക്കൂ . ഞാൻ പേരമ്മയെ നോക്കി, പേരമ്മ സംശയം പൂണ്ടു ചോദിച്ചു ,എന്തിനാ താജൂ ഈ ചത്ത ആട് ?
മോനെ നീ പോയി ഒരു പ്ലാസ്റ്റിക് എടുത്തിട്ടു വാ താജു എന്നോട് കൽപിച്ചു . താജൂക്ക ആടിനെ തല കളയാതെ തൊലിയുരിച്ചു .ശേഷം വയറു കീറി അതിനുള്ളിൽ വളർച്ചയെത്താറായ ഒരു കുഞ്ഞാട് നിമിഷനേരം കൊണ്ട് താജു ആടുകളെ അരിഞ്ഞു ആട്ടിറച്ചി ആക്കി മാറ്റിയിരിക്കുന്നു ഏകദേശം നാൽപതു കിലോയോളം ഇറച്ചി അയാൾ സഞ്ചിയിലാക്കി മാറ്റിയിരിക്കുന്നു.
ചേടത്തിയെ ഒരു രണ്ടു കിലോ തരട്ടായോ ? നല്ല കിളിന്തു മാംസമുണ്ട് പിള്ളേർക്ക് നല്ലതാ .. അയ്യോ വേണ്ടായേ അല്ല, താജൂ ചത്ത മൃഗ മാസം വിൽക്കാമോ ?? അതൊക്കെ ആര് നോക്കുന്നു ചേടത്തീ, കൊല്ലാതെ നമുക്കു തിന്നാൻ കഴിയുമോ സഞ്ചി തോളിൽ എടുത്തു താജു മുന്നോട്ടു നടന്നു.
രാത്രി എട്ടു മണിയായിക്കാണും പൂമുഖത്താ പാട്ടു മൂളികൊണ്ടയാൾ വീണ്ടും വന്നു നീട്ടി വിളിച്ചു ചേടത്തിയെ , ചേടത്തിയെ ....... പുറത്തു വന്ന പേരമ്മയുടെ മുന്നിലേയ്ക്കയാൾ നൂറിന്റെ ഏഴു നോട്ടുകൾ നീട്ടി, ചേടത്തിയുടെ ആടിനെ വിറ്റു കിട്ടിയ പണമാ ചേടത്തി വെച്ചോ .
വേണ്ടാ ഞങ്ങൾ കുഴിച്ചിടാൻ ഇരുന്ന ആടാ അവളുടെ വില എനിക്കു വേണ്ടാ താജു കൊണ്ട് പൊക്കോ
എന്നാൽ ഒരു കാര്യം ചെയ്യൂ അച്ചായാൻ വരുമ്പോൾ ഇത് കൊടുത്തേക്കു അരയിൽ തിരുകിയിരുന്ന അര ലിറ്റർ പട്ട അയാൾ എടുത്തു അര പ്രൈസിൽ വെച്ചിട്ടാ പാട്ടും പാടി ഇരുളിലേയ്ക്കു മറഞ്ഞു.
അയാൾ പോയതും പേരമ്മയാ പട്ടകുപ്പിയുടെ മൂടി തുറന്നു മുറ്റത്തേയ്ക്കൊഴിച്ചു അപ്പോളതിലൊരു മഴവില്ലു തെളിഞ്ഞു വന്നു ആ മഴവില്ലിനുള്ളിൽ മണികുട്ടിയുടെ മുഖം .അകലെ നേർത്ത ശബ്ദത്തിൽ താജൂക്കയുടെ വരികൾ പ്രതി ധ്വനിച്ചു മുഴങ്ങുന്നത് കേൾക്കാമായിരുന്നു .
അക്കൽ ദാമ തൻ താഴ്വരയിൽ പണ്ടോരിടായ പെൺ കുഞ്ഞുണ്ടായിരുന്നു
സ്ത്രീ തുളുമ്പും പൈതലിനെ ആരുമാരും കൈ കൈ കൊണ്ടില്ല ..................................
Post a Comment