ജഗൻ നീ വന്നു വല്ലതും കഴിക്കൂ ,അത് നടന്നിട്ടു നാളു കുറെ കഴിഞ്ഞില്ലേ നമ്മൾ എത്ര പ്രതിരോധിക്കാൻ ശ്രമിച്ചാലും അറിയാതെ സംഭവിക്കുന്നതിനെയല്ലേ നാം അപകടം എന്നു പേരിട്ടു വിളിക്കുന്നത് .അതൊരാപകടമായിരുന്നു ആ ജോലിയിൽ നിനക്കു തുടരാൻ സാധിക്കുന്നില്ലെങ്കിൽ വേണ്ട നമുക്ക് വേറെ ജോലി നോക്കാം .തൽക്കാലം നീ മനസ്സിൽ മാറാല കെട്ടിക്കിടക്കുന്നാ ചിന്തകളെ ഒഴിവാക്കി ശുഭ ചിന്തകളിലേയ്ക്ക് മടങ്ങി വരൂ.
ജെയിംസ് അയാളുടെ ചുമലിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു ,കുറ്റബോധം വിഴുങ്ങിയവനെപ്പോലെ അയാൾ സകലഭാരവും ശരീരത്തിനു കൊടുത്തു ജെയിംസിന്റെ പിടിയിൽ നിന്നൂർന്നു കട്ടിലിലേയ്ക്കിരുന്നു.
അപ്പൻ മുപ്പതു കൊല്ലം ഓടിത്തീർത്ത വഴിയായിരുന്നു അത് , ഓർമ്മവെച്ച നാൾ മുതൽ അപ്പൻ ജെയിംസ് ലൂയിസ് എന്ന ലോക്കോപൈലറ്റിനെ ശിക്ഷണത്തിൽ വളർന്ന തനിക്ക് ആദ്യ യാത്രയിൽ തന്നെ പറ്റിയ കൈപ്പിഴയോർത്തു ജഗൻ കട്ടിലിൽ തല പൂഴ്ത്തികിടന്നു. കണ്ണടച്ചാൽ ചിതറിത്തെറിച്ച മൃതദേഹങ്ങളുടെ വേദനിപ്പിക്കുന്ന കാഴ്ചകളിലേയ്ക്കാണ് മനസ്സ് പായുന്നത് .എത്ര തവണ അപ്പൻ സഞ്ചരിച്ചു തീർത്ത വഴിയാണത് എന്നിട്ടും ഞാനെങ്ങനെ ആ വഴിക്കു അപരിചിതനായീ .
ഓർമ്മ വെച്ച നാളു മുതൽ അപ്പൻ ആയിരം ചക്രങ്ങളുള്ള നീണ്ട വണ്ടിയുടെ സാരഥിയായിരുന്നു. കുന്നുകളും സമതലങ്ങളും മഴക്കാടുകളും വനപ്രദേശങ്ങളും കടന്ന് ഒരുപാടുകാതം അപ്പനോടൊപ്പം ആ നീണ്ട ശകടത്തിന്റെ സാരഥിയായിട്ടുണ്ട് . ഭാഗ്യം ചെയ്ത അപ്പന്റെ ഭാഗ്യം ചെയ്ത മകനാണ് താനെന്നു കൂട്ടുകാർ പതം പറയുമ്പോൾ ഉള്ളിലെ ആനന്ദ കടലിരമ്പം എത്ര തവണ ആസ്വദിച്ചാണ് .ഒരു പിന്തുടർച്ചപോലെ അപ്പന്റെ തൊഴിൽ ചെയ്യാൻ അനുമതി കൈയ്യിൽ കിട്ടിയപ്പോൾ ലോകത്തിലെ ഏറ്റവും വലിയ പർവതം കീഴടക്കിയ സന്തോഷത്തിലായിരുന്നു .ആദ്യ യാത്രയിൽ അപ്പനും കോക്ക് പിറ്റിൽ ഉണ്ടായിരിക്കണം എന്നതൊരു ആഗ്രഹമായിരുന്നു പക്ഷെ ആഗ്രഹങ്ങൾ പോലെയല്ലല്ലോ കാര്യങ്ങൾ നടക്കുന്നത് .ഒരു പക്ഷെ അപ്പൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു .
മുപ്പതു കൊല്ലക്കാലം നിരവധി മരണങ്ങളെ തൊട്ടടുത്തു കണ്ടിട്ടുള്ള ലോക്കോ പൈലറ്റ് ജെയിംസ് ലൂയിസ് എന്ന നിന്റെ അപ്പനാണ് നിന്നോടപേക്ഷിക്കുന്നത് ഇങ്ങനെ ഭയചകിതനാകാനാണെങ്കിൽ നിനക്കീ ജോലി ദുഷ്കരമാവും . സിഗ്നൽ തെറ്റിച്ചു തന്ന സിഗ്നൽമാനില്ലാത്ത പാപ ഭാരം നീ പേറുന്നതെന്തിന് ?
ഒരു പാടു പ്രതീക്ഷയോടെ പള്ളിപ്പെരുനാളു കൂടാൻ വന്ന പതിനാലു പേരുടെ, അല്ലാ അവരെ ആശ്രയിച്ചു ജീവിക്കുന്ന അസംഖ്യം പേരുടെ സ്വപ്നങ്ങളല്ലേ അപ്പാ... ജഗൻ വിതുമ്പി .
ആശിച്ചു മോഹിച്ചു കൈക്കലാക്കിയ തൊഴിൽ ഒരു ദിവസം കൊണ്ട് മടുക്കുമെന്നു ജഗൻ സ്വപ്നം പോലും കണ്ടിരുന്നില്ല പക്ഷെ ഇനി വയ്യ തീവണ്ടിയുടെ ഒരു കൊച്ചു ഇരമ്പം പോലും അയാളെ ആ ദുസ്വപ്നത്തിലേയ്ക്ക് കൈ പിടിച്ചു നടത്തി.ഓരോ തീവണ്ടിയും അയാളുടെ ഹൃദയ പാളത്തിലൂടെ ചൂളം വിളിച്ചു മുന്നോട്ടു പാഞ്ഞു . മകൻ പഠിച്ച പാഠങ്ങളെയും ഹൃദയതാളം പോലെ സ്നേഹിച്ച ചൂളം വിളികളെയും പേടിക്കുന്ന ഭീരുവായി മാറുന്നത് ജെയിംസ് ലൂയിസ് ദയനീയതയോടെ നോക്കി കണ്ടു .
വീണ്ടുമൊരു അമ്പു പെരുനാൾ വരുന്നു ഒരു പാട് സ്നേഹിച്ച പാളവും പുണ്യാളനും ജഗൻ ജെയിംസ് എന്ന ഇരുപത്തിനാലുകാരനെ കൈ ഒഴിഞ്ഞിട്ടിന്ന് ഒരാണ്ടു തികയുന്നു . പതിവില്ലാതെ അപ്പൻ അയാളെ കൈ പിടിച്ചു എഞ്ചിനുകൾക്കിടയിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി എൻജിൻ മാത്രമുള്ള ഒരു ബോഗി അപ്പനും ജഗനുമായി മുന്നോട്ടു ചലിച്ചു സിഗ്നൽ തെറ്റി ഓടുന്ന എഞ്ചിനുള്ളിൽ രണ്ടു കണ്ണും തുറന്നു ജഗൻ നീണ്ടു നിവർന്നു കിടക്കുന്ന പാളങ്ങളിലേയ്ക്കു നോക്കി കൊച്ചു ജഗൻ സഞ്ചരിച്ചിരുന്ന വഴികളിലൂടെ ആ ബോഗി ലക്ഷ്യമില്ലാതെ പാഞ്ഞു വലിയൊരു ചൂളം വിളിയോടെയാ എൻജിൻ നിറയെ ഇരുട്ടു മാത്രമുള്ള ഒരു ജഡരത്തിനുള്ളിലേയ്ക്ക് പാഞ്ഞു കയറി .......
No comments:
Post a Comment